ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്ന് നല്‍കിയിരിക്കുന്നത്. ആശങ്കകള്‍ക്കൊടുവില്‍ കോപ അമേരിക്കയില്‍നിന്ന് പിന്‍മാറില്ലെന്ന് അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീം വ്യക്തമാക്കിയിരിക്കുകയാണ്.
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സര്‍ക്കാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്‍ില്‍നിന്ന് ടീമിനെ പിന്‍വലിക്കുമെന്ന് അസോസിയേഷന്‍ നേരത്തെ ഭീക്ഷണി മുഴക്കിയിരുന്നു. ജൂണ്‍ 30-ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പാണ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നത്. ഇന്ന് ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ടീമിനെ പിന്‍വലിക്കേണ്ടെന്ന് തീരുമാനം അസോസിയേഷന്‍ എടുത്തത്.
36 വര്‍ഷത്തിനുശേഷമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനിലേക്ക് കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടന്നത്. താത്ക്കാലിക അധ്യക്ഷന്‍ ലൂയിസ് സെഗ്വരയും മാഴ്‌സലോ ടിനെലിയും തമ്മിലായിരുന്നു മത്സരം. എന്നാല്‍ 75 അംഗങ്ങള്‍ക്ക് വോട്ടവകാശമുള്ള അസോസിയേഷനില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 2 സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ചത് 38 വോട്ടു വീതം. ഒരു വോട്ട് അധികം വന്നതോടെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കുകയും ജൂണ്‍ 30 ന് തിരഞ്ഞെടുപ്പ് മാറ്റി നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതാണ് സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയത്.
ജൂണ്‍ 8-ന് അമേരിക്കയില്‍ ആരംഭിക്കുന്ന കോപ്പ കപ്പില്‍ ആവേശം നിറയ്ക്കാന്‍ ഇനി അര്‍ജന്റീനയുമുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളില്‍ ഏറ്റവും പഴക്കമേറിയ കോപ്പ അമേരിക്കയില്‍ 16 ടീമുകളാണ് അണിനിരക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ 100-ാം പതിപ്പാണ് ഇത്തവണത്തേത്.
അതേസമയം പരിക്കിന്റെ പിടിയിലായ സൂപ്പര്‍താരം ലയണല്‍ മെസ്സി കോപ്പയില്‍ ഇറങ്ങാന്‍തന്നെയാണ് സാധ്യത. പുറംവേദനയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസ്സി കഴിഞ്ഞ ദിവസം മുതല്‍ ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. കോപ്പ അമേരിക്ക ഫുട്‌ബോളിന് മുന്നോടിയായി ഹോണ്ടുറാസിനെതിരെയുള്ള സൗഹൃദ മത്സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റിരുന്നത്. ജൂണ്‍ ആറിന് കാലിഫോര്‍ണിയയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലിക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.
ഇനി 23 ദിനരാത്രികളിലായിലായി ലോക ഫുട്‌ബോള്‍ ആരാധകരുടെ മനസ്സ് ഒന്നടങ്കം അമേരിക്കയിലാകും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴുമണിക്ക് യുഎസ്എ-കൊളംബിയ മത്സരത്തോടെയാണ് ടൂര്‍ണമെന്റിനുള്ള കിക്കോഫ് വിസില്‍ മുഴങ്ങുന്നത്.