ദേശീയ ദുരന്തം : വിവാദങ്ങള്‍ വെറുതെ


പി എസ് വിനയ

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കിട്ടും എന്ന് പലരും എണ്ണമിട്ടു നിരത്തുന്ന കാര്യങ്ങള്‍ തീര്‍ത്തും തെറ്റാണ്.

കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയെ എന്ത് കൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല എന്ന ചോദ്യങ്ങൾ പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയദുരന്തമെന്നോ പ്രാദേശിക ദുരന്തമെന്നോ ഉള്ള വേർതിരിവുകൾ നിലനിൽക്കുന്നില്ല. ദേശീയ ദുരന്തം എന്നൊരു കാര്യമില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കിട്ടും എന്ന് പലരും എണ്ണമിട്ടു നിരത്തുന്ന കാര്യങ്ങള്‍ തീര്‍ത്തും തെറ്റാണ് എന്ന് ഈ നിയമം വായിച്ചാൽ വ്യക്തമാവുകയും ചെയ്യും. 2015 ലെ ചെന്നൈ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ജയലളിതാ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. ചെന്നൈ പ്രളയം അതി തീവ്ര ദുരന്തമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ദേശീ ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ അതു നേരിടാനുള്ള മാര്‍ഗങ്ങള്‍ 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്.ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ പ്രകാരം കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും പ്രത്യേകം ദുരന്ത നിവാരണ പദ്ധതികള്‍ ഉണ്ടായിരിക്കും. മുന്‍കൂട്ടി തയ്യാറാക്കി വെച്ച പദ്ധതിയാണിത്. അല്ലാതെ ദുരന്തമുണ്ടാകുമ്പോള്‍ രൂപീകരിക്കുന്നതല്ല. പ്രസ്തുത പദ്ധതി പ്രകാരമാണ് ദുരന്തങ്ങള്‍ നേരിടേണ്ടത്.ദേശീയ ദുരന്തം എന്നൊരു പ്രയോഗമോ വിശേഷണമോ ഈ നിയമത്തില്‍ ഇല്ല.അതുകൊണ്ട് തന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കിട്ടും എന്ന് പലരും എണ്ണമിട്ടു നിരത്തുന്ന കാര്യങ്ങള്‍ തീര്‍ത്തും തെറ്റാണ്.

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉണ്ട്. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രിയുമാണ് അതോറിറ്റിയുടെ അധ്യക്ഷന്‍.

നിയമ പ്രകാരം ദുരന്ത നിവാരണ പദ്ധതി ഏകോപിപ്പിച്ചു മുന്നോട്ട് കൊണ്ടു പോകേണ്ടതു ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആണ്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി ദുരന്ത നിവാരണം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും വേണം. സംസ്ഥാനത്തെ ദുരന്ത നിവാരണത്തിനുള്ള പദ്ധതി തയ്യാറാക്കേണ്ടത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിക്കാണു ദേശീയ ദുരന്ത നിവാരണ പദ്ധതിയും സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയും ഏകോപിപ്പിക്കാനും നടപ്പാക്കാനും നീരീക്ഷിക്കാനും ചുമതല.ഈ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ദുരന്ത നിവാരണ ഫണ്ട് വേണം.

സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്

(a). ദുരന്തം നടന്ന സ്ഥലത്തേക്കും ദുരന്ത സ്ഥലത്തും ഉള്ള വാഹന നിയന്ത്രണം
(b).ദുരന്ത സ്ഥലത്തേക്കുള്ള ആളുകളുടെ പ്രവേശന നിയന്ത്രണം
(c).അവശിഷ്ടങ്ങള്‍ നീക്കുക. പരിശോധന നടത്തുക. ദുരന്ത നിവാരണം ചെയ്യുക
(d).ദേശിയ അതോറിറ്റി സംസ്ഥാന അതോറിറ്റി മാനദണ്ഡങ്ങള്‍ പ്രകാരം ദുരന്ത ബാധിതര്‍ക്ക് അഭയ കേന്ദ്രങ്ങള്‍ ഒരുക്കുക, ഭക്ഷണം, കുടിവെള്ളം, വൈദ്യ സഹായം എന്നിവ നല്‍കുക.

നിയമ പ്രകാരം ദുരന്ത നിവരണത്തിനു ആവശ്യമായ എല്ലാ സഹായങ്ങളും നടപടികളും കേന്ദ്ര സര്‍ക്കാര്‍ എടുക്കണം. ദുരന്ത നിവാരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് സഹായവും സഹകരണവും കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. സഹായവും സഹകരണവും സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമോ അതില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലോ ആകാം. എല്ലാ ജില്ലകളിലും ദുരന്ത നിവാരണത്തിനുള്ള പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കണം.

നിയമത്തിലെ 48 ആം വകുപ്പ് പ്രകാരം സംസ്ഥാനങ്ങള്‍ക്കു 4 ഫണ്ടുകള്‍ വേണം.1.സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട്
2.ജില്ലാ ദുരന്ത പ്രതികരണ ഫണ്ട് 3.സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് 4.ജില്ലാ ദുരന്ത നിവാരണ ഫണ്ട് എന്നിവയാണവ

കാര്യങ്ങള്‍ ഇങ്ങനെ എല്ലാം ആയിരിക്കെ ആണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും സഹായത്തിന്റെയും പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. നിയമം നിലവില്‍ വന്ന 2005 നു ശേഷം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ഉത്തരാഖണ്ഡിലും കശ്മീരിലും ഉണ്ടായ പ്രളയ ദുരന്തങ്ങള്‍ ദേശീയ ദുരന്തങ്ങള്‍ ആയി പ്രഖ്യാപിച്ചിരുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram