കോഴിക്കോട്: ശബരിമല വിധിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.
"സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ് പാര്‍ട്ടി നിലപാട്.അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. 1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്".
നിലവിലെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍, ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കുകയെന്നും കോടിയേരി പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തുവെന്നമട്ടില്‍ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണ്.
സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ് പാര്‍ട്ടി നിലപാട്. എന്നാല്‍, അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. 1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചു.
ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍, ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നത്.
content highlights: Kodiyeri balakrishnan on Sabarimala review verdict