'കാളവണ്ടിയില്‍ പള്ളിയില്‍ പോയ ക്രിസ്മസ് രാവുകള്‍'- കെ.യു ജോണി


നിത.എസ്.വി

2 min read
Read later
Print
Share

ബാല്യകാലത്തെ ക്രിസ്മസിനെക്കുറിച്ചുള്ള ഏറ്റവും ശബളാഭമായ ഓര്‍മകള്‍ വയനാട്ടിലെ മഞ്ഞുകാലം തന്നെയാണ്. കാപ്പി വിളവെടുക്കാറാകുന്ന കാലമാണ്. കൊയ്ത്തും മെതിയും ഉണ്ടാകും. ഞങ്ങള്‍ കുട്ടികള്‍ക്ക് യഥാര്‍ഥത്തില്‍ വസന്തോത്സവം തന്നെയായിരുന്നു.

ക്ഷണപ്രിയനും സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റുമായ സുജിത് .പി. സുകുമാര്‍ രുചികള്‍ തേടിയുള്ള തന്റെ യാത്രയില്‍ വയനാട്ടില്‍ എത്തിയപ്പോള്‍ കണ്ടുമുട്ടിയത് കെ.യു ജോണി എന്ന എഴുത്തുകാരനെ. 1934 ല്‍ വയനാട്ടിലേക്ക് കുടിയേറിയ ആദ്യ ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ഇൗ എഴുത്തുകാരന്‍.

1971 ലെ മാതൃഭൂമിയുടെ വിഷുപ്പതിപ്പിലാണ് ഇദ്ദേഹത്തിന്റെ ആദ്യ ചെറുകഥയായ 'ജറുസലേമിന്റെ കവാടങ്ങള്‍' പ്രസിദ്ധീകരിക്കപ്പെട്ടത്. 'ഗ്രാന്റ് കാന്യ'ന്റെ ഇടത്തും വലത്തുമുള്ള അര്‍ത്ഥഗര്‍ഭമായ മൗനങ്ങള്‍ പൂരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന 'ഭൂമദ്ധ്യരേഖയിലെ വീട് ' എന്ന വ്യക്തിനിഷ്ഠമായ നോവല്‍ മലയാളികള്‍ മറക്കാനിടയില്ല.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് അസിസ്റ്റന്റ് കമാണ്ടന്റിന്റെ വേഷം അഴിച്ചുവെച്ച് കുടുംബവുമൊത്ത് വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം മാതൃഭൂമിക്ക് വേണ്ടി പങ്കുവെച്ച ക്രിസ്മസ് ഓര്‍മകളിലേക്ക്

മഞ്ഞുകാലത്തെ ക്രിസ്മസ്

ബാല്യകാലത്തെ ക്രിസ്മസിനെക്കുറിച്ചുള്ള ഏറ്റവും ശബളാഭമായ ഓര്‍മകള്‍ വയനാട്ടിലെ മഞ്ഞുകാലം തന്നെയാണ്. കാപ്പി വിളവെടുക്കാറാകുന്ന കാലമാണ്. കൊയ്ത്തും മെതിയും ഉണ്ടാകും. ഞങ്ങള്‍ കുട്ടികള്‍ക്ക് യഥാര്‍ഥത്തില്‍ വസന്തോത്സവം തന്നെയായിരുന്നു. ഏറ്റവും രസകരമായ ഒരു ഓര്‍മയാണ് പാതിരാത്രിയില്‍ കാളവണ്ടിയില്‍ പള്ളിയിലേക്കുള്ള യാത്ര. കുട്ടികളെല്ലാവരും വണ്ടിയുടെ ചാഞ്ചാട്ടാത്തിനനുസരിച്ച് വാതോരാതെ സംസാരിക്കും. എല്ലാവരും കൂടി വലിയൊരു ടൂര്‍ പോകുന്ന പ്രതീതിയായിരുന്നു.

ആ യാത്ര കാപ്പിത്തോട്ടങ്ങള്‍ക്കു നടുവിലൂടെയായിരുന്നു. വണ്ടിയുടെ അടിയില്‍ കെട്ടിയ റാന്തല്‍ വിളക്കുകളുടെ വെളിച്ചം വണ്ടിക്കാളകളുടെ കൊമ്പില്‍ ചുറ്റിയ സ്ഫടികമണികളില്‍ത്തട്ടി പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത് വളരെയധികം സുന്ദരമായ ഒരു ഓര്‍മയാണ്. വൃക്ഷക്കൊമ്പുകളില്‍ മാലപോല കത്തുകയും കെടുകയും ചെയ്യുന്ന മിന്നാമിനുങ്ങുകള്‍.

ക്രിസ്മസ് അവധിക്കാലം കുട്ടികള്‍ക്ക് മേളം തന്നെ

ക്രിസ്മസ് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് കുട്ടികള്‍ തന്നെയാണ്. ഞങ്ങളുട നാട്ടില്‍ വയലിന്റെ കരയില്‍ ഒരു അമ്പലമുണ്ട്. ആ അമ്പലത്തിലെ തിറയുത്സവവും ക്രിസ്മസിന്റെ സമയത്തു തന്നെയായിരുന്നു. രാത്രി വളരെ വൈകി ഉയരുന്ന താളാത്മകമായ ചെണ്ടമേളവും ഇടയ്ക്കിടെയുള്ള കതിനയുടെ ശബ്ദവും ഒരിക്കലും മറക്കാന്‍ കഴിയില്ല.

നക്ഷത്രവിളക്കുകളെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെയാണ്! അഞ്ച് മൂലകളുള്ള നക്ഷത്രവിളക്കുകള്‍ ഞങ്ങള്‍ തന്നെ വീടുകളില്‍ ഉണ്ടാക്കും.

ചെഞ്ചായം പൂശിയ ആകാശത്തിലൂടെ കത്തി താഴേക്ക് പതിച്ച നക്ഷത്രവിളക്ക്

അന്നൊന്നും വൈദ്യുതി ഇല്ലല്ലോ. നക്ഷത്രത്തിനകത്ത് ഒരു വിളക്കായിരിക്കും പകരം കത്തിച്ചുവെക്കുന്നത്.

ഒരു ക്രിസ്മസ് കാലത്ത് കത്തിച്ചുവെച്ച വിളക്കുമായി വീടിന്റെ മുന്നിലുള്ള അത്തിമരത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊമ്പിലേക്ക് ഒരു നൂല്‍ക്കയര്‍ ഉപയോഗിച്ച് ചേട്ടന്‍ നക്ഷത്രവിളക്ക് വലിച്ചുകയറ്റുകയായിരുന്നു.

ഏറ്റവും മുകളിലത്തെ കൊമ്പില്‍ നൂല്‍ കുരുങ്ങി. ചേട്ടന്‍ ശക്തിയായി പിടിച്ചുവലിച്ചു. നക്ഷത്രത്തിനകത്തെ വിളക്കിന് തീ പിടിച്ച് ചെഞ്ചായം പൂശിയ ആകാശത്തിലൂടെ കത്തി താഴോട്ട് പതിച്ചത് മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.

കാട്ടുപന്നിയിറച്ചിയും നാടന്‍ പന്നിയിറച്ചിയും മത്സ്യങ്ങളും ചേര്‍ന്ന സദ്യ

ക്രിസ്മസ് ദിവസത്തെ ഭക്ഷണം തന്നെയാണ് രുചികരമായ മറ്റൊരു ഓര്‍മ. സസ്യാഹാരങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാറില്ല. കോഴി,ആട്, പന്നിയിറച്ചി എന്നുവേണ്ട എല്ലാ തരം ഇറച്ചികളും മത്സ്യക്കറികളും തന്നെയാണ് നാവില്‍ കൊതിയുണര്‍ത്തുന്ന ക്രിസ്മസ് രുചികള്‍. വലിയ മത്സ്യങ്ങള്‍ പുഴയില്‍ പോയി പിടിച്ചുകൊണ്ടു വരും.

കുടുംബത്തിലെ കാരണവര്‍ എല്ലാവരുടെയും കൈയില്‍ ഒഴിച്ചുകൊടുക്കുന്ന ഒരു പാനീയമുണ്ട്. സ്ത്രീകളും കുട്ടികളും വരപ്രസാദം പോലെ കൈനീട്ടി വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീര്‍ക്കും. ഇതൊക്കെ എക്കാലത്തെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram