നിനിത കണിച്ചേരി| Photo: Special arrangement
രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജോലി നേടുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ നെറ്റ് കിട്ടി 10 വര്‍ഷം വരെ കാത്തിരിക്കേണ്ടതില്ലല്ലോ എന്ന് കാലടി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച നിനിത ആര്‍ (നിനിത കണിച്ചേരി). ആറോ ഏഴോ എയ്ഡഡ് സ്ഥാപനങ്ങളില്‍ താന്‍ ഇതുപോലെ ഇന്റര്‍വ്യൂവിന് പോയിട്ടുണ്ടെന്നും അന്നും ഇന്നും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പിഎച്ച്ഡിയില്ല, 213ാം റാങ്കുകാരിയായിട്ടും ഒന്നാം റാങ്ക് ലഭിച്ചു, സെമിനാറുകള്‍ അവതരിപ്പിച്ചില്ല, നിയമനം ഭര്‍ത്താവായ എം.ബി രാജേഷിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ക്ക് ആദ്യമായി വിശദമായ മറുപടി നല്‍കുകയാണ് നിനിത കണിച്ചേരി
213 റാങ്കിലുള്ള ആള്‍ക്ക് ഒന്നാം റാങ്ക് എന്നതായിരുന്നല്ലോ ആദ്യഘട്ട ആരോപണം. പക്ഷെ നിരവധി വിശദീകരണങ്ങള്‍ നല്‍കിയിട്ടും അതിപ്പോഴും ഉപരിതലത്തിലുണ്ട്.
നിലവിലെ നിയമനവുമായി ഒരു ബന്ധവുമില്ലാത്ത പഴയ പി.എസ്.സി റാങ്ക് ലിസ്റ്റിലാണ് എന്റെ നിയമനത്തെ ചോദ്യം ചെയ്യാനായി ഉപയോഗിക്കുന്നത്. പഴയ പരീക്ഷയില്‍ 213ആം റാങ്ക് വന്നു എന്നതാണ് അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നം. ഏഴ് വര്‍ഷം മുമ്പ് എഴുതിയ ലക്ചര്‍ പരീക്ഷയുടെ ലിസ്റ്റാണത്. അതേ പരീക്ഷയില്‍ ആരോപണമുന്നയിക്കുന്ന രണ്ടാം റാങ്കുകാരും മൂന്നാം റാങ്കുകാരും ഉണ്ടായിരുന്നോ എന്നത് എനിക്കെതിരേ ആരോപണമുന്നയിക്കുന്നവര്‍ പരിശോധിക്കുന്നില്ല. 11 വര്‍ഷമായി എനിക്ക് നെറ്റ് കിട്ടിയിട്ട്. മുമ്പ് പരീക്ഷ എഴുതി കിട്ടാത്ത ഒരുദ്യോഗാർഥിക്ക് പിഎച്ച്ഡി നേടി സെമിനാറുകള്‍ അവതരിപ്പിച്ച ശേഷം യോഗ്യത കിട്ടില്ലെന്നുണ്ടോ. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജോലി നേടുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ നെറ്റ് കിട്ടി പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടതില്ലല്ലോ. ആറോ ഏഴോ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഞാന്‍ ഇതുപോലെ ഇന്റര്‍വ്യൂവിന് പോയിട്ടുണ്ട്. അന്നും ആരെയും സ്വാധീനിക്കന്‍ ശ്രമിച്ചിട്ടില്ല. ഇന്നും ശ്രമിച്ചിട്ടില്ല.
പഠിക്കുന്ന കാലത്തു തന്നെ സംഘാടക ശക്തികൊണ്ടും നേതൃപാഠവം കൊണ്ടും തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് നിനിത. ഇക്കാലമത്രയും നേടിയ അക്കാദമിക മികവുകളെ എം.ബി രാാജേഷിന്റെ ഭാര്യ എന്നതിലേക്ക് ചുരുക്കുന്നതില്‍ ദുഃഖം തോന്നുന്നുണ്ടോ.
എം.ബി രാജേഷിന്റെ രാഷ്ട്രീയത്തെ അപകീര്‍ത്തിപ്പെടുത്താനായി ഞാനൊന്നിനും കൊള്ളാത്തയാള്‍ എന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നതിനോടാണ് എനിക്ക് വിഷമമുള്ളത്. രാജേഷിന്റെ പേര് കൊണ്ട് ഞാന്‍ ഒന്നും നേടിയെടുത്തിട്ടില്ല. രാജേഷിനോടുള്ള വിരോധം തീര്‍ക്കാന്‍ എന്നെ ഇരയാക്കുകയാണ്. വെറും ഒരു സ്‌കൂള്‍ അധ്യാപികയായ എനിക്ക് കിട്ടി എന്ന തരത്തില്‍ സ്‌കൂള്‍ അധ്യാപനത്തെ വരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. സ്‌കൂള്‍ അധ്യാപകരില്‍ പലരും നെറ്റും പി.എച്ച്ഡിയും ജെആര്‍എഫും ഉള്ളവരാണ്. ഞാന്‍ പി.എസ്.സി പരീക്ഷയെഴുതി തന്നെയാണ് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് പ്രവേശിച്ചത്. അതുകൊണ്ടാണ് ഗസ്റ്റ് ലക്ചററായി ഞാന്‍ ജോലിക്കു പോവാതിരുന്നത്. എനിക്ക് പി.എസ്.സി പരീക്ഷയെഴുതി കിട്ടിയില്ലെങ്കില്‍ സ്വാഭാവികമായി ഞാനും ഗസ്റ്റ് ലക്ചററായി ജോലിക്കു പോയിക്കാണും. ഇതെല്ലാം മറച്ചുവെച്ച്, രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് നടക്കുന്നത്.
മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന നിനിതക്ക് വ്യക്തിപരമായി ജീവിതത്തില്‍ ലാഭത്തേക്കാള്‍ കൂടുതല്‍ നഷ്ട്ടകണക്കുകളായിരിക്കുമെന്ന തരത്തില്‍ ഒരു സുഹൃത്തിന്റെ കുറിപ്പ് വിവാദവുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്താണ് പ്രതികരണം. രാഷ്ട്രീയക്കാരന്റെ ഭാര്യയാവുക എന്നത് പ്രിവിലേജിനേക്കാള്‍ കൂടുതല്‍ വ്യക്തിഹത്യാ സാധ്യതയായി ഇന്ന് നിനിതക്കനുഭവപ്പെടുന്നുണ്ടോ.
ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. രാജേഷിനോടൊപ്പമുള്ള ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനമായാണ് ഞാന്‍ കാണുന്നത്. അതുകൊണ്ട് സംഘടനാരംഗത്ത് നിന്ന് മാറി നിന്നതായി തോന്നിയിട്ടില്ല. മക്കളെ വളര്‍ത്തുന്നതിലും ഭാര്യയായിരിക്കുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ഞാന്‍ കാണുന്നത്. വിവാഹശേഷമാണ് ഞാന്‍ അക്കാദമിരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കുന്നതും നെറ്റ് നേടുന്നതും. പിഎച്ച്ഡി നേടുന്നതും.
ഹൈസ്‌കൂള്‍ അധ്യാപികയ്ക്കെങ്ങനെയാണ് സർവകലാശാലയിൽ പഠിപ്പിക്കാനാവുക എന്ന ആരോപണമുണ്ടല്ലോ.
ഞാന്‍ നേരത്തെ പറഞ്ഞല്ലോ, പിഎച്ച്ഡിയും ജെആര്‍എഫും നെറ്റുമുള്ള എത്രയോ ഹൈസ്‌കൂള്‍ അധ്യാപകര്‍ നമ്മുടെ നാട്ടിലുണ്ട്. എന്റെ അറിവില്‍ തന്നെയുണ്ട് കുറെയേറെ പേർ. 60 ആയിരുന്നു ഞങ്ങളുടെ കട്ട്ഓഫ് മാര്‍ക്ക്. 80 പേരിൽ നിന്ന് 60 മാര്‍ക്കിനു മുകളിലുള്ള 8 പേരെയാണ് വിളിച്ചത്. ഈ 60 മാര്‍ക്കിന്റെ പരിഗണന എന്നത് പിഎച്ച്ഡിക്കുള്ള 30 മാര്‍ക്ക്, സെമിനാറുകള്‍ അവതരിപ്പിച്ചതിനുള്ള നിശ്ചിത മാര്‍ക്ക് എന്നിങ്ങനെ പലതും പരിഗണിച്ചാണ് നൽകുന്നത്. കോളേജ് അധ്യാപക പരിചയമുള്ളവര്‍ക്ക് വെയിറ്റേജുണ്ട്. എനിക്കത് ലഭിച്ചിട്ടില്ല. അത് പി.എസ്.സി വഴി സര്‍ക്കാര്‍ ഉദ്യോഗം കിട്ടയതുകൊണ്ടാണ്. അതിനാല്‍ തന്നെ കോളേജ് എക്‌സ്പീരിയന്‍സിന്റെ വെയിറ്റേജ് എനിക്ക് ഈ നിയമനത്തില്‍ ലഭിച്ചിട്ടുമില്ല. അപ്ലൈ ചെയ്യാനുള്ള ഒരേയൊരു യോഗ്യത നെറ്റാണ്. നെറ്റില്ലാത്തവര്‍ക്ക് പി.എച്ച്ഡി. മതി. പക്ഷെ എനിക്ക് നെറ്റുണ്ട്. പിഎച്ചഡിയുമുണ്ട്. നെറ്റിനുണ്ട് പത്ത് മാര്‍ക്ക്. പിഎച്ച്ഡിക്ക് 30 മാർക്കുമുണ്ട്. ആറ് സെമിനാറുകള്‍ ഞാൻ അവതരിപ്പിച്ചിട്ടുമുണ്ട്. വെയിറ്റേജ് മാര്‍ക്ക് കിട്ടാന്‍ അഞ്ചു സെമിനാര്‍ അവതരിപ്പിച്ചാല്‍ മതി. ഈ മാര്‍ക്കെല്ലാം പരിഗണിച്ചാണ് 60 മാര്‍ക്ക് കട്ടോഫിനുള്ളിലേക്ക് ഞാന്‍ വന്നത്.
മതരഹിത ജീവിതം നയിക്കുന്നൊരാള്‍ മതസംവരണം സ്വീകരിക്കുന്നതാണ് താങ്കള്‍ക്കെതിരേ ഉയരുന്ന മറ്റൊരാപോണം. ഈ ആരോപണത്തോടുള്ള നിനിതയുടെ പ്രതികരണം എന്താണ്.
ഒരു വ്യക്തിയുടെ സാമൂഹിക അവസ്ഥയാണ് സംവരണത്തിനു പരിഗണിക്കുന്ന മാനദണ്ഡം. മതരഹിത ജീവിതം നയിക്കുന്നയാള്‍ക്ക് മതസംവരണം നല്‍കരുത് എന്നത് ജാതിസംവരണം വേണമെങ്കില്‍ കുലത്തൊഴില്‍ ചെയ്തിരിക്കണമെന്നും ജാതിയയിത്തം നേരിട്ടിട്ടുണ്ടാവണമെന്നും പറയും പേലെയാണ്. നിങ്ങളുടെ സാലറിയോ നിങ്ങളുടെ മതപര ജീവിതമോ ഒന്നുമല്ല ക്രീമി ലെയര്‍ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കുമ്പോള്‍ പരിഗണിക്കുക. പകരം അച്ഛന്റെ ജാതിയാണ്. അച്ഛന്റെ ജാതിമാത്രം പരിഗണിക്കുന്നു, അമ്മയുടേത് എന്ത്കൊണ്ട് പരിഗണിക്കുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്. അത് മറ്റൊരു കാര്യം.
എന്റെ മാതാപിതാക്കളായ റഷീദ് കണിച്ചേരിയും നബീസാബീവിയും അവരുടെ കുടുംബത്തിലെ ആദ്യ സര്‍ക്കാര്‍ ജോലിക്കാരാണ്. വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ജോലിയില്‍ കയറിയ ആ കുടുംബത്തിലെ ആദ്യ തലമുറയില്‍പ്പെട്ടവരാണവര്‍. രണ്ടു പേരും അസാധ്യമായി സ്ട്രഗ്ഗിള്‍ ചെയ്താണ് ഇത്തരം സ്റ്റാറ്റസിലേക്ക് എത്തപ്പെട്ടത്. അവരുടെ സാമൂഹ്യ സാഹചര്യത്തിന്റെ ഉത്പന്നമായ ഞാന്‍ ഈ സംവരണത്തിന് തീര്‍ച്ചയായും അര്‍ഹയാണ്. പിന്നെ മുസ്ലിം എന്ന മതത്തിനല്ല സംവരണം ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാം മുസ്ലിം വിഭാഗങ്ങളും സംവരണത്തിനര്‍ഹരുമല്ല. അതായത് ആ മതത്തിലെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം.
ലക്ഷ്യം എംബി രാജേഷാണ് താനല്ല എന്ന് ഇന്നലെ ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണം കണ്ടു. നിനിത ഈ വിവാദങ്ങളെ എങ്ങനെയാണ് കാണുന്നത്.
രാഷ്ട്രീയക്കാരന്റെ ഭാര്യയാതുകൊണ്ടാണ് ഇത്തരമൊരു സന്ദര്‍ഭം അവരുപയോഗിച്ചത്. അതുകൊണ്ടാണ് ഞാന്‍ ജോയിന്‍ ചെയ്താല്‍ രാജേഷിന് മോശമാകും എന്ന നിലയ്ക്ക് ചിലർ ഞങ്ങളെ ബ്ലാക്ക് മെയല്‍ ചെയ്തതും ജോയിന്‍ ചെയ്യുന്നതില്‍ നിന്ന് പിന്‍മാറാന്‍ പറഞ്ഞതും.
28നാണ് സര്‍വ്വകലാശാല റാങ്ക് ലിസ്റ്റുണ്ടെന്ന വിവരം ഞാനറിയുന്നത്. എനിക്ക് ഹൈസ്‌കൂള്‍ അധ്യാപികയായിരിക്കുന്നതില്‍ ഒരു നാണക്കേടുമില്ല. പിഎച്ച്ഡി കിട്ടിയ ആവേശത്തിലാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും കാലടിയിലും ജോലിക്കപേക്ഷിക്കുന്നത്. പൂവ്വാന്‍ സൗകര്യമുണ്ടോ എന്ന് നോക്കിയിട്ടൊന്നുമല്ല അത്. മൂന്നര മണിക്കൂറിന്റെ യാത്രയുള്ളതിനാല്‍ ചേരണോ ചേരേണ്ടയോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. 29ന് വൈകുന്നേരം തന്നെ എനിക്കെതിരേയുള്ള വീഡിയോ പുറത്തിറങ്ങി. അപ്പോഴാണ് ഈ ഇന്റര്‍വ്യൂവിന് ചേര്‍ന്നാല്‍ തിരഞ്ഞെടുപ്പ് വരുകയാണ്. വലിയ പ്രശ്‌നമാവും പിന്‍മാറണം എന്ന തരത്തില്‍ നിരന്തര കോളുകള്‍ ചിലരില്‍ നിന്ന് വരുന്നത്. അത് 30നാണ്. കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും അത് പ്രശ്‌നത്തിലേക്ക് പോവുമെന്നുമുള്ള തരത്തിലും വിളി വന്നു. വി.സി.ക്ക് ഇന്റര്‍വ്യൂ ബോഡിലുള്ളവര്‍ തയ്യാറാക്കിയ കത്ത് ചിലര്‍ മുഖാന്തരം എനിക്ക് വാട്‌സാപ്പില്‍ അയച്ചു കിട്ടി. അങ്ങനെയാണ് പരാതി നല്‍കണമെന്ന് തീരുമാനിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്റര്‍വ്യൂ ബോഡിലെ അംഗങ്ങളുടെതെന്ന തരത്തിലൊരു കത്ത് പ്രചരിക്കുന്നുണ്ടെന്നും ഞാൻ പരാതിയിൽ പറഞ്ഞു. നിയമനത്തെകുറിച്ചുള്ള എന്റെ ആശങ്കയും പങ്കുവെച്ചു. ഇത് തനിക്ക് മനോവിഷമമുണ്ടാക്കുന്നുവെന്നും അന്വേഷിക്കണമെന്നും പറഞ്ഞ് രജിസ്ട്രാര്‍ക്ക് ഞാന്‍ കത്തയച്ചു.
31ന് സ്‌കൂളിലേക്ക് പോകുമ്പോഴും ജോലിക്കു ചേരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഈ കത്തിലുള്ള അതേ ആരോപണങ്ങൾ ഉന്നയിച്ച് ക്രോസ് ചെക്ക ചെയ്യാതെ ***** തയ്യാറാക്കിയ വീഡിയോ ആണ് പിന്നീട് കാണുന്നത്. ആരോപണവിധേയയ്ക്കു പറയാനുള്ള കാര്യങ്ങളോ വസ്തുതകളോ അന്വേഷിച്ചുവേണ്ടേ മാധ്യമപ്രവര്‍ത്തനം നടത്താന്‍. കിട്ടുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമപ്രവര്‍ത്തനം. അങ്ങനെയാണ് ഗൂഢാലോചനയ്ക്കു വഴങ്ങില്ല എന്ന തീരുമാനമെടുത്ത് ജോലിക്ക് പ്രവേശിക്കുന്നത്.
മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന ചര്‍ച്ചകള്‍ ഒരു തരം മോബ് ലിഞ്ചിങ്ങ് ആയി അനുഭവപ്പെടുന്നുണ്ടോ.
ഇതില്‍ എന്നെയല്ല ലക്ഷ്യം വെക്കുന്നത്. അതെനിക്ക് നേരത്തെ ബോധ്യപ്പെട്ട കാര്യമാണ്. ആരുടെയോ വ്യക്തിതാത്പര്യത്തിനായി സൃഷ്ടിക്കപ്പെട്ട വാദം കേരളീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റെടുക്കപ്പെടുന്നത് സ്വാഭാവികം.
രണ്ടാം റാങ്കുകാരിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു കൊടുക്കുന്നത് എനിക്കെതിരേ ആരോപണമുന്നയിച്ച അതേ ഇന്റര്‍വ്യൂ ബോർഡ് അംഗമാണ്. ഇന്റര്‍വ്യൂവിന് പോയി അവിചാരിതമായി വിദ്യാര്‍ഥിയോ സഹപ്രവര്‍ത്തകയോ വന്നിരിക്കും പോലെയാണോ ഇത്. ഇത്രയേറെ ധാര്‍മികത പറയുന്നവര്‍ മാറിനില്‍ക്കേണ്ടതല്ലേ ഇന്റര്‍വ്യൂ ബോർഡില്‍ നിന്ന്. മാത്രവുമല്ല രണ്ടാം റാങ്കുകാരിയുടെ അധ്യാപകനും ഇന്റര്‍വ്യൂ ബോഡിലുണ്ടായിരുന്നു. സത്യം പറയുകയാണേല്‍ ഇന്റര്‍വ്യൂ ബോഡില്‍ പേഴ്‌സണലായി ആരെയും പരിചയമില്ലാത്തവര്‍ മറ്റു രണ്ടു റാങ്കുകാരേക്കാള്‍ ഒരു പക്ഷെ ഞാനായിരിക്കാം. നിനിത കണിച്ചേരി എന്നതാണ് പൊതുവെ എന്നെ ആളുകള്‍ക്കറിയുന്ന പേര്. എന്റെ റെക്കോഡിക്കല്‍ പേര് നിനിത ആര്‍ എന്നാണ്. കേട്ടമാത്രയില്‍ ഈ നിനിത നിനിത കണിച്ചേരി എന്നെ അറിയുന്നവർക്ക് തന്നെ മനസ്സിലാകണമെന്നുമില്ല.
content highlights: Ninitha Kanichery Interview on Kalady University Assistant Professor Post, MB Rajesh