ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് പ്രതീക്ഷിച്ചതിലും അധികം വോട്ടുകള്‍ കിട്ടി. പല സംസ്ഥാനങ്ങളിലും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എംഎല്‍എമാരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് കോവിന്ദിന് വോട്ട് ചെയ്തതെന്നാണ് അന്തിമവിശകലനത്തില്‍ വ്യക്തമാക്കുന്നത്.
നാല് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ള ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ട് മറിഞ്ഞത് വരാനിരിക്കുന്ന വലിയ കളികളുടെ വരവറിയിക്കല്‍ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 116 എംഎല്‍എമാരുടെ വോട്ടുകള്‍ കോവിന്ദിന് അധികം ലഭിച്ചുവെന്നാണ് അന്തിമഫലത്തില്‍ നിന്ന് വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി പാര്‍ട്ടികള്‍ക്ക് 83 എംഎല്‍എമാരാണുള്ളത്. സമാജ് വാദി പാര്‍ട്ടിക്കും സിപിഎമ്മിനും ഓരോ എംഎല്‍എമാര്‍ വീതവും എ.ഐ.എം.ഐ.എമ്മിന് രണ്ട് എംഎല്‍എമാരും വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് മൂന്ന് എംഎല്‍എമാരുമുണ്ട്. ആകെ 90 വോട്ടുകളാണ് ഈ കണക്ക് വച്ച് മീരാകുമാറിന് പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 77 വോട്ട് മാത്രം.
70 അംഗ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 67 എംഎല്‍എമാരും ബിജെപിക്ക് മൂന്ന് എംഎല്‍എമാരുമാണുള്ളത് എന്നാല്‍ രാംനാഥ് കോവിന്ദിന് ഇവിടെ ആറ് വോട്ടുകള്‍ കിട്ടിയിട്ടുണ്ട്.
ബിജെപിക്ക് മൂന്ന് എംഎല്‍എമാര്‍ മാത്രമുള്ള പശ്ചിമ ബംഗാളില്‍ രാംനാഥ് കോവിന്ദിന് ലഭിച്ചത് 11 വോട്ടാണ് അധികവോട്ടുകള്‍ എവിടെ നിന്നുവെന്ന കാര്യത്തില്‍ പാര്‍ട്ടികള്‍ക്ക് പോലും കൃത്യമായ ഉത്തരമില്ല.
ഉത്തര്‍പ്രദേശില്‍ എസ്.പി - ബിഎസ്പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെല്ലാം ചേര്‍ത്ത് 73 എംഎല്‍എമാരുണ്ടെങ്കിലും മീരാ കുമാറിന് ലഭിച്ചത് 65 വോട്ടുകള്‍ മാത്രം.
രാജസ്ഥാനില്‍ ആറ് ബിജെപി എംഎല്‍എമാര്‍ മീരാകുമാറിന് വോട്ട് മറിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഗോവയിലും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് മറിച്ചു.
അസമില്‍ മീരാ കുമാറിന് 39 വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 35 വോട്ടേ കിട്ടിയുള്ളൂ. 87 വോട്ട് പ്രതീക്ഷിച്ച രാംനാഥിന് പക്ഷേ 91 വോട്ടുകള്‍ കിട്ടി.
മുന്‍മുഖ്യമന്ത്രി നബാം ടുക്കി ഒഴിച്ച് ബാക്കി മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും പാര്‍ട്ടി വിട്ട അരുണാചല്‍ പ്രദേശില്‍ മീരാ കുമാറിന് മൂന്ന് വോട്ട് ലഭിച്ചു. ഞാനാണ് ഇവിടുത്തെ ഒരേ ഒരു കോണ്‍ഗ്രസ് എംഎല്‍എ. പക്ഷേ ഞങ്ങള്‍ക്ക് രണ്ട് വോട്ട് അധികം കിട്ടി.... മാധ്യമങ്ങളോട് സന്തോഷം പങ്കുവച്ചു കൊണ്ട് ടുക്കി പറഞ്ഞു.
കോണ്‍ഗ്രസിന് 57 എംഎല്‍എമാരുള്ള ഗുജറാത്തില്‍ മീരാകുമാറിന് 49 വോട്ടുകളാണ് ലഭിച്ചത്. മുന്‍മുഖ്യമന്ത്രി ശങ്കര്‍സിംഗ് വങ്കേലയെ വരുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാത്തതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ മറിയാന്‍ കാരണം എന്നാണ് കരുതപ്പെടുന്നത്.
പുതിയ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വങ്കേലയെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ അടുത്ത മാസം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കും ഫലം.
ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുകയാണ്. എംഎല്‍എമാരുടെ എണ്ണം വച്ച് ഇതില്‍ രണ്ട് സീറ്റുകള്‍ ബിജെപിക്കും ഒന്ന് കോണ്‍ഗ്രസിനും ലഭിക്കും.
സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേലിനെ ഈ ഒരു സീറ്റില്‍ വീണ്ടും മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് മറിച്ചില്‍ പട്ടേലിന്റെ സീറ്റ് തുലാസിലാക്കിയിട്ടുണ്ട്.
രാജസ്ഥാനില്‍ പക്ഷേ ഇരുസ്ഥാനാര്‍ഥികള്‍ക്കും പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുകളാണ് ലഭിച്ചത്. 24 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് 34 വോട്ട് കിട്ടിയപ്പോള്‍ 160 എംഎല്‍എമാരുള്ള ബിജെപിക്ക് 166 വോട്ട് കിട്ടി.
കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടാതെ ആറ് ബിജെപി എംഎല്‍എമാരും രണ്ട് സ്വതന്ത്രരും രണ്ട് ബിഎസ്പിക്കാരും മീരാകുമാറിനെ പിന്തുണച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അവശേഷിക്കുന്ന സ്വതന്ത്രരും മറ്റുചെറുപാര്‍ട്ടികളുമാണ് ബിജെപിക്ക് അധികം വോട്ട് നല്‍കിയതെന്നാണ് വിലയിരുത്തല്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പ്രതീക്ഷിച്ചതിലേറെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നാണ് ബിജെപി നേതാവ് ഭൂപേന്ദ്രയാദവ് പറയുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഭൂപേന്ദ്രയാദവിന്റെ കണക്ക് പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വോട്ടുകളും ലഭിച്ച വോട്ടും ഇപ്രകാരമാണ്.
ജമ്മുകശ്മീര്‍ - 56 - 58
ഹിമാചല്‍പ്രദേശ് - 26 - 30
മധ്യപ്രദേശ് - 165 - 171
മഹാരാഷ്ട്ര - 185 - 208
കര്‍ണാടക - 46 - 56
ത്രിപുര - 0 - 7
പുതുച്ചേരി - 0 - 10
ചത്തീസ്ഗണ്ഡ് - 47 - 52
ഉത്തര്‍പ്രദേശ് - 324 - 335
ജാര്‍ഖണ്ഡ് - 47 - 51
പശ്ചിമബംഗാള്‍ - 5 - 11
അസം - 87 - 91
അതേസമയം പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മയാണ് മീരാ കുമാറിന്റെ വോട്ടുകള്‍ ചോരാന്‍ കാരണമായതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്വാല പറഞ്ഞു. തങ്ങളുടെ സ്ഥാനാര്‍ഥിക്ക് 70 ശതമാനം വോട്ട് കിട്ടുമെന്നാണ് എന്‍ഡിഎ നേതാക്കള്‍ അവകാശപ്പെട്ടതെങ്കിലും 65 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂ.രാജസ്ഥാന്‍, ഹിമാചല്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ മീരാകുമാറിന് വോട്ട് മറിഞ്ഞിട്ടുണ്ട്. വോട്ടുകളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഇവ ശേഖരിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ - രണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.