- ബെഞ്ച് - ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്
- സമയം - 11 .51
- ഐറ്റം - 27
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ : ആ വിഷയം സുപ്രീം കോടതിയുടെ ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതല്ലേ?
കോളിന്‍ ഗോണ്‍സാല്‍വസ് : 2018 സെപ്റ്റംബര്‍ 28 ന് യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. എന്നാല്‍ കേരള സര്‍ക്കാര്‍ ഞങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നില്ല.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ : അതെ ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള ഒരു ഉത്തരവുണ്ട്. എന്നാല്‍ ആ വിഷയങ്ങള്‍ ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നു വെന്നതും സത്യം ആണ്. 1000 വര്‍ഷമായി നിലനില്‍ക്കുന്ന ആചാരം ആണ്. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ സ്‌പോടനാത്മകം ആണ്. മറ്റൊരു കലാപം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഇന്ന് ഈ വിഷയത്തില്‍ ഉത്തരവ് ഇടില്ല.
കോളിന്‍ ഗോണ്‍സാല്‍വസ് : പോലീസ് സംരക്ഷണത്തോടെ ശബരിമല ദര്‍ശനം അനുവദിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ : ഇത് ഒരു വൈകാരിക വിഷയമാണ്. ഞങ്ങള്‍ ഈ ഘട്ടത്തില്‍ ഇടപെടില്ല. വളരെ ഗൗരവ്വമേറിയ ഈ വിഷയത്തില്‍ ഇടപെട്ട് കൂടുതല്‍ വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഏഴംഗ ബെഞ്ചിന്റെ വിധി നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഞങ്ങള്‍ ഇടും. എന്നാല്‍ ഇപ്പോള്‍ അത് ചെയ്യില്ല.
കോളിന്‍ ഗോണ്‍സാല്‍വസിന്റെ സ്ഥാനത്തേക്ക് ഇന്ദിര ജയ്സിംഗ് കടന്ന് വരുന്നു.
ഇന്ദിര ജയ്‌സിംഗ് : ഞാന്‍ തുടങ്ങുന്നതിന് മുമ്പ് ഒരു ചെറിയ അഭ്യര്‍ത്ഥന ഉണ്ട്. മൈക്ക് ഓണ്‍ ചെയ്യണം.
ചീഫ് ജസ്റ്റിസ് : ഞങ്ങളോ അതോ നിങ്ങളോ ?
ഇന്ദിര ജയ്‌സിംഗ് : ജഡ്ജിമാരുടേത്. ചീഫ് ജസ്റ്റിസ് പറയുന്നത് എന്താണ് എന്ന് വ്യകതമാകുന്നതിന് വേണ്ടി ആണ്.
ചീഫ് ജസ്റ്റിസ് ബോബ്ഡെ ചിരിക്കുന്നു. കോര്‍ട്ട് മാസ്റ്റര്‍ ചീഫ് ജസ്റ്റിസിന് മുന്നിലെ മൈക്ക് ഓണ്‍ ചെയ്യുന്നു
ഇന്ദിര ജയ്‌സിംഗ് (ബിന്ദുവിന്റെ അഭിഭാഷക) : 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. അതിനാല്‍ പോലീസ് സംരക്ഷണം അനുവദിക്കണം.
ചീഫ് ജസ്റ്റിസ് : ഇത് ഒരു വൈകാരിക വിഷയമാണ്. 2018ലെ വിധി അന്തിമ വാക്ക് അല്ല.
ഇന്ദിര ജയ് സിംഗ് : ഞാന്‍ (ബിന്ദു അമ്മിണി) ഒരു വനിതയാണ്. ദളിതാണ്. 2018 ലെ സുപ്രീം കോടതി വിധി വന്നതിന് ശേഷം ശബരിമലയില്‍ ഞാന്‍ പോയിരുന്നു. ഇത്തവണ പോകാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് നേരെ ആക്രമണമുണ്ടായി. ഞങ്ങള്‍ അക്രമത്തിന് എതിരാണ്.
ചീഫ് ജസ്റ്റിസ് : ഞങ്ങള്‍ക്ക് അവിടുത്തെ വിഷയം അറിയാം. നിങ്ങളുടെ ഹര്‍ജിയില്‍ നിന്ന് മാത്രമല്ല. മാധ്യമങ്ങളിലൂടെയും മറ്റും അവിടുത്തെ സാഹചര്യം ഞങ്ങള്‍ക്കുമറിയാം. അത് കൊണ്ട് കൂടിയാണ് വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. എല്ലാവരും ക്ഷമ കാണിക്കണം.
ഇന്ദിര ജയ് സിംഗ് : വിഷയം ഏഴംഗ ബെഞ്ചിന് വിട്ട ബെഞ്ച് പോലും നേരത്തയുള്ള വിധി സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ ഞങ്ങള്‍ക്ക് പോകാന്‍ അവകാശമുണ്ട്. ശബരിമല മറ്റ് ക്ഷേത്രങ്ങള്‍ പോലെ അല്ല. അവിടെ വര്‍ഷത്തില്‍ എല്ലാ ദിവസവും പോകാന്‍ കഴിയില്ല.
ചീഫ് ജസ്റ്റിസ് : നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ കഴിയില്ല എന്ന് ഞങ്ങള്‍ക്ക് ഉത്തരവ് ഇടാന്‍ കഴിയില്ല. നിങ്ങള്‍ പോയിട്ട് സന്തോഷത്തോടെ മടങ്ങി വരികയാണെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. വിധി നിങ്ങള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ഇപ്പോള്‍ ഉത്തരവിടില്ല. ഏഴംഗ ബെഞ്ചിന്റെ വിധി വരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കണം. ഞങ്ങള്‍ക്ക് ചില വിവേചനാധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉത്തരവിടാതെ ഇരിക്കുന്നത്.
ഇന്ദിര ജയ് സിംഗ് : അങ്ങനെയെങ്കില്‍ ഒരു ചെറിയ അപേക്ഷ ഉണ്ട്.
ചീഫ് ജസ്റ്റിസ് : എന്താണ് ?
ഇന്ദിര ജയ് സിംഗ് : പുനഃപരിശോധന ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണം.
ചീഫ് ജസ്റ്റിസ് : ഏഴംഗ ബെഞ്ചിന്റെ വിധി വന്നതിന് ശേഷമേ പുനഃപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കഴിയുകയുള്ളു. നിലവില്‍ ഞാന്‍ ഏഴംഗ ബെഞ്ച് രൂപീകരിച്ചിട്ടില്ല. അത് വേഗത്തിലാക്കാം.
ഇന്ദിര ജയ് സിംഗ് : ഒരു ആവശ്യം കൂടി ഉണ്ട്
ചീഫ് ജസ്റ്റിസ് : പറയൂ
ഇന്ദിര ജയ് സിങ് : കഴിഞ്ഞ വര്‍ഷം ബിന്ദുവിന് സുപ്രീം കോടതി 24* 7 സുരക്ഷ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. അത് പുനഃസ്ഥാപിക്കണം.
ചീഫ് ജസ്റ്റിസ് : സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാം
കോളിന്‍ ഗോണ്‍സാല്‍വസ് : എന്റെ കക്ഷിക്ക് നേരെയും ഭീഷണി ഉണ്ട്.
കൈലാഷ് വാസുദേവ് (അഖില ഭാരത അയ്യപ്പ ധര്‍മ്മ പ്രചാര സഭയുടെ അഭിഭാഷകന്‍) : കേസില്‍ മെറിറ്റില്‍ കേള്‍ക്കുകയാണെങ്കില്‍ എനിക്ക് ചിലത് പറയാനുണ്ട്. (രഹ്ന ഫാത്തിമയുടെ) റിട്ട് ഹര്‍ജിയിലെ 24ാമത്തെ പേജിലെ രണ്ടാമത്തെ ആവശ്യം കോടതി നോക്കണം. ഞാന്‍ വായിക്കണമോ അതോ കോടതി നോക്കുമോ?
ചീഫ് ജസ്റ്റിസ് ഹര്‍ജി വായിക്കുന്നു. എന്നിട്ട് ചിരിക്കുന്നു. പേപ്പര്‍ ബുക്ക് മടക്കി വയ്ക്കുന്നു
ചീഫ് ജസ്റ്റിസ് : (കോളിന്‍ ഗോണ്‍സാല്‍വസിനോട്) നിങ്ങള്‍ക്ക് ഭീഷണി ഉണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കുക. പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കാന്‍ കേരള പോലീസിനോട് നിര്‍ദേശിക്കാം.
(ചീഫ് ജസ്റ്റിസ് ഉത്തരവ് ഇടുന്നു)
content highlights: detailed court report on Sabarimala issue Rehna fathima, Bindu ammini plea