ടി. വി അനുപമ, ടികെ ആനന്ദി |മാതൃഭൂമി
കോഴിക്കോട് : പെണ്‍കുട്ടികള്‍ എന്ത് വസ്ത്രം ധരിക്കണം, എന്ത് പഠിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം നിബന്ധനകൾ വെക്കുന്ന സമൂഹത്തിന് മാറി ചിന്തിക്കാനുള്ള പ്രചോദനമാണ് കഴിഞ്ഞ കുറെനാളുകളായി "ഇനി വേണ്ട വിട്ടുവീഴ്ച" എന്ന കാമ്പയിനിലൂടെ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് (ഡബ്ല്യുസിഡി) നല്‍കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണം, പെരുമാറ്റം, ചിന്തകള്‍ എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം അടിച്ചേല്‍പിക്കുന്ന കാഴ്ചപ്പാടുകള്‍ ചോദ്യംചെയ്യുന്ന "ഇനി വേണ്ട വിട്ടുവീഴ്ച" കാമ്പയിന്‍ വലിയ രീതിയിലാണ് സമൂഹം ഏറ്റെടുത്തത്.
"സിംഗിള്‍ അമ്മമാരുടെ കുടുംബം മാന്യതയില്‍ ഒട്ടും പുറകിലല്ല" , "പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗമല്ല ഗര്‍ഭധാരണം" തുടങ്ങിയ നിരവധി വിഷയങ്ങൾ "ഇനി വേണ്ട വിട്ടുവീഴ്ച" കാമ്പയിന്റെ ഭാഗമായി ചര്‍ച്ചചെയ്യപ്പെട്ടു. സമൂഹത്തിൽ ഏറെ ശ്രദ്ധനേടിയ നവോത്ഥാന ശേഷിയുള്ള "ഇനി വേണ്ട വിട്ടുവീഴ്ച" കാമ്പയിന്റെ പിറവിയെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സംസാരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുൻ ജന്‍ഡര്‍ അഡ്വൈസറും ഈ ആശയങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയുമായ ടി. കെ ആനന്ദി.
ഡയറക്ടർ സ്ഥാനത്തേക്ക് അനുപമയുടെ കടന്നുവരവ്, ആശയങ്ങൾ ആശയങ്ങളായി ഒടുങ്ങിയില്ല

പടിയിറങ്ങിയ ടി. വി അനുപമയ്ക്ക്
ഇനി വേണ്ട വിട്ടുവീഴ്ച കാമ്പയിന്റെ ബാഗമായി
നൽകിയ യാത്രയയപ്പ് പോസ്റ്റർ
" 2017ല്‍ ജെന്‍ഡര്‍ അവേര്‍നെസ് കാമ്പയിനിന് ഡബ്ല്യുസിഡി പദ്ധതിയിട്ടിരുന്നു. 2018 മാര്‍ച്ചിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍, ജെന്‍ഡര്‍ ന്യൂട്രല്‍ ക്രിക്കറ്റ് എന്നീ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നത്. പിന്നീട് ജെന്‍ഡര്‍ സാക്ഷരത എന്ന ആശയം ജെന്‍ഡര്‍ അഡൈ്വസറി ബോര്‍ഡില്‍ പാസ്സാവുകയും ചെയ്തു. ടി. വി അനുപമ ഡബ്ല്യുസിഡി ഡയറക്ടറായി ചുമതലയേറ്റതോടെ ആശയങ്ങള്‍ ആശയങ്ങള്‍ മാത്രമായി ഒടുങ്ങാതെ പ്രാവര്‍ത്തികമാക്കാനുള്ള വഴി തെളിഞ്ഞു. തുടര്‍ന്നാണ് ജെന്‍ഡര്‍ സാക്ഷരത നല്‍കാനുതകുന്ന വീഡിയോസിന് പദ്ധതിയിട്ടത്. വലിയ രീതിയില്‍ ആണ് പല വീഡിയോകളും ഏറ്റെടുക്കപ്പെട്ടത്.
സഹായിച്ചത് പരിഷത്ത് വഴി ആര്‍ജിച്ച ജെന്‍ഡര്‍ സാക്ഷരതാ അടിത്തറ

"പ്രസവിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങളെടുക്കേണ്ടത് സത്രീകളാണ്. എങ്ങനെ പ്രസവിക്കണം എപ്പോ പ്രസവിക്കണം എന്നതെല്ലാം തീരുമാനിക്കേണ്ടും സ്ത്രീകള്‍ തന്നെ" എന്ന തരത്തിലുള്ള ആശങ്ങലെല്ലാം പണ്ടേ പരിഷത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ ചിന്താധാര അടിസ്ഥാനമാക്കിയാണ് ചില വീഡിയോകളും ബോധവത്കരണ കാമ്പയിനുകളും ഡബ്ല്യുസിഡിയില്‍ തുടക്കമിട്ടത്. വീഡിയോക്ക് വേണ്ട ആശയങ്ങളില്‍ ചിലത് ഞാനെഴുതി, അനുപമ ചെറിയ മാറ്റങ്ങള്‍ വരുത്തി. തുടര്‍ന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷനെ ഏല്‍പിച്ചു. പുറത്തിറങ്ങിയ പല വീഡിയോകളും വലിയ ചര്‍ച്ചയുമായി. അതിന്റെ തുടര്‍ച്ചയെന്നോണം ചെറിയ സന്ദേശങ്ങള്‍ കാര്‍ഡാക്കി കോളേജുകള്‍ കേന്ദ്രീകരിച്ച് ചെയ്യാമെന്ന് കരുതിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കോവിഡ് പിടിമുറുക്കി. തുടര്‍ന്നാണ് കാമ്പയിന്‍ ഏജന്‍സിയായ മൈത്രിയെ ഏല്‍പിക്കുന്നതും സോഷ്യൽ മീഡിയ വഴിയുള്ള കാർഡുകളിറക്കുന്നതിലേക്ക് കാമ്പയിൻ വഴിമാറുന്നതും.
വളരെ ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയിത്തന്നെയാണ് മൈത്രി ഏജൻസി കാമ്പയിന്‍ ചെയ്തത്. ആശയങ്ങളും മറ്റും അവരുമായി പങ്കുവെച്ചിരുന്നു. അങ്ങനെ ആദ്യകാമ്പയിന്റെ ടാഗ്ലൈനായ "ഇനി വേണ്ട വിട്ടു വീഴ്ച" മറ്റെല്ലാത്തിനും ടാഗ്ലൈനായി ഉപയോഗിക്കുകയായിരുന്നു.
ഡബ്ല്യുസിഡി ഡയറക്ടര്‍ ടിവി അനുപമ, ഡെപ്യൂട്ടി ഡയറക്ടര്‍, മറ്റംഗങ്ങള്‍, ജെൻഡർ അഡ്വൈസറി ടീമംഗങ്ങൾ എന്നിവരെല്ലാം ചേര്‍ന്ന് കൂട്ടായാണ് പല ആശയങ്ങളും മുന്നോട്ടുവെച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും. പക്ഷെ നടപ്പിലാക്കാന്‍ ശേഷിയും താത്പര്യവുമുള്ള ടി.വി അനുപമയെപ്പോലുള്ള ഒരാളുടെ നേതൃത്വ ശേഷിയാണ് അധികം ശ്രദ്ധിക്കാതെ പോയ ഡബ്ല്യുസിഡി വകുപ്പിന് തന്നെ വലിയ പ്രചാരം ലഭിക്കാനിടയായത്.", ടി. കെ ആനന്ദി പറയുന്നു
കഴിഞ്ഞ സെപ്റ്റംബര്‍ 3നാണ് വനിതാ ശിശുവികസന വകുപ്പ ഡയറക്ടര്‍ സ്ഥാത്ത് നിന്ന് അനുപമയെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ ഡയറക്ടറായി മാറ്റിനിയമിച്ചത്. നിലവിലെ ഡയറക്ടര്‍ അവധിയില്‍ പോയ സാഹചര്യത്തില്‍ ടി.വി അനുപമ വനിതാ ശിശുവികസനവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മടങ്ങിവരുന്നുണ്ടെന്നും അത് മുമ്പോട്ടുള്ള പല പദ്ധതികള്‍ക്കും വലിയ ഊര്‍ജ്ജമാകുമെന്നും ടി. കെ ആനന്ദി പറഞ്ഞു.
ജെൻഡർ അഡ്വൈസർ സ്ഥാനത്തു നിലവിലില്ലാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ജെന്‍ഡര്‍ അഡ്വൈസര്‍ എന്നത് ഒരാള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റിയ റോളല്ലെന്നും ജെന്‍ഡര്‍ അഡൈ്വസറി ബോര്‍ഡ് എന്ന ആശയം സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ടെന്നും ടി. കെ ആനന്ദി പറഞ്ഞു.
content highlights: TK Anandi on women child development corporation's campaign Ini Venda vittuveezhcha, TV Anupama