ന്യൂഡല്‍ഹി: ഉത്തേജക വിവാദത്തില്‍ പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കും. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ അച്ചടക്ക സമിതി അനുമതി നല്‍കിയതോടെയാണ് നര്‍സിങ് യാദവിന് റിയോയിലേക്കുള്ള വാതില്‍ തുറന്നത്. 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് നര്‍സിങ് ഇന്ത്യയെ പ്രതിനിധീകരിക്കുക.
അറിഞ്ഞുകൊണ്ടല്ല ഉത്തേജക മരുന്ന് ഉപയോഗിച്ചതെന്നും ആരോ ഭക്ഷണത്തില്‍ മരുന്ന് ചേര്‍ത്ത് നല്‍കിയതാണെന്നുമുള്ള നര്‍സിങ്ങിന്റെ വാദത്തോട് അനുകൂല നിലപാടാണ് നാഡ സ്വീകരിച്ചത്.
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മെഡലുമായി തിരിച്ചു വരുമെന്നും നര്‍സിങ് യാദവ് പ്രതികരിച്ചു
നാഡ ജൂണ്‍ 25നും ജൂലായ് അഞ്ചിനും നടത്തിയ പരിശോധനിയില്‍ നര്‍സിങ് നിരോധിത അനാബൊളിക് സ്റ്റിറോയിഡ് മെതാന്‍ഡിയനോണ്‍ ഉപയോഗിതായി കണ്ടെത്തിയിരുന്നു. നര്‍സിങ്ങിന്റെ എ,ബി സാമ്പിളുകള്‍ പോസ്റ്റീവായിരുന്നു. തുടര്‍ന്ന് നര്‍സിങ്ങിന് പകരം പ്രവീണ്‍ റാണയെ 74 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ മത്സരിപ്പിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്ന നര്‍സിങ് തന്റെ ഭക്ഷണത്തില്‍ ഒരു ജൂനിയര്‍ താരമാണ് ഉത്തേജക മരുന്ന് കലര്‍ത്തിയതെന്നും അയാള്‍ ഒരു ദേശീയ താരത്തിന്റെ സഹോദരനാണെന്നും ആരോപിച്ചിരുന്നു.
.