ഭീകരരാക്രമണങ്ങള്‍ ലോകശ്രദ്ധയിലേക്കും ചര്‍ച്ചകളിലേക്കും വീണ്ടും ഗൗരവമായി കടന്നുവരുന്നതിനിടെയാണ് സ്വരാജ്യങ്ങളിലേക്ക് മടങ്ങി വരവ് അസാധ്യമായി തീര്‍ന്ന്, പൗരത്വം നിഷേധിക്കപ്പെട്ട ഐഎസ് പ്രവര്‍ത്തകരായ രണ്ട് യുവതികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇരുവരും വീടും രാജ്യവുമുപേക്ഷിച്ച് ലോകത്തിനെതിരെ പൊരുതാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍. ബ്രിട്ടൻ, അമേരിക്ക സ്വദേശികളായ ഇരുവർക്കും സ്വന്തം രാജ്യങ്ങളിലേക്കുള്ള തിരികെ പോകണമെന്നുണ്ടെങ്കിലും ആ മടങ്ങിവരവിനുള്ള സാധ്യത വളരെയേറെ കുറവാണ്. ഇരുവരെയും പ്രവേശിപ്പിക്കില്ലെന്നാണ് ബ്രിട്ടന്റെയും അമേരിക്കയുടെയും നിലപാട്.
2015 ല്‍ ഐഎസില്‍ ചേരാന്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബ്രിട്ടണില്‍ നിന്ന് ഒളിച്ചോടിയ ഷാമിമ ബീഗത്തിന് തിരികെ രാജ്യത്തെത്താന്‍ അനുമതി തേടി ബന്ധുക്കള്‍ ഭരണകൂടത്തെ സമീപിച്ചതോടെയാണ് ഈ പെണ്‍കുട്ടി വീണ്ടും മാധ്യമശ്രദ്ധയിലേക്കെത്തിയത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പത്തൊമ്പതുകാരി തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ഐഎസില്‍ ചേര്‍ന്നതില്‍ പശ്ചാത്തപമില്ലെന്ന് ഷാമിമ വ്യക്തമാക്കുകയും ചെയ്തു. ഷാമിമയുടെ പൗരത്വം റദ്ദാക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു. അതിന് തൊട്ടു പിന്നാലെ 2014 ല്‍ അലബാമയില്‍ നിന്ന് സിറിയയിലെത്തിയ ഹുദ മുത്താനയെ തിരികെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. മൂന്ന് ഐഎസ് പ്രവര്‍ത്തകരെ വിവാഹം കഴിച്ച ഹുദ സിറിയയില്‍ എത്തിയതിന് തൊട്ടു പിന്നാലെ പാസ്‌പോര്‍ട്ട് കത്തിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
വെറുപ്പ്, വിദ്വേഷം, പ്രണയം.. ഐഎസ് പോലുള്ള സംഘടനകളിലേക്ക് പെണ്‍കുട്ടികള്‍ക്ക് ചേക്കേറാന്‍ കാരണങ്ങള്‍ പലതാണ്. മോഹഭംഗവും നിരാശയും പെണ്‍കുട്ടികളെ ഇത്തരം സംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ കാരണങ്ങളാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2013 ഏപ്രിലിനും 2018 ജൂണിനും ഇടയില്‍ ഇറാഖിലേയും സിറിയയിലേയും ഐഎസ് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന അന്യരാജ്യക്കാരില്‍ 13 ശതമാനത്തോളം സ്ത്രീകളാണെന്ന് ലണ്ടനിലെ കിങ്‌സ് കോളേജ് നടത്തിയ ഗവേഷണഫലം സൂചിപ്പിക്കുന്നു. ഏകദേശം 4700 ലധികമുണ്ടാവും സ്ത്രീകളുടെ എണ്ണം.
ലിംഗവവിവേചനവും വര്‍ഗവിവേചനവും തീവ്രമായി അനുഭവിക്കുന്നയിടങ്ങളിലെ പെണ്‍കുട്ടികള്‍ ശാക്തീകരണത്തിന്റെ പേരില്‍ നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ വളരെ വേഗത്തില്‍ വശംവദരാകുകയായിരുന്നു. പുരുഷന്മാരോടൊപ്പം യുദ്ധങ്ങളില്‍ സ്ത്രീകളും പങ്കെടുക്കുന്ന ഐഎസ് പുറത്തുവിട്ട വീഡിയോ സ്വാതന്ത്ര്യവും സമത്വവും ആഗ്രഹിക്കുന്ന നിരാശരായ യുവതികളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകർഷിച്ചു.
വികസ്വരരാജ്യങ്ങളില്‍ നിന്ന് മാത്രമല്ല സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളും ഭീകരസംഘടനകളില്‍ അംഗമാകുന്നുവെന്നാണ് പഠനങ്ങള്‍ നല്‍കുന്ന വിവരം. ഐഎസ് പോലുള്ള സംഘടനകളില്‍ എത്തിക്കഴിഞ്ഞാല്‍ നിരവധി ഉത്തരവാദിത്തങ്ങള്‍ ഇവര്‍ നിറവേറ്റുന്നുണ്ട്. കൂടുതല്‍ പെണ്‍കുട്ടികളെ സംഘടനയില്‍ അംഗങ്ങളാക്കുകയാണ് പ്രധാനദൗത്യം. ഓണ്‍ലൈന്‍ വഴിയുള്ള തീവ്രമതപഠനത്തിലൂടെ ഇതിലേക്ക് യുവതികളെ ആകര്‍ഷിക്കുകയാണ് പ്രധാനമാര്‍ഗം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ശൃംഗലയുണ്ടാക്കി ഇത് സാധ്യമാക്കുന്ന രീതിയും ഇവര്‍ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുണ്ട്. സംഘടനയില്‍ ചേരാനായി രാജ്യം വിടുന്നതിന് മുമ്പ് തന്നെ മറ്റു യുവതികളെ സംഘടനയില്‍ ചേരാനുള്ള മാനസികാവസ്ഥയിലെത്തിച്ച കഥകളുമുണ്ട്.
ഭീകരസംഘടനകളിലെ പോരാളികളായ യുവാക്കളെ വിവാഹം ചെയ്യാനായി നാടും വീടുമുപേക്ഷിച്ച പെണ്‍കുട്ടികളും അനവധി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാജ്യങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വരെ ഇതില്‍ പെടുന്നു. സ്വര്‍ഗസമാനമായ പുതിയലോകം ആഗ്രഹിച്ചും സ്വപ്‌നം കണ്ടും എത്തി പൊരുത്തപ്പെടാനാവാതെ വരുമ്പോള്‍ പലപ്പോഴും രക്ഷാ മാര്‍ഗങ്ങളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടിട്ടുണ്ടാവും ഇവര്‍ക്ക്. 2015 ന് ശേഷം ഇത്തരം സംഘടനകളിലെ സ്ത്രീകളുടെ പദവിയില്‍ ഉയര്‍ച്ചയുണ്ടായതായി പഠനങ്ങള്‍ കാണിക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നതിനും യുവതികള്‍ക്ക് അവസരം ലഭിക്കുന്നതായാണ് ലഭ്യമായ വിവരം.
സിറിയയിലും ഇറാഖിലും ഐഎസിന്റെ ശക്തി ക്ഷയിക്കുന്നതും തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കണമെന്ന ആഗ്രഹവും സംഘടനയ്ക്കുള്ളില്‍ നേരിടേണ്ടി വരുന്ന മാനസിക-ശാരീരിക പീഡനങ്ങളും പല യുവതികളെയും ഉപേക്ഷിച്ചു പോന്ന രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള ആഗ്രഹം വളര്‍ത്തുന്നു. എന്നാല്‍ ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിടുമെന്നുള്ള ധാരണയും ഭയവും ഭരണകൂടങ്ങളെ ഇവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.
Content Highlight: Women and Islamic Militancy