ന്യൂഡല്‍ഹി; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ്. നിലവിലെ സാഹചര്യത്തില്‍ 63.1 ശതമാനം വോട്ട് കോവിന്ദിന് ലഭിക്കാനാണ് സാധ്യത
എന്‍ഡിഎയിലെ മുഖ്യകക്ഷിയായ ബിജെപിയും മറ്റു പാര്‍ട്ടികളും കൂടാതെ എന്‍ഡിഎയ്ക്ക് പുറത്തുള്ള പാര്‍ട്ടികള്‍ കൂടി മുന്നണി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് രാംനാഥ് കോവിന്ദിന് മികച്ച വിജയം നേടാനുള്ള വഴി തുറന്നത്.
കണക്കുകള്‍ പ്രകാരം ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൂടി ആകെ വോട്ടുകളുടെ 48.9 ശതമാനം കൈയിലുണ്ട്. ഇത് കൂടാതെ 13 ശതമാനം വോട്ടാണ് എന്‍ഡിഎ ഇതരകക്ഷികളുടെ പിന്തുണയോടെ രാംനാഥ് കോവിന്ദ് ഉറപ്പിച്ചിരിക്കുന്നത്.
എന്‍ഡിഎയ്ക്ക് പുറത്തുള്ള ജെഡി(യു), എഐഎഡിഎംകെ, ബിജെഡി,ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഐഎന്‍എല്‍ഡി, എന്നീ കക്ഷികളുടെ പിന്തുണയാണ് ഇപ്പോള്‍ കോവിന്ദിന് ലഭിച്ചിരിക്കുന്നത്.
മൂന്നായി പിരിഞ്ഞിരിക്കുന്ന എഐഎഡിഎംകെയുടേയും നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന്റേയും പിന്തുണ നേടിയെടുക്കാന്‍ സാധിച്ചതാണ് ഇതില്‍ പ്രധാനം.
എഐഎഡിഎംകെയുടെ മൊത്തം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കൂടി 5.39 ശതമാനം വോട്ട് വിഹിതമാണുള്ളത് എന്നാല്‍ പാര്‍ട്ടിക്കകത്തെ അഭ്യന്തരസംഘര്‍ഷം കാരണം ഇത് പലചേരിയിലായി വിഭജിച്ചു കിടക്കുകയായിരുന്നു. എഐഎഡിഎംകെയിലെ മൂന്ന് വിഭാഗത്തിന്റേയും പിന്തുണ ഉറപ്പിച്ചതോടെ ഈ 5.39 ശതമാനം വോട്ടു വിഭജിക്കപ്പെടാതെ കോവിന്ദിന് ലഭിക്കും.
ജെഡിയു - 1.91, ബിജെഡി- 2.99, ടിആര്‍എസ് -2, വൈഎസ്ആര്‍ - 1.53, ഐഎന്‍എല്‍ഡി-0.38 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ വോട്ട് വിഹിതം.
ഇതോടൊപ്പം എന്‍ഡിഎയില്‍ അംഗമായിട്ടും കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്ക് വോട്ട് ചെയ്ത ശിവസേന ഇക്കുറി കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചതും എന്‍ഡിഎ ക്യാംപിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.
രാംനാഥ് കോവിന്ദിനെതിരെ മത്സരിക്കാന്‍ മുന്‍ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനെ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കൂടി രംഗത്തിറക്കിയിട്ടുണ്ടെങ്കിലും തുടക്കത്തില്‍ പ്രതീക്ഷിച്ച പോലെ ശക്തമായ ഒരു മത്സരത്തിന് ഇനി സാധ്യതയില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.