'പുഷ്പാര്‍ച്ചന' എന്ന ഭക്തിഗാന ആല്‍ബത്തിലൂടെ തുടക്കം കുറിച്ച്, ഒരു മലയാളം കളര്‍ പടം, പത്തു കല്‍പ്പനകള്‍ എന്നീ സിനിമകളിലൂടെ പിന്നണി ഗായികയായി മാറിയ നിത്യ ബാലഗോപാലുമൊത്ത് ഈ ക്രിസ്മസ് വേളയില്‍ അല്‍പ്പനേരം.
പിന്നണി ഗായിക എന്ന നിലയില്‍ മലയാളികളുടെ മനസ്സില്‍ നിത്യ ഇടംനേടിയത് 2016 ലാണല്ലോ. ഈ വര്‍ഷം ക്രിസ്മസ് വന്നെത്തുമ്പോള്‍ മനസ്സിലേക്കോടി വരുന്ന ഓര്‍മകള്‍?
ക്രിസ്മസിനെക്കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് ഗള്‍ഫിലാണ് കൂടുതലും. ദുബായിലാണ് ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത്. ഇവിടെ കൂട്ടുകാരൊക്കെ ഒത്തുചേരും. ക്രിസ്മസ് ട്രീ ഒരുക്കും. എല്ലാവരും ഒരുമിച്ച് സദ്യ കഴിക്കും. ഇവിടെ ക്രിസ്മസ് ആഘോഷങ്ങള്‍ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ദിനത്തിന്റെ ഒരാഴ്ച മുമ്പു തന്നെ എല്ലാ ഷോപ്പിങ്ങ് മാളുകളിലും സ്‌കിറ്റും ഡ്രാമയും ഒക്കെ ദിവസവും വൈകുന്നേരം അവതരിപ്പിക്കും. ലൈവ് ഷോകളാണ് എവിടെയും. പല വര്‍ണങ്ങളിലുള്ള അലങ്കാര വിളക്കുകള്‍ ഭംഗിയുള്ള കാഴ്ച തന്നെയാണ്. ദുബായിലും കുവൈറ്റിലുമൊക്കെ തകര്‍പ്പന്‍ ഡാന്‍സുമായി ക്രിസ്മസ് സ്‌പെഷല്‍ ഗാനമേള തകര്‍ക്കുകയാണ്.
ഒരു ഗായിക എന്ന നിലയില്‍ 2016 നെ എങ്ങനെ നോക്കിക്കാണുന്നു?
2016 ലാണ് എനിക്ക് സിനിമയിലും കൂടുതല്‍ ആല്‍ബങ്ങളിലും പാടാന്‍ കഴിയുന്നത്. ഒരു മലയാളം കളര്‍ പടത്തില്‍ ഉദയ് രാമചന്ദ്രന്‍ സാറിനോടൊപ്പം ഒരു മെലഡിയും സംഗീത സംവിധായകമായ മിഥുന്‍ ഈശ്വറിനൊപ്പം ഒരു ഫാസ്റ്റ് സോങ്ങുമാണ് പാടിയത്. രണ്ടു സിനിമകളിലെ പാട്ടുകള്‍ 2017 ല്‍ വരാനിരിക്കുന്നു.
സായ് ബാലന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് സുനില്‍ എസ്. പുരം വരികള്‍ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ 'അരികെ' എന്ന ആല്‍ബത്തില്‍ രണ്ടു പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു. മധു ബാലകൃഷ്ണന്‍ പാടിയ ഭക്തിഗാന ആല്‍ബമായ 'ദിവ്യാമൃത'ത്തില്‍ പാടാന്‍ കഴിഞ്ഞു.
എസ്.രമേശന്‍ നായര്‍ എഴുതി ടി.എസ് രാധാകൃഷ്ണന്‍ സംഗീതം ചെയ്ത 'പുഷ്പാര്‍ച്ചന' എന്ന ആല്‍ബത്തില്‍ പാടി. 'നീലക്കുറിഞ്ഞികള്‍' എന്ന ആല്‍ബത്തില്‍ ഉണ്ണിമേനോന്‍, വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവരോടൊപ്പം പാടാന്‍ അവസരം കിട്ടി.
റിയാലിറ്റി ഷോകളിലൊന്നും മാറ്റുരയ്ക്കാന്‍ ശ്രമിക്കാതെ ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്ന യുവഗായികയാണല്ലോ നിത്യ. ഇങ്ങനെയൊരു അവസരം കിട്ടിയത് എങ്ങനെയായിരുന്നു ?
വിവാഹം കഴിഞ്ഞ് 2006 ലാണ് ഞാന്‍ കുവൈറ്റിലേക്ക് പോകുന്നത്. അപ്പോഴാണ് കര്‍ണാടക സംഗീതം തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം തോന്നിയത്. ചെറുപ്പത്തിലേ കര്‍ണാടക സംഗീതം കുറച്ച് പഠിച്ചിരുന്നു. കുവൈറ്റില്‍ എന്നെ സംഗീതം പഠിപ്പിച്ച ടീച്ചര്‍ എന്നോട് പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പില്‍ പാടാമോ എന്ന് ചോദിച്ചു. അങ്ങനെ പ്രവാസി മലയാളികളായ കുറെ നല്ല ഗായകരോടൊപ്പം പാടാന്‍ അവസരം കിട്ടി.
മുഹമ്മദ് റാഫി കല്ലായി, ഷൈജു പള്ളിപ്പുറം എന്നിങ്ങനെയുള്ള യുവഗായകരോടൊപ്പം പാടി. ഹിന്ദി, മലയാളം,തമിഴ് എന്നീ ഭാഷകളില്‍ 'ഫാസ്റ്റ് നമ്പേഴ്‌സ്' പാടി. ഒപ്പം തന്നെ മെലഡിയും കൈകാര്യം ചെയ്തിരുന്നു. മൂന്ന് വര്‍ഷം സജീവമായി ഗ്രൂപ്പുകളില്‍ പാടി. കുവൈത്തില്‍ പാടാന്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന സമയത്താണ് 2013 ല്‍ ദുബായിലേക്ക് മാറി താമസിക്കേണ്ടി വന്നത്.
കേരളത്തില്‍ വെച്ച് എന്നെ ലളിത സംഗീതം പഠിപ്പിച്ചിരുന്ന ഉദയ് രാമചന്ദ്രന്‍ സാറിനെ ഞാന്‍ കുവൈറ്റില്‍ വെച്ച് വീണ്ടും കണ്ടുമുട്ടി. അദ്ദേഹം അവിടെ യു.എഫ്.എം ലെ റേഡിയോ ജോക്കിയും മ്യൂസിക് മാനേജരുമായി ജോലി ചെയ്യുകയായിരുന്നു. ആ പരിചയമാണ് സിനിമയില്‍ പാടാനുള്ള വഴി തുറന്നുതരുന്നത്. ബാലഗോപാലുമായി സംസാരിച്ച് മ്യൂസിക് സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനമെടുക്കാനായി അദ്ദേഹം ദുബായില്‍ വന്നിരുന്നു. അപ്പോഴാണ് എന്നെ സൗണ്ട് എന്‍ജിനീയറായ റോയ് എന്നയാളുടെ സ്‌ററുഡിയോയില്‍ പാട്ട് റെക്കോര്‍ഡ് ചെയ്യാനായി കൊണ്ടുപോകുന്നത്.
ഉദയ് സാര്‍ നാട്ടില്‍ വെച്ച് ആദ്യത്തെ ഭക്തിഗാന ആല്‍ബമായ 'പുഷ്പാര്‍ച്ചന'യില്‍ പാടാനുള്ള അവസരം ഉണ്ടാക്കിത്തന്നു.
എസ്.പി ബാലസുബ്രഹ്മണ്യവും ജാനകി അമ്മയും പാടി സൂപ്പര്‍ഹിറ്റാക്കിയ 'മലരേ മൗനമാ' എന്ന ഗാനം ഞാനും ഉദയ് സാറും ചേര്‍ന്ന് പാടിയിരുന്നു. വൈറല്‍ ആയ ആ പാട്ട് കേട്ട് അജിത് നമ്പ്യാര്‍ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ 'ഒരു മലയാളം കളര്‍പടം' എന്ന ചലച്ചിത്രത്തില്‍ പാടാനുള്ള അവസരം തരികയായിരുന്നു. അങ്ങനെയാണ് ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവരുന്നത്.
പത്തു കല്‍പ്പനകളിലെ രണ്ടു പാട്ടുകള്‍ കൂടി പാടി പിന്നണി ഗായികയായി ചുവടുറപ്പിക്കുമ്പോഴുള്ള അനുഭവം എന്തായിരുന്നു?
ദക്ഷിണേന്ത്യയിലെ എല്ലാ ചലച്ചിത്ര നടികളുടേയും പേരുകള്‍ കോര്‍ത്തിണക്കിയ പാട്ടായിരുന്നു 'ഒരു മലയാളം കളര്‍പടം' എന്ന സിനിമയില്‍ ഞാന്‍ പാടിയത്.സംഗീത സംവിധായകനായ മിഥുന്റെ കൂടെയായിരുന്നു ഈ പാട്ട് പാടിയത്. അദ്ദേഹമാണ് പത്തു കല്‍പ്പനകളില്‍ ട്രാക്ക് പാടാന്‍ അവസരം തരുന്നത്. പിന്നീട് സിനിമയിലും ഞാന്‍ തന്നെ പാടിയാല്‍ മതി എന്നു സംവിധായകനായ ഡോണ്‍ മാക്‌സ് തീരുമാനിക്കുകയായിരുന്നു. ഒരു മലയാളം കളര്‍ പടത്തില്‍ ഉദയ് സാറിനൊപ്പമുള്ള മറ്റൊരു പാട്ടും ഞാന്‍ പാടിയിട്ടുണ്ട്.
പത്തു കല്‍പ്പനകളില്‍ വിജയ് യേശുദാസ്, മിഥുന്‍ എന്നിവരോടൊപ്പം രണ്ടു പാട്ടുകള്‍ പാടി. എനിക്ക് പാടാന്‍ കിട്ടിയ പാട്ടുകള്‍ എല്ലാം 'ഓണ്‍ ദ സ്‌പോട്ട്' ആയിരുന്നു. വരികളൊന്നും നേരത്തെ കിട്ടിയിരുന്നില്ല. റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ മൈക്കിലൂടെ പറഞ്ഞുതരുന്നതു കേട്ട് നമുക്ക് എന്താണോ മനസ്സിലാകുന്നത്, അതാണ് നമ്മള്‍ പാടേണ്ടത്. ആകപ്പാടെ ടെന്‍ഷന്‍ ആയിരുന്നു. പക്ഷേ അതൊക്കെ നല്ലതിനായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. നമുക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന തോന്നലില്‍ നിന്നും മാറി ചിന്തിക്കാനുള്ള ആത്മവിശ്വാസമാണ് ഇത്തരം അനുഭവങ്ങളില്‍ നിന്ന് കിട്ടുന്നത്.
കേരളത്തിലും ഗള്‍ഫ് നാടുകളിലും പാടാന്‍ അവസരം ലഭിച്ചല്ലോ. ഒരു കലാകാരിയെന്ന നിലയിലുള്ള കഴിവുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം ലഭിച്ചത് എവിടെയാണ്?
ദുബായില്‍ ആണ് എനിക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയത്. സ്റ്റേജില്‍ ഡാന്‍സ് കളിച്ച് പാടാനുള്ള അവസരങ്ങള്‍ ഞാന്‍ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അവിടെ എത്തിയ ഉടനെ 'സൂപ്പര്‍ സരിഗ' എന്ന റേഡിയോ മത്സരത്തില്‍ പങ്കെടുത്ത് റണ്ണര്‍ അപ്പ് ആയി.
നിരവധി പിന്നണി ഗായകര്‍ അവിടെ സന്ദര്‍ശനം നടത്തുമല്ലോ. ഉണ്ണിമേനോന്‍, ചിത്രച്ചേച്ചി,സുധീപ് കുമാര്‍, ദേവാനന്ദ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയികളായ വിവോകാനന്ദന്‍,ദുര്‍ഗ വിശ്വനാഥ്, എന്നിവരോടൊപ്പമൊക്കെ പാടാനുള്ള അവസരം ലഭിച്ചത് ദുബായില്‍ വെച്ചാണ്. ദാസേട്ടന്‍ മുഖ്യാതിഥിയായ പരിപാടിയില്‍ പാടാനുള്ള അവസരവും കിട്ടി.
കുടുംബത്തില്‍ നിന്നുള്ള പിന്തുണ?
ഞങ്ങള്‍ ഇപ്പോള്‍ ദുബായില്‍ ആണ് താമസിക്കുന്നത്. ഭര്‍ത്താവ് ബാലഗോപാല്‍ ദുബായിലെ അര്‍സാന്‍ വെല്‍ത്ത് എന്ന കമ്പനിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ ആണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ദുബായില്‍ സാധാരണ പരിപാടികള്‍ നടക്കുന്നത്. മകളെയും കൊണ്ട് ബാലു എത്ര സമയം വേണമെങ്കിലും പരിപാടികള്‍ക്കായി വരാറുണ്ട്. നല്ല പ്രോത്സാഹനം തന്നെയാണ്. ആറാമത്തെ വയസ്സു മുതലാണ് ഞാന്‍ സംഗീതം പഠിക്കാന്‍ തുടങ്ങിയത്.അന്ന് ഞങ്ങള്‍ കോഴിക്കോട് ആയിരുന്നു. ജയകുമാര്‍ സാറിന്റെ കീഴിലായിരുന്നു സംഗീത പഠനം നടത്തിയിരുന്നത്.
ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ മൂത്തകുന്നം അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം പങ്കെടുത്തു. മധു ബാലകൃഷ്ണനോടൊപ്പം 'ചെയ്ഞ്ച്' എന്ന മ്യൂസിക് ആല്‍ബത്തില്‍ പാടിയിട്ടുമുണ്ട്. കുടുംബത്തില്‍ നിന്ന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും കിട്ടിയിട്ടുണ്ട്.