തുഗ്ലക്ക് പത്രാധിപരായിരുന്ന ചോ രാമസ്വാമി തുഗ്‌ളക്കിന്റെ വാര്‍ഷിക ദിനാഘോഷത്തില്‍ നടത്തിയിരുന്ന പ്രസംഗങ്ങള്‍ പ്രശസ്തമായിരുന്നു. തുഗ്‌ളക്കിന്റെ വായനക്കാര്‍ അയച്ചുകൊടുക്കുന്നതില്‍നിന്നു തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് ചോയുടെ പ്രസംഗം കത്തിപ്പടരുക. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസംഗമദ്ധ്യേ ചോ നേരിട്ട ചോദ്യങ്ങളിലൊന്ന് രാജ്‌നാഥ് സിങിനെക്കുറിച്ചുള്ള ചോയുടെ അഭിപ്രായമെന്താണെന്നായിരുന്നു.
രാജ്‌നാഥ് സിങ് ബി.ജെ.പിയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റിട്ട് ഏതാനും മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. ബി.ജെ.പി. മുന്‍ പ്രസിഡന്റ് എല്‍.കെ. അദ്വാനി അപ്പോള്‍ കേള്‍വിക്കാരനായി സദസ്സിലുണ്ടായിരുന്നു.രാജ്‌നാഥ് സിങിനെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത ഒരു ദക്ഷിണേന്ത്യക്കാരന്റെ പ്രതിനിധിയെന്ന നിലയ്ക്ക് തുഗ്ലക്ക് വായനക്കാരന്‍ ഉന്നയിച്ച ചോദ്യം ചോ സ്വതഃസിദ്ധമായ ശൈലിയിലില്‍തന്നെ നേരിട്ടു.
''നിങ്ങള്‍ക്ക് തുഗ്ലക്കിന്റെ പ്രസാധകനെ അറിയാമോ?'' ചോയോട് ചോദ്യം ചോദിച്ച കക്ഷിക്ക് തുഗ്‌ളക്കില്‍ ആകെ അറിയാവുന്നത് ചോയെ ആയിരുന്നു. തുഗ്‌ളക്കിന്റെ പ്രസാധകനെപ്പോലെയാണ് രാജ്‌നാഥ് സിങ്ങെന്നും ബി.ജെ.പിയുടെ മുഖം അദ്വാനിയാണെന്നും ചോ തട്ടിവിട്ടപ്പോള്‍ ചെന്നൈയിലെ കാമരാജ് അരങ്ങം ജനക്കൂട്ടത്തിന്റെ പൊട്ടിച്ചിരിയില്‍ മുങ്ങിപ്പോയി.
രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിനെ നിശ്ചയിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ തീരുമാനത്തോട് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ചോ പ്രതികരിക്കുക ഇതേ രീതിയില്‍ തന്നെയായിരുന്നിരിക്കാം. ആരാണ് രാം നാഥ്‌കോവിന്ദ് എന്നാണ് ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനം വന്നപ്പോള്‍ രാജ്യത്തിന്റെ മിക്കവാറും ഇടങ്ങളില്‍ ഉയര്‍ന്ന ചോദ്യം. സാമൂഹിക മാദ്ധ്യമങ്ങളില്‍ രാംനാഥിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ വരാന്‍ സമയമെടുത്തു എന്നത് രാംനാഥിനെക്കുറിച്ചുള്ള ഇന്ത്യന്‍ ജനതയുടെ അജ്ഞത ശരിക്കും വെളിപ്പെടുത്തുന്നുണ്ടായിരുന്നു.
രാംനാഥ് ബിഹറിലെ ഗവര്‍ണ്ണറാണ്, രണ്ടു വട്ടം രാജ്യസഭാംഗമായിരുന്നു, ദളിത് മോര്‍ച്ചയുടെ പ്രസിന്റായിരുന്നു എന്നിങ്ങനെ ആറു വരിയിലൊതുങ്ങുന്ന വിവരങ്ങളാണ് ആദ്യം വിക്കിപീഡിയയിലുണ്ടായിരുന്നത്. രാംനാഥ് സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്നുവെന്നും കാണ്‍പൂര്‍ സ്വദേശിയാണെന്നുമൊക്കെയുള്ള വിവരങ്ങള്‍ പിന്നാലെ വന്നു.
രാംനാഥ് ആരാണെന്ന ചോദ്യത്തിനപ്പുറത്ത് എന്തുകൊണ്ട് രാംനാഥ് എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ ഉയര്‍ന്നത്. എല്‍.കെ. അദ്വാനിയുടെ പേരാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്നു കേട്ടത്. പക്ഷെ, അദ്വാനിയെ രാഷ്ട്രപതിയാക്കാന്‍ മോദിയും സംഘവും തയ്യാറാകുമോയെന്ന കാര്യം സംശയമായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി മുരളീ മനോഹര്‍ ജോഷിയുടെ പേരും ബി.ജെ.പിയുടെ പിന്നാമ്പുറങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ, ബാബറി മസ്ജിദ് കേസില്‍ അദ്വാനിക്കും ജോഷിക്കുമെതിരെ സുപ്രീം കോടതി നിലപാടെടുത്തതോടെ ബി.ജെ.പി. നേതൃത്വത്തിന് കാര്യങ്ങള്‍ എളുപ്പമായി.
അബ്ദുള്‍ കലാമിനെപ്പോലെ കക്ഷിരാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ ബി.ജെ.പി. പരിഗണിച്ചേക്കും എന്ന സൂചനയും ഇടയ്ക്കുണ്ടായിരുന്നു. നമ്മുടെ മെട്രോമാന്‍ ഇ. ശ്രീധരനും അതോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു. പക്ഷെ, ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നവര്‍ക്ക് ഈ ഊഹാപോഹങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാനാവുമായിരുന്നില്ല.
രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ രാഷ്്രടീയക്കാരി തന്നെയായിരിക്കണം രാഷ്ട്രപതിയാവേണ്ടതെന്ന് ആര്‍.എസ്.എസ്സും ബി.ജെ.പിയും സുവ്യക്തമായും തീരുമാനിച്ചകഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആര്‍.എസ്.എസ്സിന്റേതായിരിക്കുമെന്ന് ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ വ്യക്തമാവുകയും ചെയ്തു.
ഒരു ദളിത് നേതാവിനെ മുന്നോട്ടുവെയ്ക്കുക വഴി പ്രതിപക്ഷത്തെ ഉലയ്ക്കാമെന്നായിരുന്നു ബി.ജെ.പി. കണക്കുകൂട്ടിയത്. ഒരു ദളിത് രാഷ്ട്രീയ നേതാവ് രംഗത്തിറങ്ങുമ്പോള്‍ അത് നല്‍കുന്ന രാഷ്ട്രീയ സന്ദേശം ബി.ജെ.പിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്നും മുന്നോട്ടുള്ള യാത്രയില്‍ ഇതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം ചെറുതായിരിക്കുകയില്ലെന്നുമുള്ള വ്യക്തമായ വിലയിരുത്തലാണ് ബി.ജെ.പി. നേതൃത്വത്തിനുള്ളത്.
ഹെന്ദവ ദേശീയത പ്രോജ്വലിപ്പിക്കുന്നതില്‍ ബി.ജെ.പി. എക്കാലത്തും നേരിട്ടിട്ടുള്ള വലിയൊരു കടമ്പ ദളിത് പ്രതിരോധമാണ്. ദളിത് സമൂഹത്തെ എങ്ങിനെ കൂടെനിര്‍ത്താനാവും എന്ന ചോദ്യം ബി.ജെ.പിയെ നിഴല്‍ പോലെ വിടാതെ പിന്തുടരുന്ന ഒന്നാണ്. തൊലിപ്പുറമേയുള്ള ചികിത്സയാണെങ്കിലും കെ.ആര്‍. നാരായണനുശേഷം വീണ്ടുമൊരു ദളിത് രാഷ്ട്രപതി എന്ന മുദ്രാവാക്യം ബി.ജെ.പി. ഉയര്‍ത്തുന്നതിനു പിന്നില്‍ തീര്‍ച്ചയായും ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. 2019 ലെ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ ദളിത് സമൂഹത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ഒഴിച്ചുനിര്‍ത്താനാവില്ല. യു.പിയില്‍ മായാവതി - അഖിലേഷ് രാഹുല്‍ സഖ്യമുണ്ടായാല്‍ അതിനെ ചെറുക്കുന്നതിനും ദളിത്് പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്.
ബാബറി മസ്ജിദിന്റെ കരിനിഴലുണ്ടായിരുന്നില്ലെങ്കിലും അദ്വാനി രാഷ്ട്രപതി സ്ഥാനത്തേക്കെത്താനുള്ള സാദ്ധ്യത വിരളമായിരുന്നു. തനിക്ക് താന്‍ പോന്ന ഒരാള്‍ രാഷ്ട്രപതിക്കസേരയിലെത്തുന്നതിനോട് മോദിക്ക് താല്‍പര്യമുണ്ടാവാനിടയില്ല. പ്രാതിനിധ്യ സ്വഭാവമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് മോദിയുടെയും അമിത്ഷായുടെയും സര്‍വ്വോപരി സംഘപരിവാറിന്റെയും അളവുകോലുകള്‍ക്ക് ഇണങ്ങുക.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്താണുണ്ടാവുകയെന്നതിനെക്കുറിച്ച് അതിരുവിട്ട ശുഭാപ്തിവിശ്വാസങ്ങളൊന്നും തന്നെ ഇപ്പോഴും സംഘപരിവാര്‍ നേതൃത്വത്തിനില്ല. ഓരോ ചുവടും അതീവ ശ്രദ്ധയോടെയാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും മുന്നോട്ടുവെയ്ക്കുന്നത്. മോദി പ്രഭാവം മറികടക്കാത്ത, അതേസമയം തന്നെ ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ വിവേചനാധികാരം വിവേകപൂര്‍ണ്ണമായി പ്രയോഗിക്കാനറിയാവുന്ന ഒരാളായിരിക്കണം രാഷ്ട്രപതിക്കസേരയിലുണ്ടാവേണ്ടതെന്ന് ബി.ജെ.പി. നേതൃത്വത്തിന് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതായുണ്ടെന്നു തോന്നുന്നില്ല.
പ്രതിപക്ഷവുമായി അഭിപ്രായ സമന്വയം വേണ്ടെന്ന സമീപനമാണ് ബി.ജെ.പി. നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി. നേതാക്കള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടപ്പോള്‍ രാംനാഥ് കോവിന്ദിന്റെ പേര് അറിയിച്ചിരുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഇതാ പ്രഖ്യാപിച്ചിരിക്കുന്നു, നിങ്ങള്‍ക്ക് വേണമെങ്കില്‍ പിന്തുണയ്്ക്കാം എന്നാണ് ബി.ജെ.പി. നയം വ്യക്തമാക്കിയത്. ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസിനോ ഇതരപ്രതിപക്ഷകക്ഷികള്‍ക്കോ ആവില്ല. ഗോപാല്‍കൃഷ്ണ ഗാന്ധിയില്‍നിന്നു കളം മാറ്റിച്ചവിട്ടാതെ ഇനിയിപ്പോള്‍ പ്രതിപക്ഷത്തിന് നിവൃത്തിയില്ല. ബി.ജെ.പിയുടെ ദളിത് സ്ഥാനാര്‍ത്ഥിക്കെതിരെ മിക്കവാറും അതേ നാണയത്തില്‍ മറുപടികൊടുക്കാനായിരിക്കും പ്രതിപക്ഷം തയ്യാറെടുക്കുക.