ലളിതമായി വിവാഹം കഴിക്കുകയെന്നതിന്റെ അവസാനത്തെ വാക്കാണ് റജിസ്റ്റര്‍ ഓഫീസ്. കോടികള്‍ പൊടിച്ച് വിവാഹം കഴിക്കുന്നിടത്ത് രണ്ട് ഒപ്പിലൂടെയും വളരെ ലളിതമായും ജീവിതം തുടങ്ങാം. എന്നാല്‍ വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് പ്രാര്‍ത്ഥനകളോടെ പ്രിയപ്പെട്ടവരുടെ അനുഗ്രാശ്ശിസ് വാങ്ങിത്തന്നെ വിവാഹം കഴിക്കാം. അത്തരത്തില്‍ ഒരു വിവാഹം കോഴിക്കോട് വെച്ച് നടന്നു. അതും ഒരു പ്രമുഖ സംവിധായകന്റെ മകളുടെ. അലിഅക്ബറിന്റെ മകള്‍ അലീനയുടെ.
വധു സ്വര്‍ണാഭരണത്തില്‍ കുളിച്ചില്ല, എന്തിന് സ്വര്‍ണം ധരിച്ചോ എന്നു പോലും സംശയിക്കാം. പട്ടുസാരിയോ, പൂവോ, മിന്നുന്ന പുടവകളോ ഒന്നുമില്ല. സാധാരണവേഷത്തിലാണ് വധു അലീനയും വരന്‍ രജനീഷും എത്തിയത്. വാദ്യമേളങ്ങള്‍ക്ക് പകരം കുട്ടികളുടെ നാവില്‍ നിന്നുയര്‍ന്ന ഗായത്രീ മന്ത്രം. മാതാപിതാക്കളും ബന്ധുക്കളും ആരതി ഉഴിഞ്ഞ്, തുളസിയില ഇട്ട് വധുവിനെയും വരനെയും അനുഗ്രഹിച്ചതോടെ വിവാഹത്തിന് പരിസമാപ്തി. കോഴിക്കോട് ബാലികാ സദനത്തില്‍ വെച്ചുനടന്ന വിവാഹത്തില്‍ അവിടുത്തെ അന്തേവാസികളായ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടിയാണ് ഏക ആഘോഷം. അവസാനം ഇലയില്‍ ലളിതമായ ഭക്ഷണവും.
വിവാഹം അനാവശ്യ ആഡംബരവും പിന്നീട് കടബാധ്യതകളും ആകുമ്പോള്‍ വിശ്വാസങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് തന്നെ ലളിതമായി ഇങ്ങനെയും വിവാഹം കഴിക്കാം.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അലിഅക്ബര്‍ മകളുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
Content Highlight: example of simple wedding, director Ali Akbar daughter wedding