ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വന്തം പേന കൈവശം വെച്ച് വോട്ടിംഗ് ചേംബറിലെത്തുന്ന എംപിമാരേയും എംഎല്‍എമാരേയും വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായി തയ്യാറാക്കിയ പ്രത്യേക മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ച് മാത്രമേ വോട്ട് രേഖപ്പെടുത്താവൂയെന്നും അല്ലാതെ രേഖപ്പെടുത്തിയ വോട്ടുകള്‍ അസാധുവാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹരിയാനയില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പേന മഷി വിവാദത്തെ തുടര്‍ന്നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ടപതി തെരഞ്ഞെടുപ്പിലും പ്രത്യേകം തയ്യാറാക്കിയ മാര്‍ക്കര്‍ പെന്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. പ്രത്യേകം സീരിയല്‍ നമ്പര്‍ നല്‍കിയിട്ടുള്ള വയലറ്റ് മഷിയുള്ള പേനയാവും വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കുക. വോട്ടിംഗ് ചേംബറില്‍ കയറുന്നതിന് മുന്‍പ് എംപിമാരുടേയും എംഎല്‍എമാരുടേയും കൈയ്യിലുള്ള മറ്റ് പേനകള്‍ ഉദ്യോഗസ്ഥര്‍ വാങ്ങിവയ്ക്കുകയും പകരം മാര്‍ക്കര്‍ പേന നല്‍കുകയും ചെയ്യും. വോട്ടിംഗിന് ശേഷം പേന തിരിച്ചു നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എംപിമാര്‍ പച്ചനിറത്തിലുള്ള ബാലറ്റിലും എംഎല്‍എമാര്‍ പിങ്ക് നിറത്തിലുള്ള ബാലറ്റിലുമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനു വേണ്ടി പാര്‍ലമെന്റ് ഹൗസിലും സംസ്ഥാന നിയമസഭകളിലുമായി 32പോളിംഗ് സ്‌റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് നിരീഷണത്തിനായി 33 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്. 4120 എംഎല്‍എമാര്‍ 776 എംപിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 4896 വോട്ടര്‍മാര്‍ എന്നിവര്‍ ചേരുന്ന ഇലക്ട്രല്‍ കോളേജാണ് രാഷ്ട്രപതി തെരഞ്ഞെടുക്കുന്നത്. എംപിമാര്‍ പാര്‍ലമെന്റിലും എംഎല്‍എമാര്‍ നിയമസഭാ മന്ദിരങ്ങളിലുമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ജൂലൈ 17ന് രാവിലെ 11 മുതലാണ് വോട്ട് രേഖപ്പെടുത്തേണ്ട സമയം. ജൂലൈ 20നാവും വോട്ടെണ്ണല്‍. ബിജെപി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീരാകുമാര്‍ സെന്‍ എന്നിവര്‍ തമ്മിലാണ് നാളെ പ്രധാന മത്സരം നടക്കുന്നത്.