നിലനില്‍പ്പില്ലാത്തവരുടെ ജീവിതസമരങ്ങള്‍

രമേഷ്‌കുമാര്‍ വെള്ളമുണ്ട Posted on: 28 Nov 2014

ശരാശരി ആയുര്‍ദൈര്‍ഘ്യം 45 വയസ്സ് മാത്രമുള്ള ഒരു വിഭാഗം ഇന്നും കേരളത്തിലുണ്ട്; വയനാട്ടിലെ പണിയവിഭഗം. സ്വന്തം മണ്ണില്‍ തന്നെ അഭയാര്‍ഥികളായി മാറിയിരിക്കുകയാണ്, മരിച്ചാല്‍ മറവുചെയ്യാന്‍ പോലും ഇടമില്ലാത്ത ഈ പ്രാക്തന ഗോത്രവര്‍ഗക്കാര്‍

കേരളത്തിലെ ഏററവും വലിയ ആദിവാസി വിഭാഗമായ വയനാട്ടിലെ പണിയ സമുദായത്തിന് ഇന്നും തലചായ്ക്കാന്‍ ഇടമില്ല. ഇവരില്‍ ചിലര്‍ക്കെങ്കിലും പേരിന് നല്‍കുന്ന നാലുസെന്റ് ഭൂമയില്‍ ഇവരുടെ ജീവിതം യഥാര്‍ഥത്തില്‍ പരിമിതപ്പെടുകയാണ്. മറ്റുള്ളവര്‍ക്കൊപ്പം ഇടകലര്‍ന്നുള്ള ഇടുങ്ങിയ ജീവിതാന്തരീക്ഷത്തില്‍ നിന്ന് രക്ഷനേടി പല പണിയ കുടുബങ്ങളും കാടിനുള്ളിലേക്കുള്ള തിരിച്ചുപോക്കിലാണ് ഇപ്പോള്‍.

ഒരു തുണ്ട് ഭൂമിപോലും പരമ്പരാഗതമായി കൈയ്യിലില്ലാത്ത ആദിവാസി വിഭാഗമാണ് പണിയര്‍. ഒരു കാലത്ത് ജന്മിമാരുടെ അടിമകളായിരുന്നു ഇവര്‍. കാലം ഏറെ മാറിയെങ്കിലും ഇവരുടെ ജീവിതപുരോഗതി ഇപ്പോഴും കടലാസില്‍ മാത്രം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇവര്‍ മറ്റ് ആദിവാസി വിഭാഗങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ നിരവധി പണിയ കുടുംബങ്ങള്‍ നരകിക്കുന്നു.

ത്രിതലപഞ്ചായത്ത് സംവിധാനത്തിലൂടെ പണിയര്‍ക്ക് അനുവദിക്കുന്ന വീടുകള്‍ പോലും കരാര്‍ ഏടുക്കുന്നവരുടെ അഴിമതി മൂലം പ്രയോജനമില്ലാതെ പോകുകയാണ് പതിവ്. വര്‍ഷങ്ങളായി തുടരുന്ന ഈ ചൂഷണത്തിനെതിരെ നിയമനടപടികളും കാര്യക്ഷമമല്ല. ആദിവാസിക്ക് എന്ന പേരില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്ന സംവിധാനത്തിലും പണിയര്‍ക്ക് അവഗണന തന്നെയാണ് മിച്ചം. ആദിവാസിഭൂമിയുടെ പേരില്‍ ഇടനിലക്കാര്‍ വന്‍തുക അഴിമതി നടത്തുകയാണെന്നാണ് ആരോപണം. ഭൂമിയുടെ വില ഉയര്‍ത്തിക്കാട്ടി പണം തട്ടുന്നതും പതിവാണ്.

15876 കുടുംബങ്ങളിലായി 69116 പണിയ വിഭാഗക്കാര്‍ ആണ് വയനാട്ടിലുള്ളത്; 33639 പുരുഷന്‍മാരും 35477 സ്ത്രീകളും. ഇതില്‍ 2292 കുടുംബങ്ങള്‍ക്ക് ഇന്നും വീടില്ല. 1312 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല. 1292 കോളനികളിലെ ഇടുങ്ങിയ രണ്ടുമുറി വീടുകളിലാണ് ഇന്നും മിക്കവരും കഴിയുത്. 452 വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ശരാശരി ഏഴുപേരാണ് ഒരു പണിയകുടുംബത്തിലുള്ളത്. ഇവര്‍ക്കായി മാത്രം പണിയ പാക്കേജ് രൂപവത്ക്കരിച്ച് പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനുള്ള തീരുമാനങ്ങളും നടപ്പിലാകാതെ ഇഴയുന്നു.

പണിയവിഭാഗക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം നാല്‍പ്പത്തിയഞ്ച് വയസ്സ് മാത്രമാണെന്ന് ഇവര്‍ക്കിടയില്‍ ആരോഗ്യവകുപ്പ് നടത്തിയ പഠനങ്ങള്‍ പറയുന്നു. ലഹരിയുടെ അമിത ഉപയോഗവും പോാഷകാഹാരക്കുറവുമാണ് ഇവരെ എളുപ്പം മരണത്തിലേക്ക് തള്ളിവിടുന്നത്. ആദിവാസികള്‍ക്ക് ഭൂമി വാങ്ങാന്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ അനുവദിക്കുമ്പോഴും, മരിച്ചാല്‍ മറവുചെയ്യാന്‍ പോലും ഇടമില്ലാതെ വലയുകയാണ് ഈ പ്രാക്തന ഗോത്രവര്‍ഗക്കാര്‍. കാര്‍ഷികമേഖലയിലെ തൊഴില്‍ മരവിപ്പ് കൂടിയാകുമ്പോള്‍ ഇവരുടെ ജീവിതം നരകതുല്യമായിരിക്കുന്നു.

സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികള്‍

മൊതക്കര നാലുസെന്റ് കോളനിയിലെ ഒരു കോണിലാണ് കയമ എന്ന ആദിവാസിയുടെ വീട്. ശരിക്കും ഒരു കൂര എന്ന വിശേഷണമായിരിക്കും ചേരുക. അഞ്ചു മക്കളും അച്ഛനും അമ്മയും അടങ്ങുതാണ് കുടുംബം. ഒറ്റമുറി വീടിനുള്ളിലെ അടുപ്പ് പുകയുന്നത് പണിയുള്ള ദിവസങ്ങളില്‍ മാത്രം. രണ്ടും മൂന്നും നാലും ഏഴും എട്ടും പത്തും വയസ്സുള്ള കുട്ടികളില്‍ മൂന്നുപേര്‍ക്ക് ഒരു ജോഡി വസ്ത്രമുണ്ട്. അത് അദ്ധ്യാനവര്‍ഷം ആദ്യം അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പോയപ്പോള്‍ കിട്ടിയത്. പിന്നീടത് മാറ്റിയിട്ടില്ല. മാറ്റിയുടുക്കാന്‍ തുണിയില്ലാത്തതുകൊണ്ട് അലക്കുന്നുമില്ല.

ഒറ്റ മുറിയുള്ള വീടായതിനാല്‍ നിലത്തുള്ള അടുപ്പില്‍ നിന്നും മുറിയാകെ പുക നിറയും. അതിനുള്ളില്‍ ഒരു തവണ കയറിയാല്‍ തന്നെ ശരീരമാകെ പുക മണക്കും.സ്ഥിരം അന്തിയുറങ്ങുന്ന ഇവരുടെ കാര്യം പറയാനില്ല. ഈ പുകയുടെ മണമാണ് രണ്ടു കുട്ടികളുടെയും സ്‌കൂളില്‍ പോക്ക് നിര്‍ത്തിയത്. ക്ലാസ്സ്മുറിയില്‍ തൊട്ടടുത്തിരിക്കുന്ന കുട്ടികളൊക്കെ മൂക്ക് പൊത്തിയിരിക്കുന്നത് കാണുമ്പോള്‍ ഇവരെങ്ങനെ സ്‌കൂളില്‍ പോകും. 'പിന്നെ നാന്‍ എനത്തെ ചെയ്യുവ.. വീടില്ല ഉസ്‌കൂല് പൂവ്വ കുപ്പായൊ കാണി'- മക്കളുടെ പഠിപ്പിനെക്കുറിച്ച് ചോദിച്ചാല്‍ കയമ ഇതാണ് പറയുക. വെള്ളിച്ചിക്കും കയമക്കുമൊന്നും അക്ഷരമറിയില്ല. മക്കള്‍ക്കും ഇതുതന്നെ സ്ഥിതി.

തോന്നിയാല്‍ പണിക്കു പോകും. ഇല്ലെങ്കില്‍ അവിടെയും ഇവിടെയുമെല്ലാം കുടുംബത്തോടൊപ്പം അലയും. റേഷന്‍ വാങ്ങാന്‍ കാര്‍ഡില്ല. പുര ചോര്‍ന്നപ്പോള്‍ നനഞ്ഞു നശിച്ചതാണ്. അതുകൊണ്ട് സൗജന്യ അരിയുമില്ല. വല്ലപ്പോഴും പണിക്കുപോകുമ്പോള്‍ കിട്ടുന്ന പൈസകൊണ്ട് കുറച്ച് അരിവാങ്ങും. അതു തീര്‍ന്നാല്‍ പിന്നെ ആരെങ്കിലും പണിക്ക് വിളിക്കണം. ഇല്ലെങ്കില്‍ പട്ടിണി തന്നെ. രോഗം വന്നാല്‍ ആസ്പത്രിയില്‍ പോകാന്‍ ബസ്സ് കൂലിയുമില്ല. അതുകൊണ്ട് പുരയില്‍ തന്നെ കഴിയും.

കയമക്ക് ഇപ്പോള്‍ പ്രായം കഷ്ടി നാല്‍പ്പത് കഴിഞ്ഞതേയുള്ളൂ. ആരോഗ്യസ്ഥിതി നോക്കിയാല്‍ ഒരു വൃദ്ധന്റേതിന് സമാനമാണ്. കൈക്കോട്ട് എടുത്തു കിളക്കാനുള്ള ആരോഗ്യംപോലും ശരീരത്തില്‍ ശേഷിക്കുന്നില്ല. അമിത മദ്യപാനവും പട്ടിണിയുമാണ് കയമയെ ഇക്കോലത്തിലാക്കിയത്. വെള്ളച്ചിയുടെയും മക്കളുടെയും കാര്യം അതിലേറെ കഷ്ടമാണ്. ഒട്ടിയ വയറുമായി പോഷകാഹാരം എന്തെന്ന് പോലുമറിയാതെ മരണത്തിലേക്ക് നടന്നടുക്കുകയാണ് ഈ അമ്മയും കുരുന്നുകളും.

സര്‍ക്കാരിന്റെ കണക്കില്‍ നാലുസെന്റ് ഭൂമിയുടെ ഉടമയാണ് ഈ പണിയകുടുംബം. പഞ്ചായത്ത് ഇതിലൊരു വീട് പണിയാന്‍ കരാര്‍ നല്‍കുന്നതോടെ അധികൃതരുടെ എല്ലാ ഉത്തരവാദിത്തങ്ങളും അവസാനിച്ചു. പ്രാക്തന വിഭാഗമായ പണിയര്‍ എന്ന കേരളത്തിലെ ഏറ്റവും വലിയ ആദിവാസികളുടെ ശരാശരി ജീവിതമാണിത്. പെരുമഴയത്ത് ഒറ്റപ്പെട്ടു പോകുന്ന ഇവര്‍ക്കുവേണ്ടി ആരെങ്കിലും സംസാരിച്ചാല്‍ അധികൃതര്‍ പതിവായി പറയും, ഇവരൊന്നും നന്നാകില്ല? എന്നാല്‍, പണിയരുടെ ശരാശരി ആയുസ്സ് 45 വയസ്സാണെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുമ്പോള്‍ കുറ്റകരമായ അനാസ്ഥ എന്നല്ലേ വിളിക്കേണ്ടത്.

കാട്…..എങ്കളെ വീട്

വയനാട്ടിലെ ആകെ ജനസംഖ്യയുടെ പതിനേഴ് ശതമാനം വരുന്ന ആദിവാസികളെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമൊന്നും ഇതുവരെ സ്പര്‍ശിച്ചിട്ടില്ല. അതിനെക്കുറിച്ച് അറിഞ്ഞാല്‍ ഇവരുടെ മനസ്സ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയുവരുടെ കൂടെയായിരിക്കും. പരിസ്ഥിതി സൗഹൃദ വന്യജീവിതത്തോട് ഇവര്‍ അത്രമാത്രം കടപ്പെട്ടിരിക്കുന്നു. ഇപ്പോഴും കാട്ടുജീവിതം ഇഷ്ടപ്പെടുന്ന വനവാസികള്‍ കാടിനെ സ്വന്തം ഇടമായി കാണുന്നു. നഷ്ടപ്പെടാന്‍ ഭൂമിയില്ല. പൊളിച്ചു നീക്കാന്‍ രമ്യഹര്‍മ്മങ്ങളില്ല. ആധുനിക ജീവിതപരിസരങ്ങള്‍ അന്യമായ ഇവര്‍ക്ക് കാടെന്ന ഗുരുകുലം പഠിപ്പിച്ചു നല്‍കിയത് അത്യാഗ്രഹമെന്തെന്ന് അറിയാത്ത ജീവിതമായിരുന്നു.

വനവിഭവങ്ങള്‍ ശേഖരിച്ചു കാലങ്ങളായി ജീവിച്ച വനവാസികള്‍ക്കും കാടെന്ന പൈതൃകലോകം നഷ്ടമാവുകയാണ്. ഇവരെയെല്ലാം കൂട്ടത്തോടെ കാടിറക്കിവിടുന്ന പ്രക്രിയകള്‍ക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടക്കമിട്ടു കഴിഞ്ഞു.

വയനാട്ടിലെ അമ്മവയല്‍, ഗോളൂര്‍, കൊട്ടങ്കര എന്നീ വനഗ്രാമവാസികളെ കാട്ടിനുള്ളില്‍നിന്നും വെളിയിലേക്ക് മാറ്റുന്ന പദ്ധതിയാണ് ആദ്യഘട്ടത്തില്‍ പുരോഗമിക്കുന്നത്. വനം വിട്ടുപോയവര്‍ക്ക് കാടുമേടും ഇല്ലാത്ത ജീവിതമാണ് ഇപ്പോഴുള്ളത്. അതെല്ലാം അനുഭവിക്കാന്‍ കാടിനോടും കാട്ടുമൃഗങ്ങളോടും ഞങ്ങളെന്തു ചെയ്തു എന്നാണ് ഇവരെല്ലാം ചോദിക്കുത്. കാലങ്ങളായി പരിഷ്‌കരിക്കപ്പെടുന്ന പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ഏറ്റവുമധികം ബലിയാടേകേണ്ടി വന്നത് ആദിവാസികളാണ്. ഒടുവില്‍, അധികാരം സ്ഥാപിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ ജനിച്ചു വളര്‍ന്ന മണ്ണ് ഇവര്‍ക്ക് നഷ്ടപ്പെടുകയാണ്. കുടിയേറ്റ ജനത അധികാരം സ്ഥാപിച്ചെടുത്ത് പരിസ്ഥിതിനിയമങ്ങളോട് ഇപ്പോള്‍ പടവെട്ടുമ്പോള്‍ ഇവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും ഒരുകാലത്തും സമയം കണ്ടെത്തിയിരുന്നില്ല എന്നതാണ് വാസ്തവം. ഇനിയായാലും ആര് ഇവര്‍ക്ക് വേണ്ടി ശബ്ദിക്കും.

ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, പണിയര്‍, തേന്‍കുറുമര്‍ എന്നിവരടങ്ങിയ പ്രാക്തന ഗോത്രവിഭാഗങ്ങളാണ് ഇപ്പോഴും കാടിനെ ജീവനുതുല്യം സ്‌നേഹിച്ചു കഴിയുന്നത്. കാട് ഇവര്‍ക്കിന്നും ഹരിതലോകം മാത്രമല്ല., അളവറ്റ അലിഖിത ഗോത്രനിയമങ്ങളുടെ സംസ്‌കൃതി കൂടിയാണ്. തേനും കാട്ടുകിഴങ്ങുകളും തേടി കാടുകയറി പോകുന്ന അത്യാര്‍ത്തിയില്ലാത്ത ഇവര്‍ക്ക് ജീവിതനിവൃത്തിക്കുള്ളതെല്ലാം കാട് തന്നെ നല്‍കും. ആകാശം മുട്ടെ വളര്‍ന്ന വന്‍മരങ്ങളുടെ ശിഖരത്തില്‍ നിന്നും അനായാസം തേനെടുക്കാന്‍ കഴിയുന്ന ഇവര്‍ തോറ്റുപോകുന്നത് നാട്ടുജീവിതത്തില്‍ മാത്രമാണ്.

ഒരുപറ്റം ആദിവാസികള്‍ കാടിനുള്ളിലേക്ക് തന്നെ തിരിച്ചുപോകുതാണ് വയനാട്ടില്‍ നിന്നും ഇപ്പോള്‍ ഉയരുന്ന വാര്‍ത്ത. കാടിനുള്ളില്‍ നിന്നും ഇവരെ പുറത്താക്കി വനം സ്വതന്ത്രമാക്കാനുളള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കെല്ലാം ഇതി തിരിച്ചടിയാകുന്നു. കേന്ദ്ര കടുവാസംരക്ഷണ പ്രോജക്ടിനും വൈല്‍ഡ് ലൈഫ് ട്രസ്‌ററ് ഓഫ് ഇന്ത്യ നടപ്പാക്കുന്ന സ്വയംസന്നദ്ധ പുനരധിവാസത്തിനും അതീതമായി കാടെന്ന ഗുരുകുലത്തെയാണ് ഇവര്‍ സ്‌നേഹിക്കുത്.

കൊട്ടങ്കരയിലെയും ചെട്ട്യാലത്തൂരുമാണ് സംസ്ഥാനസര്‍ക്കാര്‍ സ്വയംസന്നദ്ധ പുനരധിവാസപാക്കേജ് ആദ്യം തയ്യാറാക്കിയത്. ഇവിടുള്ള വനവാസികള്‍ക്ക് ഇവിടെ നിന്നും കാടിറങ്ങേണ്ടി വന്നു. പുറംലോകത്ത് ആവശ്യത്തിനുള്ള സ്ഥലവും വീടും നല്‍കാം എന്നു പറഞ്ഞെങ്കിലും ഇതിലൊന്നും ഒതുങ്ങുതായിരിന്നില്ല ഇവരുടെ ജീവിതമോഹങ്ങള്‍. ഒടുവില്‍ ഇവര്‍ക്ക് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല. ബാഹ്യസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് കാടിന്റെ തണലിലേക്ക് ഇവര്‍ തിരികെ നടക്കുകയായിരുന്നു.

കാട്ടുവള്ളികള്‍കൊണ്ട് വരിഞ്ഞുമുറുക്കിയ ചെറിയ വീട്. മുളംചീളുകള്‍കൊണ്ട് മെടഞ്ഞ ചുവരുകളില്‍ മണ്ണുതേച്ച കുലീനത. ഇതുമാത്രമാണ് ഇവരുടെ വീടെന്ന സ്വപ്നം. ഈ ഒറ്റമുറി വീടുകളില്‍ ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടാന്‍ പരിമിതപ്പെട്ടതാണ് ഇവരുടെ മനസ്സു മുഴുവനും. പ്രകൃതിയോട് അടുത്തുനില്‍ക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിന് വന്യമൃഗങ്ങളും ശത്രുക്കളല്ല. ഇവയോടെല്ലാം പൊരുത്തപ്പെട്ടു കഴിയുന്ന വനവാസികളായ ആദിവാസികള്‍ കാട്ടാനകളെ കുറിച്ചൊക്കെ പരാതി പറയുന്നത് പോലും അപൂര്‍വ്വമാണ്.

ആദിവാസികളുടെ ആചാരാനുഷ്ഠാനങ്ങളും കാടിനോട് ചേര്‍ന്നുള്ളവയാണ്. ഇടകലര്‍ന്നുള്ള നഗര, ഗ്രാമ ജീവിതത്തോടൊന്നും ഇവയ്ക്ക് അടുപ്പമില്ല. കാട്ടുനായ്ക്കരുടെ തെരണ്ടുകല്ല്യാണമായ ഗുഡയെ അചാരം ആധുനികമായ ചുറ്റുപാടുകളുള്ള കോളനികളില്‍വെച്ച് എങ്ങിനെയാണ് നടത്തുക. പച്ചില ചാര്‍ത്തുകളുടെ മേല്‍ക്കൂരയുള്ള ചെറിയ കുടിലില്‍ വയസ്സറിയിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ ആഴ്ചകളോളം പാര്‍പ്പിക്കുന്ന ചടങ്ങാണിത്. ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ചടങ്ങുകള്‍പോലും കോളനി ജീവിതം ശീലിച്ചതു മുതല്‍ ഉപേക്ഷിക്കേണ്ടി വന്നതായി ഇവര്‍ പറയുന്നു. കുലദൈവങ്ങള്‍ പോലും തങ്ങളെ കൈവിട്ടുപോയതായാണ് ഇവരുടെ നിഗമനം. കാടിന്റെ ഓരങ്ങള്‍ ചേര്‍ന്നുള്ള ചെറിയ സങ്കേതങ്ങളില്‍ ആദിവാസികളുടെ ജീവിതം സ്വതന്ത്രമായിരുന്നു. കാടിനുള്ളില്‍ നിന്നും ഇവരെ മാറ്റുമ്പോള്‍, അടര്‍ന്നുമാറാനുള്ള മാനസികമായ ഒരുക്കമില്ലായ്മയാണ് വനവാസികള്‍ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി.

കുറിച്യര്‍ ജന്മികള്‍ക്കൊപ്പം ചേര്‍ന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിപ്പോള്‍ പണിയരെന്ന വര്‍ഗ്ഗം ജന്മികളുടെ അടിമകളാവാനാണ് മത്സരിച്ചത്. മറ്റുള്ളവര്‍ കാടിന്റെ തണലില്‍ ജീവിതം തേടി പോയി. ഇഷ്ടാനുസരണം ഇവര്‍ കാടിനുള്ളില്‍ തന്നെ ജീവിത പശ്ചാത്തലം കണ്ടെത്തി. വീട് നിര്‍മ്മാണത്തിനുളള എല്ലാം അവിടെ നിന്നും ശേഖരിച്ചു. ഓരോ വര്‍ഷവും പുതുക്കി പണിയുന്ന തരത്തില്‍ തെരുവു പുല്ലുകളുടെ മേല്‍ക്കൂരയുള്ള കുഞ്ഞു കുഞ്ഞു വീടുകള്‍ വയാനാടിന്റെ വനഗ്രാമങ്ങളില്‍ ഇക്കാലം വരെയുള്ള കഴ്ചകളായിരുന്നു.

ഒന്നും വിലകൊടുത്തു വാങ്ങേണ്ടിയിരുന്നില്ല. കാടിനുള്ളില്‍ സുലഭമായിരുന്നു ഇവര്‍ക്കുവേണ്ട വിഭവങ്ങള്‍. അതുകൊണ്ടു തന്നെ കാടിനോടുള്ള വിശ്വാസവും വനവാസികള്‍ക്കിടയില്‍ ശക്തിപ്രാപിച്ചിരുന്നു.

മറക്കുന്ന ഭാഷ, മായുന്ന സംസ്‌കാരം

പുലയ, കുറിച്യ, അടിയ വിഭാഗത്തിലുള്ളവര്‍ക്ക് വ്യത്യസ്തമായ ഭാഷഭേദമുണ്ട്. നീട്ടിയും കുറുക്കിയുമുള്ള ഭാഷാപ്രയോഗത്തില്‍ നിന്നും ഇവരും അകന്നുകഴിഞ്ഞു. വീടുകളില്‍ പോലും സ്വന്തം ഗോത്രഭാഷ സംസാരിക്കാന്‍ ഇവര്‍ക്ക് ഇന്ന് താല്‍പ്പര്യമില്ല. അന്യമായി നിന്ന ഗോത്ര സംസ്‌കൃതിയില്‍ കാലങ്ങളായി കണ്ടെതെല്ലാം പഴയ കാഴ്ച. ആധുനികതയുടെ പരിവേഷത്തില്‍ പഴമകള്‍ വഴിമാറുമ്പോള്‍ കൊരമ്പക്കുട ചൂടിയ ആദിവാസി സ്ത്രീയും ഓര്‍മ്മചിത്രം.

നൂറ്റാണ്ടുകളുടെ ചരിത്രത്തിലേക്കാണ് വയനാട്ടിലെ ആദിവാസികളുടെ വസ്ത്രധാരണ രീതി വിരല്‍ചൂണ്ടുന്നത്. മുക്കപണ്ടങ്ങളും കല്ലുമാലകളും ഇരുകൈകള്‍ നിറയെ ഇരുമ്പ് വളകളും കാതില്‍ മഞ്ചാടിക്കമ്മലുമണിഞ്ഞ് അരപ്പട്ട ചുറ്റിനില്‍ക്കുന്ന പണിയസ്ത്രീകള്‍ വയനാടെന്ന ഗോത്രനാടിന്റെ അടയാളമായിരുന്നു. ഇതിലൊതുങ്ങുതായിരുന്നു പണിയരെന്ന കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗത്തിന്റെ ആഭരണപ്പൊലിമകള്‍. മുട്ടോളമെത്തുന്ന മുണ്ടും ചുവന്ന അരപ്പട്ടയും ഒരു തോളിലേക്ക് ചെരിച്ചുകെട്ടിയ മേല്‍മുണ്ടും പണിയസ്ത്രീകളുടെ പരമ്പരാഗത വേഷമായിരുന്നു. കേരളത്തിലെ പാരമ്പര്യ വേഷവൈജാത്യങ്ങള്‍ക്കിടയില്‍ ഇവയൊക്കെയും ഒരു കാലത്ത് വേറിട്ടുനിന്നു.

ആരും പഠിപ്പിക്കാതെ സ്വയംശീലിച്ചെടുത്ത ഈ വേഷസംവിധാനങ്ങളോട് പുതിയ തലമുറ മുഖംതിരിച്ചതോടെ ഇവ ചരിത്രത്തിന്റെ ഭാഗമായി. പാരമ്പര്യത്തനിമ നിലനിര്‍ത്തുതിന് കുലത്തിന് സ്വന്തമായി ഒരു വസ്ത്രധാരണരീതിയും ഭാഷയും വേണമെന്ന നിലപാടിലായിരുന്നു വയനാട്ടിലെ അടിയ, കാട്ടുനായ്ക്ക, കുറിച്യവിഭാഗങ്ങളെല്ലാം. തനത് ജീവിതത്തിന്റെ സാസ്‌കാരിക മുദ്രയായി തലമുറകളിലേക്ക് ഇവ കൈമാറ്റം ചെയ്യപ്പെട്ടു. മുടിവളര്‍ത്തി കുടുമകെട്ടി മുട്ടോളം മുണ്ടുടുക്കുന്നതായിരുന്നു കുറിച്യരുടെ ശീലം. നീലമേല്‍മുണ്ടും കാതില്‍ തോടയും കുറിച്യസ്ത്രീകളുടെ മാത്രം വേഷമാണ്. അടിയ ,കുറുമ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കിടയിലും തനതു വേഷപാരമ്പര്യമുണ്ടായിരുന്നു.

വേറിട്ടുപോകുന്ന ഭാഷ, വേഷം, സംസ്‌കാരം, അനുഷ്ഠാനം എിവയെല്ലാം തിരിച്ചു പിടിക്കുക എന്നതുകൂടിയാണ് കാടിനുള്ളിലേക്കുള്ള പാലായനം അടിവരയിടുത്. ആധുനികത സര്‍വ്വരംഗത്തും കടന്നുവരുമ്പോള്‍ ഇതിനെയൊന്നും സ്വീകരിക്കാനുള്ള മാനസികമായ ധൈര്യക്കുറവ് കൂടിയാണ് ഈ ഒളിച്ചോടലില്‍ നിന്നും കാണാവുന്നത്.

തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമിക്കുവേണ്ടിയുള്ള ജീവിതസമരങ്ങള്‍ മുന്നേറുമ്പോഴും വയനാട്ടില്‍ ഇതിലൊന്നും പങ്കാളിയാവാനുള്ള ഇച്ഛാശക്തി പോലുമില്ലാതെ ദുരിതങ്ങളോട് പൊരുതുന്ന പണിയകുലത്തിന്റെ യാത്രകള്‍ എവിടേക്കാണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.



1

 

ga