വെല്ലിങ്ടൺ: ന്യൂസീലാന്‍ഡ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനിടെ എംപിയുടെ കുഞ്ഞിനെ പരിചരിച്ച് സ്പീക്കര്‍. ട്വിറ്ററിലൂടെയാണ് ഈ അപൂര്‍വ്വ നിമിഷത്തിന്റെ ചിത്രം സ്പീക്കര്‍ ട്രെവോര്‍ മല്ലാര്‍ഡ് പങ്കുവെച്ചത്. സഭയില്‍ വെച്ച് കുഞ്ഞിന് കുപ്പിപാല്‍ കൊടുക്കുന്ന ചിത്രം ലോകമെങ്ങുമുള്ള ജനങ്ങള്‍ വന്‍ ആവേശത്തോടെയാണ് വരവേറ്റത്. പുരുഷ എംപിയായ ടമാറ്റി കഫേയുടെ കുഞ്ഞിനെയാണ് സഭാ ചര്‍ച്ചക്കിടെ സ്പീക്കര്‍ പാലുകൊടുത്ത് പരിചരിച്ചത്.
"സാധാരണയായി സ്പീക്കറുടെ കസേരയില്‍ അധ്യക്ഷത വഹിക്കുന്നവര്‍ മാത്രമേ ഇരിക്കാറുള്ളൂ. പക്ഷെ ഇന്ന് ഒരു വിഐപി ഈ കസേര എനിക്കൊപ്പം പങ്കുവെച്ചു. കുടുംബത്തിലേക്ക് പുതിയ അംഗം വന്നിരിക്കുകയാണ്. ടമാറ്റി കഫേക്കും ടിമ്മിനും ആശംസകള്‍", എന്നാണ് സ്പീക്കര്‍ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്.
സ്വവര്‍ഗദമ്പതിമാരായ ടിംസ്മിത്തിനും കഫേക്കും ജൂലൈയിലാണ് ടുടനേകായ് ജനിക്കുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം.
പിതാവിനുള്ള പ്രസവ ശുശൂശ്ര അവധിയില്‍ നിന്ന് കഫേ പാര്‍ലമെന്റില്‍ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെയാണ് ഈ സംഭവത്തിന് സഭ സാക്ഷ്യം വഹിച്ചത്.
ടമാറ്റി കൊഫേക്ക് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതുള്ളത് കൊണ്ടാണ് സ്പീക്കര്‍ കുഞ്ഞിനെ പരിചരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.
ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ജനപ്രതിനിധികള്‍ പാര്‍ലമെന്റില്‍ കുഞ്ഞുങ്ങളെയുമേന്തി വരുന്നത് വിപ്ലവകരമായ മാറ്റമായാണ് ലോകം ഉറ്റുനോക്കിയത്. ഇതുവരെ അമ്മമാരായ ജനപ്രതിനിധികളായിരുന്നു കുഞ്ഞുങ്ങളെ കൊണ്ടുവന്നതെങ്കില്‍ ഇത്തവണ അച്ഛനാണ് കുഞ്ഞിനെയും കൊണ്ട് സഭയിലെത്തിയതെന്ന പ്രത്യേകതയുണ്ട്. കുഞ്ഞിനെ പരിചരിക്കേണ്ടത് അമ്മയുടെ മാത്രം ദൗത്യമല്ല എന്ന വലിയ സന്ദേശമാണ് ഈ പ്രവൃത്തിയിലൂടെ ടമാറ്റി ലോകത്തിന് നല്‍കിയിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയില്‍ കുഞ്ഞിനെയുമേന്തി പ്രസംഗിക്കുന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആഡേണിന്റെ ചിത്രം വലിയ ചലനമാണ് ഉണ്ടാക്കിയത്.
ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലാരിസ വാട്ടേഴ്‌സ് 2017ല്‍ പാര്‍ലമെന്റില്‍ വെച്ച് കുഞ്ഞിനെ മുലയൂട്ടിയിരുന്നു. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ 2018 കുഞ്ഞിനെയുമെടുത്ത് ചര്‍ച്ചയില്‍ പങ്കെടുത്തതും വലിയ വാര്‍ത്തയായിരുന്നു.
content highlights: Newzealand Speaker cradles MP's baby in parliament