ഇതാണ് കേരളം: മുസ്ലീം പള്ളിയിലെത്തി നന്ദി അറിയിച്ച്‌ ക്രിസ്ത്യന്‍ പുരോഹിതന്റെ പ്രസംഗം


ക്രിസ്ത്യന്‍ പള്ളിയില്‍ നിസ്‌ക്കരിച്ച മുസ്ലീം സഹോദരന്‍മാര്‍, ഒരു നാടൊന്നാകെ മസ്ജിദിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞ ദിവസങ്ങള്‍, പ്രളയത്തില്‍ മുങ്ങിയ അമ്പലം വൃത്തിയാക്കിയ മുസ്ലീം സഹോദരന്‍മാര്‍.. പ്രളയ കേരളം ഇങ്ങനെയൊക്കെയായിരുന്നു

ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തിന്റെ പ്രകൃതി രമണീയതകണ്ട് വിദേശികള്‍ ചാര്‍ത്തിതന്ന ഈ വിശേഷണം ഇനി നമുക്ക് കൂടുതല്‍ ഇണങ്ങും. ആ വിശേഷണം അതിനും അപ്പുറമാണ് എന്ന് തെളിയിക്കുന്ന ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് കണ്ടത്. പ്രളയത്തില്‍ രക്ഷപെടുത്താനെത്തിയ മുസ്ലിം സഹോദരങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ മുസ്ലിം പള്ളിയിലെത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍ അവിടെ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്‌. അതേ കേരളം ഇങ്ങനെയൊക്കെയാണ്, പ്രളയത്തിന് മുമ്പും ഇങ്ങനെയൊക്കെയായിരുന്നു. അമ്പലവും പള്ളിയും മസ്ജിദും ദുരിതാശ്വാസക്യാമ്പുകളായിടത്ത് മറ്റെല്ലാം മാറിനിന്നു. കോട്ടയത്തെ വെച്ചൂരിലുള്ള മുസ്ലീം പള്ളിയില്‍ കഴിഞ്ഞ ദിവസം ളോഹ ധരിച്ച് ഒരു വൈദികനെത്തിപ്രളയത്തില്‍ രക്ഷയായെത്തിയ മുസ്ലീം സഹോദരങ്ങള്‍ക്ക് ഹൃദയത്തില്‍ തൊട്ട് നന്ദിപറഞ്ഞു. ആ പ്രസംഗം കേട്ട നിയാസ് നാസര്‍ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു

ഏറെ വൈകകാരികമായ നിമിഷങ്ങളാണിന്ന് (വെള്ളി 31/8/2018) വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയത്.. സന്തോഷവും അഭിമാനവും അതിലേറെ നാളെയെ പറ്റി ഒത്തിരി പ്രതീക്ഷകളും തന്ന നിമിഷങ്ങള്‍...ഇക്കാലമത്രയും അനുഭവിച്ചതില്‍ ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ചയാണിന്ന്.. ഏറെ നേരം നീണ്ടു നില്‍കാറുള്ള ജുമാപ്രസംഗം ഇമാം പെട്ടന്ന് അവസാനിപ്പിച്ചത് കണ്ടു കാര്യം എന്താകും എന്ന് ചിന്തിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി അച്ഛന്‍ അങ്ങോട്ട് കയറി വന്നത്..പ്രളയത്തെ തുടര്‍ന്ന് കൃസ്ത്യന്‍ ദേവാലയ വുമായി ബന്ധപെട്ടു മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് സഹായം ചെയ്തു അതിനു നന്ദി അറിയിക്കുക എന്നതാണ് ആഗമന ലക്ഷ്യം എന്ന് മുഖവുര ഏതുമില്ലാതെ അച്ഛന്‍ പറഞ്ഞു. ആദ്യമായാണ് ഒരു മുസ്ലിം പള്ളിയില്‍ കയറുന്നത് ,അഭിമാനവും സന്തോഷവും ഉണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്..ആ വാക്കുകള്‍ കടമെടുത്താല്‍ ...

' മഹാ പ്രളയതിനാണ് ആണ് നാം സാക്ഷ്യം വഹിച്ചത് ,പ്രളയം നമ്മളില്‍ നിന്നും പലതും കവര്‍ന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു, നമ്മടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു, ഞാന്‍ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു, എന്നാല്‍ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതി നോക്കാതെ മതം നോക്കാതെ സമ്പത്തു നോക്കാതെ പരസ്പരം സ്‌നേഹിക്കാനും സമാധാനിപ്പിക്കാനും നമുക്ക് കഴിഞ്ഞു..
എവിടെ യോ നമുക്കു നഷ്ടമായി കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി എടുക്കുവാന്‍ പ്രളയം കൊണ്ട് കഴിഞ്ഞു. പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും സഹോദരന്‍ മാരെ പോലെ ഓണവും പെരുന്നാളും ഒക്കെ ഒരേ മനസ്സോടെ ആഘോഷിച്ചു .
ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ഒന്നിക്കേണ്ട ഒന്നല്ല ഈ ബന്ധം ഇതില്‍ കൂടെ നാം നേടി എടുത്ത മാനുഷിക മൂല്യങ്ങള്‍ നമുക്ക് നാളെയുടെ തലമുറക്കും കൈ മാറാം .കാലങ്ങളോളം കൈകോര്‍ത്തു മുന്നോട്ട് പോകണം നാം..'
അച്ഛന്റെ വാക്കുകള്‍ അങ്ങനെ നീണ്ടു പോയി.ആ നിമിഷത്തിലുണ്ടായ വികാരത്തെ വാക്കുകളില്‍ വിവരിക്കുക എന്നത് അസാധ്യമാണ്, മനസുകള്‍ ഒന്നാകുന്ന സുന്ദരമായ കാഴ്ച...

കണ്ണ് നിറഞ്ഞില്ല എങ്കിലും മനസ്സ് സന്തോഷത്താല്‍ ഒരു പാട് നിറഞ്ഞു. പള്ളിയില്‍ കയറാനും സംസാരിക്കാനും കഴിഞ്ഞതില്‍ അച്ഛനും സന്തോഷം.

അവിടെ കൂടിയഓരോ വിശ്വാസിയുടെയും മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു അവരുടെ മനസിലെ വികാരങ്ങള്‍..
ആയിരം ഗോ സ്വാമി മാര്‍ കുരച്ചാലും ആയിരം മോഹന്‍ദാസ് മാര്‍ പിന്നില്‍ നിന്നു കുത്തിയാലും കേരളമണ്ണില്‍ അതിന് ഇടം നല്‍കില്ലഎന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് നടന്ന സംഭവം. ഒരു പാട് അഭിമാനം തോന്നുന്നു ഒരു മലയാളി ആയതില്‍,ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ജനിച്ചതില്‍...കൈകോര്‍ത്തു മുന്നോട്ട് മുന്നോട്ട് പോകാന്‍ എന്നും നമുക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥന യോടെ
നിയാസ്...


നിയാസിന്റെ പോസ്റ്റും അച്ചന്‍ പ്രസംഗിക്കുന്ന വീഡിയോയുമെല്ലാം നിമിഷങ്ങള്‍ക്കകം വൈറലായിക്കഴിഞ്ഞു. മലയാളികള്‍ ഒന്നടങ്കം പറയുന്നു ഇനി എന്നും കേരളം ഇങ്ങനെയാണട്ടെ ..

content Highlight: Kerala flood: priest speech in mosque

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram