പൈല്‍സ്മൂലം മലദ്വാരത്തില്‍ പഴുപ്പുണ്ടാകാമെന്ന് പ്രതിഭാഗം; മറുപടിയില്ലായിരുന്നോ ഡോക്ടര്‍ക്ക്?


അഡ്വ. ആശ ഉണ്ണിത്താൻ

4 min read
Read later
Print
Share

വാളയാർ വിഷയത്തിൽ പോലീസും പ്രോസിക്യൂഷനും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറും എന്തിന് കുട്ടികളുടെ അധ്യാപകരുടെ ഭാഗത്ത് നിന്നു വരെയുണ്ടായ അലംഭാവങ്ങൾ ചെറുതല്ല, അഡ്വ ആശ ഉണ്ണിത്താൻ എഴുതുന്നു

''ലോകത്തെ ഏറ്റവും അമൂല്യമായ സമ്പത്ത് കുട്ടികളാണ്; ഏറ്റവും മികച്ച പ്രതീക്ഷകളും'' എന്ന് പറഞ്ഞത് ജസ്റ്റിസ് കൃഷ്ണയ്യരാണ്. എന്നാല്‍, അതിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ നമുക്കിതുവരെ സാധിച്ചോ. ഇല്ല.

വാളയാര്‍ പോലീസ് സ്റ്റേഷനില്‍ ഇരുപത്തേഴോളം പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഒരു പ്രദേശത്ത് കുട്ടികള്‍ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് അറിയുന്നവരാണ് വാളയാറിലെ പോലീസുദ്യോഗസ്ഥരും ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും അങ്കണവാടി ജീവനക്കാരും സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും ശിശുക്ഷേമസമിതി അംഗങ്ങളും ചൈല്‍ഡ്ലൈനും മറ്റും. കുറ്റംചെയ്തവരെ തിരയുമ്പോള്‍ ചൂണ്ടുന്ന വിരലുകള്‍ നീളുന്നത് നമുക്കുനേരെത്തന്നെയാണ്.

നെഞ്ചുരുക്കുന്ന യാഥാര്‍ഥ്യങ്ങള്‍

കൊടിയ ദാരിദ്ര്യമനുഭവിക്കുന്ന, ജീവിതദുരിതങ്ങളിലൂടെ കടന്നുപോകുന്ന അരികുവത്കരിക്കപ്പെട്ട ജനങ്ങളുടെ പറ്റമാണ് അട്ടപ്പള്ളം എന്ന പ്രദേശത്ത് താമസിക്കുന്നത്. ഷീറ്റുമേഞ്ഞ ഒറ്റമുറി വീട്ടിലാണ് അമ്മയുടെയും രണ്ടാനച്ഛന്റെയുമൊപ്പം രണ്ടുകുട്ടികള്‍ താമസിച്ചിരുന്നത്. അടുത്ത ബന്ധുക്കളും അയല്‍വാസികളുമായ പ്രതികള്‍ അവരുടെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. വ്യക്തിബന്ധവും കുടുംബബന്ധവും മുതലെടുത്ത് ഇവര്‍ കുട്ടികളെ നിരന്തരമായി ലൈംഗികപീഡനത്തിന് വിധേയരാക്കുകയായിരുന്നു.

മൂത്തകുട്ടി വേദനമൂലം ക്ലാസില്‍ പലപ്പോഴും എഴുന്നേറ്റുനില്‍ക്കാറുണ്ടായിരുന്നെന്ന് കുട്ടി മരിച്ചശേഷം അധ്യാപിക പറയുന്നു. ഒരു 11 വയസ്സുകാരിക്ക് ഇത്രയും വേദനയുണ്ടാക്കുന്ന മുറിവുകളുണ്ടാവുകയും അത് വ്രണപ്പെട്ട് അഴുകിയനിലയില്‍ എത്തിയിട്ടും അമ്മയോട് പറയുന്നതിന് കുട്ടിക്ക് കഴിഞ്ഞില്ല. വേദനകാരണം എഴുന്നേറ്റുനിന്നിരുന്ന ആ കുട്ടിയെ വിളിച്ച് കാര്യങ്ങള്‍ തിരക്കി ചികിത്സയും കൗണ്‍സലിങ്ങും നടത്താന്‍ സ്‌കൂളിലെ അധ്യാപകര്‍ക്കും കഴിഞ്ഞില്ല. ഇത് കുട്ടിയുടെ ജീവിതസാഹചര്യം എത്ര കഠിനമാണെന്ന് വെളിവാക്കുന്നു.

നിയമപാലനത്തിലെ ചോര്‍ച്ചകള്‍

മൂത്തകുട്ടി തൂങ്ങിനില്‍ക്കുന്നത് കണ്ടതിനുശേഷം ഇളയകുട്ടിയുമായി സംസാരിച്ച പോലീസുദ്യോഗസ്ഥര്‍ ആ കുട്ടിയുടെ മൊഴിയെടുത്തിരുന്നെങ്കിലും (എന്ന് പറയപ്പെടുന്നു) അത് തെളിവിലേക്ക് ഉപയോഗിച്ചില്ല എന്നതുമുതല്‍ പോലീസിന്റെ കുറ്റകരമായ അനാസ്ഥ (അല്ലെങ്കില്‍ മനഃപൂര്‍വമായ ഗൂഢാലോചന) ആരംഭിക്കുന്നു. പോക്‌സോപ്രതിയെന്ന് ആരോപിക്കപ്പെട്ടവരെ സ്റ്റേഷനില്‍നിന്ന് രാഷ്ട്രീയസ്വാധീനത്തിന്റെ പേരില്‍ ഇറക്കിക്കൊണ്ടുപോയവരും ഇറക്കിവിട്ടവരും ഒരുപോലെ പ്രതികളാണ്. പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍ കുട്ടിയുടെ ഗുഹ്യഭാഗത്തെ മുറിവിനെക്കുറിച്ച് അന്വേഷണോദ്യോഗസ്ഥന് മൊഴിനല്‍കിയിട്ടും കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം ഉദ്യോഗസ്ഥന്‍ മറച്ചുവെക്കുകയും കുട്ടിയുടെ മരണത്തെ കേവലം ആത്മഹത്യയായി ഒതുക്കാന്‍ ശ്രമിക്കുകയുംചെയ്തു. ഇത് പോലീസുദ്യോഗസ്ഥനായി തുടരാന്‍ അയാള്‍ അര്‍ഹനല്ല എന്ന് വ്യക്തമാക്കുന്നു. ഓരോ പോലീസ് സ്റ്റേഷനിലെയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നത് ജുവനൈല്‍ പ്രൊട്ടക്ഷന്‍ ഓഫീസറാണ് എന്നാണ് ബാലനീതി നിയമം അനുശാസിക്കുന്നത്. മാത്രമല്ല, ഇളയകുട്ടിയെ ആ വീട്ടില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ച് ആ കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും ആ പോലീസ് ഉദ്യോഗസ്ഥന്റെ ചുമതലയായിരുന്നു. ഇത് പോക്‌സോചട്ടപ്രകാരം കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യേണ്ടതാണ്.

കുറ്റകരമായ വീഴ്ചകള്‍

രണ്ടാമത്തെ കുട്ടിയുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വളരെ ലാഘവത്തോടെയാണ് കേസിനെ സമീപിച്ചത്. അന്‍പതിലേറെ സാക്ഷികളെ നിരത്തി തയ്യാറാക്കിയ കുറ്റപത്രങ്ങള്‍ത്തന്നെ കേവലം കെട്ടിച്ചമച്ച കേസാക്കി അതിന്റെ വിശ്വാസയോഗ്യതയില്ലാതാക്കി. പരസ്പരബന്ധമില്ലാത്ത മൊഴികളാണ് സാക്ഷികളെക്കൊണ്ട് പറയിപ്പിച്ചത്. പ്രതികളെല്ലാവരും ദളിതരല്ലെന്നും കുട്ടികള്‍ രണ്ടുപേരും ദളിതരാണ് എന്നതും ഈ കേസില്‍ പട്ടികജാതി-വര്‍ഗക്കാരെ അതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്ന നിയമം ഉപയോഗിക്കാനുള്ള ശക്തമായ കാരണമാണ്. എന്നാല്‍, ചില പ്രതികള്‍ ദളിതരായതിനാല്‍ മറ്റുപ്രതികള്‍ക്ക് എസ്.സി., എസ്.ടി. ആക്ടില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയതും സംശയാസ്പദമാണ്.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികവേഴ്ചയായിട്ടാണ് കുട്ടികളുടെ നേരെനടന്ന ലൈംഗികാതിക്രമത്തെ അന്വേഷണോദ്യോഗസ്ഥന്‍ മനസ്സിലാക്കിയിരുന്നത് (?) എന്നത് ഞെട്ടിക്കുന്നതാണ്. ആ പ്രസ്താവന മരിച്ച കുട്ടികളുടെ യശസ്സിന് ക്ഷതമേല്‍പ്പിച്ചതിനാല്‍ പോക്‌സോ ആക്ട് വകുപ്പ് 22(1) പ്രകാരം കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യേണ്ടതാണ്. രണ്ടാമത്തെ കുട്ടിയെയും ലൈംഗികമായി ഉപദ്രവിച്ചിട്ടുള്ള കാര്യം ഒരിക്കലും കോടതിയും പ്രോസിക്യൂഷനും പോലീസും ശ്രദ്ധിക്കാതെപോവരുത് എന്നതുകൊണ്ടാണ് കുട്ടിയുടെ പീഡനമേറ്റ ഭാഗത്തിന്റെ ചിത്രം പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ ഡോ. ഗുജറാള്‍ തുന്നിച്ചേര്‍ത്തത്.

ഇത്രമേല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും കുട്ടികള്‍ക്ക് സ്വാഭാവികമായും തൂങ്ങിമരിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടും ഈ കുട്ടികളെ ഉപദ്രവിച്ചവര്‍ക്കെതിരേ കേസെടുത്ത് അവരുടെ കുറ്റകൃത്യത്തിലുള്ള പങ്ക് വെളിവാക്കുന്ന തെളിവുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട പോലീസുദ്യോഗസ്ഥര്‍ അവരുടെ ചുമതല നിര്‍വഹിക്കുന്നതില്‍ കുറ്റകരമായ വീഴ്ചവരുത്തി.

അഞ്ചുപ്രതികളുെട പേരില്‍ അഞ്ച് വ്യത്യസ്ത എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് കേസന്വേഷിക്കണമായിരുന്നു. ഈ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് പ്രതിഭാഗം വക്കീലാണ്. എന്നാല്‍, ഇക്കാര്യത്തില്‍ നീതിന്യായസംവിധാനമോ പ്രോസിക്യൂഷനോ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല.

മുന്നോട്ടുള്ള അന്വേഷണത്തിന് സി.ആര്‍.പി.സി.യില്‍ വ്യക്തമായി വ്യവസ്ഥയുള്ളതാണ്. കേസന്വേഷണത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെങ്കിലും കേസ് നിരീക്ഷിക്കുന്നതിലും മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനും തുടരന്വേഷണം നടത്താന്‍ ഉത്തരവിടുന്നതിനും കോടതിക്കും പ്രോസിക്യൂഷനും നടപടികള്‍ കൈക്കൊള്ളാവുന്നതാണ്. മാത്രമല്ല, കുറ്റപത്രം സമര്‍പ്പിച്ച സമയം കുറ്റപത്രത്തിന്റെ പകര്‍പ്പ് കുട്ടികളുടെ അമ്മയ്ക്കുനല്‍കാന്‍ പോക്‌സോ ചട്ടത്തിലെ 25(2) വകുപ്പ് വ്യവസ്ഥചെയ്യുന്നു. ഈ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സമയം കോടതിയും പ്രോസിക്യൂഷനും ഇതിന്റെ പോരായ്മകള്‍ വിലയിരുത്തേണ്ടതായിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുകയും നിയമജ്ഞരെക്കൊണ്ട് അത് വിശകലനംചെയ്യിക്കുകയും അതിനായി നിയമസഹായ അതോറിറ്റിയുടെ സൗജന്യസഹായം ചെയ്യാനും പോക്‌സോ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കുറ്റപത്രത്തിലെ പോരായ്മകള്‍ ഉയര്‍ത്തി വീണ്ടും അന്വേഷണ ഉത്തരവിടാനുള്ള അവസരമാണ് കോടതിയും പ്രോസിക്യൂഷനും നഷ്ടമാക്കിയത്.

കരുണവറ്റിയ നിലപാടുകള്‍

വാളയാര്‍ കേസിലെ കോടതിവിധി കുട്ടികളുടെ അമ്മ അറിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമെടുക്കുന്നതിനായി സമീപിച്ചപ്പോള്‍ മാത്രമാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് കേസിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കുറ്റപത്രമടക്കം കുടുംബത്തെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നത്. ബാലനീതി നിയമപ്രകാരം ശിശുക്ഷേമസമിതിയുടെ ഉത്തരവാദിത്വമാണ് പോക്സോ കേസുകളില്‍വേണ്ട പിന്തുണവ്യക്തികളെ (support persons) നിയമിച്ചുകൊണ്ട് കുട്ടിയുടെ കുടുംബത്തെ കേസുനടത്തിപ്പിനായി സഹായിക്കുക എന്നത്.

ബാലനീതിനിയമപ്രകാരം പോക്സോ കേസുകള്‍ നിരീക്ഷിക്കുന്നതിനും പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനും മറ്റുമായുള്ള പ്രധാന ഉത്തരവാദിത്വങ്ങള്‍ കേന്ദ്ര-സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍ക്കുണ്ട്.

ആദ്യത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജന്‍ പ്രതിഭാഗം വക്കീലിന്റെ ചോദ്യത്തിന് എക്‌സ്പര്‍ട്ട് വിറ്റ്നസ് എന്ന കര്‍ത്തവ്യം മറന്നുകൊണ്ടാണ് ഉത്തരം നല്‍കിയിരിക്കുന്നത്. പൈല്‍സ്മൂലം മലദ്വാരത്തില്‍ ഇത്തരം പഴുപ്പ് ഉണ്ടാകാമെന്ന് പ്രതിഭാഗം പറയുമ്പോള്‍ ശരീരം കീറിമുറിച്ചുനോക്കിയപ്പോള്‍ അങ്ങനെയല്ല താന്‍ മനസ്സിലാക്കിയതെന്ന് ഡോക്ടര്‍ പറയണമായിരുന്നു. മാത്രമല്ല, എക്‌സ്പര്‍ട്ട് വിറ്റ്നസിനോട് പുനഃപരിശോധന ചെയ്തുകൊണ്ട് പ്രോസിക്യൂട്ടര്‍ക്കും പൈല്‍സ് വാദം തള്ളിക്കളഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കാമായിരുന്നു. കോടതിക്കും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടാമായിരുന്നു. ഒരു തവണപോലും കുട്ടിയുടെ അമ്മയെ വിളിച്ച് എതിര്‍ഭാഗം വക്കീല്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ചോദിച്ച് പഠിപ്പിക്കുകയോ രണ്ടുവര്‍ഷംമുമ്പ് പോലീസിന് നല്‍കിയ മൊഴി വായിച്ചുകൊടുക്കുകയോ ചെയ്യാതെ ജീവിതത്തില്‍ ആദ്യമായി കോടതിയില്‍ കയറേണ്ടിവന്ന ആ ഹതഭാഗ്യയായ സ്ത്രീയെ തികഞ്ഞ അവഗണനയോടെ കണ്ട പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തികള്‍ ന്യായീകരിക്കാന്‍ സാധ്യമല്ല.

(അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമാണ് ലേഖിക)

content highlights: Valayar case, Prosecution, postmortem doctor, and police investigation

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram