ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരേ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിയില്ലെന്നും പ്രസ്താവന ഇന്ത്യന്‍ പാരമ്പര്യത്തെ അപമാനിക്കലാണെന്നും ഒവൈസി കുറ്റപ്പെടുത്തി.
"ട്രംപിന് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ കുറിച്ച് ഒരറിവുമില്ല. മോദിക്കൊരിക്കലും ഇന്ത്യയുടെ രാഷ്ട്രപിതാവാകാന്‍ കഴിയില്ല. കാരണം നിങ്ങള്‍ക്കൊരിക്കലും അദ്ദേഹത്തെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നതുകൊണ്ട് തന്നെ. പ്രഗത്ഭന്‍മാരായ ജവഹര്‍ലാല്‍നെഹ്‌റുവിനും സര്‍ദാര്‍ പട്ടേലിനുപോലും ആ പദവി നല്‍കിയിട്ടില്ല", ഒവൈസി പറഞ്ഞു.
ഇക്കാര്യം ഞാന്‍ അദ്ദേഹത്തിന്റെ(ട്രംപിന്റെ) വിവേകത്തിന് വിട്ടു നല്‍കുകയാണ്. ട്രംപ് പറഞ്ഞ വിഷയത്തില്‍ പ്രധാനമന്ത്രി കൂടുതല്‍ വിശദീകരണവുമായി രംഗത്ത് വരുമെന്നാണ് എന്റെ പ്രതീക്ഷയെന്നും ഒവൈസി പറഞ്ഞു.
ട്രംപ് ഡബിള്‍ ഗെയിം കളിക്കുകയാണെന്നും മോദിയെയും ഇമ്രാന്‍ഖാനെയും ഒരുപോലെ പ്രകീര്‍ത്തിക്കുന്ന ട്രംപിന്റെ കളി നമ്മള്‍ മനസ്സിലാക്കണമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
"മോദി മഹാനായ നേതാവാണ്. എനിക്കോര്‍മ്മയുണ്ട്. ഇന്ത്യ പണ്ട് കീറിപ്പറഞ്ഞതായിരുന്നു. ഒത്തിരി വിയോജിപ്പുകളും എതിര്‍പ്പുകളും മുമ്പുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി. ഒരു പിതാവ് എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കുന്ന പോലെ. ഒരുപക്ഷെ അദ്ദേഹം ഇന്ത്യയുടെ പിതാവായിരിക്കാം. നമുക്കദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാം", എന്ന ട്രംപിന്റെ പരമാര്‍ശമാണ് വിവാദമായത്.
content highlights: Trump insulted Indias legacy by calling modi father of India