'പ്രളയം വന്നപ്പോള്‍ രക്ഷാപ്രവർത്തനത്തിന് പെണ്ണുങ്ങള്‍ എവിടെയായിരുന്നു'- പരിഹസിക്കുന്നവര്‍ അറിയാന്‍


2 min read
Read later
Print
Share

ദിവസത്തിന്റെ നേര്‍ പകുതിയായ രാത്രിയില്‍ ജനസംഖ്യയുടെ നേര്‍ പകുതിയിലധികം വരുന്ന പെണ്ണുങ്ങളെ കാണാറുണ്ടോ നിങ്ങള്‍?

പ്രളയം വന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പെണ്ണുങ്ങള്‍ എവിടെ, സ്ത്രീപുരുഷ തുല്യത എവിടെ എന്ന സാമൂഹിക വിരുദ്ധ വാഡ്‌സാപ്പ് മെസ്സേജുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നു

സ്‌കൂളിലെ കളിസ്ഥലങ്ങളില്‍ നിങ്ങള്‍ പെണ്‍കുട്ടികളെ കാണാറുണ്ടോ?നാട്ടിന്‍ പുറത്തെ പീടികക്കോലായകളിലും അന്തി നേരത്തെ സൊറ ക്കമ്പനികളിലും നിങ്ങൾ പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ എന്നീ ചോദ്യങ്ങൾ ഉന്നയിക്കുന്ന പോസ്റ്റാണ് ചർച്ചയാവുന്നത്. അധ്യാപികയും സാമൂഹികപ്രവര്‍ത്തകയുമായ പി.എം ഗീതയാണ് പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്ന പോസ്റ്റിട്ടിരിക്കുന്നത്.

ദിവസത്തിന്റെ നേര്‍ പകുതിയായ രാത്രിയില്‍ ജനസംഖ്യയുടെ നേര്‍ പകുതിയിലധികം വരുന്ന പെണ്ണുങ്ങളെ കാണാറുണ്ടോ നിങ്ങള്‍?അതിനും വേണം, ഉത്തരങ്ങള്‍ എന്ന തിരിച്ച് ചോദിക്കുന്നു ഈ അധ്യാപിക.

എംഎല്‍എ മാര്‍ പുല്ലിംഗമായ നാട്ടില്‍ ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജയെയും ആണ്‍കുട്ടികള്‍ എന്ന് ചിലര്‍ വിളിച്ച മിടുക്കികളായ ജില്ലാ കളക്ടര്‍മാരെയൊന്നും ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ കണ്ടില്ലേ എന്നും ഗീത ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

പ്രളയം വന്നപ്പോള്‍ പെണ്ണുങ്ങള്‍ എവിടെ? സ്ത്രീ പുരുഷ തുല്യത എവിടെ? എന്ന് ചോദിച്ചു കൊണ്ടുള്ള മെസ്സേജുകള്‍ പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും കറങ്ങുന്നുണ്ട്.. അധ്യാപക ഗ്രൂപ്പുകളാണധികവും....!എന്താ ഇപ്പോഴിത്ര വേവലാതി...? നിയമസഭാ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടികകളില്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിവിധ കമ്മിറ്റികളില്‍:., നാട്ടില്‍ നടക്കുന്ന മറ്റനേകം പരിപാടികളുടെ വേദികളില്‍,, പൊതു ഇടങ്ങളില്‍,.. ഒന്നും നമ്മുടെ പെണ്ണുങ്ങളെ കാണാറില്ലല്ലോ ... അപ്പോഴൊന്നും ഈ വേവലാതി കണ്ടില്ല ...
കുറേ ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കട്ടെ...
സ്‌കൂളിലെ കളിസ്ഥലങ്ങളില്‍ നിങ്ങള്‍ പെണ്‍കുട്ടികളെ കാണാറുണ്ടോ?
നാട്ടിന്‍ പുറത്തെ പീടികക്കോലായ കളില്‍,
അന്തി നേരത്തെ സൊറ ക്കമ്പനികളില്‍,,
നാട്ടിലെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍,
പൊതുകളിസ്ഥലങ്ങളില്‍,
പൊതു നീന്തല്‍ക്കുളങ്ങളില്‍........
കാണാറുണ്ടോ നമ്മുടെ പെണ്ണുങ്ങളെ ..?
ദിവസത്തിന്റെ നേര്‍ പകുതിയായ രാത്രിയില്‍ ജനസംഖ്യയുടെ നേര്‍ പകുതിയിലധികം വരുന്ന പെണ്ണുങ്ങളെ കാണാറുണ്ടോ നിങ്ങള്‍?
വേണം, ഉത്തരങ്ങള്‍...
നീന്താനും തുഴയാനുമൊക്കെ അറിയാവുന്ന പെണ്ണുങ്ങള്‍ പല വീടുകളിലുമുണ്ട്....... അനുവദിക്കുമൊ പാതിരാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ...? സ്വാഭാവികമായും പുരുഷന്മാര്‍ക്ക് മേല്‍ക്കൈ ഉള്ള ഒരു രക്ഷാ സംഘത്തിനൊപ്പം ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയും നമ്മുടെ പെണ്ണുങ്ങള്‍ക്ക്...?
ആണുങ്ങളോടൊപ്പം രാപകല്‍ ഭേദമെന്യേ നടക്കുന്ന, /കളിക്കുന്ന/ നീന്തുന്ന / പെണ്ണുങ്ങളെ നിങ്ങള്‍ എന്താണ് വിളിക്കുക?
ആണുങ്ങളോടൊപ്പമല്ലാതെ പോലും രാത്രിയില്‍ പുറത്ത് കറങ്ങി നടക്കുന്ന പെണ്ണിനോടുള്ള മനോഭാവം എന്തായിരിക്കും?

ദുരന്തമുഖങ്ങളില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വനിതാ എംഎൽഎമാര്‍ (എംഎൽഎ പുല്ലിംഗമാണല്ലോ നമ്മുടെ നാട്ടില്‍...) അവര്‍ അധികമുണ്ടാവില്ല.... സംവരണമില്ലല്ലോ -

അടിപതറാതെ ആരോഗ്യമന്ത്രി, മിടുക്കികളായ ജില്ലാ കലക്ടര്‍മാ(അവരെ നമുക്ക് ആണ്‍കുട്ടികളെന്നു വിളിക്കാം..... എന്ന് ചിലര്‍ കോള്‍മയിര്‍ക്കൊള്ളുന്നതും കണ്ടു!)
പോലീസ് സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കേരളത്തിലും വിദേശങ്ങളിലും ഉറക്കമിളച്ചിരുന്ന് ഇന്റര്‍നെറ്റ് വഴി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നൂറുകണക്കിന് യുവതികള്‍, ക്യാമ്പുകളിലേക്കുള്ള പാക്കിംഗ്, പാചകം, വിളമ്പല്‍........ നിരവധിയായ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആയിരക്കണക്കിന് സ്ത്രീകള്‍.......... എന്താ, ഇതൊന്നും രക്ഷാപ്രവര്‍ത്തനമല്ലെ ?
പറഞ്ഞു വന്നതിതാണ്..........
ശരീരത്തിലും മസില്‍ പവറിലുമല്ല തുല്യത:
അവസരങ്ങളിലും അവകാശങ്ങളിലുമാണ് ...
തുല്യതയുള്ള ഒരു സമൂഹത്തിലേതുല്യ പങ്കാളിത്തവും പ്രാതിനിധ്യവും ഉണ്ടാവു............
പരിശീലനങ്ങളാണ് കായിക ശേഷിയും നൈപുണികളും വളര്‍ത്തുന്നത്...... ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മത്സ്യ ബന്ധന ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാവാത്തത് അവര്‍ സ്ത്രീകളായതുകൊണ്ടല്ലല്ലോ ....
ചുരുക്കിപ്പറഞ്ഞാല്‍ ചിലര്‍ക്ക് മനസ്സിലാവില്ല.
അതാ വിസ്തരിക്കേണ്ടി വന്നത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram