മഹാരാജാസ് ക്രിമിനല്‍ താവളമല്ലാതെ നിലനിക്കുന്നെങ്കില്‍ അതിന്റെ ഉത്തരവാദി നാട്ടിലെ നിയമവാഴ്ചയല്ല, പ്രിന്‍സിപ്പാളെന്നോ, അധ്യാപകനെന്നോ, വിദ്യാര്‍ത്ഥിയെന്നോ വ്യസ്ത്യസമില്ലാതെ ക്യാമ്പസിനെ സംരക്ഷിച്ചുനിര്‍ത്തിയ വിദ്യാര്‍ത്ഥികളുടെ
മനശക്തിയും മേല്‍പറഞ്ഞ 'മരകായുധങ്ങളുമാണെന്ന് സംവിധായകന്‍ ആഷിഖ് അബു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു മഹാരാജാസ് കോളേജിലെ സംഭവ വികാസങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മഹാരാജാസില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തുണ്ടായ ഒരനുഭവം പറഞ്ഞു കൊണ്ടാണ് ആഷിഖ് അബു ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
ആഷിഖ് അബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നിന്നും
മഹാരാജാസില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തുണ്ടായ ഒരനുഭവം.
അന്നത്തെ പ്രിന്‍സിപ്പാള്‍ കാമ്പസ്സില്‍ നിന്ന് ഒരു ക്രിമിനലായ ഒരു ഔട്ട് സൈടറെ പിടികൂടുന്നു. പ്രിന്‍സിപ്പാളിന്റെ കൂടെ വിരമിക്കാറായ ഒരമ്മാവന്‍ (പ്യൂണ്‍) മാത്രം. പിടിയിലകപ്പെട്ട ഗുണ്ടാത്തലവന്‍ പ്രിന്‍സിപ്പാളിന്റെ കോളറിന് കയറിപ്പിടിച് ഭിത്തിയിലോട്ടുചേര്‍ത്തു ഉയര്‍ത്തുന്നു. ഗുണ്ടയുടെ കൂടെ മൂന്നുനാലുപേര്‍ ചേരുന്നു, ദേഹത്തൊളിപ്പിച്ചു വെച്ച ചെറിയ വാളുകളും കത്തികളും പുറത്തെടുത്തു അവര്‍ നിമിഷനേരം കൊണ്ട് ഭീതി പടര്‍ത്തി. കണ്ടുനിന്ന പ്രീഡിഗ്രി ആദ്യവര്‍ഷ വിദ്യാത്ഥികളായ ഞങ്ങളെല്ലാവരും ഞെട്ടിനില്‍ക്കുന്നു. പെണ്‍കുട്ടികള്‍ ചിതറിയോടുന്നു. കൂട്ടകൊലവിളികളും അതിന്റെയും മീതെ കുട്ടികളുടെ നിലവിളികളും. പ്രിന്‍സിപ്പാളിനെ രക്ഷിക്കാന്‍ ചെന്ന പാവം അമ്മാവന്‍ ഒരു ഗുണ്ടയുടെ ചെറിയൊരു തള്ളലില്‍ തെറിച്ചു താഴെ വീഴുന്നു. പല തവണ പ്രണയം നിഷേധിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാന്‍ എത്തിയതാണ് ഗുണ്ടാത്തലവനും സംഘവും നന്നായി മദ്യപിച്ചതു കൊണ്ടാവണം പെണ്‍കുട്ടിയുടെ മുന്‍പില്‍വെച്ചു പ്രിന്‍സിപ്പല്‍ പിടിച്ചപ്പോള്‍ അവന്‍ അത് മഹാരാജാസ് ആണെന്ന് മറന്നുപോയത്. വളരെപ്പെട്ടെന്ന് ഭീതിപരത്തി രക്ഷപ്പെടുക എന്നതായി പിന്നീടവരുടെ വഴി. അപമാനിതനും പരിക്കേറ്റവനുമായ പ്രിന്‍സിപ്പാള്‍, ഭയന്നോടുന്ന കുട്ടികള്‍, ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നും ചെയ്യാനാവാതെ നിശ്ചലമായി നില്‍ക്കുന്നു.
പിന്നീട് കേട്ടത് ഒരിരമ്പലാണ്...
യൂണിയന്‍ ഓഫീസില്‍ നിന്നുള്ള ഇരമ്പല്‍ ഇടനാഴികള്‍ കടന്ന് കെമിസ്ട്രി ബ്ലോക്കിന്റെ പിന്നിലെത്തുമ്പോള്‍ എല്ലാ കൊലവിളികളും ആക്രോശങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍. കൈയ്യില്‍ കിട്ടിയ ഡെസ്‌കിന്റെ കാലുകളും, സ്‌പോര്‍ട്‌സ് റൂമില്‍ നിന്നുള്ള ഹോക്കി സ്റ്റിക്കുകളും ജനാലകളുടെ ഇരുമ്പഴികളും മണ്‍വെട്ടിയുടെ പിടിയും ഇഷ്ടികക്കഷ്ണങ്ങളും ബൈക്കിന്റെ ചെയിനും ക്രിക്കറ്റ് സ്റ്റമ്പും പെയിന്റ് മേടിച്ച പാട്ട ബക്കറ്റും ആയുധങ്ങളാക്കി ഇരമ്പിവന്ന ഒരുകൂട്ടം എസ് എഫ് ഐ ക്കാരുടെ ദൃശ്യം അതുകണ്ടവരാരും മറക്കാന്‍ സാധ്യതയില്ല.
കൊച്ചി പോലൊരു നഗരത്തിന്റെ നടുവില്‍ ഇന്നും മഹാരാജാസ് ക്രിമിനല്‍ താവളമല്ലാതെ നിലനിക്കുന്നെങ്കില്‍ അതിന്റെ ഉത്തരവാദി നാട്ടിലെ നിയമവാഴ്ചയല്ല, പ്രിന്‍സിപ്പാളെന്നോ, അധ്യാപകനെന്നോ, വിദ്യാര്‍ത്ഥിയെന്നോ വ്യസ്ത്യസമില്ലാതെ ക്യാമ്പസിനെ സംരക്ഷിച്ചുനിര്‍ത്തിയ വിദ്യാര്‍ത്ഥികളുടെമനശക്തിയും മേല്‍പറഞ്ഞ 'മരകായുധങ്ങളുമാണ്'