അടിമാലി: കുട്ടികൾക്ക് സ്നേഹസമ്മാനവുമായി മാതൃഭൂമിയുടെ കൈത്താങ്ങ് സംഘം അടിമാലി മേഖലയിലെത്തി. കൊന്നത്തടി, വെള്ളത്തൂവൽ, അടിമാലി പഞ്ചായത്തുകളിലായി ആയിരത്തി ഇരുനൂറോളം കുടുംബങ്ങളിലാണ് സ്നേഹസമ്മാനം ഇവർ കൈമാറിയത്. ഏറ്റവും അർഹതപ്പെട്ട കുട്ടികളെയും കടുംബത്തെയും കണ്ടെത്താൻ ഏറ്റവും അനുയോജ്യം സ്കൂളുകൾതന്നെയാണ്. ഈ തിരിച്ചറിവാണ് മാതൃഭൂമി ഈ സമ്മാനം സ്കൂളുകൾ വഴി നൽകുന്നത്. അടിമാലി മേഖലയിലെ സ്കൂളുകൾ നിറഞ്ഞ സന്തോഷത്തോടെയാണ് കൈത്താങ്ങ് സംഘത്തെ സ്വീകരിച്ചത്.
കൊന്നത്തടി, അടിമാലി, ഇരുമ്പുപാലം വെള്ളത്തൂവൽ കൂമ്പൻപാറ എന്നിവിടങ്ങളിലെ സ്കൂളുകളിലായിരുന്നു വിതരണം. ആദിവാസി മേഖലയിലുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. കാലവർഷക്കെടുതിയെ തുടർന്ന് ആദിവാസി മേഖല ഒറ്റപ്പെട്ട രീതിയിലായിരുന്നു. അടിമാലി സ്കൂളിൽ പഠിക്കുന്ന ഇവിടങ്ങളിൽനിന്നുള്ള ആദിവാസി കുട്ടികളുടെ പഠനോപകരണങ്ങൾ നഷ്ടമായിരുന്നു. എന്നാൽ, കൈത്താങ്ങ് പദ്ധതി ഇവർക്ക് അനുഗ്രഹമായി. മാതൃഭൂമി സംഘം നേരിട്ട് സ്കൂളുകളിൽ എത്തിയാണ് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തത്.
പ്രകൃതിദുരന്തത്തിൽ പല കുടുംബത്തിലും സർവതും നഷ്ടപ്പെട്ടു. ചെറിയ കൂര കെട്ടുന്നതിനും അന്നത്തെ അന്നത്തിനുവേണ്ടിയും കഷ്ടപ്പെടുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനച്ചെലവ് താങ്ങാവുന്നതിലും അധികമാണ്. മാതൃഭൂമിയുടെ സ്നേഹ സമ്മാനം ഇവർക്കൊക്കെ ആശ്വാസമാകുകയാണ്.