'അവള്‍ ജനിച്ചപ്പോള്‍ ഞങ്ങളുടെ ലോകം ഇവിടെ അവസാനിക്കുന്നുവെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഇന്ന് ഞങ്ങള്‍ക്കുളള ഒരു സമ്മാനമായിരുന്നു അവളെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവളുടെ കുറവുകളാണ് അവള്‍ക്ക് ലഭിച്ച സമ്മാനം, ആ കുറവുകളെ അഭിമാനത്തോടെയാണ് അവള്‍ ചേര്‍ത്തുപിടിക്കുന്നത്. ഒരുതരത്തിലും അവളെ അത് പുറകിലേക്ക് വലിക്കുന്നില്ല.' ഒമ്പതുവയസ്സുകാരിയായ മകളെ കുറിച്ച് സംസാരിക്കുമ്പോള്‍ അലക്‌സ് ഡെമെട്രെയുടെ വാക്കുകളില്‍ അഭിമാനം നിറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ ലോകത്തിന് മുഴുവന്‍ പ്രചോദനമായി മാറിയിരിക്കുകയാണ് ഡെയ്‌സി മെയ് ഡെമെട്രെ എന്ന ഒമ്പതുവയസ്സുകാരി.
ഫൈബുലാര്‍ ഹെമിമെലിയയുമായാണ് ഡെയ്‌സി ജനിച്ചത്. കണങ്കാലിലുള്ള അസ്ഥികളുടെ കുറവോ അഭാവമോ ആണ് ഫൈബുലാര്‍ ഹെമിമെലിയ. പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം ഡെയ്‌സിയുടെ മുട്ടിന് കീഴ്‌പ്പോട്ടുള്ള ഭാഗം മുറിച്ചുമാറ്റേണ്ടതായി വന്നു. 'ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ അവസ്ഥയില്‍ അവള്‍ക്ക് വേണമെങ്കില്‍ ജീവിക്കാമായിരുന്നു. പക്ഷേ ആ കാലുകള്‍ വെച്ച് എന്തെങ്കിലും ചെയ്യാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. ഇന്ന് അവള്‍ ചെയ്യുന്നത് പോലെ.' ഡെയ്‌സിയുടെ അച്ഛന്‍ അലക്‌സ് ഓര്‍ക്കുന്നു.
കാലുകള്‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തതിന് ശേഷം ഡെയ്‌സിക്ക് കൃത്രിമക്കാലുകള്‍ വെച്ചുനല്‍കി. അതുവെച്ച് നടക്കാനും ഓടാനും ചാടാനും പതിയെ അവള്‍ പഠിച്ചു. അതേ കാലുകളിലൂടെ പാരിസ് ഫാഷന്‍ വീക്കില്‍ റാമ്പില്‍ ചുവടുവെച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഡെയ്‌സി.
ലോകത്താദ്യമായി ഇരുകൃത്രിമക്കാലുകളില്‍ പാരിസ് ഫാഷന്‍ വീക്കില്‍ ചുവടുവെക്കുന്ന ആദ്യ പെണ്‍കുട്ടിയാണ് ഡെയ്‌സി. പതിനെട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഡെയ്‌സി മോഡലിങ്ങ് രംഗത്തേക്ക് എത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നൈക്കി, റിവര്‍ ഐലന്‍ഡ് തുടങ്ങി യുകെയിലെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം മോഡലായി അവള്‍ മാറി.
Content Highlights: First Child Double Amputee Daisy May Demetre