രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ശനിയാഴ്ച മുംബൈയില്‍


1 min read
Read later
Print
Share

ഉദ്ധവ് താക്കറെയെ കാണില്ല

മുംബൈ: എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ശനിയാഴ്ച മുംബൈയിലെത്തും. എന്നാല്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ അദ്ദേഹം സന്ദര്‍ശിക്കില്ല. കാലത്ത് 10-ന് മുംബൈയിലെത്തുന്ന അദ്ദേഹം വാംഖഡെ സ്റ്റേഡിയം കോമ്പൗണ്ടിലുള്ള ഗര്‍വാറെ ക്ലബ്ബിലേക്ക് പോവും. ഇവിടെ എന്‍.ഡി.എ. എം.പി.മാരെയും എം.എല്‍.എ.മാരെയും അഭിസംബോധനചെയ്തശേഷം തിരിച്ചുപോകുമെന്ന് ബി.ജെ.പി. അറിയിച്ചു.

മുമ്പ് സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ മുംബൈ സന്ദര്‍ശിച്ച പ്രതിഭാ പാട്ടീലും പ്രണബ് മുഖര്‍ജിയും ശിവസേനാ നേതാവ് ബാല്‍ താക്കറെയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു കണ്ടിരുന്നു.

എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനുമുമ്പ് ബി.ജെ.പി. പ്രസിഡന്റ് അമിത് ഷാ 'മാതോശ്രീ'യില്‍ ഉദ്ധവിനെ കണ്ട് സംസാരിച്ചിരുന്നു. എന്നാല്‍ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ഒരുദിവസത്തിനുശേഷമാണ് ശിവസേന പിന്തുണയറിയിച്ചത്.

ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ശിവസേന ആദ്യം ആവശ്യപ്പെട്ടത്. അദ്ദേഹം സ്ഥാനാര്‍ഥിയാവില്ലെന്നുറപ്പായപ്പോള്‍ എം.എസ്. സ്വാമിനാഥനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ആവശ്യം. ഇതൊന്നും പരിഗണിക്കാതെ ബി.ജെ.പി. രാംനാഥ് കോവിന്ദിനെ പ്രഖ്യാപിക്കുകയായിരുന്നു. കോവിന്ദ് നല്ല സ്ഥാനാര്‍ഥിയാണെന്ന് ശിവസേന പിന്നീട് പ്രസ്താവനയിറക്കി.

18 എം.പി.മാരും 63 എം.എല്‍.എ.മാരുമാണ് ശിവസേനയ്ക്കുള്ളത്. ശിവസേനയുടെ പിന്തുണയില്ലാതെതന്നെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. ജൂലായ് 17-നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 20-ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram