ന്യൂഡെല്‍ഹി: രാഷ്ടപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച രാംനാഥ് കോവിന്ദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി കാലയളവ് ഉപയോഗപ്രദമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടേയെന്ന് മോദി ട്വിറ്ററിലൂടെ ആശംസിച്ചു.
തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവം ഉള്‍ക്കൊണ്ട് മത്സര രംഗത്തിറങ്ങിയ മീരാ കുമാറിനേയും മോദി അഭിനന്ദിച്ചു. രാംനാഥ് കോവിന്ദിന് നല്‍കിയ പിന്തുണയ്ക്ക് എംപിമാരോടും ഇലക്ട്രല്‍ കോളേജ് അംഗങ്ങളോടും നന്ദി പറയുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. രാംനാഥ് കോവിന്ദിനൊപ്പമുള്ള രണ്ട് ചിത്രങ്ങളും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. 20 വര്‍ഷം മുന്‍പുള്ള പഴയ ചിത്രവും അടുത്തിടെ എടുത്ത മറ്റൊരു ചിത്രവുമാണ് അഭിനന്ദന കുറിപ്പിനൊപ്പം മോദി പോസ്റ്റ് ചെയ്തത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രാംനാഥ് കോവിന്ദിന് അഭിനന്ദനമറിയിച്ചിട്ടുണ്ട്. കോവിന്ദിന്റെ വിജയം ചരിത്രമാണെന്നും ഇത് നേരത്തെ ഉറപ്പിച്ചതായിരുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. പാവപ്പെട്ടവരുടേയം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേയും വിജയമാണ് കോവിന്ദിന്റേത്, രാഷ്ടപതി പദവിയിലിരുന്ന് അദ്ദേഹത്തിന് വ്യത്യസ്തമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അമിത് ഷാ കുറിച്ചു. കോവിന്ദിനെ പിന്തുണച്ച് എന്‍ഡിഎ കുടുംബത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടേയും എന്‍ഡിഎയുടേയും മുതിര്‍ന്ന നേതാക്കളെല്ലാം രാംനാഥ് കോവിന്ദിന് അഭിനന്ദനമറിയിച്ചിട്ടുണ്ട്.രാഷ്ടപതി തിരഞ്ഞെടുപ്പില്‍ 65.65 ശതമാനം (7,02,644) വോട്ടുകള്‍ നേടിയാണ് കോവിന്ദ് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി മീരാ കുമാറിന് 34.35 ശതമാനം (3,67,314) വോട്ടുകളാണ് ലഭിച്ചത്.