മനുഷ്യനാകാൻ കഴിയുന്ന ദൈവം


1 min read
Read later
Print
Share

എന്തിനാണ് ദൈവം മനുഷ്യനോട് ഇത്ര അടുത്ത് പെരുമാറുന്നത് ?

പ്രപഞ്ച സ്രഷ്ടാവായ ദൈവം ചരിത്രത്തിലേക്ക് മനുഷ്യനായി പ്രവേശിച്ച മഹാസംഭവത്തിന്റെ സ്മരണ പുതുക്കലാണ് ക്രിസ്മസ്. ദൈവം മനുഷ്യനോട് നടത്തുന്ന സംഭാഷണത്തിന്റെ പൂർണരൂപമായാണ് മനുഷ്യാവതാരത്തെ വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പൂർവകാലങ്ങളിൽ പ്രവാചകൻമാർ വഴി, വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കൻമാരോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ, ഈ അവസാന നാളുകളിൽ തന്റെ പുത്രൻ വഴി അവിടുന്ന്‌ നമ്മോടു സംസാരിച്ചിരിക്കുന്നു (ഹെബ്രായർ 1:1). നമ്മുടെ മദ്ധ്യേ, നമുക്ക് അടുത്തിരിക്കുന്ന, നമ്മോട് സംസാരിക്കുന്ന ദൈവം! അതെ, ഇമ്മാനുവൽ -ദൈവം നമ്മോടു കൂടെ, അതാണ് ക്രിസ്മസിന്റെ ആത്മഹർഷം.

എന്തിനാണ് ദൈവം മനുഷ്യനോട് ഇത്ര അടുത്ത് പെരുമാറുന്നത് ? ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മറ്റേതെങ്കിലും സൃഷ്ടിയുണ്ടോ ? തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് എന്നും മനസ്സുകൊണ്ട് ദൈവം ചേർന്നു നിൽക്കുന്നു. ദൈവത്തിന്റെ, മനുഷ്യനോടുള്ള അപരിമേയമായ സ്നേഹത്തിന്റെ വെളിപ്പെടുത്തലാണ് മനുഷ്യാവതാരം.

മനുഷ്യൻ ദൈവത്തെ സ്നേഹിച്ചതിനുള്ള പ്രത്യുപകാരമല്ല മനുഷ്യാവതാരം. മനുഷ്യൻ ദൈവത്തെ സ്നേഹിക്കുന്നതിന് പരിധിയില്ലേ ? വിശുദ്ധഗ്രന്ഥം പറയുംപോലെ നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം (1 യോഹന്നാൻ 4:10).

ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തിരിച്ചറിയുന്ന അവസരമാണ് ക്രിസ്മസ്. വിശ്വാസത്തിൽ ആഴപ്പെട്ട്, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ക്രിസ്മസ് ഒരനുഭവമാകാൻ പ്രാർത്ഥിക്കുന്നു. ദൈവസ്നേഹത്തിന്റെ ഏറ്റവും ഊഷ്മളമായ പേരാണ് യേശുക്രിസ്തു -ദൈവത്തിന്റെ മനുഷ്യപ്പതിപ്പ്. ആ ദിവ്യസ്നേഹം നിങ്ങളെ പൊതിയട്ടെ. നന്മകളാൽ സമൃദ്ധമായ ക്രിസ്മസും ഫലദായകമായ പുതുവർഷവും എല്ലാവർക്കും നേരുന്നു.

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ (സിറോ മലങ്കര സഭാ അധ്യക്ഷനും സി.ബി.സി.ഐ. പ്രസിഡന്റും)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram