ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ 106 ദിവസത്തെ ജയില്‍ വാസത്തിനുശേഷം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പി. ചിദംബരം സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് പുനരാംഭിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പാകെയാണ് ചിദംബരം ഇന്ന് രണ്ട് കേസുകളില്‍ ഹാജരായത്.
പ്രമുഖ വ്യവസായി ജയദേവ് ഷ്രോഫും ഭാര്യ പൂനം ഭഗത്തും തമ്മിലുള്ള വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരം ആദ്യം ഹാജരായത്. ജയദേവ് ഷ്രോഫിനു വേണ്ടിയാണ് ചിദംബരം ഹാജരായത്. എതിര്‍കക്ഷിയായ പൂനം ഭഗത്തിനുവേണ്ടി ഹാജരായത് സീനിയര്‍ അഭിഭാഷകരായ കപില്‍ സിബലും, അഭിഷേക് മനു സിംഗ്വിയും ആയിരുന്നു. ഐ എന്‍ എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിനു വേണ്ടി സി.ബി.ഐ കോടതി മുതല്‍ സുപ്രീം കോടതി വരെ ഹാജരായിരുന്നത് സിബലും സിംഗ്വിയും ആയിരുന്നു.
ജയദേവ് ഷ്രോഫും പൂനം ഭഗത്തും തമ്മിലുള്ള ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം നടന്നില്ല. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മാറ്റി. തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചിദംബരം രണ്ടാമതായി ഹാജരായത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്കാലത്തായിരുന്നു ചിദംബരത്തിന്റേത്. ഡിഎംകെ ഐക്ക് വേണ്ടി കേസില്‍ ഹാജരായത് അഭിഷേക് മനു സിംഗ്വി ആയിരുന്നു. തമിഴ്നാട് സര്‍ക്കാരിനുവേണ്ടി മുകുള്‍ റോത്തഗിയും. ഇരുവരുടെയും വാദം കഴിഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പടിവിച്ചതിനാല്‍ ചിദംബരത്തിന് വാദിക്കേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ ജയില്‍ ജീവിതത്തിന് ശേഷമുള്ള തിരിച്ചുവരവ് ദിവസം ചിദംബരത്തിന്റെ വാദം കോടതിയില്‍ ഉണ്ടായില്ല.
കോടതി ഉച്ചയൂണിന് പിരിഞ്ഞതിന് പിന്നാലെ ചിദംബരവും കപില്‍ സിബലും പാര്‍ലമെന്റിലേക്ക് പോയി. ഇരുവരും പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ചു.
Content highlights: P Chidambaram appears as advocate in Supreme Court