ലഹരി വളര്‍ത്തിയ വേദന തിന്നുകയും ഒടുവില്‍ ദാരുണ മരണത്തിനു കീഴടങ്ങുകയും ചെയ്ത ജീവിതമായിരുന്നു മുപ്പത്തൊന്നു പിന്നിട്ട സന്തോഷിന്റേത്. പാലിയേറ്റീവ് കെയറിലെ ഏഴുവര്‍ഷത്തെ സേവനത്തിനിടയില്‍ മറക്കാന്‍ പറ്റാത്ത, എന്നും വേദനിപ്പിക്കുന്ന ഓര്‍മ്മയായി ഇത്.
കിടത്തിച്ചികിത്സാ വിഭാഗത്തില്‍ ഇത്തരത്തില്‍ ഒരുപാട് പേരെത്തി. അവരില്‍ കുറേപ്പേര്‍ തിരിച്ച് വീട്ടിലേക്ക് പോയി. കാന്‍സര്‍ ബാധിച്ച് എത്തിയവരില്‍ 27 ശതമാനത്തോളം മനുഷ്യരെ നല്ല മരണത്തിലൂടെയാണ് ഞങ്ങള്‍ക്ക് യാത്രയാക്കേണ്ടി വന്നത്. ഉറ്റബന്ധുക്കളോടൊപ്പം ഞങ്ങളും മരണാസന്നരായ സഹോദരങ്ങള്‍ക്കൊപ്പം ഇരിക്കാറുണ്ട്.
അവരുടെ വേദനകള്‍ക്കും സഹനങ്ങള്‍ക്കും ശമനമുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കാവുന്നതെല്ലാം ചെയ്യാറുമുണ്ട്. അവര്‍ക്കിടയില്‍ പുഴുക്കളരിക്കുന്ന ശരീരഭാഗങ്ങള്‍ ഉള്ളവരുമുണ്ടായിരുന്നു. മരണത്തിന്റെ വിവിധഭാവങ്ങള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. മരണം ജീവിതത്തിന്റെ തുടര്‍ച്ചയാണെന്നുറപ്പാക്കാന്‍ മനസ്സിനെ പരുവപ്പെടുത്തി.
ഇതിലൊക്കെ അപ്പുറമായിരുന്നു സന്തോഷിന്റേത്. വായില്‍ കാന്‍സറായിട്ടാണ് സന്തോഷ് ക്‌ളിനിക്കില്‍ എത്തുന്നത്. സന്തോഷ് അവിവാഹിതനായിരുന്നു. പത്താംക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്. സന്തോഷിനെ ബ്‌ളീഡിങ്ങുമായിട്ടാണ് അന്ന് കൊണ്ടുവന്നത്. സന്തോഷിനോടൊപ്പം അമ്മയും അനുജനും ഉണ്ടായിരുന്നു.
സന്തോഷിന് ഇരുപത്തൊന്ന് വയസ്സായപ്പോള്‍ മുതല്‍ അല്പസ്വല്പം മദ്യപാനം തുടങ്ങി. കാരണം ചോദിച്ചാല്‍ കിട്ടാന്‍ ആഗ്രഹിച്ച എന്തോ നഷ്ടപ്പെട്ടതിന്റെ വേദനയില്‍നിന്ന് മുക്തി നേടാനാണ് താന്‍ മദ്യപിക്കുന്നത് എന്ന മറുപടി. മദ്യം കൊണ്ട് മാത്രം താന്‍ ആഗ്രഹിക്കുന്ന സന്തോഷം കിട്ടില്ല എന്ന് സന്തോഷിന് വേഗത്തില്‍ മനസ്സിലായി. അപ്പോള്‍ മറ്റ് ലഹരികളിലേക്ക് നീങ്ങി. ഏത് സമയവും ഹാന്‍സിന്റെ ലഹരിയില്‍ മുങ്ങി. എല്ലാം മറന്ന് പറന്നുയരുന്ന പ്രതീതി. വായുവില്‍ പാറിപ്പറക്കുന്ന ആനന്ദം.
വീടിന്റെ അവസ്ഥയില്‍ വന്ന മാറ്റം സന്തോഷ് മാത്രം അറിഞ്ഞില്ല. അച്ഛന്റെ മരണമോ പ്രമേഹരോഗം വന്ന് അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതോ കാല്‍ മുറിച്ചതോ ഒന്നും സന്തോഷിന്റെ സന്തോഷങ്ങള്‍ക്ക് തടസ്സമായില്ല. സന്തോഷ് ഒരു ലഹരിയില്‍നിന്ന് മറ്റൊന്നിലേക്ക് മാറിമാറി സഞ്ചരിച്ചുകൊണ്ടേയിരുന്നു.
എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി പാവം അനുജന്‍ കൂലിപ്പണി ചെയ്ത് വീട് കഷ്ടിച്ച് പുലര്‍ത്തി. ചേട്ടനും അമ്മയ്ക്കും മരുന്നുകള്‍ വാങ്ങി. ചേട്ടനെ ഡോക്ടര്‍മാരുടെ അടുത്ത് കൊണ്ടുപോയി.
ആറുമാസം മുമ്പ് സന്തോഷിന് വായില്‍ വ്രണവും രക്തസ്രാവവും കണ്ടുതുടങ്ങി. ഇത് കൂടി വന്നപ്പോള്‍ ഡോക്ടറെ വീണ്ടും കണ്ടു. തന്റെ ശരീരം തന്നോട് ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്ന് ഡോക്ടറില്‍നിന്ന് സന്തോഷിന് മനസ്സിലായി. കീമോതെറാപ്പി ചെയ്തപ്പോഴേക്കും സന്തോഷ് അവശനായി. വയറില്‍ അസ്വസ്ഥത പറഞ്ഞപ്പോള്‍ സ്‌കാനിങ്ങ് നടത്തി. കരളിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി. ബ്‌ളീഡിങ് നിലക്കാതെ വന്നപ്പോഴാണ് സന്തോഷിനെ ഇവിടെയെത്തിച്ചത്.
സന്തോഷിനെ പരിചരിക്കാന്‍ ഞങ്ങള്‍ മുറിയിലേക്ക് കയറി. മൂക്കില്‍നിന്നും വായില്‍നിന്നും കൈകാലുകളുടെ നഖത്തിനിടയില്‍നിന്നുപോലും നിലയ്ക്കാതെ രക്തം ഒലിക്കുന്നു. വല്ലാത്ത ഒരവസ്ഥ. തട്ടിവിളിച്ചപ്പോള്‍ സന്തോഷ് ഭീതിയോടെ ഞങ്ങളെ നോക്കി. പെട്ടെന്ന് അസ്വസ്ഥനായി. രക്തം വരുന്നത് കൂടിക്കൂടി വന്നു. സന്തോഷിന്റെ കൈവിരലുകളിലും കാല്‍വിരലുകളിലും സുക്രാഫില്‍ പൗഡറിട്ട് ടൈറ്റ് ബാന്‍ഡേജ് കൊടുത്ത് മയക്കിക്കിടത്തി.
മകന്റെ ഓരോ രോമകൂപത്തിലൂടെയും രക്തം സ്രവിച്ച് അവന്‍ രക്തത്തില്‍ക്കുളിച്ച് കിടക്കുന്നത് കാണാതെ കട്ടിലിന്റെ ഒരറ്റത്ത് ഒതുങ്ങിക്കിടക്കുന്ന അമ്മയെ കണ്ടപ്പോള്‍ ദൈവത്തിന് നന്ദി പറഞ്ഞു. കാഴ്ച നഷ്ടപ്പെട്ടത് എത്ര നന്നായി എന്ന് തോന്നിപ്പോയി.
ആ മുറിയില്‍നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തലയ്ക്കകത്ത് വല്ലാത്ത ഭാരം. സന്തോഷിന്റെ അനുജനെ വിളിച്ച് ഡോക്ടര്‍ ഗുരുതരാവസ്ഥ അറിയിച്ചു. പറഞ്ഞത് മനസ്സിലായിട്ടോ അല്ലാതെയോ ഒന്നും പറയാതെ അനുജന്‍ മുറിയിലേക്ക് പോയി. അന്ന് രാത്രി പത്തുവര്‍ഷം താന്‍ തേടിപ്പോയ സുഖത്തിന്റെ ഇരട്ടിദുഃഖം അനുഭവിച്ചുതീര്‍ത്ത് സന്തോഷ് ഈ ലോകത്തോട് വിടപറഞ്ഞു.
ജിന്‍സി ചാക്കോ സി.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്
കെയര്‍ സൊസൈറ്റി, തൃശ്ശൂര്‍