കോഴിക്കോട്: സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരണവുമായി മന്ത്രി കെ.ടി. ജലീല്‍. കഴിഞ്ഞദിവസം മലപ്പുറം ചെട്ടിയാംകിണറിന് സമീപത്ത് ബൈക്കില്‍നിന്ന് വീണവര്‍ക്ക് സഹായം നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നും ഓടിക്കൂടിയെത്തിവര്‍ തന്നെ തടഞ്ഞുനിര്‍ത്തുകയാണുണ്ടായതെന്നും മന്ത്രി കെ.ടി. ജലീല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി കെ.ടി. ജലീലും യുവാക്കളും വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
'താന്‍ വാഹനത്തില്‍ പോകുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടത്തിനിടെ തെന്നി വീണിരുന്നു. ഇത് കണ്ടാണ് വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് അവരെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ക്കിടെയാണ് ചിലര്‍ ഓടിക്കൂടിയെത്തി തനിക്കെതിരെ തിരിഞ്ഞത്. തന്റെ വാഹനമിടിച്ചാണ് ബൈക്ക് വീണതെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കള്‍ തന്നോട് തട്ടിക്കയറിയത്. ബൈക്കില്‍നിന്ന് വീണ കുട്ടികളോട് കാര്യങ്ങള്‍ തിരക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ തന്നെ തടഞ്ഞുവെച്ചപ്പോള്‍ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലീംലീഗ് പ്രവര്‍ത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കില്‍ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. സംഭവത്തില്‍ കല്‍പകഞ്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനം തട്ടിയിരുന്നെങ്കില്‍ അപകടത്തില്‍പ്പെട്ടവര്‍ ആശുപത്രിയില്‍ ചികിത്സ തേടണ്ടേ എന്നും തനിക്കെതിരെ കേസെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.
മന്ത്രിയെ തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി കല്‍പ്പകഞ്ചേരി പോലീസും അറിയിച്ചു. മന്ത്രിയുടെ വാഹനം ബൈക്കില്‍ ഇടിച്ചിട്ടില്ല. ബൈക്കില്‍നിന്ന് വീണവരെ സഹായിക്കാനാണ് മന്ത്രി കാറില്‍നിന്നിറങ്ങിയത്. എന്നാല്‍ സമീപത്തുണ്ടായിരുന്ന ചില യുവാക്കള്‍ മന്ത്രിയോട് തട്ടിക്കയറുകയായിരുന്നുവെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: minister kt jaleel given explanation about a video that circulating against him in social media