പൊഖ്‌റാനിലെ ചെറുചലനങ്ങളെപ്പോലും അമേരിക്ക ഭയപ്പാടോടെ സസൂക്ഷ്മം വീക്ഷിച്ച ഒരു കാലമുണ്ടായിരുന്നു. അതിനായി അമേരിക്കന്‍ ചാര ഉപഗ്രങ്ങള്‍ കണ്ണും കാതും തുറന്നുവെച്ചിരിന്നു. 1974ല്‍ ആദ്യ ആണവ പരീക്ഷണത്തിന് ശേഷമാണ് അമേരിക്കയുടെ ശ്രദ്ധ പൊഖ്‌റാനിലേക്ക് നീളുന്നത്. വീണ്ടുമൊരു പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നുവെന്ന സംശയത്തിലായിരുന്നു അവര്‍. അവരുടെ സംശയങ്ങള്‍ ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യ വീണ്ടും പൊഖ്‌റാനില്‍ തങ്ങളുടെ ശക്തി തെളിയിച്ചു.
1998ല്‍ മെയ് 11നായിരുന്നു ഇന്ത്യയുടെ രണ്ടാമത് ആണവ പരീക്ഷണം. 1974ല്‍ ഒരു ബുദ്ധ പൂര്‍ണിമ ദിനത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം. 'ബുദ്ധന്റെ ചിരി' എന്ന രഹസ്യനാമം നല്‍കിയ ആ പരീക്ഷണം നടന്ന് 24 വര്‍ഷത്തിനു ശേഷം മറ്റൊരു ബുദ്ധപൂര്‍ണിമയിലാണ് രണ്ടാം അണുപരീക്ഷണം നടത്തിയത്. അതിനെ വിശേഷിപ്പിച്ചത് 'ബുദ്ധന്‍ വീണ്ടും ചിരിക്കുന്നു' എന്നും.
ഉച്ചയ്ക്ക് 3.45 നായിരുന്നു എല്ലാ നിരീക്ഷണക്കണ്ണുകളെയും കബളിപ്പിച്ചുകൊണ്ട് ആ പരീക്ഷണം നടന്നത്. ഒരു അണുവിഘടന(ഫിഷന്‍) ഡിവൈസ്, ഒരു ലോയീല്‍ഡ് ഡിവൈസ്, ഒരു താപആണവ (തെര്‍മോ ന്യൂക്ലിയര്‍) ഡിവൈസ് എന്നിവയാണ് ഇന്ത്യ ആദ്യദിനം പരീക്ഷിച്ചത്. അണുപരീക്ഷണത്തെക്കുറിച്ച് ആകെ അറിയാവുന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മാത്രമായിരുന്നു.
പ്രധാനമന്ത്രിപദത്തിലെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് രണ്ടാം ആണവ പരീക്ഷണം നടത്താന്‍ വാജ്‌പേയി തീരുമാനിച്ചത്. ലോകപൊലീസായ അമേരിക്കയെ പോലും കബളിപ്പിച്ചുകൊണ്ടായിരുന്നു ആ പരീക്ഷണം അദ്ദേഹം നടത്തിയത്. 1998 മേയ് 11ന് അവരറിയാതെയാണ് ഇന്ത്യ പൊഖ്‌റാനില്‍ അണു പരീക്ഷണം നടത്തിയത്. ചാരക്കണ്ണുകളുമായി കാത്തിരുന്ന അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്കൊന്നും അത് മണത്തറിയാന്‍ സാധിച്ചില്ല.
നിരീക്ഷണം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രണ്ടാം പരീക്ഷണത്തിനും പൊഖ്‌റാന്‍ തന്നെ ഇന്ത്യ തിരഞ്ഞെടുത്തത്. ഇനിയൊരിക്കല്‍കൂടി ആ സ്ഥലത്ത് ഇന്ത്യ പരീക്ഷണം നടത്തില്ല എന്ന മറ്റുള്ളവര്‍ വിശ്വസിച്ചിടത്തായിരുന്നു ഇന്ത്യന്‍ വിജയം.
പൊഖ്‌റാനിലെ രണ്ടാമത്തെ സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ പി.വി. നരസിംഹറാവുവായിരുന്നു എന്നു വാജ്‌പേയി പിന്നീട് വെളിപ്പെടുത്തി. 1996ല്‍ നരസിംഹറാവു പ്രധാനമന്ത്രിപദം രാജിവച്ചു താന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ആണവ വിസ്‌ഫോടനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അടങ്ങിയ കുറിപ്പു കൈമാറിയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
1995 ഡിസംബറില്‍ ആണവ വിസ്‌ഫോടനത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു പൂര്‍ത്തിയാക്കിയിരുന്നു.എന്നാല്‍, അവസാന നിമിഷം ഈ സ്‌ഫോടന പരീക്ഷണം റദ്ദാക്കി. അതിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. വാജ്‌പേയി സര്‍ക്കാര്‍ പൊഖ്‌റാനില്‍ നടത്തിയ ആറു സ്‌ഫോടനങ്ങളില്‍ ഒന്ന് 95 ല്‍ റാവുവിന്റെ പദ്ധതിയനുസരിച്ച് എത്തിച്ച ബോംബ് ഉപയോഗിച്ചായിരുന്നു. ഈ സത്യവും വാജ്‌പേയി തുറന്നു സമ്മതതിച്ചു.