ഗുരുവായൂര്‍: ക്രിസ്മസിന്റെ ആരവമുണര്ത്തി മറ്റം ദേശത്ത് അഞ്ഞൂറോളം പാപ്പമാര് കുന്നിറങ്ങി വന്നു. വെള്ളിയാഴ്ച സന്ധ്യയോടെ നിത്യസഹായമാതാവിന്റെ തീര്ത്ഥകേന്ദ്രത്തില് നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. കുട്ടികള് മുതല് പ്രായമായവര്വരെ പാപ്പവേഷം കെട്ടി. മുന്നിലെ വാഹനത്തില് അണിയിച്ചൊരുക്കിയ മനോഹരമായ പുല്ക്കൂട് പ്ലോട്ടിനു പിന്നിലായി പാപ്പമാര് ചുവടുവെച്ചുനീങ്ങി.
വര്ണാഭമായ ഘോഷയാത്ര മറ്റം ഫൊറോന പള്ളിയിലെത്തുമ്പോള് ഏഴരകഴിഞ്ഞു. പിന്നീട് പള്ളിമുറ്റത്ത് അണിനിരന്നത് മനോഹരകാഴ്ചയായി. സാന്തോം ക്വയര് സംഘത്തിന്റെ ഇമ്പമുള്ള ക്രിസ്മസ് ഗാനങ്ങള് അകമ്പടിയായി. പാട്ടിനൊപ്പം പാപ്പമാരും കാണികളും ആവേശത്തോടെ കൂടി. ഒടുവില് കേക്കിന്റെ മധുരം പങ്കിട്ട് പാപ്പമാര് മടങ്ങി. 20 കുടുംബക്കൂട്ടായ്മകളാണ് പാപ്പസംഗമത്തില് പങ്കെടുത്തത്. ഒരു യൂണിറ്റില് 15 മുതല് 35 വരെ പാപ്പമാരുണ്ടായിരുന്നു.
വികാരി ഫാ. ഡേവിസ് പനംകുളം ഉദ്ഘാടനം ചെയ്തു. ഫാ. സലീഷ് അറങ്ങാശ്ശേരി, കെ.എല്. ജോണ്സണ്, വി.എ. കൊച്ചുലാസര്, ജോണ്സണ് കാക്കശ്ശേരി, ഇ.എഫ്. സണ്ണി, സി.ജെ. ബാബു, ജിന്സി പീറ്റര്, ടി.എം. സെബാസ്റ്റ്യന് തുടങ്ങിയവര് ആഘോഷം നയിച്ചു.