'കലാപം അവസാനിപ്പിച്ചാല്‍ നിങ്ങളെ കേള്‍ക്കാം'- ജാമിയ, അലിഗഡ് പ്രതിഷേധങ്ങളില്‍ ചീഫ് ജസ്റ്റിസ് ബോബ്ഡെ


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്

4 min read
Read later
Print
Share

ചീഫ് ജസ്റ്റിസിന്റെ കോടതിക്ക് മുന്നില്‍ രാവിലെ 9.45 ന് ഇന്ദിര ജയ്‌സിംഗ് എത്തി. തൊട്ടുപിന്നാലെ സീനിയര്‍ അഭിഭാഷകരായ കോളിന്‍ ഗോണ്‍സാല്‍വസും രാജീവ് ധവാനും. 9.50 ഓടെ മൂന്ന് പേര്‍ക്കുചുറ്റും ഒരു ചെറിയ കൂട്ടം രൂപപ്പെട്ടു. 10 മണിക്ക് ചീഫ് ജസ്റ്റിസ് കോടതി തുറന്നപ്പോള്‍ ആദ്യം കോടതി മുറിയിലേക്ക് പ്രവേശിച്ചത് ഇന്ദിര ജയ്സിംഗ്. ആദ്യനിരയുടെ മധ്യത്തില്‍ ഇടത് വശത്തുള്ള ആദ്യ കസേരയില്‍ ഇരുപ്പുറപ്പിച്ചു. തൊട്ടടുത്ത് കോളിന്‍ ഗോണ്‍സാല്‍വസ്.

10.33 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ കോടതിമുറിയില്‍ എത്തി. ജഡ്ജിമാര്‍ ഇരുന്നതും ഇന്ദിര ജയ്‌സിംഗ് വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം ഉന്നയിക്കാനായി കോടതിമുറിയില്‍ ഉണ്ടായിരുന്നതിനാല്‍ കീഴ്‌വഴക്കം അനുസരിച്ച് കോടതി ആദ്യം സോളിസിറ്റര്‍ ജനറലിനെ കേട്ടു. തുടര്‍ന്ന് ഇന്ദിര ജയ്‌സിങ്ങിന്റെ ഊഴം.

ഇന്ദിര ജയ് സിംഗ് : വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഉന്നയിക്കുന്നത്. ജാമിയ മിലിയ സര്‍വ്വകലാശാലയിലും അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ പോലീസ് അതിക്രമം ഉണ്ടായി. പല വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ജാമിയ മിലിയ സര്‍വകലാശാലയില്‍ ലൈബ്രറിയില്‍ വായിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ പോലും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ഈ വിഷയത്തില്‍ കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. അതുപോലെ ഇവിടെ സുപ്രീം കോടതി ഇടപെടണം.

കോളിന്‍ ഗോണ്‍സാല്‍വസ് : അലിഗഡ് സര്‍വകലാശാലയിലെ വിഷയം കൂടുതല്‍ രൂക്ഷമാണ്. ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഉള്ളതുകൊണ്ട് അവിടുത്തെ യഥാര്‍ത്ഥ അവസ്ഥ പുറംലോകം അറിയുന്നില്ല.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : സമാധാനപൂര്‍ണ്ണമായ സമരത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ അവര്‍ക്ക് സമാധാനപൂര്‍ണ്ണമായി സമരംചെയ്യാം. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരത്തെ അംഗീകരിക്കാന്‍ കഴിയില്ല. കലാപ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഇന്ദിര ജയ്‌സിംഗ് : വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണ്. ജാമിയ മിലിയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ തന്നെ ഇന്ന് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രോക്ടറുടെ അനുമതി ഇല്ലാതെയാണ് പോലീസ് ക്യാമ്പസില്‍ പ്രവേശിച്ചത്. കോടതി അവരില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കണം.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : ആദ്യം കലാപം അവസാനിക്കണം. കലാപം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ഞങ്ങള്‍ക്ക് അനുഭവത്തിലൂടെ അറിയാം.

ഇന്ദിര ജയ് സിംഗ് : കലാപം സൃഷ്ടിച്ചതാണ്. അതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കില്ല.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : ആരെങ്കിലും സമാധാനപൂര്‍ണ്ണമായി സമരം നടത്തുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും കല്ലെറിയുന്നു എന്നതുകൊണ്ട് കോടതി ആ വിഷയത്തില്‍ ഇടപെടണമെന്നില്ല. ആദ്യം കലാപം അവസാനിക്കട്ടെ.

ജാമിയ മിലിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി : (ഉച്ചത്തില്‍) ക്യാംപസില്‍ പോലീസ് നടത്തിയത് നരനായാട്ടാണ്. ഞാന്‍ അവിടെ നിന്നാണ് വരുന്നത്.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : നിങ്ങള്‍ ആരാണ്? അവിടുത്തെ വിദ്യാര്‍ത്ഥിയാണോ?

വിദ്യാര്‍ത്ഥി : അതെ. (ഉച്ചത്തില്‍) ബാത്ത്റൂമില്‍ കയറി പോലും പോലീസ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു.

ചീഫ് ജസ്റ്റിസ് ബോബ്ഡെ : (ഉച്ചത്തില്‍) ഇങ്ങനെയല്ല കോടതിയില്‍ വിഷയം അവതരിപ്പിക്കേണ്ടത്. നിങ്ങള്‍ മിണ്ടാതിരിക്കൂ. എവിടെയെങ്കിലും നടന്ന ബഹളത്തിന് ഇവിടെ വന്ന് ബഹളംവച്ചിട്ട് കാര്യമില്ല.

കോളിന്‍ ഗോണ്‍സാല്‍വസ് : ഞാന്‍ ഇന്നലെ ജാമിയ മിലിയ സര്‍വ കലാശാലയില്‍ പോയിരുന്നു. നിരവധി വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവര്‍ രാത്രിവരെ കസ്റ്റഡിയില്‍ ആയിരുന്നു. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ സ്ഥിതി കൂടുതല്‍ മോശമാണെന്നാണ് അറിയാന്‍ കഴിയുന്നത്. വസ്തുത എന്താണെന്ന് മനസിലാക്കാന്‍ വിരമിച്ച ജഡ്ജിമാരുടെ സംഘത്തെ അങ്ങോട്ട് അയക്കണം. ഇത് ഒരു അഭ്യര്‍ഥനയാണ്.

ചീഫ് ജസ്റ്റിസ് : ബസുകള്‍ കത്തിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ തകര്‍ക്കുന്നു. ആര് ചെയ്യുന്നു എന്നത് അല്ല വിഷയം. സമാധാനമായ അന്തരീക്ഷത്തില്‍ മാത്രമേ ഈ വിഷയം കേള്‍ക്കാന്‍ കഴിയുകയുള്ളു. ഇത് ഒരു ക്രമസമാധാന വിഷയം ആണ്. കോടതിക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും ഇടപെടാന്‍ ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. പക്ഷേ കലാപം അവസാനിപ്പിക്കണം. പൊതുമുതല്‍ നശിപ്പിക്കുമ്പോള്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനമെടുപ്പിക്കാന്‍ കഴിയില്ല.

കോളിന്‍ ഗോണ്‍സാല്‍വസ് :കോടതിയെ സമ്മര്‍ദ്ദത്തില്‍ ആക്കി ഉത്തരവ് നേടാന്‍ കഴിയില്ല എന്ന് ഞങ്ങള്‍ക്ക് അറിയാം.

ശോഭ ഗുപ്ത (അഭിഭാഷക) : പോലീസ് ആണ് ജാമിയ സര്‍വ്വകലാശാലയില്‍ അക്രമം നടത്തിയത്. ഞങ്ങളുടെ പക്കല്‍ അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉണ്ട്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ : (ക്ഷുഭിതന്‍ ആയി) നിങ്ങള്‍ ഇങ്ങനെ അല്ല കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടത്. മൈക്ക് ഓഫ് ചെയ്യൂ .

(മൈക്ക് ഓഫ് ചെയ്ത ശേഷം)

ഇന്ദിര ജയ് സിംഗ് : കോടതി ഈ വിഷയം കേള്‍ക്കണം.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ : നിങ്ങള്‍ സമാധാനപൂര്‍ണമായാണ് പ്രതിഷേധ സമരം നടത്തുന്നത് എങ്കില്‍ ഞങ്ങള്‍ കേള്‍ക്കാം. തെരുവിലിറങ്ങി നിയമം കൈയ്യിലെടുക്കാന്‍ ആണ് ശ്രമിക്കുന്നതെങ്കില്‍ ഞങ്ങള്‍ കേള്‍ക്കില്ല. നിങ്ങളുടെ ഇഷ്ടം. നാളെ കേള്‍ക്കാം.

ഇന്ദിര ജയ്സിംഗ് : ഒരു ആവശ്യം കൂടിയുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അവര്‍ക്ക് വേണ്ട ചികിത്സ നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണം. സോളിസിറ്റര്‍ ജനറല്‍ ഇവിടെ ഉണ്ട്.

തുഷാര്‍ മേത്ത (സോളിസിറ്റര്‍ ജനറല്‍) : ഇന്നലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിവ് എനിക്കില്ല. ഞങ്ങള്‍ക്ക് ഒരു ഹര്‍ജിയുടെയും പകര്‍പ്പ് ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ച ശേഷം കോടതിയെ വിവരമറിയിക്കാം. ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാം.

അഭിഷേക് മനു സിംഗ്വി: ത്രിപുരയുമായി ബന്ധപ്പെട്ട ഒരു കേസ് മെന്‍ഷന്‍ ചെയ്യാനാണ്...

ഇന്ദിര ജയ് സിംഗ് : മനു (സിംഗ്വി) ഒരു നിമിഷം, ഞങ്ങളുടെ വിഷയം കഴിഞ്ഞിട്ടില്ല.

ഇന്ദിര ജയ് സിംഗ് : കോടതി ഈ വിഷയം അടിയന്തിരമായി പരിഗണിക്കണം

ചീഫ് ജസ്റ്റിസ് : നിങ്ങള്‍ ഫയല്‍ചെയ്യൂ. നാളെ കേള്‍ക്കാം. പക്ഷെ അക്രമം പാടില്ല.

കോളിന്‍ ഗോണ്‍സാല്‍വസ് ഹര്‍ജിയുടെ പകര്‍പ്പ് കോര്‍ട്ട് മാസ്റ്റര്‍ക്കും തുഷാര്‍ മേത്തയ്ക്കും കൈമാറുന്നു.

Content Highlights: 'Students can't take law and order in their own hands'- CJI Bobde on Jamia, Aligarh protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram