'ശിക്ഷയെന്നോണം ആൺകുട്ടിയെയും പെൺകുട്ടിയെയും ക്ലാസ്സിൽ ഇടകലർത്തിയിരിപ്പിക്കുന്നത് തെറ്റ്'


രാജി പുതുക്കുടി

സ്‌കൂളില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ചെത്തുമ്പോളാണ് യൂണിഫോം എന്ന ആശയം യാഥാര്‍ത്യമാകുന്നത്. കുട്ടികളുടെ താത്പര്യങ്ങള്‍ കൂടി പരിഗണിച്ചാവണം സ്‌കൂളുകള്‍ യൂണിഫോം തെരഞ്ഞെടുക്കേണ്ടത്.

സംയുക്ത മേനോൻ, സനുഷ, സുരഭി

യൂണിഫോം എന്ന വാക്കിന് അര്‍ഥമുണ്ടാകുന്നത് അത് എല്ലാവര്‍ക്കും ഒരുപോലെ ആകുമ്പോഴാണ് എന്ന് അഭിനേത്രി സംയുക്ത മേനോൻ. സ്‌കൂളില്‍ പാവാടയുടെ ഇറക്കത്തെ ചൊല്ലിയും ഷാളിനെ ചൊല്ലിയുമൊക്കെ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ തനിക്ക് അധ്യാപകരില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും സംയുക്ത മേനോൻ പറഞ്ഞു. മാതൃഭൂമി ഡോട്ട്കോമിന്റെ ജെൻഡൽ ന്യൂട്രൽ കാമ്പയിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകായയിരുന്നു അവർ. ക്ലാസില്‍ സംസാരിച്ചാല്‍ ശിക്ഷയെന്നോണം ആൺകുട്ടിയെയും പെൺകുട്ടിയെയും ഇടകലർത്തിയിരിപ്പിക്കുന്ന രീതി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സംയുക്ത മേനോൻ പറഞ്ഞു.

കൗമാരക്കാരായ കുട്ടികള്‍ക്ക് അവരുടെ ശാരീരിക വളര്‍ച്ചയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ക്ലാസുകള്‍ കൊടുക്കുന്നത് ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തിയാവണം എന്ന് നടി സുരഭി ലക്ഷ്മിയും അഭിപ്രായപ്പെട്ടു. കുട്ടികളുടെ താത്പര്യങ്ങള്‍ കൂടി പരിഗണിച്ചാവണം സ്‌കൂളുകള്‍ യൂണിഫോം തിരഞ്ഞെടുക്കേണ്ടത് എന്ന അഭിപ്രായം നടി സനുഷയും പങ്കുവെച്ചു.മാതൃഭൂമി ഡോട്ട് കോമിന്റെ നേതൃത്വത്തിലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ക്യാമ്പയിന് പിന്തുണയർപ്പിച്ച് സംസാരിച്ച അഭിനേതാക്കളായ സനുഷ, സംയുക്ത മേനോന്‍, സുരഭിലക്ഷ്മി എന്നിവരുടെ വാക്കുകളിലേക്ക്....

സംയുക്ത മേനോന്‍

samuktha

ഇങ്ങനെ ഒരു ചര്‍ച്ച ഉയര്‍ന്നുവന്നതില്‍ തന്നെ സന്തോഷം. സമൂഹത്തില്‍ ഇത്രയും വേര്‍തിരിവ് എന്തുകൊണ്ട് വരുന്നു എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അപ്പോള്‍ എനിക്ക് തോന്നിയത് നമ്മുടെ സ്വഭാവരൂപീകരണത്തിലെ പ്രധാനസമയം എന്ന് പറയുന്നത് കുട്ടിക്കാലമാണ്. ഞാനൊക്കെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകര്‍ ഉള്‍പ്പടെ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വേറെ വേറെ ടീമായാണ് പരിഗണിച്ചിരുന്നത്. ക്ലാസില്‍ സംസാരിച്ചാല്‍ അതിനുള്ള ശിക്ഷയായി ആണ്‍ കുട്ടിയെ പെണ്‍കുട്ടിയുടെ അടുത്തും പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ കൂടെയുമാണ് ഇരിത്തിയിരുന്നത്. അങ്ങനെ ആണും പെണ്ണും പരസ്പരം കൂട്ടുകൂടുന്നത് എന്തോ നാണക്കേടാണ് എന്ന ഒരു തോന്നലാണ് അതുണ്ടാക്കിയിരുന്നത്. സ്‌കൂളില്‍ പാവാടയുടെ ഇറക്കത്തെ ചൊല്ലിയും ഷാളിനെ ചൊല്ലിയുമൊക്കെ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ എനിക്ക് അധ്യാപകരില്‍ നിന്നുപോലും ഉണ്ടായിട്ടുണ്ട്. യൂണിഫോം എന്ന വാക്കിന് അര്‍ഥമുണ്ടാകുന്നത് അത് എല്ലാവര്‍ക്കും ഒരുപോലെ ആകുമ്പോഴാണ്, അല്ലാതെ ആണിനേയും പെണ്ണിനേയും രണ്ട് തരം വസ്ത്രം ഉപയോഗിച്ച് വേര്‍തിരിക്കുമ്പോഴല്ല, ആണ്‍കുട്ടിക്ക് ഒരു യൂണിഫോം പെണ്‍കുട്ടിക്ക് ഒരു യൂണിഫോം എന്നതില്‍ നിന്നു മാറി ഒരു സ്‌കൂളിലെ കുട്ടികള്‍ക്ക് ഒരു യൂണിഫോം എന്ന രീതിയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കാം.

sanusha

സനുഷ

കുട്ടികളുടെ യൂണിഫോമിനെക്കുറിച്ച് ആദ്യം സംസാരിച്ച് തുടങ്ങേണ്ടത് രക്ഷിതാക്കളാണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഈ കാര്യം സ്‌കൂളുകളിലും രക്ഷാകര്‍ത്താക്കളുടെ യോഗത്തിലുമെല്ലാം ചര്‍ച്ച ചെയ്യുകയും ഒരു തീരുമാനം എടുക്കുകയും ചെയ്താല്‍ സമൂഹത്തില്‍ എല്ലായിടത്തും പ്രതിഫലിക്കുന്ന രീതിയിലുള്ള മാറ്റം ഈ കാര്യത്തില്‍ ഉണ്ടാകും. കുട്ടികള്‍ക്കിടയില്‍ പാവപ്പെട്ടവരെന്നോ പണമുള്ളവരെന്നോ ഉള്ള വേര്‍തിരിവ് ഇല്ലാതിരിക്കാന്‍ യൂണിഫോം സഹായിക്കുന്നുണ്ട്. അതിനോടൊപ്പം കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യപ്രദമുള്ളതുകൂടി ആവണം യൂണിഫോം. ഞാന്‍ പഠിച്ച ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കോമണ്‍ വോട്ടിംങ് നടത്തി കുട്ടികളുടെ താത്പര്യം കൂടി പരിഗണിച്ചായിരുന്നു യൂണിഫോം തിരഞ്ഞെടുത്തിരുന്നത്. ഇങ്ങനെ കുട്ടികള്‍ക്ക് കൂടി സൗകര്യപ്രദമാകുന്ന രീതിയില്‍ രക്ഷിതാക്കളുടേയും കുട്ടികളുടേയും അഭിപ്രായം പരിഗണിച്ചാവണം യൂണിഫോം തിരഞ്ഞെടുക്കേണ്ടത്. അത് പാലിച്ചാണ് പല പുതിയ സ്കൂളുകളും ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് കടന്നതെന്നത് സ്വാഗതാർഹമാണ്.

surabhi

സുരഭി
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം എന്ന ആശയം നല്ലതാണ്, മുതിര്‍ന്ന ക്ലാസുകളില്‍ യൂണിഫോമിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം തീര്‍ച്ചയായും പരിഗണിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂണിഫോം ഒന്നാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനോടൊപ്പം നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യം കൂടിയുണ്ട്. കൗമാരക്കാരായ കുട്ടികള്‍ക്ക് അവരുടെ ശാരീരിക വളര്‍ച്ചയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും എല്ലാം ഒട്ടുമിക്ക സ്‌കൂളുകളിലും ക്ലാസുകള്‍ കൊടുക്കാറുണ്ട് ഇത് ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും വേറെ ഇരുത്തി നല്‍കുന്നതിനുപകരം ഒരുമിച്ചിരുത്തിയാവണം ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത്.

content highlights: actresess Sanusha, Surabhi Lakshmi and Samyuktha Menon comments on gender neutral campaign

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022