മേഗന്‍ മര്‍ക്കല്‍ താന്‍ വന്നിറങ്ങിയ കാറിന്റെ വാതിൽ അടച്ചതാണ് ബ്രിട്ടീഷ് മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകളില്‍ ഒന്ന്. ഒരാള്‍ കാറിന്റെ വാതിൽ സ്വയം അടയ്ക്കുന്നത് വാര്‍ത്തയാകുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അവര്‍ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്റെ ഭാര്യയാണ്. സക്‌സസിലെ പ്രഭ്വിയാണ്, രാജകീയ പ്രോട്ടോക്കോള്‍ പിന്തുടരാന്‍ ബാധ്യസ്ഥയായ വ്യക്തിയാണ്.
ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഹാരി രാജകുമാരന്റെ ഭാര്യയായി എത്തുന്നതിന് മുമ്പേ മേഗന്‍ നടിയും അതിലുപരി സാമൂഹ്യപ്രവര്‍ത്തകയുമായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് രാജകുടുംബം തുടരുന്ന കീഴ്വഴക്കങ്ങള്‍ പലപ്പോഴും മേഗന് വഴങ്ങാറുമില്ല. മേഗന്‍ കാറിന്റെ വാതിൽ തനിയെ അടച്ചതാണ് പുതിയ വിവാദം. പ്രോട്ടോക്കോള്‍ പ്രകാരം രാജകുടുംബാംഗങ്ങള്‍ സ്വയം ഇത് ചെയ്യാറില്ല. ലണ്ടനിലെ റോയല്‍ അക്കാദമിയില്‍ ഒരു എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. രാജകുടുംബത്തിലെത്തിയശേഷം മേഗന്‍ തനിച്ചു പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്.
കറുത്ത ലക്ഷ്വറി കാറിലെത്തിയ മേഗനെ ഡോര്‍ തുറന്ന് ഹസ്തദാനത്തോടെ ഒരാള്‍ സ്വീകരിക്കുന്നു. അയാള്‍ ഡോര്‍ അടയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഒരു സ്വഭാവിക പ്രവൃത്തിയെന്നോണം മേഗന്‍ തന്നെ ഡോര്‍ അടയ്ക്കുന്നു. മേഗന്റെ ഈ അപ്രതീക്ഷിത നീക്കം ചുറ്റുമുള്ളവരെ ഞെട്ടിച്ചുവെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്നും വ്യക്തമാണ്.
ബ്രിട്ടീഷ് ജനതയും മേഗന്റെ ഈ നീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മേഗന്‍ മര്‍ക്കല്‍ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നിരവധി പേര്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
മേഗന്റെ എളിമയാണ് ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്ന് ചിലര്‍ പറയുമ്പോള്‍. ഹാരിയുടെ ഭാര്യയായെന്നും ബ്രിട്ടീഷ് രാജകുടുംബത്തില്‍ എത്തി എന്നതും ഇതുവരെ മേഗന് ഉള്‍കൊള്ളാനായിട്ടില്ലെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.
Content Highlight: Meghan Markle Shuts Car Door, Breaking Royal Protocol