ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ പ്രത്യേക പേന. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉപയോഗിക്കുന്നതിന് പ്രത്യേക പേന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. സ്വന്തം പേനയുമായി വോട്ടര്‍മാര്‍ വോട്ടിങ് ചേംബറിനുള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞിട്ടുമുണ്ട്.
രാജ്യസഭാ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ പ്രത്യേക പേനയും മഷിയും നിര്‍ബന്ധമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. പ്രത്യേകമായി രൂപകല്‍പന ചെയ്ത പേനയ്ക്ക് പ്രത്യേക സീരിയല്‍ നമ്പറും ഉണ്ടാകും. വയലറ്റ് നിറത്തിലുള്ള മഷിയാണ് ഈ പേനയില്‍ ഉപയോഗിക്കുന്നത്. ഈ പേന ഉപയോഗിച്ച് മാത്രമേ ബാലറ്റ് പേപ്പറില്‍ മാര്‍ക്ക് ചെയ്യാനാവൂ.
വോട്ടിങ് ചേംബറില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പോളിങ് ജീവനക്കാരന്‍ വോട്ടറുടെ കൈയ്യിലുള്ള പേന വാങ്ങുകയും വയലറ്റ് മഷിയുള്ള പ്രത്യേക പേന നല്‍കുകയും ചെയ്യും. വോട്ടിങ് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ഈ പേന തിരിച്ചു വാങ്ങി വോട്ടറുടെ പേന തിരികെ നല്‍കും. ഈ പ്രത്യേക പേനയുടെ വയലറ്റ് മഷിയല്ലാതെ മറ്റേതെങ്കിലും പേന വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിച്ചാല്‍ ആ വോട്ട് അസാധുവാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് വ്യക്തമാക്കി.
വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ബാലറ്റ് പേപ്പറിനുമുണ്ട് സവിശേഷത. എംപിമാര്‍ക്ക് പച്ച നിറമുള്ള ബാലറ്റ് പേപ്പറും എംഎല്‍എമാര്‍ക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുമാണ് നല്‍കുക. തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി വോട്ടിങ് മഷി വിതരണം ചെയ്യുന്ന മൈസൂര്‍ പെയ്ന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് ആണ് പ്രത്യേക പേന തയ്യാറാക്കി നല്‍കുന്നത്.