AFP
വാക്‌സിനേഷന് നന്നാകാന്‍ വാക്‌സിന്‍ നന്നായാല്‍ മാത്രം മതിയോ?
റെക്കോഡ് വാക്സിനേഷൻ ക്യാമ്പുകൾ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെന്തൊക്കെയാണ്
കേരളത്തിലെ കോവിഡ് വാക്‌സിനേഷന്‍ പരിപാടിയെ അടിയന്തിരമായി സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കേണ്ടതുണ്ടോ
വിശദമായി വിശകലനം ചെയ്യുന്നു ഈ ലേഖനത്തിൽ
ഇന്ത്യയുള്‍പ്പെടെയുള്ള ഏഴോളം രാജ്യങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ യു.കെയില്‍ എത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്നും മറ്റുമുള്ള നിബന്ധനകള്‍ വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുകയാണ്. യാത്രയ്ക്ക് മൂന്ന് ദിവസം മുന്നേ ഇന്ത്യയില്‍ നിന്നും പിന്നീട് ബ്രിട്ടണിലെത്തി രണ്ടാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന ചെയ്യണമെന്നുമാണ് ചട്ടം. ശശി തരൂരും ജയറാം രമേഷും ബ്രിട്ടന്റെ നടപടി വംശവിവേചനമാണെന്ന് കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുകയും ചെയ്്തിരുന്നു.
ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്സ്സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച്, പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കൊവീഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഈ വാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലും ഇറക്കുമതി ചെയ്ത് വാക്‌സിനേഷന് ഉപയോഗിക്കുന്നുണ്ട്.
ഒരേ വാക്‌സിന്‍, അതും ബ്രിട്ടീഷ് പങ്കാളിത്തമുള്ള വാക്‌സിന്‍, ബ്രിട്ടനില്‍ കുത്തിവെയ്ക്കുന്നത് അംഗീകരിക്കുന്നതും ഇന്ത്യയില്‍ കുത്തിവെയ്ക്കുന്നത് അംഗീകരിക്കാത്തതും ന്യായമായും പ്രതിഷേധം വിളിച്ചുവരുത്തുന്ന ഒരു നടപടിയാണ്. വംശവിവേചനമായി കരുതാവുന്ന ഒരു നീക്കമാണിത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ, തുര്‍ക്കി, തായ്‌ലാന്‍ഡ്, ജോര്‍ദാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും ഈ നിയമം ബാധകമാണ്.
എന്തുകൊണ്ടാണ് ബ്രിട്ടന്‍ ഇങ്ങനെ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല. ശാസ്ത്രീയമായ കാരണങ്ങളാലാണോ. അതോ വംശവിവേചനം തന്നെയാണോ ഈ നടപടിക്ക് പിന്നിലെന്ന് അറിയില്ല. ഒരേ കാരണം തന്നെയാണോ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായിരിക്കുന്നതെന്നും വാര്‍ത്തകളില്‍ പറയുന്നില്ല. കൊവിഡ് രോഗസംക്രമണവും വംശീയതയുമായുള്ള ബന്ധം നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണ്.
എന്നാല്‍ ഈ സംഭവത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന മറ്റൊരു ചോദ്യമാണ് ഈ ലേഖനത്തിന്റെ വിഷയം. അതിതാണ്. ഒരേ വാക്‌സിന്‍ രണ്ട് സ്ഥലങ്ങളില്‍ എപ്പോഴും ഒരേ രീതിയിലുള്ള ഫലം നല്‍കുമോ? ഉദാഹരണമായി ബ്രിട്ടനിലും ഇന്ത്യയിലും ഒരേ വാക്‌സിന്‍ കുത്തിവെച്ചാല്‍ രണ്ടിടത്തും ഒരേ ഫലം തന്നെ ഉണ്ടാവണം എന്നുണ്ടോ? വാക്‌സിന്‍ ഗുണമേന്മയുള്ളതാണ് എന്നതുകൊണ്ട് മാത്രം വാക്‌സിനേഷന്‍ ഗുണമേന്മയുള്ളതായി തീരുമോ?
ഉത്തരം 'ഇല്ല' എന്നാണ്.
ഈ വിഷയം വിശദീകരിക്കുന്നതിന് മുമ്പ്, ബ്രിട്ടന്റെ നടപടിയേയും വംശവിവേചനത്തെയും മാറ്റിവെച്ചുകൊണ്ട് നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിലേക്ക് തിരിച്ചുവരാം.
കൊവിഡ് വാക്‌സിനേഷനോട് ബന്ധപ്പെട്ട് അടുത്ത സമയത്ത് വന്ന മൂന്ന് വാര്‍ത്തകളില്‍ നിന്ന് നമുക്ക് ആരംഭിക്കാം. ആദ്യത്തേത്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 2 കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ വാര്‍ത്തയാണ്. ഈ സംഭവത്തോടുകൂടി ഇന്ത്യ ലോകത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കുന്ന രാജ്യമായിത്തീര്‍ന്നു. കോവിഡിനെതിരെയുള്ള ലോകത്തെ ഏറ്റവും വലിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി ഇത് വാഴ്ത്തപ്പെട്ടു.
രണ്ടാമത്തേത്, മൂന്നാഴ്ച മുമ്പ് എട്ട് മണിക്കൂര്‍ കൊണ്ട് 800 ലധികം കോവിഡ് കുത്തിവെപ്പുകള്‍ നല്‍കിയ ഒരു പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിനെ കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രി അഭിനന്ദിച്ച വാര്‍ത്തയാണ്. വാക്‌സിനേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഫീല്‍ഡ് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും വാക്‌സിനേഷനിലൂടെ സമീപഭാവിയില്‍ രോഗപകര്‍ച്ച നിയന്ത്രണ വിധേയമാകും എന്ന സന്ദേശം നല്‍കുകയുമായിരുന്നു വാര്‍ത്തയുടെ ലക്ഷ്യം.
മൂന്നാമത്തേത്, രണ്ടാഴ്ച മുമ്പ് കോവിഡ് വാക്‌സിന്റെ കുറെയധികം വയലുകള്‍ ഊഷ്മാവ് ക്രമീകരിക്കുന്നതില്‍ ഉണ്ടായ തകരാറ് മൂലം കേരളത്തിലെ ഒരു ജില്ലയില്‍ ഫ്രീസ് ചെയ്യപ്പെട്ട് നശിച്ചുപോയ വാര്‍ത്തയാണ്. ചീത്തയായ വാക്‌സിന്റെ വില ജീവനക്കാരില്‍ നിന്ന് ഈടാക്കാന്‍ ആരോഗ്യ വകുപ്പ് ഒരുങ്ങുകയാണെന്ന് അന്ന് കേട്ടിരുന്നു.
ഈ മൂന്ന് വാര്‍ത്തകളുടേയും പൊതുസ്വഭാവം, നമ്മുടെ രാജ്യത്തും കേരളത്തിലും ഇപ്പോള്‍ നടന്നുവരുന്ന കോവിഡ് വാക്‌സിനേഷന്‍ കാമ്പയിന്റെ ഗുണമേന്മയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു എന്നതാണ്.
എന്തെന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി ആരാലും അംഗീകരിക്കപ്പെടാതെയും സ്തുതിക്കപ്പെടാതെയും കോവിഡ് പ്രതിരോധത്തിന്റെ നടുവില്‍ നില്‍ക്കുകയും കഠിനമായി പണിയെടുക്കുന്നവരുമാണ് ഈ ജീവനക്കാര്‍. നമ്മുടെ റുട്ടീന്‍/പതിവ് ഇമ്യൂണൈസേഷന്‍ പ്രോഗ്രാം മുതല്‍ വലിയ രോഗപ്രതിരോധ സംരംഭങ്ങള്‍ക്ക് വരെ നേതൃത്വം കൊടുത്ത്, കേള്‍വികേട്ട കേരള മോഡലിന്റെ അസ്ഥിവാരമായി നില്‍ക്കുന്നത് ഈ വിഭാഗമാണെന്ന് നിസ്സംശയം പറയാം. ഇപ്പോഴത്തെ വാക്‌സിനേഷന്‍ പരിപാടിയില്‍ മുകളില്‍ നിന്ന് വരുന്ന ഉത്തരവുകള്‍ അനുസരിക്കുക എന്നത് മാത്രമായി അവരുടെ ഔദ്യോഗിക ചുമതലകള്‍ ചുരുങ്ങിപ്പോയിരിക്കുന്നു.
അതിനാല്‍ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇവിടെ പറയുന്ന കാര്യങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള സംവിധാനത്തിന്റെ നയസമീപനങ്ങളായി കാണാനാണ് താല്പര്യം.

എണ്ണം തികയ്ക്കലുകള്‍ വൈദ്യശാസ്ത്രത്തിന്റെ വിലക്ഷണ പ്രയോഗം
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഒരു ദിവസം 2 കോടി കോവിഡ് വാക്‌സിനേഷന്‍ നല്‍കിയത് എങ്ങനെയെന്ന് നേരിട്ട് അറിയില്ല. പക്ഷെ നമ്മുടെ നാട്ടില്‍ വലിയ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ എങ്ങനെയാണ് സംഘടിപ്പിക്കുന്നതെന്ന് നേരിട്ട് കാണാന്‍ കഴിയും. അതിന്റെ ഒരു വലിയ രൂപമായിരിക്കാം രാജ്യത്ത് നടക്കുന്നത് എന്ന് അനുമാനിക്കാം.
നമ്മുടെ നാട്ടില്‍, കുട്ടികള്‍ക്ക് റുട്ടീന്‍/പതിവ് വാക്‌സിനേഷന്‍ നല്‍കുന്ന ഒരു ഇമ്യൂണൈസേഷന്‍ ദിവസത്തെ സങ്കല്‍പ്പിക്കുക. ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് (JPHN) നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ (PHC) അത്തരം ഒരു ദിവസം നല്‍കുന്ന പ്രതിരോധ കുത്തിവെപ്പിന്റെ എണ്ണം 30 മുതല്‍ 60 വരെയാണ്. താലൂക്ക് ആശുപത്രികളില്‍ ഇത് 100 മുതല്‍ 120 വരെ ഉണ്ടാകാം.
എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന കോവിഡ് വാക്‌സിനേഷന്‍ മെഗാക്യാമ്പുകളില്‍ ശരാശരി ഇതിന്റെ മൂന്നോ നാലോ ഇരട്ടി വാക്‌സിനാണ് ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നെഴ്‌സ് ഒരു ദിവസം നല്‍കേണ്ടി വരുന്നത്. അതായത് 300 മുതല്‍ 400 വരെ കുത്തിവെയ്പ്പുകള്‍. ചിലപ്പോഴത് 500 വരെ പോയെന്നും വരും.
ഇത് ഒരു JPHN സ്വയം തീരുമാനിച്ചു നല്‍കുന്നതല്ല. അവര്‍ അതിന് നിര്‍ബന്ധിതരായി തീരുന്നതാണ്.
1000 - 1500 ഡോസ് വാക്‌സിന്‍ ഒരു പഞ്ചായത്തില്‍ ഒറ്റദിവസം കൊണ്ട് തീര്‍ക്കാന്‍ മുകളില്‍ നിന്ന് ഉത്തരവ് വരുമ്പോള്‍, കോവിഡ് ബാധിച്ച് മരണമടയാതിരിക്കാനുള്ള ഏകമാര്‍ഗ്ഗം വാക്‌സിനേഷന്‍ മാത്രമാണെന്ന് വിദഗ്ദ്ധന്മാര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍, രോഗഭയത്തില്‍നിന്ന് രക്ഷ നേടാന്‍ ക്യാമ്പ് സൈറ്റുകളില്‍ വലിയ ആള്‍ക്കൂട്ടം രാത്രിയിലും പകലും വാക്‌സിനേഷനായി കാത്തു നില്‍ക്കുമ്പോള്‍, സര്‍ക്കാരും പഞ്ചായത്ത് മുനിസിപ്പാലിറ്റി ഭരണകര്‍ത്താക്കളും വലിയ ടാര്‍ജറ്റുകള്‍ക്ക് വേണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സുമാര്‍ക്കും ആരോഗ്യവകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ക്കും പ്രൈമറി കെയര്‍ ഡോക്ടര്‍മാര്‍ക്കും ഇതല്ലാതെ വേറെ വഴിയില്ല.
സിറിഞ്ച് ശരിയായ ദിശയില്‍ പിടിച്ചു നോക്കിയില്ലെങ്കില്‍ നിറയുന്ന വാക്‌സിന്റെ അളവ് ശരിയാകണമെന്നില്ല.
Parallaxഎന്ന പ്രതിഭാസത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത് മനസ്സിലാകും. 0.4 മില്ലിയോ അതില്‍ താഴെയോ 0.5 മി.ലി ആയി തോന്നും.
കുത്തിവെയ്പ്പിന്റെ എണ്ണവും വേഗതയും 6 ഇരട്ടിയായും 8 ഇരട്ടിയായും കൂടുമ്പോള്‍ വാക്‌സിനേഷന്‍ പ്രക്രിയയുടെ സൂക്ഷ്മത തകരാറിലാവും
കോവിഡ് രോഗപകര്‍ച്ചയുടെ അസാധാരണമായ സാഹചര്യങ്ങളില്‍, ഒരു നഴ്‌സ് ഇരട്ടിയോളം കുത്തിവെയ്പ്പുകള്‍ ഒരു ദിവസം നല്‍കേണ്ടി വരുന്നത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നല്‍കി വരുന്ന രീതിയില്‍ മൂന്നിരട്ടിയും നാലിരട്ടിയും കുത്തിവെയ്പ്പുകള്‍ ചെയ്യേണ്ടി വരുന്നതിനെ അസാധാരണം എന്നല്ല വിളിക്കാന്‍ തോന്നുന്നത്. തോന്ന്യാസം എന്നാണ്. ഇത് വൈദ്യശാസ്ത്രത്തിന്റെ വിലക്ഷണ പ്രയോഗമാണ്.
അങ്ങനെയെങ്കില്‍, ഒരു ദിവസം 800 ലധികം കുത്തിവെയ്പ്പുകള്‍ നല്‍കേണ്ടിവന്ന സാഹചര്യത്തെ നാം എങ്ങനെ വിശേഷിപ്പിക്കും? സാധാരണ ദിവസങ്ങളില്‍ 4 മുതല്‍ 5 മണിക്കൂര്‍ വരെ ചെയ്യുന്ന ജോലി കോവിഡ് വാക്‌സിനേഷന്‍ സൈറ്റില്‍ ഒരു നഴ്‌സ് ഒരു മണിക്കൂര്‍ കൊണ്ട് ചെയ്യേണ്ടിവരും.
എട്ടു മണിക്കൂര്‍ കൊണ്ട് എണ്ണൂറിലധികം കുത്തിവെയ്പ്പുകള്‍ നല്‍കണമെങ്കില്‍ ഒരു മിനിറ്റില്‍ 2 കുത്തിവെയ്പ്പ് എന്ന നിരക്കില്‍ ഇടതടവില്ലാതെ പണിയെടുക്കണം. അതായത് 10 മിനിറ്റില്‍ 17-20 കുത്തിവെയ്പ്പുകള്‍. ഒരു കുത്തിവെയപ്പ് നല്‍കാന്‍ വേണ്ടിവരുന്ന സമയം 30 സെക്കന്റില്‍ താഴെ മാത്രം.
ഇത് സാധ്യമാകണമെങ്കില്‍,
(1) ഒരു പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കുത്തിവെയ്ക്കാനുള്ള വാക്‌സിന്‍ സിറിഞ്ചുകളില്‍ നേരത്തേ എടുത്ത് തയ്യാറാക്കി വെക്കണം. ആളുകള്‍ വന്നു മുന്നിലിരിക്കുമ്പോള്‍ നിറച്ചുവെച്ച സിറിഞ്ച് ഓരോന്നെടുത്ത് കുത്തണം.
(2) രണ്ടോ മൂന്നോ ജീവനക്കാര്‍ സിറിഞ്ചില്‍ മരുന്ന് നിറച്ചു കൊണ്ടിരിക്കണം. ആളുകള്‍ വന്ന് മുന്നിലിരിക്കുമ്പോള്‍ നഴ്‌സ് ഓരോന്നായി എടുത്ത് കുത്തിവെയ്ക്കണം.
(3) പബ്ലിക് നേഴ്‌സിനെ സഹായിക്കാന്‍ ആരുമില്ലെങ്കില്‍ 30 സെക്കന്‍ഡിനുള്ളില്‍ അതിവേഗം അവര്‍ സിറിഞ്ചില്‍ വാക്‌സിന്‍ നിറയ്ക്കുകയും കുത്തിവെയ്പ്പ് നല്‍കുകയും വേണം.
ഇതില്‍ ഏതാണ് ഇപ്പോള്‍ നടന്നു വരുന്നത്?
ഒന്നാമത്തെ രീതിയാണെങ്കില്‍ വാക്‌സിനേഷന്‍ നല്‍കിയ സ്ഥലത്ത് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുത്തിയ സ്ഥലത്ത് വേദന, നീര്, കല്ലിപ്പ് എന്നിവ ഉണ്ടാവും.
രണ്ടാമത്തേത് കുഴപ്പമില്ലാത്ത മാര്‍ഗമാണെന്ന് പറയാം. സിറിഞ്ചില്‍ വാക്‌സിന് അളവ് കൃത്യമായിരിക്കും. അണുബാധയുണ്ടാകാനുള്ള സാധ്യത കുറവുമാണ്.
മൂന്നാമത്തെ മാര്‍ഗ്ഗം പ്രശ്‌നഭരിതമാണ്
എന്തെന്നാല്‍, 10 പേര്‍ക്കുള്ള വാക്‌സിന്‍ അടങ്ങിയ ഒരു കുപ്പിയില്‍ നിന്ന് സിറിഞ്ചിലേക്ക് 0.5 മില്ലി ലിറ്റര്‍ കോവിഡ് വാക്‌സിനാണ് നിറയ്‌ക്കേണ്ടത്. സിറിഞ്ച് ശരിയായ ദിശയില്‍ പിടിച്ചു നോക്കിയില്ലെങ്കില്‍ നിറയുന്ന വാക്‌സിന്റെ അളവ് ശരിയാകണമെന്നില്ല. Parallax എന്ന പ്രതിഭാസത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത് മനസ്സിലാകും. 0.4 മില്ലിയോ അതില്‍ താഴെയോ 0.5 മില്ലി ആയി തോന്നും.
അതായത്, കുത്തിവെയ്ക്കുന്ന വാക്‌സിന്റെ ഡോസില്‍ വ്യത്യാസമുണ്ടാവും. ഡോസ് കുറയും. കുത്തിവെയ്പ്പിന്റെ എണ്ണവും വേഗതയും 6 ഇരട്ടിയായും 8 ഇരട്ടിയായും കൂടുമ്പോള്‍ വാക്‌സിനേഷന്‍ പ്രക്രിയയുടെ സൂക്ഷ്മത തകരാറിലാവും എന്നാണ് ഇതിന്റെ അര്‍ത്ഥം. കുത്തിവെയ്പ്പിന്റെ വേഗത 8 ഇരട്ടിയാകുമ്പോള്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്ന് വിചാരിക്കരുത്. ഒരു നെഴ്‌നിന് സാധ്യമാകുന്നതില്‍ കൂടുതല്‍ വേഗതയില്‍ കുത്തിവെയ്‌ക്കേണ്ടി വരുമ്പോള്‍ കുത്തിവെയ്പ്പ് എന്ന പ്രക്രീയയുടെ മേന്മ ആനുപാതികമായി കുറയും. കുത്തിവെയ്ക്കുന്ന വാക്‌സിന്റെ അളവ് കുറയും. ഇന്നത്തെ സാഹചര്യത്തില്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

വാക്‌സിന്‍ വെയ്‌സ്റ്റേജും അധിക ഡോസും
കേരളത്തിന് ലഭിച്ച 73 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ 74 ലക്ഷം ജനങ്ങള്‍ക്ക് നല്‍കി എന്ന ഒരു വാര്‍ത്ത കുറച്ചുനാള്‍ മുമ്പ് എല്ലാവരും വായിച്ചിരിക്കുമല്ലോ. അതായത് കിട്ടിയതിനേക്കാള്‍ ഒരു ലക്ഷത്തോളം ഡോസ് അധികം നല്‍കി. വാക്‌സിന്‍ വേയ്‌സ്റ്റേജ് ഇല്ലാതെ വാക്‌സിനേഷന്‍ നല്‍കാന്‍ കഴിവുള്ള നമ്മുടെ JPHN മാരുടെ മിടുക്കു കൊണ്ടാണ് ഇത് സാധ്യമായത് എന്നാണ് വിലയിരുത്തപ്പെട്ടത്. ഇന്നും ഇത് തുടരുന്നു. എല്ലാവരും അങ്ങനെ തന്നെ കരുതുന്നു. അങ്ങനെ കരുതുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല. തിയറി മാത്രം നോക്കിയാല്‍ കാര്യം ശരിയാണ്.
മാത്രമല്ല, കേരളത്തിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സുമാരുടെ കഴിവില്‍ സംശയിക്കേണ്ട കാര്യവുമില്ല. വാക്‌സിന്‍ നഷ്ടപ്പെടുത്താതെ രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഇമ്മ്യൂണൈസേഷന്‍ നല്‍കാന്‍ കഴിയുന്നവരാണ് അവര്‍. എന്നാല്‍ ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കുമ്പോള്‍ വാക്‌സിന്‍ വേയ്‌സ്റ്റേജിനെക്കുറിച്ച് ചില കാര്യങ്ങള്‍ നാം മനസിലാക്കേണ്ടതുണ്ട്.
ഒരു കൊവിഡ് വാക്‌സിന്‍ കുപ്പിയില്‍ 5 മില്ലി ലിറ്റര്‍ വാക്‌സിനാണ് ഉള്ളത്. 0.5 മില്ലി വീതം 10 പേര്‍ക്ക് കൊടുക്കാനുള്ള വാക്‌സിന്‍. കൃത്യമായി 10 പേര്‍ക്ക് 0.5 മി.ല്ലി വാക്‌സിന്‍ കിട്ടാന്‍ തക്കവണ്ണം അല്പം അധികം വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അതില്‍ ചേര്‍ക്കാറുണ്ട്. ഉദാഹരണമായി ഒരു ഡോസില്‍ 0.56 0.58 മി.ലി വരുന്ന വിധത്തില്‍ അല്പമാത്രമായ അധിക വാക്‌സിന്‍. ഈ അധിക 0.06 0.08 മി.ലി കുത്തുന്ന സൂചിക്കുള്ളിലും സിറിഞ്ചിന്റെ ഉള്ളിലും, കുത്തിവെയ്പ്പിന് ശേഷം അവശേഷിക്കുന്ന വാക്‌സിനാണ്. സിറിഞ്ചിനുള്ളിലും സൂചിയിലുമുള്ള 'ഡെഡ് സ്‌പേസ്' എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് കുത്തുന്നയാളിന്റെ ശരീരത്തിലേക്ക് പോകുന്നില്ല. ചുരുക്കത്തില്‍ ഒരു വാക്‌സിന്‍ കുപ്പിയില്‍ നിന്ന് 10 പേര്‍ക്കാണ് കുത്തിവെയ്പ്പ് നല്‍കാന്‍ കഴിയുന്നത്.
പക്ഷേ പ്രായോഗികമായി, അത് 8 അല്ലെങ്കില്‍ 9 പേര്‍ക്ക് നല്‍കിയാല്‍ മതിയാകും. വാക്‌സിന്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുമ്പോഴും കുപ്പിയില്‍ നിന്ന് സിറിഞ്ചില്‍ നിറയ്ക്കുമ്പോഴും കുത്തിവെയ്ക്കുമ്പോഴും ഉണ്ടാകാവുന്ന നഷ്ടം നോക്കിയാണ് ഇങ്ങനെ ഒരു കണക്കിലെത്തുന്നത്. അതായത്, ഒരു കുപ്പിയില്‍ നിന്ന് 8-9 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ ആ വാക്‌സിനേഷന്‍ സെഷന്‍ പൂര്‍ണ്ണവിജയമായി കണക്കാക്കാം, 10 ല്‍ 1-2 ഡോസ് വേസ്റ്റ് അനുവദനീയമാണ്. കുത്തിവെപ്പ് നല്‍കുന്ന നെഴ്‌സ് മികച്ച സ്‌കില്ലുള്ള ആളാണെങ്കില്‍ ഈ വേസ്റ്റേജ് ഒഴിവാക്കാന്‍ കഴിയും. ലഭ്യമായ വാക്‌സിന്‍, 10 ഡോസ് 10 പേര്‍ക്കും നല്‍കാന്‍ കഴിഞ്ഞെന്ന് വരാം. പക്ഷെ ഇപ്പോഴത്തെ അതിവേഗ വാക്‌സിനെഷന്‍ രീതിയില്‍ അത് ബുദ്ധിമുട്ടാണ്.
ഇനി നാം AD (Auto-Disable) സിറിഞ്ചുകളുടെ കാര്യം കൂടി അറിയണം. 'ഡെഡ് സ്‌പേസ്' കുറഞ്ഞ സിറിഞ്ചുകളാണ് അവ. കൊവിഡ് വാക്‌സിനേഷനില്‍ ഈ സിറിഞ്ച് ഉപയോഗിക്കുന്നതിലൂടെ ഒരു കുപ്പിയില്‍ നിന്ന് 11 മുതല്‍ 13 പേര്‍ക്ക് കുത്തിവെയ്പ്പ് നല്കാനാവുമെന്നാണ് വിദഗ്ധന്മാരുടെ അവകാശവാദം. സാങ്കേതികമായി ഇത് ശരിയാണ്. ലാപ്‌ടോപ്പിന്റെ മുന്നിലിരുന്ന് ഓരോ തുള്ളി വാക്‌സിന്‍ വീതം ഹരിച്ചുഗുണിച്ചു നോക്കുമ്പോള്‍ അങ്ങനെ തോന്നും. യഥാര്‍ത്ഥചിത്രം മനസിലാക്കാന്‍ നാം ഫീല്‍ഡിലേക്ക് ചെല്ലുക തന്നെ വേണം.
നല്ല മിടുക്കുള്ള ഒരു JPHN ന് അല്പം തഞ്ചം കൊടുത്താല്‍ AD സിറിഞ്ച് ഉപയോഗിച്ച് ഒരു കുപ്പിയിലെ 10 ഡോസ്, വെയ്‌സ്റ്റേജ് ഇല്ലാതെ 10 പേര്‍ക്കും നല്‍കിയെന്ന് വരും. അവര്‍ക്ക് അല്പം കൂടി സമയം കൊടുക്കുമെങ്കില്‍ അത് 11 പേര്‍ക്ക് അവര്‍ കുത്തിവെയ്ക്കുന്നതും കാണാന്‍ കഴിഞ്ഞേക്കാം. പക്ഷെ രണ്ട് ഇരട്ടിയും മൂന്നിരട്ടിയും കുത്തിവെയ്പ്പുകള്‍ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാവുമ്പോള്‍ അത് സാധ്യമാകില്ല. മാത്രമല്ല, എല്ലാ വാക്‌സിന്‍ കുപ്പിയില്‍ നിന്നും എല്ലാ JPHN മാര്‍ക്കും 11 ഉം 13 ഉം ഡോസുകള്‍ നല്‍ക്കാന്‍ കഴിയും എന്നത് അസംഭവ്യമായ ഒരു കാര്യമാണ്. അത്തരം അവകാശവാദങ്ങള്‍ അനുഭവജ്ഞാനമില്ലായ്മയില്‍ നിന്നും ഉണ്ടാവുന്നതാണ്.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ വാര്‍ത്തകളില്‍ പറയുന്ന അധിക ഡോസ് എങ്ങനെയുണ്ടായ അധിക ഡോസാണ്? യഥാര്‍ത്ഥത്തില്‍ അത് കുപ്പിയിലുള്ള അധിക വാക്‌സിനാണോ? കുത്തിവെയ്ക്കുന്നയാളിന്റെ മിടുക്കുകൊണ്ടുണ്ടാകുന്ന അധിക ഡോസാണോ? അതോ വാക്‌സിന്‍ കുറഞ്ഞ അളവില്‍ കുത്തിവെയ്ക്കുമ്പോള്‍ ബാക്കിവരുന്ന വാക്‌സിനെ അധിക ഡോസായി തെറ്റിദ്ധരിക്കുന്നതാണോ?
ഈ ചോദ്യത്തിന്റെ ഉത്തരം കൊവിഡ് പ്രതിരോധ സംവിധാനത്തിലെ മേലധികാരികളോ, വിടഗ്ദ്ധന്മാരോ, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരോ, കോവിഡ് പ്രതിരോധ തത്പരരായ ഏതെങ്കിലും പത്ര റിപ്പോര്‍ട്ടര്‍മാരോ അന്വേഷിച്ചതായി അറിയില്ല. ഈ സാഹചര്യത്തില്‍, എല്ലാവര്‍ക്കും ശരിയായ അളവില്‍ തന്നെ കൊവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടാവുമോ എന്നൊരാള്‍ സംശയം പ്രകടിപ്പിച്ചാല്‍ ശരിയായ ഉത്തരം പറയാന്‍ കഴിയില്ല.

കോള്‍ഡ് ചെയിന്‍ എന്ന രക്ഷാകവചം
കോവിഡ് വാക്‌സിന്‍ ഫ്രീസു ചെയ്യപ്പെട്ട വാര്‍ത്തയെ മിക്കവരും ലാഘവത്തോടെയാണ് സമീപിച്ചത്. ഫേസ്ബുക്കിലെ ചില പോസ്റ്റുകളില്‍ മാത്രമായി ഈ സംഭവം അവസാനിച്ചു. നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്. വാക്‌സിന്‍ എന്തുകൊണ്ട് ഫ്രീസ് ചെയ്യപ്പെട്ടു? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിനു പകരം ജീവനക്കാരില്‍ നിന്ന് നഷ്ടമായ വാക്‌സിന്റെ പണം ഈടാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. ഒരു പക്ഷെ അന്വേഷങ്ങള്‍ ഉണ്ടായിരിക്കണം.
നമ്മുടെ ആരോഗ്യ വകുപ്പിന്റെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് റുട്ടീന്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം. ഏതാണ്ട് ഒരു ഡസനോളം വാക്‌സിനുകള്‍ മാരകമായ വിവിധതരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യവകുപ്പ് പതിവായി കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നല്‍കിവരുന്നു. ഇതിനായി വലിയ ഒരു സംവിധാനം തന്നെ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം കോള്‍ഡ് ചെയിനാണ്.
വാക്‌സിനുകളുടെ പൊട്ടന്‍സി അഥവാ പ്രവര്‍ത്തനക്ഷമത ഗുണപരമായി നിലനിര്‍ത്താന്‍ പ്രത്യേക ഊഷ്മാവുകളില്‍ അവ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പിന് സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വലിയൊരു ശീതീകരണ ശൃംഖലയുണ്ട്. ഇതിനെയാണ് കോള്‍ഡ് ചെയിന്‍ എന്ന് വിളിക്കുന്നത്. വാക്‌സിന്‍ നമ്മുടെ രക്ഷാകവചമാണെങ്കില്‍ വാക്‌സിന്റെ രക്ഷാകവചമാണ് കോള്‍ഡ് ചെയിന്‍. വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന സ്ഥലം മുതല്‍ അവ വിതരണം ചെയ്യുന്ന ഏറ്റവും താഴെ തട്ടിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ വരെ നീണ്ടുകിടക്കുന്ന വലുതും ചെറുതുമായ ശീതീകരണ സംഭരണികള്‍, റഫ്രിജറേറ്റര്‍ സംവിധാനങ്ങള്‍, ഐസ് പാക്ക് അറകള്‍ എന്നിവയൊക്കെ അടങ്ങുന്ന വലിയൊരു നെറ്റ്വര്‍ക്ക് സംവിധാനമാണിത്. കൃത്യമായ താപനില 24 മണിക്കൂറും 365 ദിവസവും നിലനിറുത്തുന്ന ഈ ശീതീകരണികള്‍ക്കുള്ളില്‍ വാക്‌സിനുകള്‍ കേടുകൂടാതെ ഇരിക്കുന്നു.
രാജ്യത്തെ ഏറ്റവും മികച്ച വാക്‌സിന്‍ ശീതീകരണ ശൃംഖലയാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. വര്‍ഷങ്ങളിലൂടെയാണ് അത് ഇന്നത്തെ നിലയില്‍ എത്തിയത്. നമ്മുടെ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം വലിയ വിജയമായി തീര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണം ഈ കോള്‍ഡ് ചെയിന്‍ സംവിധാനമാണ്. ഇതിന്റെ ഫലമായി വാക്‌സിനുകള്‍ ഒട്ടും ഗുണം നഷ്ടപ്പെടാതെ ജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് സാധിച്ചു.
എന്നാല്‍, ഈ സംവിധാനവും അത് സംബന്ധിച്ചുള്ള പരിശീലനവും കോവിഡ് വാക്‌സിനേഷന്‍ കാലത്ത് കാര്യക്ഷമമായി പരിപാലിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് വാക്‌സിന്‍ ഫ്രീസ് ചെയ്ത സംഭവം ഉയര്‍ത്തുന്നത്.
വാക്‌സിന് സൂക്ഷിക്കുന്ന ശീതീകരണികളിലെ ഊഷ്മാവ് ദിവസം രണ്ട് തവണ അളന്ന് രേഖപ്പെടുത്തി വെക്കണം എന്നതാണ് പ്രോട്ടോകോള്‍. അതിന് പ്രത്യേക പബ്ലിക് ഹെല്‍ത്ത് സ്റ്റാഫിനെ നിയോഗിച്ചിരിക്കും. എന്നാല്‍, മുഴുവന്‍ പൊതുജനാരോഗ്യ സ്റ്റാഫിനെയും പ്രൈമറി കെയര്‍ ഡോക്ടര്‍മാരേയും സകലവിധ ആരോഗ്യ സന്നാഹങ്ങളെയും 24 മണിക്കൂറും കോവിഡ് വാക്‌സിനേഷന്‍ എന്ന ഒരൊറ്റ കാര്യത്തിലേക്ക് മാത്രമായി കേന്ദ്രീകരിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വാക്‌സിന്‍ സുരക്ഷ ഉള്‍പ്പെടെയുള്ള പതിവു കാര്യങ്ങള്‍ മുറതെറ്റാതെ നടന്നു പോകുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ട വിഷയമാണ്.
ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ ഇപ്പോള്‍ ചെയ്യുന്ന പ്രധാന പണി എന്താണ്? രാവിലെ മുതല്‍ വൈകുന്നേരം വരെ നീളുന്ന വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കല്‍, രാത്രി വൈകുവോളം അന്നത്തെ വാക്‌സിനേഷന്‍ കണക്ക് ദേശീയ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യല്‍, പിറ്റേന്ന് വാക്‌സിന്‍ നല്‍കേണ്ടവരെ വിവരമറിയിക്കല്‍, കൊവിഡ് ബാധിതരുടെയും ബന്ധുക്കളുടെയും നിരന്തരമായ ചോദ്യങ്ങള്‍ക്ക് ഫോണ്‍ വഴിയും വാട്‌സാപ്പ് വഴിയും മറുപടി നല്‍കല്‍. ഒരു ദിവസത്തിന്റെ ഏതാണ്ട് മുഴുവന്‍ സമയവും വാക്‌സിനേഷന്റെ പിന്നാലെ പ്രവര്‍ത്തനനിരതരായി കഴിയുന്നതിനിടയില്‍ ദൈനംദിന പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഭംഗം വരാതെ നടത്തിക്കൊണ്ട് പോകാന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ എന്ന വിഷയവും പരിശോധിക്കേണ്ടതാണ്. വാക്‌സിനേഷന്‍ പ്രക്രിയയുടെ ഗുണമേന്മയേക്കാള്‍ കുത്തിവെയ്പ്പിന്റെ എണ്ണവും വേഗതയും കാര്യക്ഷമതയുടെ പ്രതീകമായി തീരുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമായി തീരുന്നു. പക്ഷെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയല്ലാതെ അവരുടെ പ്രശ്‌നങ്ങള്‍ അറിയാനും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആരെങ്കിലും ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
ഇത് കോള്‍ഡ് ചെയിന്‍ പരിപാലനത്തെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതാണ്. രാവിലെ മുതല്‍ തുടങ്ങുന്ന മെഗാവാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ഊഷ്മാവില്‍ വ്യത്യാസമില്ലാതെയും ഐസ് പാക്കുകളില്‍ ഫ്രീസ് ചെയ്യപ്പെടാതെയും കോവിഡ് വാക്‌സിന്‍ സുരക്ഷിതമായി കഴിയുന്നുണ്ടാവണം എന്ന് വിശ്വസിക്കാനേ തരമുള്ളൂ.

വാക്‌സിനേഷന്‍ വെറുമൊരു കുത്തിവെപ്പല്ല
ഈ രണ്ട് സംഭവങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. സപ്പോര്‍ട്ടീവ് സൂപ്പര്‍വിഷന്‍ എന്നത് കുറ്റം കണ്ടെത്തി ശിക്ഷിക്കാനുള്ള ഏര്‍പ്പാടല്ല. പണിയെടുക്കുന്നവരുടെ ബുദ്ധിമുട്ടുകളും പരിമിതികളും ഫീല്‍ഡില്‍ ചെന്ന് മനസ്സിലാക്കി അവരുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ തക്കവണ്ണം സാഹചര്യം ഒരുക്കിക്കൊടുക്കലും തുടര്‍ച്ചയായ പരിശീലനവും നൈപുണ്യം വികസിപ്പിക്കലുമാണ്.
വ്യക്തികളെ രോഗബാധയില്‍ നിന്ന് തടയുക എന്നത് മാത്രമല്ല ഒരു വാക്‌സിനേഷന്‍ പരിപാടിയുടെ ലക്ഷ്യം. രോഗാണുവിന്റെ വളര്‍ച്ചയും പകര്‍ച്ചയും തടയാന്‍ കഴിയും വിധം പ്രതിരോധത്തിന്റെ ഒരു കവചം സമൂഹത്തിന് ചുറ്റും സൃഷ്ടിക്കുക എന്നതാണ്. ഇതിനെയാണ് ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹ്യരോഗപ്രതിരോധം എന്ന് പറയുന്നത്. അത് സാധ്യമാകണമെങ്കില്‍ വ്യക്തമായ ആസൂത്രണത്തോടെ വാക്‌സിനേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളും കൊവിഡ് വാക്‌സിനേഷന്‍ പരിപാടിയും നിയന്ത്രിക്കുന്നതും നടപ്പിലാക്കുന്നതും, മുഖ്യമന്തി, ആരോഗ്യവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അനുബന്ധവകുപ്പുകളുടെ മന്ത്രിമാര്‍, അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, അവര്‍ക്ക് താഴെയുള്ള മറ്റു സെക്രട്ടറിമാര്‍, മിഷന്‍ ഡയറക്ടര്‍മാര്‍, കൊവിഡ് വിദഗ്ധസമിതിയിലെ പ്രഗല്ഭന്മാര്‍ എന്നിവര്‍ മുകളിലും ഡിസ്ട്രികറ്റ് കളക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ കര്‍ത്താക്കള്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ താഴെയുമുള്ള അതിവിശാലവും ഗംഭീരവുമായ ഒരു സംവിധാനമാണ് എന്നതുകൊണ്ട് മാത്രം നമ്മുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ മികച്ചതും കുറ്റമറ്റതുമായിത്തീരില്ല. ഈ സംവിധാനം ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്, എന്താണ് അതിന്റെ നയസമീപനം, പൊതുജനാരോഗ്യ തത്വങ്ങളോട് അത് എത്രമാത്രം പ്രതിബദ്ധത പുലര്‍ത്തുന്നു എന്നീ കാര്യങ്ങളാണ് പ്രധാനം.
ഈ വാക്‌സിനേഷന്‍ കാമ്പയിന് ചുക്കാന്‍ പിടിക്കുന്നത് രാജ്യത്തെ ഏറ്റവും മികച്ച നമ്മുടെ സംസ്ഥാനത്തെ ആരോഗ്യ വകുപ്പാണ്. എത്രയോ വമ്പന്‍ വാക്‌സിനേഷന്‍ പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്ത് വിജയിപ്പിച്ച അതെ ടീം തന്നെയാണ്. അതേ ഡി.എം.ഒ മാരും, പ്രോഗ്രാം ഓഫീസര്‍മാരും ഡോക്ടര്‍മാരും ഫീല്‍ഡ് സ്റ്റാഫുമാണ്. അതുകൊണ്ട് മാത്രം അവര്‍ ഇപ്പോള്‍ ചെയ്യുന്ന കൊവിഡ് വാക്‌സിനേഷന്‍ പരിപാടി കുറ്റമറ്റതായി തീരില്ല. അവര്‍ എങ്ങനെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്, അല്ലെങ്കില്‍ എങ്ങനെയാണ് അവരോട് കാര്യങ്ങള്‍ ചെയ്യാന്‍ മുകളിലുള്ളവര്‍ നിര്‍ദ്ദേശിക്കുന്നത് എന്നതാണ് പ്രധാനം.
ഇത്രയും സൗകര്യങ്ങളും സാങ്കേതികതയും ഇല്ലാതിരുന്ന കാലത്ത് വീടുവീടാന്തരം കയറിയിറങ്ങി വസൂരി വാക്‌സിനേഷന്‍ കൊടുത്തിരുന്ന പഴയ 'അച്ചുകുത്ത് പിള്ള'മാരെ ചിലരെങ്കിലും ഇന്നും ഓര്‍ക്കുന്നുണ്ടാവും. അവരൊക്കെ വളരെ ചെറിയ മനുഷ്യരായിരുന്നു. കൊറോണയേക്കാള്‍ ഭീകരന്മാരായ രോഗാണുക്കള്‍ക്കെതിരെ ആ ചെറിയ മനുഷ്യര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് അവര്‍ പൊതുജനാരോഗ്യ തത്വങ്ങളെ മുറുകെപ്പിടിച്ചത് കൊണ്ടാണ്. അവരെപ്പോലെയുള്ള അനേകായിരങ്ങളുടെ വിയര്‍പ്പാണ് കേരള മോഡല്‍.
ഈ പരിപ്രേക്ഷത്തില്‍ കൊവിഡ് വാക്‌സിനേഷനെ മാത്രമല്ല, നമ്മുടെ മുഴുവന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
വാക്‌സിനേഷന്‍ പ്രക്രിയയില്‍ മാറ്റം വരേണ്ടതില്ലേ
വാക്‌സിന്‍ മികച്ചതാണെന്നതോ, മറ്റു സ്ഥലങ്ങളില്‍ അത് നല്ല രീതിയില്‍ ഫലം ചെയ്തു എന്നതോ മാത്രമല്ല ഒരു വാക്‌സിനേഷന്‍ പരിപാടിയുടെ ഗുണമേന്മയെ നിശ്ചയിക്കുന്നത്. വാക്‌സിനേഷന്‍ പ്രോഗ്രാം എങ്ങനെ ആസൂത്രണം ചെയ്യപ്പെടുന്നു, വാക്‌സിന്‍ എങ്ങനെ സൂക്ഷിക്കുന്നു, എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു, എങ്ങനെ കുത്തിവെയ്ക്കുന്നു, പാര്‍ശ്വഫലങ്ങള്‍ എങ്ങനെ നിരീക്ഷിക്കപ്പെടുന്നു, എങ്ങനെ ഇവയെല്ലാം രേഖപ്പെടുത്തി വെയ്ക്കുന്നു, എത്രമാത്രം സുതാര്യമായി ഈ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഒരു വാക്‌സിനേഷന്‍ പരിപാടിയുടെ ഗുണമേന്മയെ നിര്‍ണ്ണയിക്കുന്നത്.
ഇതൊക്കെ നന്നായി അറിയുന്നവരും നന്നായി ചെയ്യാന്‍ കഴിയുന്നവരുമാണ് നമ്മുടെ ആരോഗ്യവകുപ്പിലുള്ളവര്‍ എന്ന് പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ടുതന്നെ പറയട്ടെ, നമ്മുടെ കോവിഡ് വാക്‌സിനേഷന്‍ പരിപാടിയുടെ ഗുണമേന്മയില്‍ സംശയമുണ്ട് എന്നൊരാള്‍ പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. വ്യാപകമായ വാക്‌സിനേഷന് ശേഷവും രോഗപകര്‍ച്ച കുറയാത്തതും വലിയ തോതില്‍ ബ്രേക്ക്ത്രൂ അണുബാധ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്നത്തെ സഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇനി ബ്രിട്ടന്റെ നടപടിയിലേക്ക് തിരിച്ചുവരാം. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നടപടി വംശവിവേചനമാണെ ങ്കില്‍പ്പോലും അതിലൊരു കാര്യമുണ്ട് എന്നാണ് ഈയവസരത്തില്‍ നാം മനസിലാക്കേണ്ടത്. ബ്രിട്ടീഷ് വംശവിവേചനത്തിനെതിരെ പ്രതിഷേധം തുടരുമ്പോഴും നമ്മുടെ കൊവിഡ് വാക്‌സിനേഷന്‍ പരിപാടിയെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നാം മടിക്കേണ്ടതില്ല.
അതുകൊണ്ട് കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിയോട് പറയാനുള്ളത്
1. കേരളത്തിലെ കോവിഡ് വാക്‌സിനേഷന്‍ പരിപാടിയെ അടിയന്തിരമായി സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം.
2. അതിലെ കുറവുകളും പരിമിതികളും കണ്ടെത്തി പരിഹരിക്കണം.
3. അതിനായി ഈ മേഖലയില്‍ പരിചയസമ്പന്നരായ വിദഗ്ധന്മാരുടെ സഹായം തേടണം.
(നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സോഷ്യല്‍ ആന്റ് ബിഹേവിയര്‍ ചെയ്ഞ്ച് കമ്മ്യൂണിക്കേഷന്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജ്ജായിരുന്നു ലേഖകന്‍)