പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശമാണ് കടങ്ങല്ലൂര്‍. ആലുവയോട് ചേര്‍ന്നുകിടക്കുന്ന കടങ്ങല്ലൂരില്‍ നിരവധിപേരാണ് വീടുകളിലും കെട്ടിടങ്ങളിലും ഒറ്റപ്പെട്ടുപ്പോയത്. ഇരച്ചെത്തിയ പ്രളയജലത്തിന് മുന്നില്‍ പകച്ചുനിന്നവരെ അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിച്ചത്.
ഈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും സജീവമായി പങ്കെടുത്തിരുന്നു. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചായിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ രക്ഷാപ്രവര്‍ത്തനം. ഈസ്റ്റ് കടങ്ങല്ലൂരില്‍ വീടുകളില്‍ കുടുങ്ങിപ്പോയ 127 പേരെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്വിറ്ററിലൂടെ അറിയിച്ചത്.
പത്ത് ദിവസം പ്രായമായ കുഞ്ഞും ഇതില്‍ ഉള്‍പ്പെടുന്നു. കുഞ്ഞിനെ വീടിന്റെ രണ്ടാംനിലയില്‍ നിന്ന് കരുതലോടെ പുറത്തെത്തിക്കുന്ന വീഡിയോയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടിട്ടുണ്ട്. ഇതോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിന്റെ മറ്റു വീഡിയോകളും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.