ന്യൂഡല്‍ഹി: ശബരിമല മാസ്റ്റര്‍പ്ലാന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി തയ്യാറാക്കിയ ലേ ഔട്ട് പ്ലാന്‍ അംഗീകരിക്കില്ലെന്ന് വനം വകുപ്പ്. മാസ്റ്റര്‍ പ്ലാന്‍ പുനഃ പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും വനം വകുപ്പ് സുപ്രീം കോടതിയുടെ എംപവേര്‍ഡ് കമ്മിറ്റിക്ക് മുമ്പാകെ നിലപാട് വ്യക്തമാക്കി. അതേസമയം ശബരിമലയില്‍ തങ്ങള്‍ നടത്തുന്നത് സ്വകാര്യ റിസോര്‍ട്ട് അല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കമ്മിറ്റിക്ക് മുമ്പാകെ വാദിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അപേക്ഷയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എംപവേര്‍ഡ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മിറ്റിയുടെ യോഗത്തിലാണ് വനം വകുപ്പും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മാസ്റ്റര്‍ പ്ലാനിന്റെയും, ലേ ഔട്ട് പ്ലാനിന്റെയും പേരില്‍ കൊമ്പുകോര്‍ത്തത്. ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗനും ഇന്ന് സമിതിക്ക് മുമ്പാകെ ഹാജരായി.
ലേ ഔട്ട് തയ്യാറാക്കിയതായി ജസ്റ്റിസ് സിരിജഗന്‍ അറിയിച്ചു. വനം വകുപ്പ് ഉള്‍പ്പടെ എല്ലാ വകുപ്പുകളുടെയും അംഗീകാരത്തോടെയാണ് ലേ ഔട്ട് പ്ലാന്‍ തയ്യാറാക്കിയതെന്നും ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കി. എന്നാല്‍, സംസ്ഥാന വനം വകുപ്പ് അത് നിഷേധിച്ചു. ലേ ഔട്ട് പ്ലാനിനോട് തങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ഇക്കാര്യം ഉന്നതാധികാര സമിതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ രേഖാമൂലമുള്ള ഒരു എതിര്‍പ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കി.
മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെയും ജസ്റ്റിസ് സിരിജഗന്റെയും നിലപാട് വസ്തുതാപരമായി ശരിയല്ലെന്ന് വനം വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ് സമിതി യോഗത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ വ്യക്തമമാക്കി. മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സമിതിക്ക് മുമ്പാകെ ഹാജരായ ജി പ്രകാശ് ഇന്ന് നിലപാട് വ്യക്തമാക്കിയില്ല. വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാമെന്ന് അദ്ദേഹം സമിതിയെ അറിയിച്ചു.
ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നടത്തുന്നത് സ്വകാര്യ റിസോര്‍ട്ടല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പി.എസ് സുധീര്‍ സമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ചിലര്‍ അങ്ങനെ ഒരു പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. തീര്‍ഥാടകരുടെ ക്ഷേമമാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാദിച്ചു. വനം വകുപ്പ് ഹാജരാക്കിയ ഭൂപടത്തോട് യോജിപ്പില്ല. ഏതൊക്കെ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കണമെന്ന് വനം വകുപ്പിനോ, എംപവേര്‍ഡ് കമ്മിറ്റിക്കോ നിര്‍ദേശിക്കാന്‍ ആകില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു.
Content Highlights: Will not accept Sabarimala lay out plan - Forest Department; Not running a private resort - Board