ഗ്രൗണ്ടിലേയ്ക്ക് ഓടിയെത്തിയ ആരാധകനെ സുരക്ഷാഭടന്മാരുടെ കൈയില്‍ നിന്ന് മോചിപ്പിച്ച് കെട്ടിപ്പിടിച്ചു ലയണല്‍ മെസ്സി
ഷിക്കാഗോ: നാടകീയ നിമിഷങ്ങള്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല ഷിക്കാഗോ സോള്‍ജ്യര്‍ പാര്‍ക്കില്‍. ആദ്യം മെസ്സിയുടെ വൈകിയുള്ള വരവ്. പിന്നെ പകരക്കാരന്റെ വേഷത്തിലുള്ള ആദ്യത്തെ ഹാട്രിക്ക്. എല്ലാം കഴിഞ്ഞ് മേമ്പൊടിയായി ആവേശത്തിന്റെ അതിരു മറന്ന ആരാധകന്റെ മെസ്സിയോടുള്ള സ്‌നേഹപ്രകടനവും.
അര്‍ജന്റീന മിന്നുന്ന ജയം നേടിയ കോപ്പ അമേരിക്ക ഫുട്‌ബോളിലെ മത്സരംകഴിഞ്ഞ ഉടനെയാണ് ബാഴ്‌സലോണയിലെ മെസ്സിയുടെ പേരെഴുതിയ പത്താം നമ്പര്‍ ജെഴ്‌സിയണിഞ്ഞ ഒരു ആരാധകന്‍ ഗ്യാലറിയില്‍ നിന്ന് സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേയ്ക്ക് മെസ്സിക്കു നേരെ ഓടിയെത്തിയത്. പിന്തുടര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മെസ്സിയുടെ അടുത്തെത്തുന്നതിന് തൊട്ട് മുന്‍പ് ഇയാളെ പിടികൂടി നിലത്തിട്ട് പൂട്ടിയെങ്കിലും പെട്ടന്നു തന്നെ ആശ്വാസവുമായി മെസ്സിയും അഗ്യുറോയും എത്തി. സുരക്ഷാ ഉദ്യോഗസ്ഥരോട് ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് പിടിച്ചെഴുന്നേല്‍പ്പിച്ച ആരാധകനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് മെസ്സി യാത്രയാക്കിയത്. മെസ്സിയുടെ മിന്നുന്ന ഹാട്രിക്കോളം തന്നെ ആവേശഭരിതമായി കളത്തിലെ ഈ വൈകാരിക നിമിഷവും.