വ്യത്യസ്തങ്ങളായ ക്രിസ്മസ് ആഘോഷങ്ങള്‍


3 min read
Read later
Print
Share

ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങളില്‍ രസകരമായ, വ്യത്യസ്ത ആചാരങ്ങളുണ്ട്. ഇതാ അവയില്‍ ചിലതൊക്കെ...

റഷ്യയിലെ ക്രിസ്മസ് ജനുവരിയില്‍:- ക്രിസ്മസിന്റെ ഓര്‍മകളുമായാണ് ഡിസംബര്‍ മാസത്തെ ലോകമെമ്പാടുമുള്ളവര്‍ വരവേല്‍ക്കുന്നത്. എന്നാല്‍ റഷ്യയില്‍ ക്രിസ്മസ് ആഘോഷിക്കണമെങ്കില്‍ ജനുവരി വരെ കാത്തിരിക്കണം. ജനുവരി മാസം ഏഴാം തീയതിയാണ് റഷ്യക്കാര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്.

എന്താണിതിനു കാരണമെന്നറിയേണ്ടേ? മതപരമായ ആഘോഷങ്ങളുടെ ദിനങ്ങള്‍ കണക്കാക്കാന്‍ പഴയ ജൂലിയന്‍ കലണ്ടറാണ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഉപയോഗിക്കുന്നത്.

അതിനാലാണ് ഡിസംബര്‍ 25 നു പകരം ജനുവരിയില്‍ റഷ്യയില്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. ജനുവരി ആറാം തിയതി വൈകുന്നേരം ഈവനിങ് സ്റ്റാര്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതോടെ റഷ്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

പന്ത്രണ്ട് വിഭവങ്ങളടങ്ങിയ അത്താഴമാണ് ക്രിസ്മസ് ദിനത്തിലേത്. പന്ത്രണ്ട് അപ്പോസ്തലന്മാരെ സൂചിപ്പിക്കാനാണിത്. ചില രസകരമായ ആചാരങ്ങളും ക്രിസ്മസുമായി ബന്ധപ്പെട്ട് റഷ്യയില്‍ നടക്കാറുണ്ട്.

അതിലൊന്ന്- അടുത്ത വര്‍ഷം മികച്ച വിളവ് ലഭിക്കാനായി, ക്രിസ്മസ് ദിനത്തില്‍ വൈക്കോല്‍ തറയില്‍ വിതറുക എന്നതാണ്. മാത്രമല്ല, കോഴികളെ പോലെ കൂവുന്നതും റഷ്യന്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമാണ്. അടുത്ത വര്‍ഷം കോഴി ധാരാളം മുട്ടയിടാനാണത്രെ ഇങ്ങനെ ചെയ്യുന്നത്.

എത്യോപ്യയിലെ ക്രിസ്മസ്:- ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ റഷ്യക്കാര്‍ ഒറ്റയ്ക്കല്ല. എത്യോപ്യയിലും ക്രിസ്മസ് ആഘോഷം ജനുവരി ഏഴിനാണ്. ഗാന എന്നാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എത്യോപ്യയില്‍ പറയുന്നത്.

പരമ്പരാഗത വസ്ത്രമായ ഷാമയാണ് കൂടുതല്‍ ആളുകളും ക്രിസ്മസ് ദിനത്തില്‍ ധരിക്കുന്നത്. പ്രാര്‍ഥനകള്‍ക്കു ശേഷം മെഴുകുതിരികളുമായി പള്ളിക്കു ചുറ്റും മൂന്നുവട്ടം വലംവയ്ക്കുന്ന പതിവും എത്യോപ്യയിലുണ്ട്. ഇറച്ചിയും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന വാറ്റ് ആണ് പ്രധാന വിഭവം.

ചെക്ക് റിപ്പബ്ലിക്:- ചെരിപ്പേറും ക്രിസ്മസും തമ്മിലെന്താ ബന്ധം എന്ന് ചെക്ക് റിപ്പബ്ലിക്ക് സ്വദേശികളോട് ചോദിക്കരുത്. കാരണം ക്രിസ്മസ് ദിനം ചെരുപ്പെറിയുന്നത് ഇവിടെ ഒരു ആചാരമാണ്.

അവിവാഹിതകളായ പെണ്‍കുട്ടികള്‍, ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് വീടിന്റെ പ്രധാനവാതിലില്‍ പിന്തിരിഞ്ഞു നിന്ന ശേഷം തങ്ങളുടെ ഒരു ചെരുപ്പ് തോളിനു മുകളിലൂടെ പുറത്തേക്ക് വലിച്ചെറിയും.

ചെരുപ്പിന്റെ ഹീല്‍ വാതിലിന് അഭിമുഖമായാണ് വീഴുന്നതെങ്കില്‍ ആ വര്‍ഷം അവരുടെ വിവാഹം നടക്കാന്‍ സാധ്യതയില്ലത്രെ. ഇനി ചെരുപ്പിന്റെ മുന്‍ഭാഗം വാതിലിന് അഭിമുഖമായി വീഴുന്നുവെന്നിരിക്കട്ടെ; ആ പെണ്‍കുട്ടിയുടെ വിവാഹം ആ വര്‍ഷം തന്നെ നടക്കുമത്രെ.

നോര്‍വെയിലെ ക്രിസ്മസ് ആഘോഷം:- നോര്‍വെയിലുമുണ്ട് ക്രിസ്മസുമായി ബന്ധപ്പെട്ട് ചില രസകരമായ ആചാരങ്ങള്‍. അതിലൊന്നാണ് ചൂലുകള്‍ ഒളിപ്പിച്ചു വയ്ക്കുന്ന രീതി.

നോര്‍വേയിലെ വിശ്വാസപ്രകാരം ക്രിസ്മസ് ദിനത്തിലെ വൈകുന്നേരം ആകാശത്തിലൂടെ പറക്കാനായി ഭൂതങ്ങളും പ്രേതങ്ങളും ചൂലുകള്‍ മോഷ്ടിക്കുമത്രെ.

ഭൂതപ്രേതാദികള്‍ ചൂലുകളും മറ്റ് ശുചീകരണ സാമഗ്രികളും മോഷ്ടിക്കാതിരിക്കാന്‍ അവ ഒളിപ്പിച്ചു വയ്ക്കും. മാത്രമല്ല, ഭൂതങ്ങള്‍ വീടിനകത്ത് പ്രവേശിക്കാതിരിക്കാന്‍ വെടിവയ്ക്കാരുമുണ്ട്.

ഓസ്ട്രേലിയയിലെ ക്രിസ്മസ്:- മഞ്ഞ് പെയ്യുന്ന രാത്രിയില്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള ഭാഗ്യം ഇല്ലാത്തവരാണ് ഓസ്ട്രേലിയക്കാര്‍. കാരണം മറ്റൊന്നുമല്ല; ദക്ഷിണധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന ഓസ്ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ നല്ല ചൂടന്‍ കാലാവസ്ഥയായിരിക്കും.

ഡിസംബര്‍ മധ്യത്തോടെ ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ജനുവരി കടന്ന് ഫെബ്രുവരി ആദ്യവാരം വരെ നീണ്ടു നില്‍ക്കും. മഞ്ഞില്ലെന്നു കരുതി ആഘോഷത്തിനു പിന്നിലല്ല ഓസ്ട്രേലിയക്കാര്‍.

പൂക്കള്‍ കൊണ്ട് (ക്രിസ്മസ് റീത്തുകള്‍ എന്നാണ് ഇവ ഓസ്ട്രേലിയയില്‍ അറിയപ്പെടുന്നത്) കൊണ്ട് വീടിന്റെ പ്രധാനവാതിലില്‍ അലങ്കാരപ്പണികള്‍ നടത്തുകയും തദ്ദേശിയമായി കാണപ്പെടുന്ന ക്രിസ്മസ് ബുഷ് എന്ന മരത്തിന്റെ ചില്ല കൊണ്ട് വീട് അലങ്കരിക്കുകയും ചെയ്യും.

ജപ്പാനിലെ ക്രിസ്മസ്:- മതപരമായ ആഘോഷമായല്ല ജപ്പാനില്‍ ക്രിസ്മസ് പരിഗണിക്കപ്പെടുന്നത്. എല്ലാവര്‍ക്കും ഒത്തുചേരാനും സന്തോഷം പങ്കുവയ്ക്കാനുമുള്ള അവസരമായാണ് ജപ്പാന്‍കാര്‍ ക്രിസ്മസിനെ കാണുന്നത്.

ക്രിസ്മസ്ദിനത്തില്‍ ദമ്പതികള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്ന (വാലന്റൈന്‍സ് ഡേയ്ക്കു സമാനമായി) പതിവും ജപ്പാനിലുണ്ട്. എന്നാല്‍ ജപ്പാനില്‍ ക്രിസ്മസ് ദിനം പൊതുഅവധിയല്ല.

അതുകൊണ്ട് തന്നെ കടകളും സ്‌കൂളുമൊക്കെ ഡിസംബര്‍ 25 നും തുറന്ന് പ്രവര്‍ത്തിക്കും. സാന്റാ സാന്‍ എന്നാണ് ക്രിസ്മസ് അപ്പൂപ്പന്റെ ജാപ്പനീസ് പേര്.

വെനസ്വേലയിലെ ക്രിസ്മസ്:- ഗൈറ്റ സംഗീതത്തിന്റെ അകമ്പടിയോടെയാണ് വെനസ്വേലക്കാരുടെ ക്രിസ്മസ് ആഘോഷം. സുലിയ സംസ്ഥാനത്തുനിന്നുള്ള സംഗീതരൂപമാണിത്.

നാല് സ്ട്രിങ്ങുള്ള ഗിറ്റാര്‍ (കുവാര്‍ട്ടോ), വെനസ്വേലിയന്‍ ഡ്രം- ടംബോറ, ഫുറോ, ചരാസ്‌ക തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഗൈറ്റ.

രാത്രിയില്‍ പള്ളിയില്‍ പോകുന്ന പതിവും വെനസ്വേലക്കാര്‍ക്കുണ്ട്. തലസ്ഥാനമായ കരാക്കസില്‍ രസകരമായ ഒരു പതിവുണ്ട്. ഡിസംബര്‍ 16 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ പള്ളിയിലേക്കുള്ള വെനസ്വേലക്കാരുടെ യാത്ര റോളര്‍ സ്‌കേറ്റിലൂടെയാണ്.

അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ഈ ദിവസങ്ങളില്‍ രാവിലെ എട്ടുമണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഹാലക്കാസാണ് ഇവിടുത്തെ പ്രധാന ക്രിസ്മസ് വിഭവം. ബീഫ്, പന്നിയിറച്ചി, കോഴിയിറച്ചി, കാപ്പെര്‍, ഒലീവ്, ഉണക്കമുന്തിരി എന്നിവയാണ് ഹാലക്കാസിന്റെ പ്രധാനചേരുവകള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram