ഈ മരം നിൽക്കുന്ന ഭാഗത്ത് നിന്ന് കുത്തനെ താഴേക്ക് പോയാലാണ് ബാബു ഇരുക്കിന്നിടത്തെത്തുക. പക്ഷെ അത്തരത്തിലുള്ള ആദ്യ ശ്രമങ്ങൾ വിഫലമാകുകയായിരുന്നു. ഇൻസെറ്റിൽ ലേഖകൻ

യുവത എന്നത് ഇത്തരത്തിലുള്ള മലകയറ്റമടക്കമുള്ള ചെറു സാഹസങ്ങൾ ചെയ്യുന്നവർ തന്നെയല്ലേ. വർഗ്ഗീയതയ്ക്കും അക്രമങ്ങൾക്കും പിന്നാലെ പോകാതെ വിർച്ച്വൽ ലോകത്തിലൊതുങ്ങാതിരിക്കുന്നതിനേക്കാൽ നല്ലതല്ലേ ചെറിയ സാഹസികതകൾ. സാഹസികതയ്ക്കൊരുങ്ങുമ്പോൾ നിയമവും സുരക്ഷാ സംവിധാനങ്ങളും പാലിക്കണമെന്നു തന്നെയാണ് അഭിപ്രായം. മദ്യപിച്ചും സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മറ്റിടാതെയും ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാതെയും മറ്റു മനുഷ്യരുടെ ജീവന് ഒരു വിലയും കൊടുക്കാതെയും വണ്ടിയോടിക്കുന്നവർ ബാബുവിനെ വിമർശിക്കുമ്പോഴാണ് അതിലെ ഹിപ്പോക്രസി നാം തിരിച്ചറിയേണ്ടത്.
രക്ഷയ്ക്കായുള്ള പുറപ്പെടല്‍

എത്തിയ ആദ്യം സംഘാംഗങ്ങൾ.
വടം ഉപയോഗിച്ച് ബാബുവിനെ
രക്ഷിക്കാനുള്ള ശ്രമത്തിനൊരുങ്ങും മുമ്പ്
മിനിയാന്ന്(7ന്) വൈകീട്ട് ദുരന്ത നിവാരണ സമിതി വക മെസേജ് വന്നപ്പോ ജീപ്പുമെടുത്തു അത്യാവശ്യം ഉപകരണങ്ങളുമായി ഇറങ്ങിയതാണ്. പോലീസും ഫയര്‍ റസ്‌ക്യൂ ടീമും വനം വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ള ടീം മലയുടെ താഴ്വാരത്തില്‍ ക്യാമ്പ് ചെയ്തിരുന്നു. രണ്ടു വനം വകുപ്പ് വാച്ചര്‍മാര്‍ അടക്കമുള്ളവരും അഞ്ചോളം പരിസര വാസികളായ ആള്‍ക്കാരുമായി പതിനാല് പേരുള്ള ഒരു സംഘമായി ഞങ്ങള്‍ വൈകീട്ട് ഏഴര മണിയോടെ കയറാന്‍ തുടങ്ങിയതാണ് മേലേക്ക്. എത്രയും പെട്ടെന്ന് മുകളിലെത്തുക എന്നതിനാല്‍ ദൂരം കൂടുതലുള്ള വഴി ഉപേക്ഷിച്ചു കുത്തനെ കയറുകയായിരുന്നു. നിവര്‍ന്ന് നിന്നാല്‍ പിന്നിലേക്ക് വേച്ചുപോകുന്ന അത്രയും ചെങ്കുത്തായ കയറ്റമാണത്. ടോര്‍ചിന്റെയും ഹെഡ് ലൈറ്റിന്റെയും വെട്ടത്തില്‍ വളരെ കുറഞ്ഞ ഇടം മാത്രമേ കാണാന്‍ പറ്റൂ, ഇടതു വശമെന്നത് ബാബു കുടുങ്ങിക്കിടക്കുന്ന - ഞങ്ങള്‍ കയറിപ്പോകുന്ന മലയുടെ ഇടയിലുള്ള ആഴം കൂടിയ കൊക്കപോലെയുള്ള ഇടമാണ്. എത്ര കയറാനുണ്ട് എന്നോ മുന്നിലെക്കുള്ള വഴി എങ്ങിനെയാണ് എന്നോ അറിയാത്ത കയറ്റം. ചിലയിടത്ത് നിന്ന് തിരിച്ചിറങ്ങി വേറെ വഴി തേടിയും ചരിഞ്ഞിറങ്ങിയും ഇടക്കുള്ള പാറയിലും മരത്തിലും കയര്‍ കെട്ടി കയറിയും മുന്നോട്ടു നീങ്ങുമ്പോഴും ബാബുവിന്റെ ശബ്ദം മലയിലെവിടെയോ നിന്ന് കേള്‍ക്കാം.
പോകുന്ന വഴിയില്‍ മുകളില്‍ എവിടെയെന്നറിയാതെ കുടുങ്ങി കിടക്കുന്ന ബാബുവിനോട് അലറി വിളിച്ചു സംസാരിച്ച് ഞങ്ങള്‍ പെട്ടെന്നു എത്തും ധൈര്യമായി ഇരിക്കൂ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. രാത്രി ഒരു മണിയോടെയാണ് ഞങ്ങള്‍ മുകളിലെത്തിയത്. നേരം വെളുക്കാതെ ഒന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍ അവിടെ ക്യാമ്പ് ചെയ്തു. നേരത്തെ കയറിപ്പോയ അഞ്ചു പേരടങ്ങിയ ഫയര്‍ റെസ്‌ക്യൂ ടീം അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.
വിഫലമായ ശ്രമങ്ങള്‍
കാലത്ത് ആറര മണിക്ക് മുകളിലുള്ള ചെങ്കുത്തായ സ്ഥലത്തെ മരത്തില്‍ വടങ്ങള്‍ കെട്ടി ഒന്നൊന്നര മണിക്കൂര്‍ സാധ്യമായ എല്ലാ തരത്തിലുള്ള ശ്രമങ്ങളും നടത്തി ഉച്ചയോടെ തിരികെ ഇറങ്ങേണ്ടി വന്നു. നൂറ്റമ്പത് മീറ്ററിനു താഴേക്കു വടം കെട്ടി ഇറങ്ങാന്‍ ഞങ്ങള്‍ക്കും സാധിച്ചില്ല. ഞങ്ങള്‍ക്ക് പിന്നാലെ കാലത്ത് ഒരു ടീം കൂടി മുകളിലേക്ക് കയറി. നമുക്കവിടെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന മെസേജ് അധികാരികള്‍ക്ക് നല്‍കിയതിനു പിന്നാലെ ഉച്ചയാകുമ്പോള്‍ എന്‍ ഡി ആര്‍ എഫ് എത്തും നിങ്ങള്‍ താഴേക്കു പോന്നോളൂ എന്ന മെസേജ് കിട്ടി. രണ്ടു മണിയോടെ കലക്ടറും എസ്പിയും താഴെ എത്തി ക്യാമ്പ് ചെയ്തു. എയര്‍ ലിഫ്റ്റിങ്ങിനുള്ള സാധ്യതകള്‍ അധികാരികള്‍ ആരായുന്നുണ്ടായിരുന്നു. പിന്നാലെ എന്‍ഡിആര്‍എഫിന്റെ ആദ്യ ബാച്ച് ടീം വന്നു മുകളിലേക്ക് കയറി. ഈ സമയത്തെല്ലാം ബാബുവുമായി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നു.
നാലര മണിയോടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കൊപ്റ്റര്‍ എത്തിയെങ്കിലും ശക്തമായ കാറ്റും മലയുടെ ചെങ്കുത്തായ രൂപവും കാരണം ഒന്നും ചെയ്യാനാകാതെ തിരികെപോയി. ഹെലിക്കൊപ്റ്റര്‍ വഴിയുള്ള എയര്‍ ലിഫ്റ്റിങ്ങും നടന്നില്ല എന്ന് പറയുമ്പോള്‍ മനസിലാകും ആ സ്ഥലത്തിന്റെ പ്രശ്‌നം. പകല്‍ കഠിനമായ ചൂടും രാത്രി സഹിക്കാന്‍ പറ്റാത്ത തണുപ്പും വീശിയടിക്കുന്ന കാറ്റും ഉള്ളയിടം.

സൈന്യത്തിന്റെ വരവ്
വൈകീട്ട് ഏഴുമണിയോടെ സൈന്യം എത്തുന്നു എന്ന വിവരം കിട്ടി. രാത്രി ഒരുമണിയോടെ സൈന്യം എത്തി മുകളിലേക്ക് ആ ടീം കയറിത്തുടങ്ങി. മുപ്പത്തി അഞ്ചു മണിക്കൂര്‍ ആകുന്നു ബാബു ആ മലയില്‍ കുടുങ്ങിപ്പോയിട്ടു. കക്ഷി രക്ഷപ്പെട്ടു എന്നത് സന്തോഷം. പോലീസും ഫയര്‍ ഫോര്‌സും ഫോറസ്റ്റും സന്നദ്ധ സേവകരുമടക്കം എത്രയോ മനുഷ്യര്‍ രണ്ടു രാവും രണ്ടു പകലുമായി അതിന് ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ മിഷനറി മുഴുക്കെ അവിടെയാണ്. നാടും നാട്ടുകാരും മുഴുക്കെ കാത്തിരിക്കുകയാണ്. കാലത്ത് എട്ടുമണി കഴിഞ്ഞതോടെ ആര്‍മി പോലീസ് എന്‍ ഡി ആര്‍ എഫ് അടങ്ങിയ ടീമിന് ബാബുവിന്റെ അടുത്തെതാനും ചുരുങ്ങിയ സമയം കൊണ്ട് ബാബുവിനെ മുകളില്‍ സുരക്ഷിതമായ ഇടത്ത് എത്തിക്കാനും കഴിഞ്ഞു. ഉച്ചയാകുമ്പോഴേക്കും ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്തു ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞു.

പക്ഷേ അത്തരത്തിലുള്ള ആദ്യ ശ്രമങ്ങൾ വിഫലമാകുകയായിരുന്നു
വിമര്‍ശനങ്ങള്‍ അപലപനീയം
രണ്ടു പകലും രണ്ടു രാത്രിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ ജന പ്രതിനിധികള്‍ മുഴുക്കെ ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനായി എല്ലാ സാധ്യതകള്‍ ഉപയോഗിച്ചും പ്രയത്‌നിക്കുകയായിരുന്നു. അപ്പോഴും കരയ്ക്കിരുന്നു സോഷ്യല്‍ മീഡിയ വഴി കുറെ മനുഷ്യര്‍ ബാബുവിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ചട്ടം പഠിപ്പിക്കുകയായിരുന്നു. അവരോടൊക്കെ ഇന്നലെ കേണല്‍ ഹേമന്ത് പറഞ്ഞത് ഒന്ന് കേള്‍ക്കാന്‍ ശ്രമിക്കണം എന്ന് മാത്രം പറയുന്നു. ആര്‍മി അടക്കം നൂറു കണക്കിന് മനുഷ്യരുടെ പോലീസിലെ, ഫയര്‍ റേസ്‌ക്യൂവിലെ, വനം വകുപ്പിലെ, എന്‍ ഡി ആര്‍ എഫിലെ, ദുരന്ത നിവാരണ സേനയിലെ നാട്ടുകാരുടെ ഒക്കെ ശ്രമ ഫലമായാണ് ഒരു ജീവന്‍ നാല്‍പ്പത്തി അഞ്ചു മണിക്കൂര്‍ എടുത്തു എങ്കിലും ഒരപകടവും ഇല്ലാതെ സുരക്ഷിതമായി താഴെ എത്തിക്കാന്‍ കഴിഞ്ഞത്. എല്ലാ സംവിധാനങ്ങളുടെയും ഒന്നിച്ചു നിന്നുള്ള പ്രവര്‍ത്തനമായിരുന്നു നടത്തിയത്. കഴിവിനും മുകളില്‍ ശ്രമിച്ചു സകല മേഖലയിലുള്ളവരും.

ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു സേഫ്റ്റി ഗിയറും ഇല്ലാതെ കടന്നു ചെല്ലുക മനുഷ്യ സാധ്യമല്ല. ചെങ്കുത്തായ മലയുടെ മുകളില്‍ നിന്നും നാനൂറു മീറ്റര്‍ എങ്കിലും താഴെയായാണ് കക്ഷിയുടെ ഇരിപ്പ്. രക്ഷപ്പെടുത്തണം എങ്കില്‍ അത്ര തീവ്രമായ ശ്രമം വേണമെന്ന് എയര്‍ലിഫ്റ്റ് പരാജയപ്പെട്ടതില്‍ നിന്നെല്ലാം മനസ്സിലാക്കാമല്ലോ. അപ്പോഴും സോഷ്യല്‍ മീഡിയയില്‍, എന്നും വെറുപ്പ് മാത്രം പറയുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ വിമര്‍ശിച്ചുകൊണ്ടേ ഇരിപ്പാണ്. ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്.
നാല്‍പ്പതു മണിക്കൂറില്‍ അധികമായി നൂറു കണക്കിന് മനുഷ്യര്‍ സാധ്യമായതെല്ലാം ചെയ്തു. ഭക്ഷണം ഇല്ലാതെ ഉറക്കമില്ലാതെ വെള്ളം പോലും കുടിക്കാനില്ലാതെ മണിക്കൂറുകള്‍ പ്രയത്‌നിച്ചതൊക്കെ ഇവര്‍ക്ക് നിസ്സാരമാണ്.
ബാബുവിന്റെ മനസ്സാന്നിധ്യം
പക്ഷെ എല്ലാറ്റിനുമൊടുവില്‍ പറയാതെ പോകാന്‍ പറ്റില്ല. സാധാ മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹസികമായ കയറ്റമാണ് ബാബു കയറി ചെന്നത്. കൈ വിട്ട് വീണുപോയാല്‍ ആളെ കണ്ടെടുക്കാന്‍ പോലും പറ്റാത്ത അത്രയും ചെങ്കുത്തായ ഇടത്തേക്ക് അറുനൂറു മീറ്ററെങ്കിലും ഒരു ഉപകരണവും ഇല്ലാതെ കയറി രണ്ടു രാവും പകലും ഒരിറക്ക് വെള്ളമോ ഭക്ഷണമോ ഇല്ലാതെ കൊടും ചൂടും തണുപ്പും സഹിച്ചു ഒരു പാറയിടുക്കില്‍ കഴിഞ്ഞു കൂട്ടുക എന്നത് സാധാ മനുഷ്യര്‍ക്ക് സാധ്യമല്ല തന്നെ. നിയമത്തിന്റെ നൂലാമാലകള്‍ ബാബുവിനെ പിന്നാലെ നടന്നു ശല്യപ്പെടുത്തില്ല എന്നുണ്ടെങ്കില്‍ ആ ചെറുപ്പക്കാരന്‍ ഇന്ത്യയുടെ ഭാവിയിലേക്ക് ട്രെയിന്‍ ചെയ്‌തെടുക്കാവുന്ന ഒരാളായിത്തീരും. അതിശയോക്തിയാണ് അയാള്‍ ചെയ്ത കാര്യത്തിലുള്ള വിവരണം എന്നൊക്കെ നമുക്ക് തോന്നാം. അയാള്‍ കയറിപ്പോയ, എത്തിച്ചേര്‍ന്ന ഇടം അതിജീവിച്ച രണ്ടു രാപ്പകലുകള്‍ പൂര്‍ണ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവ്, നൂറുകണക്കിന് മനുഷ്യര്‍ ഒത്തു ശ്രമിച്ചു മണിക്കൂറുകള്‍ എടുത്താണ് അയാളെ രക്ഷിച്ചത്, അങ്ങിനെയൊരു സ്ഥലത്തേക്കാണ് അയാള്‍ കയറിപ്പോയത് എന്നതുവച്ചു നോക്കിയാല്‍, ഒക്കെ ചേര്‍ത്ത് വായിച്ചാല്‍ അതിശയോക്തി ഒട്ടുമേയില്ല...