"40 മിനുട്ട് രക്ഷാപ്രവർത്തനത്തിന് പിന്നിൽ ആർമിയിലെ 400 മണിക്കൂർ പ്രാക്ടീസിന്റെ അധ്വാനമുണ്ട്"


നിലീന അത്തോളി

6 min read
Read later
Print
Share

"സംഘര്‍ഷങ്ങളും ആക്രമണങ്ങളും മാത്രമല്ല പ്രകൃതി ക്ഷോഭങ്ങള്‍ പ്രളയം തുടങ്ങി പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാവുന്ന സന്ദര്‍ഭത്തില്‍ അവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. We protect the country and citizen by land, air or sea എന്നാണ് പറഞ്ഞിരിക്കുന്നത്. കടല്‍, ആകാശം , കര എന്നിങ്ങനെ എവിടെ വെച്ചുള്ള പ്രതിസന്ധിയെ തരണം ചെയ്യലും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. "

1. മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ അടുത്തെത്തിയ സൈനികൻ വെള്ളം നൽകുന്നു. പാലക്കാട് സ്വദേശി സൂരജ് നാഥ് ഡ്രോണിൽ പകർത്തിയ ചിത്രം 2. ലഫ്. കേണൽ ഹേമന്ദ് രാജ്

പാലക്കാട്‌ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന് അവസാനഘട്ടത്തില്‍ നേതൃത്വം നല്‍കിയ കുനൂര്‍ വെല്ലിങ്ടണില്‍ റജിമെന്റ് സെന്ററിലെ ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജുമായി മാതൃഭൂമി ഡോട്ട്‌ കോം നടത്തിയ അഭിമുഖം.

എളുപ്പം പ്രാപ്യമാകുന്ന സ്ഥലത്തെ സൈന്യം എന്ന നിലയിലാണോ കുനൂര്‍ വെല്ലിങ്ടണ്‍ റജിമെന്റിലെ സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി വിളിച്ചത്. ഇത്തരം രക്ഷാപ്രവര്‍ത്തനത്തിന് ഏത് റജിമെന്റിനെ വിളിക്കണമെന്നതിന്റെ മാനദണ്ഡം എന്താണ്?

ഹ്യൂമന്‍ അസിസ്‌മെന്റ് ആന്‍ഡ് ഡിസാസ്റ്റര്‍ റിലീഫ് അഥവാ എച്ച്.എ.ഡി.ആര്‍. എന്ന ടോപിക് ഞങ്ങള്‍ക്കുണ്ട്. പ്രളയം വന്നാല്‍, ഉരുള്‍പൊട്ടല്‍ വന്നാല്‍, മലമുകളിലെ അപകടം തുടങ്ങിയവ വന്നാല്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം ചെയ്യണം എന്നതിനൊക്കെ വ്യക്തമായ പ്ലാനിങ്ങ് ഞങ്ങള്‍ക്കുണ്ട്. കൊച്ചി മുതല്‍ കാസര്‍കോഡ് വരെയും തമിഴ്‌നാടും മദ്രാസ് റജിമെന്റിന്റെ ഭാഗമാണ്. അടിയന്തിര സാഹചര്യമുണ്ടായാല്‍ അവിടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തണമെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഏറ്റവും അടുത്തുള്ള, ക്വാളിഫൈഡ് ആയ ആളുകളെ എങ്ങനെ എത്തിക്കാം എന്നാണ് ആദ്യം നോക്കുന്നത്. മദ്രാസ് റജിമെന്റ് സെന്ററിലെ ഞങ്ങളുടെ ടീം പര്‍വ്വതാരോഹണത്തില്‍ ഹൈലി ക്വാളിഫൈഡ് ആണ്. എല്ലാവരും ഹൈ ആൾറ്റിറ്റിയൂഡ്‌ വാര്‍ഫെയര്‍ സ്‌കൂള്‍( HAWS- The High Altitude Warfare School (HAWS)- defence service training and research establishment of the Indian Army) ക്വാളിഫൈഡ് ആണ്. HAWS-ല്‍നിന്ന് കോഴ്‌സ് കഴിഞ്ഞ് ഉയര്‍ന്ന തലത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡിങ് ലഭിച്ചവർ ആണ് ടീമിലുള്ളത്. ഞങ്ങള്‍ക്കിവിടെ കുനൂറില്‍ മൗണ്ടനീയറിങ് പരിശീലനത്തിനായി കൃത്രിമ പാറമല തന്നെയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ക്ലൈമ്പിങ് ഉണ്ട്. ദിവസവും ഞങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Malampuzha rescue operations
ബാബുവിനെ മലമുകളിലെത്തിക്കുന്ന സെെന്യം | ചിത്രം: Screengrab - twitter.com/IaSouthern

കേരളത്തില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ മാത്രമല്ല പകരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും അവിടെ എത്തേണ്ട ഉത്തരവാദിത്വം മദ്രാസ് റജിമെന്റിനുണ്ടെന്ന് താങ്കള്‍ പറഞ്ഞല്ലോ. പട്ടാളം എന്ന് പറഞ്ഞാല്‍ യുദ്ധത്തിനു വേണ്ടി മാത്രമുള്ള വിഭാഗമാണെന്നും ഇതിനൊക്കെ പട്ടാളത്തെ വിളിക്കുന്നത് ശരിയല്ല എന്നും അതാ നാടിന്റെ കഴിവുകേടാണെന്നുമുള്ള കാഴ്ച്ചപ്പാട് ചിലയാളുകളെങ്കിലും സമൂഹത്തില്‍ വെച്ചു പുലര്‍ത്തുന്നുണ്ടെന്ന് തോന്നിയിട്ടില്ലേ?

എന്റെ ഭാര്യയെ പെണ്ണു കാണാന്‍ ചെന്നപ്പോൾ ആദ്യം എന്നോട് ചോദിച്ച ചോദ്യം നിങ്ങള്‍ക്ക് യുദ്ധത്തിനൊക്കെ പോവേണ്ടി വരുമോ എന്നാണ്. അത് വലിയ തെറ്റിദ്ധാരണയാണ്. ഇന്ത്യന്‍ മിലിട്ടറി അക്കാദമയില്‍നിന്ന് സത്യപ്രതിജ്ഞ കഴിഞ്ഞ് ഇറങ്ങിയവരാണ് ഞങ്ങള്‍, പട്ടാളക്കാര്‍. നാലു വര്‍ഷത്തെ ട്രെയിനിങ് കഴിഞ്ഞ് കമ്മീഷന്‍ഡ് ആകുന്ന ദിവസം പ്രതിജ്ഞ ചെയ്യുന്നുണ്ട് ഞങ്ങള്‍. ഈ രാജ്യത്തെയും ഈ രാജ്യത്തുള്ള എല്ലാ പൗരന്‍മാരെയും ഏത് വിധത്തിലുള്ള പ്രതിസന്ധി വന്നാലും, അത് പുറമെനിന്നുള്ള ആക്രമണം ആണെങ്കിലും ഉള്ളില്‍നിന്നുള്ള പ്രശ്നം ആണെങ്കിലും ഞങ്ങള്‍ രക്ഷിച്ചോളാം എന്നാണ് ആ പ്രതിജ്ഞ.

ഉള്ളില്‍നിന്നുള്ള പ്രശ്‌നങ്ങളെ എങ്ങനെയാണ് നിര്‍വ്വചിച്ചിരിക്കുന്നത്?

സംഘര്‍ഷങ്ങളും ആക്രമണങ്ങളും മാത്രമല്ല, പ്രകൃതി ക്ഷോഭങ്ങള്‍, പ്രളയം തുടങ്ങി പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാവുന്ന സന്ദര്‍ഭത്തില്‍ അവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. We protect the country and citizen by land, air or sea എന്നാണ് പറഞ്ഞിരിക്കുന്നത്. കടല്‍, ആകാശം , കര എന്നിങ്ങനെ എവിടെ വെച്ചുള്ള പ്രതിസന്ധിയെ തരണം ചെയ്യലും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ചെറ്റ്‌വുഡ്‌ മോട്ടോ (Chetwodmotto) എന്നൊന്നുണ്ട് ഞങ്ങള്‍ക്ക്. 'Safety , welfare and honour of your country comes first, always and everytime.The honour welfare and comfort of the men you command comes next.. Your own ease, comfort and safety comes last always and everytime' എന്നതാണ് ചെറ്റ്‌വുഡ്‌ മോട്ടോ. അത് കഴിഞ്ഞാണ് ഞങ്ങള്‍ ആര്‍മിയില്‍ കമ്മീഷന്‍ഡ് ആവുന്നത്.

ഒരു ദുരന്ത ഭൂമിയിലോ സംഘര്‍ഷ മേഖലയിലോ സംസ്ഥാനം അവരുടെ റിസോര്‍സസ് ഉപയോഗിച്ച് പരമാവധി ശ്രമം നടത്തി അത് പോര എന്ന തോന്നുമ്പോഴോ അല്ലെങ്കില്‍ വലിയ എക്‌സപര്‍ട്ടൈസ് ടീമിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുമ്പോഴല്ലേ പട്ടാളത്തിന്റെ സഹായം തേടുന്നത്. അല്ലാതെ ഒരു പ്രശ്‌നം ഉടലെടുക്കുമ്പോഴേക്കും പട്ടാളത്തെ വിളിക്കാന്‍ കഴിയില്ലല്ലോ?

ആണി അടിക്കുന്നത് ചുറ്റിക കൊണ്ടല്ലേ? അല്ലാതെ ജെ.സി.ബി. കൊണ്ട് അടിച്ചു കയറ്റില്ലല്ലോ. അതു പോലെ തന്നെ കൂര്‍മ്പാച്ചി മലയില്‍ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സ്റ്റേറ്റ് എല്ലാവിധ ശ്രമങ്ങളും നടത്തിയിരുന്നു. അതിനു കഴിയാതെ വന്നപ്പോഴാണ് ഞങ്ങളെ വിളിച്ചത്. ഓരോ ടീമിനും അവരുടേതായ പ്രത്യേകതകളുണ്ട്. മൗണ്ടനീയറിങ് മേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകളാണ് ഞങ്ങളുടെ ടീം. ബാബുവിനെ മുകളിലോട്ട് ലിഫ്റ്റ് ചെയ്ത നായക് ബാലകൃഷ്ണന്‍ താഴോട്ട് ഇറങ്ങി വന്നതും നിന്നതുമെല്ലാം നിങ്ങള്‍ കണ്ടതല്ലേ. അദ്ദേഹം അത്തരം കാര്യങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ആണ്. റോപ്പില്‍ തൂങ്ങിയുള്ള നില്‍പില്‍ വരെ എന്തൊരു കോണ്‍ഫിഡന്‍സ് ആയിരുന്നു അദ്ദേഹത്തിന്. രാത്രി മുഴുവന്‍ വലിഞ്ഞ് മുകളില്‍ കയറി കിലോ മീറ്ററുകള്‍ നടന്നിട്ടാണ് രാവിലെ 400 മീറ്റര്‍ താഴോട്ട് റോപ്പില്‍ തൂങ്ങിപ്പിടിച്ചുള്ള രക്ഷാപ്രവര്‍ത്തനം അദ്ദേഹം നടത്തിയത്.

babu
ബാബുവിനെ മലമുകളില്‍ എത്തിച്ചപ്പോള്‍ | ഫോട്ടോ: https://twitter.com/IaSouthern

കൂര്‍മ്പാച്ചി മലയിലെ രക്ഷാപ്രവര്‍ത്തനം സൈന്യം ഒറ്റയക്കല്ല ചെയ്തതെന്നും അതില്‍ കളക്ടര്‍ അടക്കമുള്ളവരുടെയും ലോക്കല്‍ റിസോര്‍സസിന്റെയുമെല്ലാം സഹായമുണ്ടെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞല്ലോ... ഒന്നു വിശദീകരിക്കാമോ?

babu rescue
കൂര്‍മ്പാച്ചി മല

പോലീസ്, എന്‍.ഡി.ആര്‍.എഫ്. എന്നിങ്ങനെ വലിയ സംഘം തന്നെ സഹായത്തിനുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ ലാന്‍ഡ് ചെയ്തതു മുതല്‍ സ്ഥലത്ത് എത്തിക്കുന്നതും രക്ഷാപ്രവർത്തനത്തിലുമൊക്കെ സ്‌റ്റേറ്റിന്റെ വെല്‍ കോര്‍ഡിനേഷന്‍ ഉണ്ടായിരുന്നു. 1000 മീറ്റര്‍ റോപ്പുണ്ടായിരുന്നെങ്കിലും കൂടുതല്‍ ആവശ്യം വരുമെന്നുള്ളതിനാല്‍ ദുരന്തനിവാരണ സേനയുടെ റോപ്പ് ഞങ്ങള്‍ വാങ്ങിയിരുന്നു. ബാബുവിനെ വലിച്ചു കയറ്റാന്‍ മറ്റെല്ലാവരുടെയും സഹായം തേടിയിട്ടുണ്ട്.

കാറ്റുള്ള ഇടമായതിനാല്‍ ഡ്രോണ്‍ ബാറ്ററി വേഗം തീരുന്നുണ്ടായിരുന്നു. അതിനാല്‍ ഡ്രോണുകള്‍ ഞങ്ങള്‍ക്ക് വേണമായിരുന്നു. കളക്ടറും എസ്പിയും ഡ്രോണ്‍ ആളുകളുമായി ബന്ധപ്പെടുത്തിയിരുന്നു. അങ്ങിനെയാണ് ഡ്രോണ്‍ കൈവശമുള്ള സൂരജിനെ സ്ഥലത്തെത്തിക്കുന്നത്. ഈ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ രീതിയിലുള്ള സംഭാവന നല്‍കിയ വ്യക്തിയാണ് അദ്ദേഹം. രണ്ട് ഡ്രോണും 15 ബാറ്ററിയുമായാണ് വന്നത്. ബാബുവിനെ ഡ്രോണ്‍ ഉപയോഗിച്ച് കറക്ട് ലൊക്കേറ്റ് ചെയ്യാന്‍ സൂരജിനെ ഞങ്ങള്‍ ചുമതലപ്പെടുത്തി. അരമണിക്കൂറെടുത്താണ് ബാബു ഇരിക്കുന്ന സ്ഥലം അദ്ദേഹം ലൊക്കേറ്റ് ചെയ്യുന്നത്.

ബാബു ഇരിക്കുന്നതിന് 90 ഡിഗ്രി മുകളിലേക്ക് ഡ്രോണ്‍ പറത്തി എന്റെ മുന്നില്‍ നിര്‍ത്താനും നിര്‍ദേശം നല്‍കി. കൃത്യം 90 ഡിഗ്രിയില്‍ ഡ്രോണ്‍ പറത്തി നിര്‍ത്തിയതോടെ റോപ്പിലൂടെ ഇറങ്ങേണ്ട വഴിയെ കുറിച്ച് ഞങ്ങള്‍ക്ക് ധാരണ കിട്ടി. ബാലയെ ഏത് വഴി ഇറക്കണം, എന്തെല്ലാം തടസ്സങ്ങള്‍ എവിടെയൊക്കെയാണ്, എവിടെയൊക്കെ തിരിയണം മറിയണം എന്ന തരത്തില്‍ റൂട്ട് പ്ലാന്‍ ചെയ്യാന്‍ ഞങ്ങള്‍ക്കായി. പാറയിലിടിക്കാതെ ഇടത്തോട്ടും വലത്തോട്ടും നീങ്ങി മാറിയാണ് ബാല ഇറങ്ങിയത്. അല്ലാതെ കുത്തനെ താഴേക്കല്ല. ആ ഇറക്കത്തിന്റെ ലൈവ് ട്രാക്കിങ് നടക്കുന്നുണ്ടായിരുന്നു.

ആര്‍മിക്ക് മാത്രം രക്ഷാപ്രവര്‍ത്തനം സാധ്യമായ കൂര്‍മ്പാച്ചി മലയിലെ പ്രതിസന്ധികള്‍ എന്തെല്ലാമായിരുന്നു?

ആര്‍മിയിലെ രണ്ട് ടീമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മാദ്രാസ് റജിമെന്റില്‍ നിന്നുള്ള ഏഴ് പേരടങ്ങുന്ന ഞങ്ങളുടെ ടീമും. ബാംഗ്ലൂരില്‍നിന്നുള്ള പാരാ കമാന്‍ഡേഴ്‌സും. രാത്രിയിലാണ് ഞങ്ങള്‍ മല കയറുന്നത്. ഞങ്ങളെ സംബന്ധിച്ച് അപരിചിതമായ സ്ഥലമാണ്. കുത്തനെയുള്ള മലയും പോരാത്തതിന് ഇടതൂര്‍ന്ന വനവുമാണ്. അവസാന 400-500 മീറ്റര്‍ വെറും പാറയാണ്. സ്‌പെഷ്യലൈസ്ഡ് മൗണ്ടനിയറിങ് എക്വിപ്‌മെന്റ് ഉപയോഗിച്ചാണ് ഞങ്ങള്‍ കയറിയത്. മാത്രവുമല്ല വലിയ ലോഡും ഉണ്ടായിരുന്നു. ബാംഗ്ലൂരില്‍നിന്നുള്ള ടീം സമാന്തരമായി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നുണ്ടായിരുന്നു.

rescue mission
ബാബുവിനെ രക്ഷപ്പെടുത്തി മടങ്ങിയെത്തിയ നായക് ബാലകൃഷ്ണനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്ന നാട്ടുകാര്‍

മലയില്‍ ഒരാള്‍പെട്ട് ആര്‍മി വന്ന് രക്ഷിച്ച സമാന സംഭവം ഇതിനു മുമ്പാണ്ടായിട്ടുണ്ടോ?

എന്റെ അറിവില്‍ ഇങ്ങനൊന്ന് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ദുരന്തനിവാരണ സംഘത്തിലുള്ള ചിലരുടെ അടുത്ത് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. അവര്‍ പരമാവധി ശ്രമിച്ചെന്നും കഴിയാതെ വന്നപ്പോള്‍ കളക്ടറെ കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്. ഫിസിക്കല്‍ സ്റ്റാാമിനയും മെന്റല്‍ സ്റ്റാമിനയുമാണോ സൈന്യത്തിന് ഈ രക്ഷാപ്രവര്‍ത്തനം അനായാസമാക്കിയത്?

ഞങ്ങള്‍ യുദ്ധഭൂമിയില്‍ ജോലി ചെയ്യാനായി ട്രെയിന്‍ഡ് ആണ്. മെന്റല്‍ ടഫ്‌നെസ്, ഫിസിക്കല്‍ ഫിറ്റ്‌നെസ് കൂടാതെ ടെക്കനിക്കല്‍ നോളജ് എന്നിവ ഈ വിഷയത്തില്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ ഉപകരണങ്ങള്‍ മാത്രമല്ല, തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ശേഷി പ്രധാനമാണ്. അത്തരത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവനും മരണത്തിനുമിടയില്‍ തീരുമാനം എടുത്ത് ശീലമുള്ളവരാണ് ഞങ്ങള്‍. നായക് ബാല ബാബുവിന്റെ അടുത്തെത്തിയതും വാക്കി ടോക്കിയില്‍ എന്താണ് സംസാരിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ?... ബാബുവുമായി താഴേക്കു പോണോ അതോ മുകളിലേക്ക് വരണമോ എന്നതായിരുന്നു ഞാനും ബാലയും ചര്‍ച്ച ചെയ്തത്. ഞങ്ങൾ രണ്ടുപേരും പരിസരം വീക്ഷിച്ച് എടുത്ത തീരുമാനമായിരുന്നു മുകളിലേക്ക് വരാമെന്നത്. ഡിസിഷന്‍ മേക്കിങ് എന്നത് ഒരു രക്ഷാപ്രവര്‍ത്തനത്തിന്റെ ജയപരാജയത്തെ നിര്‍ണ്ണയിക്കുന്നതാണ്. യുദ്ധഭൂമിയില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ട് ശീലമുള്ളവരാണ് ഞങ്ങള്‍.

ബാബുവിനെ റോപ്പ് വഴി മുകളിലേക്ക് കൊണ്ടുവരാമെന്ന തീരുമാനത്തിലേക്ക് നയിച്ച ഘടകങ്ങളെന്തൊക്കെയായിരുന്നു.?

താഴേക്ക് പോകുമ്പോള്‍ പിടിക്കാന്‍ സ്ഥലം കാണില്ല. അത് ഓവര്‍ ഹാങ്ങിങ് ആണ്. താഴേ മുഴുവന്‍ ഉള്ളിലേക്ക് കയറിയാണ് പാറയുടെ കട്ടിങ്. മാത്രമല്ല റോപ്പിന്റെ നീളം ആയിരം മീറ്ററുണ്ടെങ്കിലും ഓവര്‍ ഹാങ്ങിങ് ആയാല്‍ പൊട്ടാന്‍ സാധ്യതയുണ്ട്. റിസ്‌ക് കൂടുതലാണ്. താഴേക്ക് പോവുക എന്നതായിരുന്നു ഞങ്ങളെ സംബന്ധിച്ച് എളുപ്പം. പക്ഷെ, റിസ്‌ക് കുറവ് മുകളിലേക്ക് വരുന്നതാണ്. അതിനാലാണ് ബാബുവിനെയും കൊണ്ട് മുകളിലേക്ക് കയറാമെന്ന എളുപ്പം കുറഞ്ഞ തീരുമാനം കൈക്കൊള്ളുന്നത്. സുരക്ഷയല്ലേ പ്രധാനം..

hemant raj
ലഫ്. കേണൽ ഹേമന്ദ് രാജ്

ഇവിടുത്തെ ദുരന്ത നിവാരണ സേനയക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന ട്രെയിനിങ്ങും എക്‌സ്പര്‍ട്ടൈസും നല്‍കുക എന്നത് സാധ്യമായ കാര്യമാണോ. അങ്ങനെയെങ്കില്‍ അവരുടെ സേവനം കുറച്ചു കൂടി മെച്ചപ്പെടുത്തിക്കൂടെ...തുടങ്ങിയ തരത്തിൽ വിമര്‍ശനങ്ങള്‍ പല ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്?

More u sweat in peace the less u bleed in war എന്നാണ്. നിങ്ങൾ 400 മീറ്ററിൽ ബാല കയറുന്നതും ഇറങ്ങുന്നതും ആണ് കണ്ടത്. അതിനായി ബാല 400 കിലോ മീറ്റർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കടുത്ത ട്രെയിനിങ്ങിലൂടെയാണ് കടന്നു പോകുന്നത്. 40 മിനുട്ടിൽ രക്ഷാപ്രവർത്തനം ഞങ്ങൾ അവസാനിപ്പിച്ചു എന്ന് ചില ചാനലുകൾ പറയുന്നു. അങ്ങനെ അവസാനിപ്പിച്ചെങ്കിൽ 400 മണിക്കൂറോളം പ്രാക്ടീസ് ചെയ്തുള്ള എക്സപൈർട്ടിസ് ഈ മേഖലയിൽ ഞങ്ങൾക്കുണ്ട്. അത് നിങ്ങള്‍ വിചാരിക്കും പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. സ്‌പെഷ്യലൈസ്ഡ് എക്വിപ്‌മെന്റും ട്രെയിനിങ്ങും ഇന്‍ഫ്രാ സ്ട്രക്ചറും എല്ലാം വേണം അതിന്. എന്തിനെയും ഏതിനെയും വിമര്‍ശിക്കുക എന്നത് എളുപ്പമായ കാര്യമാണ്. കശ്മീരിലും നോര്‍ത്ത് ഈസ്റ്റിലുമൊക്കെ മൈനസ് ഡിഗ്രിയില്‍ ശത്രുക്കളുടെ വെടിയുണ്ടകള്‍ ഏത് സമയത്തും വരാമെന്ന ജാഗ്രതയോടെ ഞങ്ങള്‍ ചെയ്തു ശീലിച്ച കാര്യങ്ങളാണിവ. ഞങ്ങളുടെ നിരന്തര ജോലിയുടെ ഭാഗമാണ് ഈ മലകയറ്റം അനായാസമാക്കുന്നത്.

Content Highlights: Interview with Lt, colonel Hemant Raj

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram