തിരുവനന്തപുരം: ഈ ക്രിസ്മസ് ദിനത്തില്‍ പുതിയതുറയിലെ കടല്‍ ഒരു കഥവഞ്ചിയെ ഏറ്റുവാങ്ങും. മത്സ്യത്തൊഴിലാളികളുടെ ഐതിഹ്യങ്ങളുടെ ചിത്രകഥാവഞ്ചി. വിമാനങ്ങള്‍പോലും ആശയങ്ങളെയും കഥകളെയും അടിസ്ഥാനമാക്കി ചായമടിക്കുന്ന ഇക്കാലത്ത് ഒരു മീന്‍പിടിത്ത വള്ളത്തിന് ചിത്രങ്ങളുടെ പ്രത്യാശപകരാന്‍ പുതിയതുറയിലെത്തിയത് ചണ്ഡീഗഢില്‍ നിന്നുള്ള ചിത്രകാരി മല്ലിക വധേരയാണ്. ബെംഗ്‌ളൂരു സൃഷ്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട് ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജിയിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥിയാണ് മല്ലിക.
മത്സ്യത്തൊഴിലാളി ജീവിതങ്ങള്‍ വിഷയമാക്കിയുള്ള സര്‍ഗാത്മക സൃഷ്ടികള്‍ക്കായി കേരളത്തിലെത്തിയ സംഘാംഗമായിരുന്നു മല്ലിക. ഒരുമാസത്തോളം അവര്‍ പുതിയതുറയില്‍ തങ്ങി. മത്സ്യത്തൊഴിലാളികളുടെ കഥകളും വിശ്വാസങ്ങളും കേട്ടറിഞ്ഞ മല്ലിക അവയൊക്കെ വരകളും നിറങ്ങളുമായി അവര്‍ക്കുതന്നെ തിരികെ നല്‍കാന്‍ ആഗ്രഹിച്ചു. തുറയിലെ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇതിനായി തിരഞ്ഞെടുത്തത്. 30 അടി നീളമുള്ള വള്ളം. അതില്‍ വിശുദ്ധന്‍മാരായ ഫ്രാന്‍സിസിന്റെയും സേവ്യറിന്റെയും കഥകളും തിമിംഗലത്തിന്റെ വയറ്റില്‍ അകപ്പെട്ട വിശുദ്ധ യോനയുടെ കഥയുമൊക്കെ മല്ലിക വരച്ചു. മധ്യകാല ദേവാലയങ്ങളിലെ ചില്ല് വാതായനങ്ങളിലെ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ശൈലിയാണ് വരകള്‍ക്ക്. 'കടലമ്മയുടെ കഥകള്‍' എന്ന് പേരിട്ട ഈ ചിത്രരചനയ്ക്ക് പുതിയതുറയിലെ വിദ്യാര്‍ഥികളുടെ സംഘടനയായ കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറമാണ് മല്ലികയ്ക്ക് പിന്തുണ നല്‍കിയത്.
വള്ളത്തിന് നിറമടിക്കുന്നത് കാണാന്‍ കൂടിയ തുറയിലെ കുട്ടികളെയും അവര്‍ ചിത്രരചനയിലേക്ക് നയിച്ചു. വരയില്‍ കൊതിപിടിച്ച മൂന്നാം ക്ലാസ്സുകാരന്‍ ജിത്തു പ്രധാന സഹായിയായി. പുതിയതുറയിലെ കലാജീവിതം ഭാഗ്യമായാണ് കരുതുന്നതെന്ന് മല്ലിക പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പോരാട്ടം നിറഞ്ഞ ജീവിതം അവര്‍ക്ക് ആവേശമായി. ഭാഷയുടെ തടസ്സമൊന്നുമില്ലാതെ അവരിലൊരാളായി തന്നെക്കരുതിയ മത്സ്യത്തൊഴിലാളികളോട് നിറഞ്ഞ നന്ദിയാണ് മല്ലികയ്ക്ക്.
മല്ലികയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് കൂടുതല്‍ വള്ളങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കാനാണ് കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറത്തിന്റെ തീരുമാനമെന്ന് ഫോറത്തിന്റെ വൈസ് പ്രസിഡന്റും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ മാധ്യമപ്രവര്‍ത്തന വിദ്യാര്‍ഥിയുമായ സിന്ധു നെപ്പോളിയന്‍ പറഞ്ഞു. ഇവിടത്തെ കുട്ടികളും വിദ്യാര്‍ഥികളുമായിരിക്കും ഇനി കടലമ്മയുടെ കഥകള്‍ തുടര്‍ന്ന് വരയ്ക്കുക. ക്രിസ്മസ് ആഘോഷത്തില്‍ ഈ ചിത്രവഞ്ചിയും കടലില്‍ ഇറക്കാനിരിക്കുകയാണ് പുതിയതുറ നിവാസികള്‍.