ഹൈദരാബാദ് : ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദിന്‍ ഒവൈസി. ഹെദരാബാദില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഒവൈസി.
"ശിവസേനയ്ക്ക് വിവരമില്ല. സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവില്‍ ഒരാൾക്ക് എന്ത് തിരഞ്ഞെടുക്കാമെന്നുമുള്ളത് അയാളുടെ മൗലികാവകാശമായി കോടതി വ്യക്തമായി പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് എന്റെ അഭ്യര്‍ഥന. ധ്രുവീകരണത്തിനുള്ള ശ്രമാണ് ഇത്", ഒവൈസി പറഞ്ഞു.
മുഖം മറയ്ക്കുന്ന വിധത്തിലുള്ള ബുര്‍ഖ ധരിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ബുര്‍ഖ നിരോധിക്കണമെന്നുമാണ് ശിവസേന ആവശ്യമുന്നയിച്ചത്. ശിവസേനയുടെ മുഖപത്രമായ സാംമനയിലെ മുഖപ്രസംഗത്തിലായിരുന്നു ആവശ്യം. ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലും ഇത് നടപ്പാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. രാവണന്റെ ലങ്കയില്‍ നിരോധനം വന്നെങ്കില്‍ രാമന്റെ അയോധ്യയില്‍ ഇത് എന്ന് നടപ്പിലാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ചോദ്യമെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.
content highlights: it's an attempt to create polarization says Asaduddin Owaisi on Sivsena Burqa ban remarks