തല ഉയര്‍ത്താനായി കണ്ണിനു താഴെ പാപ്പാന്‍ ചെറുവടികൊണ്ട് കുത്തി, ആ ആന പുഴയെ നോക്കി കരയുകയായിരുന്നോ?


ഫോട്ടോകളും എഴുത്തും: എന്‍.എ. നസീര്‍

ആനകളില്ലാതെ പൊയ്ക്കാളകളെവെച്ച് നടത്തുന്ന വേലകളും ഉത്സവങ്ങളും കണ്ടുപഠിക്കണം. മനോഹരമായ നിര്‍മിതികളാണവ. സാധുജീവികളെ കൊല്ലാക്കൊലചെയ്യുന്നതിനെ എന്ത് സംസ്‌കാരപ്പെരുമയെന്നാണ് വിളിക്കേണ്ടത്?

ആനകള്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് എന്‍.എ. നസീര്‍ എടുത്ത ഫോട്ടോകളും റിപ്പോര്‍ട്ടും മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത് 2013-ലാണ്. പിന്നീട് 2016ലും ഫോട്ടോ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. 2019-ലും അവസ്ഥകളിലൊന്നും മാററമില്ലാതെ തുടരുകയാണ്. വിവാദങ്ങൾ കൊഴുക്കുമ്പോൾ ഒരു ഓർമ്മപ്പെടുത്തലായി 2016ലെ ലേഖനം(ഉണങ്ങാത്ത ആനമുറിവുകൾ) പുനഃപ്രസിദ്ധീകരിക്കുന്നു.

നകള്‍ ഉത്സവകാലത്തും അല്ലാതെയും അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് തൃശ്ശൂര്‍ പൂരത്തെ മുന്‍നിര്‍ത്തി എന്‍.എ. നസീര്‍ എടുത്ത ഫോട്ടോകളും റിപ്പോര്‍ട്ടും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത് 2013-ലാണ്. പൊതുസമൂഹത്തില്‍ വലിയ സംവാദങ്ങള്‍ക്ക് ഇത് കാരണമായി. ആനപീഡനത്തിനെതിരെ നിയമപോരാട്ടങ്ങള്‍ നടന്നു. മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം നസീര്‍ വീണ്ടും ആഴ്ചപ്പതിപ്പിനുവേണ്ടി ചിത്രങ്ങളെടുക്കാന്‍ ആനകള്‍ക്ക് പിറകിലെത്തി. ഒരുമാറ്റവും സംഭവിച്ചിട്ടില്ല. പൊട്ടിയൊലിക്കുന്ന, ഈച്ചയാര്‍ക്കുന്ന വ്രണങ്ങളും മുറിവുകളും കൂടുതല്‍ വലുതായിരിക്കുന്നു. തൃശ്ശൂര്‍ പൂരത്തിനു മാത്രമല്ല, ജാതിമതഭേദമെന്യെ ആഘോഷപരിപാടികളിലെല്ലാം ആനകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ തൃശ്ശൂര്‍ പൂരത്തിന് (2016) ഉപയോഗിക്കപ്പെട്ട ആനകള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു.

ആഴ്ചപ്പതിപ്പില്‍ 'പിറകിലെ ആനച്ചന്തം' എന്ന ലേഖനം വന്നിട്ട് ആറ് വർഷമായി. കാട്ടില്‍നിന്നും ചതിക്കപ്പെട്ട് നാട്ടിലെത്തിയ ഈ ആനകള്‍ക്കായി നാനാതുറകളിലുള്ള ഒത്തിരിപ്പേര്‍ പല നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. പുതിയ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നും ഉണ്ടായി, ആനയെ കൊണ്ടുനടക്കുന്നവര്‍ക്കും ഉടമസ്ഥരെന്ന് അവകാശപ്പെടുന്നവര്‍ക്കും ആഘോഷകമ്മിറ്റികള്‍ക്കുമൊക്കെ പ്രത്യേക തീരുമാനങ്ങളും സംവിധാനങ്ങളും വന്നു. അന്ന് ആ ലേഖനം വായിക്കുകയും കൊടുംക്രൂരതകളുടെ ചിത്രങ്ങള്‍ കാണുകയും ചെയ്ത വായനക്കാരില്‍നിന്നും നൂറുകണക്കിന് കത്തുകളാണ് ഇത്തരം സംസ്‌കാര ശൂന്യമായ ക്രൂരത അവസാനിപ്പിക്കണം എന്ന് പറഞ്ഞ് ആഴ്ചപ്പതിപ്പിലേക്ക് വന്നതും. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മാറ്റങ്ങള്‍ ആ സാധു ജീവികള്‍ക്ക് എന്താശ്വാസമാണ് നല്‍കിയതെന്ന് നേരിട്ടറിയുവാന്‍ അവയുടെ പിന്നാലെ ക്യാമറയുമായി ഈ ഉത്സവ സീസണിലും (2016) നടന്നു. ഹൃദയഭേദകമായ ആ പഴയ വ്രണങ്ങളും മുറിവുകളുമൊക്കെ അതുപോലെത്തന്നെയൊ അതില്‍ കൂടുതലായൊ നിലനില്‍ക്കുന്നു എന്നത് ഇതാ നീറുന്ന വേദനയായി തുടരുന്നു.
'
ആ കത്തുന്ന മദ്ധ്യാഹ്നത്തില്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ പുറത്തുകടക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ പാട്ടും അടുത്ത കാര്യപരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകളും കേള്‍ക്കാമായിരുന്നു. വെയിലിന്റെ കാഠിന്യംകൊണ്ട് തെരുവില്‍ അധികം ജനങ്ങളെ കണ്ടില്ല. ഉള്ളവരാകട്ടെ കൂള്‍ഡ്രിങ്‌സ് വില്‍ക്കുന്ന കടകളില്‍ കയറി നില്‍ക്കുകയായിരുന്നു. രാവിലെ മുതല്‍ ആനകളെ കാണാം എന്നാണ് അറിഞ്ഞിരുന്നത്. വഴി നീളെ ആനപ്പിണ്ഡങ്ങള്‍. ഞങ്ങള്‍ പട്ടാമ്പി മുസ്ലിം പള്ളി തിരക്കി. പള്ളിക്കരികിലൊന്നും ആനകളെ കണ്ടില്ല. തൊട്ടരികിലുള്ള ഒരു റെസ്റ്റോറന്റില്‍ കയറി ദാഹമകറ്റുമ്പോള്‍ കുറെ കഴിഞ്ഞേ ആനകളെ ഇറക്കുകയുള്ളൂവെന്ന് മനസ്സിലായി. ഞാനും പ്രസാദും അവയെ തിരക്കി വെയിലിലേക്ക് ഇറങ്ങി നടന്നു. പ്രധാന പാത വിട്ട് മുന്നോട്ട് നടക്കുമ്പോള്‍ ഒരു ഓട്ടോറിക്ഷക്കാരനെ പരിചയപ്പെട്ടു. അയാള്‍ ആനകള്‍ നില്‍ക്കുന്ന ഇടങ്ങളിലേക്കൊക്കെ കൂട്ടിക്കൊണ്ടുപോകാം എന്നു പറഞ്ഞു.
പൊലീസ് അല്പം പ്രശ്നമായതുകൊണ്ടാണ് ആനകളെ ഇപ്പോള്‍ ഇറക്കാത്തതെന്നും ഇത്തവണ കച്ചടവം കുറയുമെന്നുമൊക്കെ അയാള്‍ പറയുന്നുണ്ടായിരുന്നു.
പൊടുന്നനെയാണ് ഇടറോഡില്‍ നിന്നും മാപ്പിളപ്പാട്ടിന്റെ ഈരടികളുമായി ഒരു സംഘം ചെറുപ്പക്കാര്‍ പ്രവേശിച്ചത്. മുറിക്കൈയ്യന്‍ കുപ്പായവും കള്ളിമുണ്ടും അതിനുമേല്‍ പല അറകളോടുകൂടിയ വീതിയേറിയ ബെല്‍റ്റും തലയില്‍ തൊപ്പിയും അവര്‍ ധരിച്ചിരുന്നു. തപ്പും താളവുമായി മുന്നോട്ടുവന്നുകൊണ്ടിരിക്കുന്ന അവരുടെ പിന്നില്‍ നെറ്റിപ്പട്ടം കെട്ടിയ രണ്ട് ആനകളും. കൈയിലെ ക്യാമറ കണ്ടപ്പോള്‍ പാട്ടും താളവും കൊഴുത്തു. ക്യാമറയുമായി ഞാന്‍ അവര്‍ക്കിടയിലൂടെ പിറകിലേക്ക് പോയി. ആനകളെയും കടന്ന് അവയുടെ പിന്‍കാലുകളിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു.

ചങ്ങലകളില്‍ കിടന്നുരയുന്ന വ്രണങ്ങള്‍

ഓരോ ഇടറോഡുകളില്‍ നിന്നും മൂന്നും നാലും ആനകളൊക്കെ പലവിധ ക്ളബ്ബുകളുടെ പേരിലും വന്നു തുടങ്ങി. ചെറുപ്പക്കാര്‍ ബഹുവര്‍ണ വേഷവിധാനങ്ങളോടെ സണ്‍ഗ്ളാസ്സുകള്‍ ധരിച്ച് ആനകളുടെ മുകളിലിരുന്ന് ആര്‍പ്പു വിളിച്ചു. അവര്‍ മൂന്നുനാല് പേര്‍ വീതം ആനപ്പുറത്തുണ്ടായിരുന്നു. അതിനിടയില്‍ തല ഉയര്‍ത്തിപ്പിടിക്കാനായി ഒരാനയുടെ കണ്ണിനു തൊട്ടുതാഴെ പാപ്പാന്‍ ചെറുവടികൊണ്ട് കുത്തുന്നു. അതിനു വയ്യ. എത്ര സമയം ഒരേനിലയില്‍ നില്‍ക്കാനാകും.?
102 വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്‍മറഞ്ഞ സൂഫിവര്യനായ 'മര്‍ഹും ആലൂര്‍ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളു'ടെ ഓര്‍മപുതുക്കല്‍ ദിനമായിരുന്നു അത്. പട്ടാമ്പി പള്ളിയിലെ കബര്‍സ്ഥാനില്‍ അട കാഴ്ചവെക്കുന്ന ഒരു ചടങ്ങാണ് . ആനപ്പുറത്തായിരുന്നു അത്തരം കാഴ്ചവസ്തുക്കള്‍ കൊണ്ടുവന്നിരുന്നതത്രെ. ഇത് മുസ്ലിം ആചാരവിരുദ്ധമാണെന്ന് കാണിച്ച് പള്ളിക്കമ്മിറ്റി മാറി നില്‍ക്കുന്നു. എവിടെയും എല്ലാത്തിന്റെയും പിന്നില്‍ ഒരു കച്ചവടക്കണ്ണ് കാണുമല്ലോ. ആദ്യകാലങ്ങളില്‍ ഒരു ആനയുള്ള നേര്‍ച്ചയായിരുന്നു. പിന്നീട് അറുപതോളം ചെറിയ ക്ളബ്ബുകളും രാഷ്ട്രീയ പ്രമുഖരും വ്യാപാരികളും ചേര്‍ന്ന് പടിപടിയായി ആനകളുടെ എണ്ണം ഓരോ വര്‍ഷവും കൂട്ടി. ഇതാ ഇപ്പോള്‍ 102 ആനകളിലെത്തി നില്‍ക്കുകയാണ്. കൊടിമരം വണങ്ങി ആനകള്‍ റോഡിലൂടെ ബസ്സ്റ്റാന്‍ഡില്‍ ചെന്നു നില്‍ക്കും. ചില ആനകളെ നോട്ടുമാലകളാല്‍ അലങ്കരിച്ചിട്ടുണ്ട്. ചിലതിന്റെ കൊമ്പില്‍ പുത്തന്‍ വേഷ്ടി കെട്ടിയിരിക്കുന്നു. ഓരോ വര്‍ഷവും എന്തൊക്കെയോ പുതുരീതികള്‍ പരീക്ഷിക്കുന്നു.

മുസ്ലിം പള്ളിയിലെ നേര്‍ച്ചപ്പരിപാടിക്കാണ് ഈ ആനകള്‍ എത്തിയിരുന്നതെങ്കില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് , ഫിബ്രവരി 27-ന് ശനിയാഴ്ച ചെറുതുരുത്തി കോഴിമഠം പറമ്പ് ക്ഷേത്ര ഉത്സവമായിരുന്നു. ഇതേ ആനകള്‍ തന്നെയാണ് അവിടെയും ഉണ്ടായിരുന്നത്. ഏതാനുംമാസം മുമ്പ് കുന്നംകുളം അടപൂട്ടി സെന്റ് ജോര്‍ജ് ചര്‍ച്ചിലും ഇവയൊക്കെത്തന്നെയാണ് നിരന്നതും. പണത്തിനും കച്ചവടങ്ങള്‍ക്കും മുന്നില്‍, മതസൗഹാര്‍ദത്തിനു പുതിയൊരു മുഖം!

പുലര്‍ച്ചെ ചെറുതുരുത്തി പാലത്തിനു മുകളില്‍ നിന്നും നോക്കുമ്പോള്‍ താഴെ മെലിഞ്ഞുണങ്ങി അന്ത്യശ്വാസം വലിക്കുന്ന ഭാരതപ്പുഴ. മനുഷ്യര്‍ നിന്നാല്‍ കണങ്കാലിനു കുറച്ചു മുകളില്‍ മാത്രമേ ജലമുള്ളൂ. അതിലേക്ക് ഉത്സവപ്പുലരിയില്‍ ആനകള്‍ വന്നുകൊണ്ടിരുന്നു. അവയാകെ ക്ഷീണിച്ചും തീരെ വയ്യാതെയും പുതിയതും പഴയതുമായ മുറിവുകളും ചതവുകളോടെയും. കുങ്കുമ വര്‍ണമണിഞ്ഞ ആകാശവും പുഴയും കണ്ടപ്പോള്‍, വേദന നിശ്ശബ്ദം സഹിച്ച് മെലിഞ്ഞുണങ്ങിയ പുഴയില്‍ ചരിഞ്ഞു കിടക്കുന്ന ആനകളുടെ മുറിവിലെ രക്തത്തില്‍ നിന്നും കടം കൊണ്ടതായിരിക്കാം ആ ദൃശ്യം എന്നുതോന്നി.
പുഴയിലേക്ക് ആനകള്‍ വന്നുകൊണ്ടേയിരുന്നു. ഒപ്പം ഫോട്ടോഗ്രാഫര്‍മാരും. കുളികഴിഞ്ഞ് വരുന്ന ആനകളെ സൂര്യനഭിമുഖമായി നിര്‍ത്താന്‍ അവര്‍ പാപ്പാന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു.

''നല്ല സോഫ്റ്റ് ലൈറ്റാണ്... ഫ്രെയിം ഗംഭീരമാകും...''
ആരോ പറയുന്നുണ്ടായിരുന്നു. തീക്ഷ്ണമായ ആ ചൂടില്‍ അത്തരം കല്പനയെ തെല്ലും വകവെക്കാതെ നിന്ന ഒരാനയുടെ മുന്‍ പാദത്തിലെ നഖത്തിനു മുകളില്‍ തോട്ടികൊണ്ടുള്ള ശക്തമായ ഒരു കുത്ത് കിട്ടിയപ്പോള്‍ ആന ഒന്നു വിറച്ചു. പിന്നെ എല്ലാം ചട്ടംപോലെ. രണ്ടാം പാപ്പാന്‍ ആനപ്പുറത്തുകയറി മലര്‍ന്നു കിടന്നുകൊണ്ട് അയാളുടെ പാദങ്ങളിലെ പെരുവിരലില്‍ ആനയുടെ ചെവിക്കു പിന്നില്‍ ഒരു പ്രയോഗം. ആന വിടര്‍ത്തി പ്പിടിച്ച ചെവികളോടെ ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ നിലകൊണ്ടു.
''ഉത്സവത്തിനൊക്കെ വരുമല്ലേ...?''
തിരിച്ചറിഞ്ഞ ഒരു ഫോട്ടോഗ്രാഫര്‍ സുഹൃത്ത് ചോദിച്ചു.

എന്റെ ഏതെങ്കിലും ഒരു ഫ്രെയിമുകൊണ്ട് ഈ സാധുജീവികളെ മനുഷ്യരുടെ കൊടിയ പീഡനത്തില്‍ നിന്നും രക്ഷിക്കാനാകുമോ എന്ന പ്രതീക്ഷയോടെ എത്തിയതാണെന്ന് മനസ്സില്‍ പറഞ്ഞിട്ട് കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത് ഞാന്‍ അടുത്ത ആനയുടെ പിന്നിലേക്ക് നടന്നു.

''ഒരാന എത്തിയിട്ടുണ്ട്... കണ്ടാല്‍ സഹിക്കില്ല. അത്ര അവശതയിലാണ്. '' ചെറിയൊരു ക്യാമറ കൈവശമുള്ള മണികണ്ഠന്‍ കട്ക്കാശേരി മഹാദേവക്ഷേത്രത്തിലെ പൂജാരിയാണ്. ഭാരതപ്പുഴയുടെ നാശത്തിനെതിരെ നിരന്തരം എഴുതുകയും അത്തരം ആളുകള്‍ക്കൊപ്പം നില്ക്കുകയും ചെയ്യുന്ന മരങ്ങളും ജീവികളും നിലനിന്നുകാണുവാന്‍ ആഗ്രഹിക്കുന്ന വ്യത്യസ്തനായ പൂജാരി സുഹൃത്ത്.
അപ്പോള്‍ കെട്ടഴിച്ചുകൊണ്ടുവന്ന ഒരാന. വെള്ളംകണ്ടിട്ട് ദിവസങ്ങളോ മാസങ്ങളോ ആയിക്കാണും എന്നുതോന്നി. ശരീരമാകെ പൊടിപടലം. അത് നിശ്ശബ്ദം നിശ്ചലം പുഴയോരത്ത് നിന്നു. പുഴയെ നോക്കി കരയുകയാണെന്നുതോന്നി. പിന്‍കാലുകള്‍ വികൃതമായ ആകൃതി. വാതവും ചതവുകളും വ്രണവും. ഇടതുവശം വയറിനു പുറകിലായി വലിയൊരു മുഴ. അതില്‍നിന്നും ചോര കിനിയുന്നു (ഇത്തരം മുറിവുകളുടെ ചരിത്രം വേറെയാണ്. മുറിവുകളെല്ലാം ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്. കത്തിക്ക് വെട്ടിയിട്ടും കുത്തിയിട്ടും ഇടിച്ചിട്ടും തോട്ടിയിട്ട് കൊളുത്തി വലിച്ചിട്ടും അടിച്ചിട്ടുമൊക്കെ. പഴുപ്പ് ഏറുമ്പോള്‍ അതിനകത്തേക്ക് തുണിയും മറ്റും തിരുകി അടച്ച് തുന്നിച്ചേര്‍ക്കുന്ന ഏര്‍പ്പാടും ഉണ്ട്. പിന്നീട് മുറിവിന്റെ മറ്റൊരു അരികില്‍നിന്നും സിറിഞ്ചുകയറ്റി പഴുപ്പും ചലവും വലിച്ചുകളയും. അപ്പോഴേക്കും അതിനകം പുഴുക്കള്‍ നിറഞ്ഞിട്ടുണ്ടാകും. സിറിഞ്ച് കയറ്റിയ ഇടം പിന്നെ പഴുക്കലായി).

ക്യാമറയുമായി എത്തിയ എന്നെ പാപ്പാന്മാര്‍ വിരട്ടാന്‍ നോക്കി. കാര്യം അത്ര പന്തിയല്ല എന്ന് കരുതിയിട്ടാകണം ഒരു പാപ്പാന്‍ ഫോണില്‍ ആനഉടമയെ ചീത്തപറയുന്നതും കേട്ടു: ''ഞങ്ങള്‍ അപ്പോഴേ പറഞ്ഞതല്ലെ ഇവനെ അഴിക്കണ്ട എന്ന്. ദേ ഇപ്പോള്‍ പത്രക്കാരൊക്കെ വളഞ്ഞിരിക്കുന്നു...''

ആ ആനയെ പുഴയിലേക്ക് ചെരിച്ചുകിടത്തുമ്പോള്‍ മുറിവില്‍നിന്നും പഴുപ്പും രക്തവും ചാടുകയായിരുന്നു. അപ്പോഴാണ് വലതുകാലിലെ വലിയ രണ്ട് ആഴത്തിലുള്ള മുറിവുകള്‍ കണ്ടത്. അത് വാക്കത്തിപോലുള്ള ആയുധംകൊണ്ട് വെട്ടേല്പിക്കുന്നതാണ്. ഒരു മുറിവിലെ പഴുപ്പെല്ലാം നഖത്തിനിടയിലേക്ക് പടര്‍ന്നുകഴിഞ്ഞിരിക്കുന്നു. എന്തുമാത്രം വേദന സഹിച്ചായിരിക്കാം ആന അവിടംവരെ എത്തിയതുതന്നെ. തന്റെ ജീവിതം നരകതുല്യമാക്കിത്തീര്‍ത്തവര്‍ക്കുമുന്നില്‍ നിസ്സഹായനായി നില്‍ക്കേണ്ടിവരിക. ഒന്നു കുതറുവാന്‍ ശ്രമിച്ചാല്‍, ശരീരത്തില്‍ മുന്‍പേല്പിച്ച മുറിവുകളിലെ പഴുപ്പില്‍ ഒന്ന് ചെറുവടികൊണ്ട് സ്പര്‍ശിച്ചാല്‍ മതി ആ വലിയ ശരീരം ചുരുണ്ടുകൂടുവാന്‍.

കുളിപ്പിക്കുന്ന ആനയ്ക്കരികില്‍ നില്ക്കുന്ന പാപ്പാന്റെ കൈവശം എന്തിനാ വെട്ടുകത്തി? പട്ട വെട്ടി ചെറുതാക്കാനാണെങ്കില്‍ പട്ടയൊന്നും പുഴയില്‍ കിടക്കുന്ന ആനയ്ക്കരുകില്‍ ഇല്ലല്ലോ? അനുസരണക്കേട് കാണിച്ചാല്‍ പിന്‍കാലില്‍ ഒരു വെട്ടോ കുത്തോ മതി.
പുഴവെള്ളത്തില്‍നിന്നും കയറാതെ നില്ക്കുന്ന ആനയും പുഴയിലേക്ക് ഇറങ്ങാതെ നില്ക്കുന്ന ആനയും ഈ പ്രയോഗത്താല്‍ വാശി വെടിയുമത്രെ! ഒരാനയെ പുഴയിലേക്ക് ഇറക്കി നിറുത്തിയിട്ടുണ്ട്. അതും ജലം തീരെ ഇല്ലാത്ത ഇടത്ത്. ആനയോട് കിടക്കുവാന്‍ പറഞ്ഞിട്ട് ആന കിടന്നില്ല. അവനറിയാം, വയ്യാത്ത ഈ ശരീരംകൊണ്ട് കിടന്നാല്‍ തിരികെ എഴുന്നേറ്റു നില്ക്കുവാന്‍ ഏറെ ക്ലേശിക്കേണ്ടിവരുമെന്ന്. പക്ഷേ, വലിയ തോട്ടിയുടെ പ്രയോഗംകൊണ്ട് ആന പുഴയിലേക്ക് ചെരിഞ്ഞു. അത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. കുറുപ്പത്ത് ശിവശങ്കരന്‍ ശരീരം മുഴുക്കെ മുറിവുകള്‍, ചെര്‍പ്ലശ്ശേരി അയ്യപ്പന്‍ കാലില്‍ വലിയ മുറിവുകള്‍. പക്ഷേ, ഈ പേരുകളൊന്നും നമ്മള്‍ക്ക് വിശ്വസിക്കുവാനും ആകുന്നില്ല. പേരുകള്‍ മാറ്റിപ്പറഞ്ഞ് നമ്മളെ കുഴപ്പിക്കുന്ന പാപ്പാന്മാര്‍.
പക്ഷേ, ഏതാനയുടെയും മുറിപ്പാടുകള്‍ നോക്കി പേരുപറയുന്ന ഒരാള്‍ പൂരങ്ങളുടെ നഗരമായ തൃശ്ശൂരിലുണ്ട്. വെങ്കടാചലം മാഷ്. അദ്ദേഹവും കൂട്ടരും 1997 മുതല്‍ ഈ സാധുജീവികളോടുള്ള ക്രൂരമായ പീഡനങ്ങള്‍ക്കെതിരായി കോടതി കയറിയിറങ്ങുകയാണ്. കേരളത്തിലെ ഓരോ ആനയുടെ ചരിത്രവും അവ സഹിച്ച പീഡനകഥകളും അവ പൊട്ടിച്ചെറിഞ്ഞ ചങ്ങലക്കഥകളെക്കുറിച്ചുമൊക്കെ അത്രമാത്രം ഗഹനമായ പഠനം നടത്തിയ ഒരാള്‍. ചില പൂരപ്പറമ്പുകളിലൊന്നും വെങ്കിടാചലം മാഷിനെ അടുപ്പിക്കില്ല. ഭീഷണിയും കുറവല്ല.

ഇത്തവണ തൃശ്ശൂര്‍ പൂരത്തില്‍ ലിസ്റ്റില്‍ ഇല്ലാതിരുന്ന ആനയാണത്രെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍. ആ ആനയാണ് തെക്കെ ഗോപുര നട തുറന്നതും. ആയിരക്കണക്കിന് പേര്‍ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തി അതിനെ വണങ്ങിയതും.
നാട്ടിലെ ആനകളുടെ ചന്തത്തെക്കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങളുണ്ട്. അവയില്‍ വിശേഷിപ്പിക്കുന്നതനുസരിച്ച്. കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. എല്ലാ ലക്ഷണവും ഉണ്ടത്രെ. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കും വരെയും തല ഉയര്‍ത്തിപ്പിടിച്ച് നില്ക്കുമത്രെ! ഉത്സവകേരളത്തിലെ കിരീടം വെക്കാത്ത രാജാവായി വാഴുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍! കൂട്ടാനകുത്തിന്റെ പേരില്‍ ഒരല്പം പഴി കേള്‍ക്കേണ്ടിവന്ന കഷ്ടകാലവും രാമചന്ദ്രനുണ്ടായിരുന്നു എന്നും ഇപ്പോള്‍ എല്ലാ കുറവുകളേയും നിഷ്പ്രഭമാക്കി, എല്ലാ അനുമോദനങ്ങളും കയ്യേറ്റ് വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് രാമചന്ദ്രനെന്നും അതില്‍ വര്‍ണിച്ചിരിക്കുന്നു. ബഹുമതികള്‍ ഗജരത്നം, ഗജരാജ ചക്രവര്‍ത്തി, ഏകഛത്രാധിപതി.... രണ്ട് ലക്ഷത്തിനു മേലെയാണ് ഏക്കം.

ഇനി വെങ്കിടാചലം മാഷിന്റെ ആന ചരിത്രത്തില്‍ നിന്നും പത്ര ദൃശ്യ മാധ്യമങ്ങളില്‍ കൂടിയും ഇതേ ആനയെക്കുറിച്ച് അറിവായതും കൂട്ടിച്ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ ഇവിടെ എങ്ങനെയാണ് നീങ്ങുന്നതെന്നറിയാം.

തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയ്ക്ക് ഒരു കണ്ണിന്റെ കാഴ്ചശക്തി തീരെ നഷ്ടപ്പെട്ടു. 2010-ല്‍ അടുത്ത കണ്ണിന്റെ കാഴ്ച പത്ത് ശതമാനമേയുള്ളൂ എന്നും അറിഞ്ഞു. കഴിഞ്ഞ ആറുവര്‍ഷംകൊണ്ട് ആ കണ്ണിന്റെ കാഴ്ചയുടെ അവസ്ഥ എന്തായിരിക്കും? കാഴ്ച നഷ്ടപ്പെട്ട ആന (ആനകളുടെ കാഴ്ച നഷ്ടപ്പെടലും ചില ക്രൂരതയുടെ ഫലമാണ്). പതിനൊന്ന് ആളുകളെയും മൂന്ന് ആനകളെയും ഈ ആന കൊന്നതായി പറയുന്നുണ്ട്. ഇപ്പോള്‍ നാലു കാലിലും ധൈര്യത്തോടെ നില്ക്കുവാന്‍ പ്രയാസപ്പെടുന്നുണ്ട്. പ്രായത്തിന്റെ പ്രശ്നം വേറെ. പാപ്പാന്റെ സഹായം കൂടാതെ ഒരു ചുവട് വെക്കാനാകില്ല...

'പാണശേരി നീലകണ്ഠന്‍' എന്നൊരാന ഉണ്ടായിരുന്നു. പേര് കേട്ടാല്‍ പേടിക്കുമത്രെ. ലക്കിപ്രസാദ് എന്നും ഇപ്പോള്‍ ഗണപതി എന്നും പേരു വീണിരിക്കുന്നു. ധാരാളം കേസുകള്‍ ഈ ആനയുടെ പേരില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ തൃശ്ശൂരില്‍ എത്തിയ ആന രജിസ്റ്ററില്‍ ഇല്ല എന്നാണ് അറിഞ്ഞത്.

അഞ്ചുലക്ഷം രൂപയ്ക്ക് വരെ ഒരാനയെ ഒന്നുമറിയാത്ത ഒരാളുടെ തലയില്‍ കെട്ടിവെച്ച് ഒഴിഞ്ഞ ഉടമസ്ഥരും ഉണ്ട്. അത്രമാത്രം കേസും പ്രശ്നങ്ങളുമുള്ള ആനയായിരുന്നത്രെ അത്. പുലാമന്തോളില്‍ വെച്ച് ഓടിയ ആന ആറ് മണിക്കൂര്‍വരെ അത് തുടര്‍ന്നു. ഓടുന്ന പോക്കില്‍ വഴിയില്‍ കണ്ട വെള്ളമെല്ലാം കുടിച്ചുവറ്റിക്കലായിരുന്നു പ്രധാന പരിപാടി. ആനയ്ക്ക് വെള്ളം കൊടുത്തിട്ട് ദിവസങ്ങളോ മാസമോ ആയിട്ടുണ്ടാവും എന്നാണ് കേട്ടത്. വീടുകളും മതിലുകളും മരങ്ങളും അവന്‍ പോകുന്ന പോക്കില്‍ തകര്‍ത്തു.

പാറമേക്കാവ് രാജേന്ദ്രന് 88 വയസ്സുണ്ടെന്നാണ് അറിഞ്ഞത്. പുലര്‍ച്ചെ പൂരത്തിനുണ്ടായിരുന്നു. ആയിരക്കണക്കിനു രൂപയുടെ മരുന്നും ഗുളികകളും കഴിച്ചാണത്രെ ദിവസവും നില്പ്. ഗുളിക കഴിച്ച് നില്‍ക്കുന്ന ആന! മരിക്കാന്‍ സമ്മതിക്കില്ല.

ഇത്തവണ പൂരത്തിന് ആനകള്‍ക്ക് പിടിപ്പത് പണിയുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം 115 ആനകള്‍ ഉള്ള സ്ഥലത്ത് 74 ആയിപ്പോയി ഇത്തവണ. പൂരം നടക്കുമോ? നടക്കില്ലേ? എന്ന സംശയം അതിനു കാരണമാവുകയും ചെയ്തു. അപ്പോള്‍ ചെറുപൂരത്തില്‍ പങ്കെടുക്കുന്ന ആനകളില്‍ ചിലതിനെ വേണ്ടപ്പെട്ടവര്‍ അതുകഴിഞ്ഞ് നേരെ കൊണ്ടുപോയി പൂരപ്പറമ്പില്‍ നിര്‍ത്തും. സൗന്ദര്യം നോക്കി നടക്കലാണല്ലോ ആനപ്രേമികളുടെ പ്രധാന ജോലി.

ആനകളുടെ പീഡനമുറകള്‍ പുതുതായി പരിഷ്‌കരിച്ചിട്ടുണ്ട്. വലിയ കുറുമ്പ് കാട്ടുന്ന ആനയുടെ വായില്‍ ചൂടുവെള്ളം ഒഴിക്കും. പിന്നെ ആഹാരം കഴിക്കാതെ അനുസരണയോടെ നടക്കും. തലപ്പൊക്കത്തിനായി പട്ടാമ്പി മുസ്ലിം പള്ളി നേര്‍ച്ചക്ക് എത്തുന്ന ആനകളുടെ ശിരസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ ക്ലബ്ബുകാരും പാപ്പാന് കൈമടക്കു കൊടുക്കുമ്പോള്‍ ആനകള്‍ക്ക് കണ്ണിനു തൊട്ടുതാഴെയോ കഴുത്തിനടിയിലോ കുത്ത് കിട്ടുന്നു. തൃശ്ശൂര്‍ എത്തുമ്പോള്‍ പാപ്പാന്മാരുടെ കാലിലെ ആണിച്ചെരുപ്പാണ് ആയുധം. ആനയുടെ കാല്‍മടമ്പില്‍ ആരും അറിയാതെ ഒന്ന് അമര്‍ത്തിയാല്‍ ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് 'അന്തസ്സോടെ' നിലകൊള്ളും. നഖത്തിനിടയിലും പിന്‍കാല്‍ കൂച്ചിയിലും ആണി അടിച്ചുകയറ്റി അത് കരിപിടിപ്പിച്ചോ മഞ്ഞള്‍ തേച്ചോ മറച്ചുവെക്കും. അവിടെ ഒരു ചെറുവടികൊണ്ട് സ്പര്‍ശിച്ചാല്‍ മതി ഇത്രയും അനുസരണയുള്ള ഒരാനയെ ആനപ്രേമികള്‍ കണ്ടിട്ടുണ്ടാവില്ല. പിന്നെ എക്കാലത്തും നിലനിര്‍ത്തുന്ന 'ചട്ടവ്രണം.' അതൊരിക്കലും സുഖം പ്രാപിക്കില്ല. മുറിവ് ഉണങ്ങില്ല. അതിനു പാപ്പാന്മാര്‍ സമ്മതിക്കയുമില്ല! അതാണ് അവരുടെ 'ജീവന്‍രക്ഷ.' ഒന്നും കൂസാത്ത ആനകളെയും പ്രശ്നക്കാരായ ആനകളെയും അടക്കിനിര്‍ത്താന്‍ ചട്ടവ്രണം അതിനെ വെട്ടിയോ കുത്തിയോ ചതച്ചോ ഉണ്ടാക്കിയിട്ടുണ്ടാവും.

ഗജരാജന്‍, ഗജരത്നം, കളഭകേസരി, ഗജോത്തമന്‍, ഗജരാജ വൈഡൂര്യം, ഗജലക്ഷണ പെരുമാള്‍, ഗജരാജ ഗന്ധര്‍വന്‍, ഭൈരവ ആദിപ്രിയ ഗജാധിപതി, ഗജരാജ പ്രജാപതി, ഗജകേസരി, ഗജരാജ ചക്രവര്‍ത്തി... കിരീടം, ചാമരം, പാദസരം, ആടകള്‍- ഒന്നിനും കുറവൊന്നുമില്ല. രാജാവ് എല്ലായ്‌പ്പോഴും കൂച്ചുവിലങ്ങിലാണ്! പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍. മൂക്ക് പൊത്തിയിട്ടേ അരികില്‍ പോകാവൂ! തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേള്‍വിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ!
നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ?

ചെറുതുരുത്തി ഉത്സവത്തിന് ചെര്‍പ്പുളശ്ശേരി നാരായണന്‍ എന്ന അവശനിലയിലുള്ള ഒരാനയുടെ പിറകില്‍ മണിക്കൂറുകളോളം ഞാനും ക്യാമറയും കൂടി. വലതുകാലിലെ മുട്ടിനരികില്‍ വലിയൊരു മുഴ. പാദങ്ങളില്‍ മറ്റ് മുറിവുകള്‍. പിന്നില്‍നിന്നും ഫോട്ടോ എടുക്കുമ്പോള്‍ ചോദ്യം:
''എന്തിനാണ് പുറകില്‍നിന്നും ഫോട്ടോ പിടിക്കുന്നത്? മുന്നിലേക്ക് പോകൂ...''
രൂക്ഷമായ നോട്ടത്തോടെ ചെറുപ്പക്കാരായ രണ്ട് പാപ്പാന്മാര്‍ പിന്‍കാലുകള്‍ മറഞ്ഞുനില്‍ക്കുകയും ചെയ്തു. കൂട്ടത്തില്‍ നില്‍ക്കാന്‍ ചെര്‍പ്പുളശ്ശേരി നാരായണന്‍ ഏറെ പാടുപെടുന്നുണ്ടായിരുന്നു. കാലുകള്‍ മടങ്ങിപ്പോവുകയും മുന്നോട്ടായുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു ആന. നടക്കുമ്പോള്‍ രണ്ടുപേര്‍ പിന്‍കാലുകളെ മറച്ചും രണ്ടുപേര്‍ മുന്നിലെ രണ്ട് കൊമ്പുകളില്‍ പിടിച്ചും നടക്കുന്നുണ്ടായിരുന്നു. കാഴ്ചശക്തി നഷ്ടപ്പെട്ടിരിക്കാം. നടക്കാനും നില്‍ക്കാനും അതിനു തീരെ വയ്യ. രണ്ടാനകള്‍ക്കിടയില്‍ ചാരിയാണവന്‍ നിന്നത്. കാഴ്ച ഇല്ലാത്ത കണ്ണില്‍നിന്നും കണ്ണുനീര്‍ ഒലിക്കുന്നുണ്ടായിരുന്നു.

ഉച്ചയ്ക്ക് ഒന്നര മുതല്‍ ഏഴുമണിവരെ ആനകളെ നിര്‍ത്തിയും ടാറിട്ട റോഡിലൂടെ നടത്തിയും ചെറുതുരുത്തി കോഴിമഠപറമ്പ് ക്ഷേത്രത്തിലെത്തി. ചുട്ടുപഴുത്ത റോഡില്‍ നടന്നുവരുന്ന ആനകള്‍ക്ക് മുന്നില്‍ ഒരു ലോറിയില്‍ വെള്ളം ഒഴുക്കിയപ്പോള്‍ റോഡിലെ താപനില പൊടുന്നനെ കൂടിക്കാണും. അതും ആരും ശ്രദ്ധിക്കുക? വാടിയ പട്ട ചവച്ചും കണ്ണീരൊലിപ്പിച്ചും വ്രണത്തില്‍ വന്നിരുന്ന ഈച്ചകളെ ഓടിക്കാനാവാതെയും അവരവിടെ നിന്നു.

വൈകുന്നേരം മറ്റൊരു കാര്യം കണ്ടെത്തി. ഒരൊറ്റ ആനയുടെയും മുറിവുകള്‍ കാണ്‍മാനില്ല! അതൊക്കെ കരിയോ മറ്റോ വെച്ച് അവര്‍ മറച്ചിരിക്കുന്നു!

കൃസ്ത്യന്‍ പള്ളികളില്‍ പെരുന്നാളിന് ആനകളെ എഴുന്നള്ളിപ്പ് തുടങ്ങിയതിനു ശേഷമാണ് ആനകളുടെ ഏക്കത്തുക പണ്ടത്തേക്കാള്‍ ഏറെ കൂടിയതെന്ന് പറയപ്പെടുന്നു. കുന്നംകുളം ഭാഗത്ത് ആളുകള്‍ സംഘം ചേര്‍ന്ന് പണം വാരിയെറിയുകയാണ് പേരുകേട്ട ആനകളെ പെരുന്നാളിന് പങ്കെടുപ്പിക്കാന്‍. കോലം ചുമക്കുന്ന ആനകള്‍ക്ക് ഏക്കം കൂടും. ഗുരുവായൂര്‍ പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ. ഇപ്പോള്‍ ത്രികടവൂര്‍ ശിവരാജ് എന്ന ആന എല്ലാ റെക്കോഡും ഭേദിച്ച് രണ്ടര ലക്ഷവും താണ്ടിയെന്നാണ് പരസ്യമായ രഹസ്യം. രണ്ടുവര്‍ഷം മുമ്പ് മുപ്പതിനായിരം രൂപയ്ക്ക് ലഭിച്ച ആനയുടെ ഏക്കം രണ്ടുലക്ഷം വരെ എത്തുമ്പോള്‍ അതിലെ വിപണനസാധ്യതയെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല. ആര്‍ക്കോ വേണ്ടി എന്തിനെന്നറിയാതെ കോലം കെട്ടി നില്‍ക്കുന്ന ആനയും അതുകണ്ട് നിര്‍വൃതി അടയുന്ന നമ്മളും. അപ്പോള്‍ ആരുടെയൊക്കെയോ പണപ്പെട്ടിയില്‍ പണം നിറയുന്നു.

ഇത്തവണ തൃശ്ശൂര്‍ പൂരത്തിന് നാലാനകളെ മാറ്റിനിര്‍ത്തിയത്രെ. അവ ആളുകളെ കൊന്നിട്ടുണ്ട് എന്ന കാരണംകൊണ്ട്. എന്നാല്‍, ബാക്കി നിര്‍ത്തിയ പതിമൂന്ന് ആനകളും ആളുകളെ കൊന്നിട്ടുണ്ട് എന്നതാണ് വാസ്തവം!
ചേറ്റുവ മുസ്ലിം പള്ളിയില്‍ ഇടഞ്ഞ ആനകള്‍ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം ഉണ്ടാക്കിയതും നാം മറന്നിട്ടില്ല. കൊലവിളികളും കൊലയും വാഹനങ്ങളെയും മനുഷ്യനെയും എറിയലും ഇന്ന് ലൈവായി നമ്മള്‍ക്ക് കാണുവാനുള്ള സൗകര്യമുണ്ട്. നമ്മള്‍ അത് കണ്ടുകൊണ്ടേയിരിക്കുന്നു. ആനപീഡനത്തെ ന്യായീകരിക്കുന്നവരാണ് നമ്മള്‍ ഇന്ന്.

നാല് മഹല്ലുകള്‍ ചേര്‍ന്ന് നടത്തുന്ന കാളിയറോഡ് പള്ളിജാറം ചന്ദനക്കുടം നേര്‍ച്ച. ഈ ഫിബ്രവരിയില്‍ അറുപത് ക്ലബ്ബുകളുടെ സ്പോണ്‍സര്‍ഷിപ്പില്‍ നാല്പതോളം ആനകളെ പങ്കെടുപ്പിച്ചു വെയിലില്‍. ത്രിപുറ്റകാവ് ക്ഷേത്രം (കുളപ്പുള്ളി-ഷൊറണൂര്‍) 35 ആനകള്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പാടത്തെ പൊരിവെയില്‍ നിന്നത്! അവിടെയും ചില പാപ്പാന്മാരുടെ കൈവശം വാക്കത്തിയും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു.

കഴിഞ്ഞ നാലുമാസത്തിനിടയില്‍ എട്ട് പാപ്പാന്മാരാണ് ആനകളാല്‍ കൊല്ലപ്പെട്ടത്. കരമനയാറ്റില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ ആന പാപ്പാനെ ചവിട്ടിക്കൊന്നു. കറുകച്ചാലില്‍ ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കൊന്നു.

എല്ലാ ആനകളുടെയും ഭൂതകാലം എടുത്താല്‍ ചതിക്കുഴികള്‍ നിറഞ്ഞതാണ്. പേരുകേട്ട ആനകളൊക്കെ കാട്ടില്‍നിന്ന് നാട്ടിലെത്തുന്നത് നാലോ അഞ്ചോ വയസ്സിലാണെന്നും കൊമ്പുകള്‍ മുളച്ചുവരുന്ന പ്രായത്തിലാണെന്നുമൊക്കെ എഴുതിവെച്ചിട്ടുമുണ്ട് പറയുന്നുമുണ്ട്. എന്നിട്ടെന്തേ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ ആനകളൊന്നും നമ്മളുമായി സൗഹൃദത്തിലാകാത്തത് എന്നായിരിക്കും നമ്മള്‍ ചിന്തിക്കുക.

ഇവ കാട്ടില്‍തന്നെ കഴിയേണ്ട ജീവികളാണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ഇത്രയുംകാലം കൂച്ചുവിലങ്ങിട്ടും ചെയ്യുവാനൊക്കുന്ന ക്രൂരതയൊക്കെ അവയുടെ ശരീരത്തില്‍ ചെയ്തിട്ടും ഇപ്പോഴും അവ മനുഷ്യരെ യും സ്നേഹിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ടുനടക്കുന്നവരെയും അവസരങ്ങള്‍ ഒത്തുവരുമ്പോഴും എല്ലാ ക്ഷമയും കെട്ടുകഴിയുമ്പോഴും ഭിത്തിയിലടിച്ചും നിലത്ത് ചവിട്ടിയരച്ചും കൊമ്പില്‍ കുത്തിക്കോര്‍ത്തും തുമ്പിയിലെടുത്ത് വലിച്ചെറിഞ്ഞും ഭൂമിയോടു ചേര്‍ത്ത് കുത്തിക്കീറിയും കൊന്നുകൊണ്ടിരിക്കുന്നതിന്റെ മനശ്ശാസ്ത്രം ഇനിയും പിടികിട്ടിയില്ലെങ്കില്‍ കഷ്ടം എന്നല്ലാതെ എന്താ പറയുക? ഇതാണോ ഇണങ്ങിയ ആന? ഒരിക്കലും ഇണങ്ങാത്ത ജീവിതവുമായി നമ്മള്‍ക്കിടയില്‍ വേദനകളുടെയും മനഃക്ലേശത്തിന്റെയും ചിതറിപ്പോയ ഓര്‍മകളിലൂടെയും അവ നടന്നുനീങ്ങുകയാണ്. ഒരു തരിമ്പുപോലും അവയെ മനസ്സിലാക്കാത്ത നമ്മള്‍ക്കിടയിലൂടെ എന്നുകൂടി ചേര്‍ത്തുവായിക്കേണ്ടിവരും.

ആനകളുടെ ഓര്‍മശക്തിയെക്കുറിച്ച് തോട്ടിയും വാക്കത്തിയും കുന്തവുമൊക്കെ പിടിച്ചു നടക്കുന്ന പാപ്പാന്മാര്‍ക്കും ശര്‍ക്കരയുണ്ട നീട്ടുന്ന ഉടമസ്ഥനും ആര്‍പ്പുവിളിക്കുന്ന ഫാന്‍സുകാര്‍ക്കും എന്തറിയാം? അത് നമ്മുടെ മോസ്‌കുകളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും കാണുമ്പോള്‍ കുമ്പിടാന്‍ നിര്‍ബന്ധിതരാകുന്ന, ശരീരത്തിനേറ്റ മുറിവുകളുടെയും പൊട്ടിയൊലിക്കുന്ന വൃണങ്ങളുടെയും ഓര്‍മശക്തിയല്ല. അവയുടെ തലമുറ തലമുറകളായി ജീനുകളിലൂടെ കൈമാറിവന്ന ജനിതകപ്രതിഭാസമാണ്.

ഈ ആനക്കച്ചവട ആഘോഷങ്ങള്‍ നമ്മള്‍ക്കിനി വേണ്ടാ. ഇപ്പോള്‍ത്തന്നെ പല ആരാധനാലയങ്ങളും ആനയെഴുന്നള്ളിപ്പുകളും കരിമരുന്നുപ്രയോഗങ്ങളും വേണ്ടെന്ന തീരുമാനത്തില്‍ വന്നുകൊണ്ടിരിക്കുന്നതും മറ്റുള്ളവര്‍ കണ്ടുമനസ്സിലാക്കേണ്ടതാണ്.
ആനകളില്ലാതെ പൊയ്ക്കാളകളെവെച്ച് നടത്തുന്ന വേലകളും ഉത്സവങ്ങളും കണ്ടുപഠിക്കണം. മനോഹരമായ നിര്‍മിതികളാണവ. സാധുജീവികളെ കൊല്ലാക്കൊലചെയ്യുന്നതിനെ എന്ത് സംസ്‌കാരപ്പെരുമയെന്നാണ് വിളിക്കേണ്ടത്?
കൊടുംചൂടില്‍ പശുക്കള്‍പോലെ മറ്റു ജീവികളും മനുഷ്യരും ഒക്കെ കുഴഞ്ഞുവീഴുകയും ചത്തുവീഴുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാമിപ്പോള്‍ ദിനവും കാണാറുണ്ട്. എല്ലായ്‌പ്പോഴും നിഴലില്‍ കഴിയുവാന്‍ ഇഷ്ടപ്പെടുന്ന ഒരു ജീവിയെയാണ് ആചാരത്തിന്റെ ഭാഗമെന്നുപറഞ്ഞ് നമ്മള്‍ ശിക്ഷിച്ചുകൊണ്ടിരിക്കുന്നത്.

ക്ഷേത്രങ്ങള്‍, മോസ്‌കുകള്‍, ചര്‍ച്ചുകള്‍ എന്നിങ്ങനെ ഇപ്പോള്‍ ഈ കൊടിയ വേനലില്‍ ആനകള്‍ നിലംതൊടാതെ പാഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മള്‍ക്ക് തീരെയില്ലാത്ത മതസൗഹാര്‍ദം അങ്ങനെ നമ്മള്‍ കാട്ടില്‍നിന്ന് നാട്ടിലെത്തിയ ആനകളെ പഠിപ്പിച്ചു!

വനംവകുപ്പിലെ കുറെ നല്ല ഉദ്യോഗസ്ഥര്‍ ഇവയ്‌ക്കൊരു അറുതിവരുത്തുവാന്‍ തീരുമാനിച്ചതാണ്. നമ്മുടെ രാഷ്ട്രീയക്കാര്‍ അത് സമ്മതിച്ചുകൊടുത്തില്ല.

വാടിയ പനമ്പട്ടയും ചവച്ചുനീങ്ങുന്ന ആന, വലിയ മുറിവാണ് മനുഷ്യകുലത്തിന്. കാഴ്ചശക്തി തല്ലിക്കെടുത്തിയും നമ്മള്‍ കാണുന്നതും കാണാത്തതുമായ അനേകം മുറിവുകളോടെയും പാദങ്ങളുടെ അടിഭാഗം നശിച്ചുപോയും നഖങ്ങള്‍ക്കിടയിലേക്ക് പഴുപ്പിറങ്ങിയും ദുര്‍ഗന്ധം വഹിച്ച് നിശ്ശബ്ദനായി അതങ്ങനെ പോവുകയാണ്. പൂരപ്പറമ്പുകളിലും പള്ളിപ്പറമ്പുകളിലും അവയെ തളച്ചിട്ടിരിക്കുന്ന ഇടങ്ങളിലുമൊക്കെ അലഞ്ഞുതിരിയുമ്പോള്‍ നിശ്ശബ്ദനായി ആ മുഖത്തേക്ക് ഏറെനേരം നോക്കിനിന്നിട്ടുണ്ട്. വേദന... കൊടിയ വേദനകള്‍ മാത്രമേ അവയുടെ മുഖത്ത് കാണുകയുള്ളൂ.

മൂകമായ പര്‍വതങ്ങള്‍, നിറഞ്ഞൊഴുകുന്ന പുഴ, ഇളം പുല്ല് നിറഞ്ഞ മലഞ്ചെരിവുകള്‍, വെണ്ണപോലെ കിടക്കുന്ന ചതുപ്പിടങ്ങള്‍, കാട്ടുപഴവൃക്ഷങ്ങള്‍, ജലാശയങ്ങളില്‍ മുളച്ചുപൊന്തുന്ന സസ്യങ്ങളുടെ വേരുകളുടെ രുചി, കാട്ടുപൂക്കളുടെ സുഗന്ധവും നിലാവിന്റെ നിറവും ഇളംവെയിലുമൊക്കെ ഇന്നും ആ ഓര്‍മകളില്‍ മിന്നിമറയുന്നുണ്ടാകാം... നമ്മള്‍ നമ്മുടെ ഭ്രാന്തുകള്‍ക്കായി അവയ്ക്ക് നഷ്ടപ്പെടുത്തിയവ.'

content highlights: NA Naseer photostory on Elephants in Kerala and human cruelties

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
ലക്ഷ്മി പിള്ള

1 min

കൊല്ലത്ത് യുവതി തൂങ്ങി മരിച്ചനിലയില്‍; കണ്ടത് വിദേശത്തുനിന്ന്‌ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍

Sep 20, 2022


അഭിരാമി

4 min

'പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ'; ജപ്തിയില്‍ മനംനൊന്ത് ജീവനൊടുക്കും മുമ്പ് അഭിരാമി

Sep 21, 2022


04:36

കാട്ടുപഴങ്ങളുടെ തോട്ടമൊരുക്കി 'വനമിത്ര' ബേബിച്ചേട്ടൻ

Sep 20, 2022