ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.15-ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എം.പി.മാര്‍, പാര്‍ട്ടി നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
അധികാരമേല്‍ക്കല്‍ ചടങ്ങിന് പുറപ്പെടുംമുമ്പ് രാവിലെ ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ നിയുക്ത രാഷ്ട്രപതി ആദരാഞ്ജലികളര്‍പ്പിക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയും പുതിയ രാഷ്ട്രപതിയും ഒരേ വാഹനത്തിലായിരിക്കും അംഗരക്ഷകരുടെ അകമ്പടിയോടെ പാര്‍ലമെന്റിലേക്ക് വരിക.
കൃത്യം 12.03-ന് പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തുന്ന ഇരുവരെയും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭയുടെയും രാജ്യസഭയുടെയും സെക്രട്ടറി ജനറല്‍മാര്‍ തുടങ്ങിയവര്‍ചേര്‍ന്ന് സ്വീകരിച്ച് ആനയിക്കും.
സത്യപ്രതിജ്ഞാച്ചടങ്ങിനുശേഷം പുതിയ പ്രസിഡന്റ് അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതിഭവനിലേക്ക് തിരിക്കും. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പിന്നീട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ നമ്പര്‍ 10, രാജാജി മാര്‍ഗിലേക്ക് പോകും.