രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോവിന്ദിന്റെ വിജയം പ്രതീക്ഷിച്ചതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. പാര്‍ട്ടിയുടെ ദളിത് മുഖങ്ങളായ പ്രമുഖരെ പരിഗണിക്കാതെയാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയത്. കോവിന്ദിന്റെ പേര് പെട്ടെന്നുയര്‍ന്നതോടെ പ്രതിപക്ഷക്യാംപില്‍ അമ്പരപ്പായി. അവര്‍ പകരം സ്ഥാനാര്‍ഥിയായി മുന്‍ ലോക്സഭാസ്പീക്കര്‍ മീരാകുമാറിനെ കണ്ടെത്തി. ബി.ജെ.പി.ക്ക് വ്യക്തമായ മേല്‍ക്കൈയുള്ള സ്ഥിതിയില്‍ ഒരു മത്സരംപോലും മീരാകുമാറും പ്രതിപക്ഷപാര്‍ട്ടികളും പ്രതീക്ഷിച്ചില്ല. എന്നാല്‍, കാലുഷ്യങ്ങളുടെ കാലത്തെ ആശയങ്ങളുടെ പോരാട്ടം എന്നാണ് മത്സരത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത്.
വിവാദങ്ങള്‍ക്ക് അതീതനായിരുന്നു എക്കാലത്തും രാംനാഥ് കോവിന്ദ്. ലളിതജീവിതം ആഗ്രഹിച്ച കോവിന്ദിന്റെ സൗഹൃദം എക്കാലത്തും രാഷ്ട്രീയപ്പാര്‍ട്ടികളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചിരുന്നു. അതുകൊണ്ടാണ്, പ്രതിപക്ഷക്യാമ്പില്‍നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആദ്യംതന്നെ പിന്തുണ പ്രഖ്യാപിച്ചത്. വിമര്‍ശനങ്ങളുയര്‍ന്നിട്ടും നിതീഷ് നിലപാട് മാറ്റാതിരുന്നതും ഗവര്‍ണര്‍ എന്നനിലയില്‍ കോവിന്ദ് നല്‍കിയ സഹകരണത്തിന്റെ ബലത്തിലാണ്.