തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലെ പ്രചരണം ചൂടുപിടിക്കുമ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണങ്ങളുമായി ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ.പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കിയത് കടകംപള്ളിയുടെ കുബുദ്ധിയാണെന്നും അത്ര ആത്മവിശ്വാസമുണ്ടെങ്കില്‍ പ്രശാന്ത് മേയര്‍സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്നും കുമ്മനം പറഞ്ഞു. തന്റെ ഫെയ്ക്ക്സ്ബുക്ക് പോസ്റ്റിലാണ് കടകംപള്ളിക്കെതിരേ ഗുരുതര ആരോപണം കുമ്മനം ഉന്നയിച്ചത്.
പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുന്നതിന് പിന്നില്‍ കടകംപള്ളിയുടെ കുബുദ്ധിയാണ്. കടകംപള്ളിയുടെ ബന്ധുവിനെ തിരുവനന്തപുരത്ത് മേയറാക്കാനാണ് പ്രശാന്തിനെ മത്സരിപ്പിക്കുന്നത്. ഇതുമാത്രമല്ല, വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കഴക്കൂട്ടത്ത് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കാനുമാണ് കടകംപള്ളിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
"വട്ടിയൂര്‍ക്കാവിലെ തോല്‍വിയുടെ പേരില്‍ പ്രശാന്തിനെ മാറ്റി അങ്ങയുടെ അടുത്ത ബന്ധുവിനെ മേയറാക്കുകയാണ് താങ്കളുടെ ലക്ഷ്യമെന്ന് ആരോപിച്ചതും നിങ്ങളുടെ പ്രവര്‍ത്തകരാണ്. അതോടെ വിദൂര ഭാവിയിലെങ്കിലും കഴക്കൂട്ടം മണ്ഡലത്തില്‍ സീറ്റിന് വേണ്ടി ഉയരുന്ന അവകാശ വാദം ഇല്ലാതാക്കാനും അങ്ങേയ്ക്ക് പദ്ധതിയുണ്ട്" എന്ന് കടകംപള്ളിയെ പരിഹസിച്ചു കൊണ്ട് കുമ്മനം കുറിച്ചു. ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെങ്കില്‍ പ്രശാന്ത് മേയര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ശക്തമായ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വോട്ടുകച്ചവടം ഉള്‍പ്പെടെ പല ആരോപണങ്ങളും മുന്നണികള്‍ തമ്മില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കടകംപള്ളിക്കെതിരെ ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: bjp leader kummanam rajasekharan's allegations against minister kadakampally surendran