അന്തിയായാല്‍ രണ്ടെണ്ണം അടിച്ചശേഷം പെമ്പിറന്നോര്‍ക്കിട്ടു രണ്ടു കൊടുക്കുന്ന ആണ്‍പുംഗവന്മാരുടെ എണ്ണം നാട്ടില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നു പറയുന്നതുപോലെ നമ്മുടെ മഹിളാമണികള്‍ തിരിച്ചുകൊടുക്കാന്‍ തുടങ്ങിയതു കൊണ്ടല്ല ഈ പുരോഗതിയുണ്ടായത്. സംഗതി അടിസ്ഥാനപരമായി വിദ്യാഭ്യാസത്തിന്റേതാണ്, ബോധത്തിന്റേതാണ്. പക്ഷെ, ജാതിയെ വെല്ലുവിളിക്കുന്നതില്‍, വൃത്തികെട്ട ഇത്തറവാടിത്തഘോഷത്തെ കൈകാര്യം ചെയ്യുന്നതില്‍ നമ്മള്‍ മലയാളികളുടെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ നില്‍ക്കുകയാണ്.
തിരുനക്കര കോട്ടയത്താണ്. കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍ എന്ന ചെറുപ്പക്കാരന്റെ ചോര നമ്മുടെ തലയ്ക്കു മുകളിലുണ്ട്. ഏതു ഗംഗയില്‍ കുളിച്ചാലും ഏത് അറേബ്യന്‍ സുഗന്ധദ്രവ്യം പൂശിയാലും ഈ കറയില്‍നിന്നു രക്ഷപ്പെടാന്‍ നമുക്കാവില്ല. ആത്മപരിശോധനയുടെ വലിയൊരു പരിസരം നമ്മുടെ മുന്നില്‍ കെവിന്റെ കൊലപാതകം ഉയര്‍ത്തുന്നുണ്ട്. ഈ പരിസരം കാണാതെ മുഖ്യമന്ത്രി പിണറായിയുടെ മെക്കിട്ട് കയറാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശ്രമിച്ചത്. കേരള സമൂഹത്തിന്റെ അപചയം സംബന്ധിച്ച് നിര്‍ണ്ണായകമായി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം കെവിന്റെ കൊലയ്ക്കുത്തരവാദി പിണറായിയാണെന്ന സമീപനമുണ്ടാവുമ്പോള്‍ അതില്‍ തീര്‍ച്ചയായും നിസ്സാരവത്കരണവും ഒളിച്ചോട്ടവുമുണ്ട്.
നമ്മള്‍ നമ്മില്‍നിന്നു തന്നെയാണ് ഒളിച്ചോടുന്നത്. കെവിനെ കൊന്നത് നമ്മള്‍ തന്നെയാണെന്നു പറയാനുള്ള ഉള്‍ഭയത്തില്‍ നമ്മള്‍ ഒരു ചെണ്ടയന്വേഷിക്കുന്നു. അങ്ങിനെയൊരു ചെണ്ടയായി കേരളത്തിന്റെ മുഖ്യമന്ത്രി അവതരിപ്പിക്കപ്പെടുകയും കെവിന്റെ കൊലപാതകം ഉയര്‍ത്തുന്ന സാരമായ ചോദ്യങ്ങള്‍ ആ മേളപ്പകര്‍ച്ചയില്‍ മുങ്ങിപ്പോവുകയും ചെയ്യുന്നു. കാപട്യത്തിന്റെയും ഇരട്ടത്താപ്പുകളുടെയും ലോകത്ത് അഭിരമിക്കുന്ന ഒരു സമൂഹത്തിന് ഒളിച്ചോട്ടം ശീലവും പതിവുമാണ്. ധാര്‍മ്മികതയുടെയും സദാചാരബോധത്തിന്റെയും കാവലാളുകളായി സ്വയം വിശേഷിപ്പിക്കുകയും വിധികര്‍ത്താക്കളുടെ റോളുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നവര്‍ക്ക് പുറത്തേക്ക് ചൂണ്ടുന്ന വിരലിലാണ് കമ്പം. ചൂണ്ടുവിരലിനോടുള്ള ഈ അഭിനിവേശം നമ്മുടെ ബാദ്ധ്യതയും ഭാരവുമായി മാറിയിരിക്കുന്നു.
ജനാധിപത്യത്തില്‍ വിശുദ്ധ പശുക്കകളില്ല. വിയോജിപ്പും ചോദ്യം ചെയ്യലുമാണ് ജനാധിപത്യത്തിന്റെ അടിത്തറ. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ സദാ പ്രതിപക്ഷമാണ് എന്നു പറയുന്നതും അതുകൊണ്ടുതന്നെയാണ്. പക്ഷേ, ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ അന്തസ്സാരശൂന്യമാവുന്നില്ലെന്നും യഥാര്‍ത്ഥ വിഷയത്തില്‍നിന്നുള്ള ഒളിച്ചോട്ടമാവുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. കെവിന്‍ വിഷയത്തില്‍ പോലീസിനുണ്ടായ വീഴ്ച ഭീകരമാണ്. പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയാണ് നീനു എന്ന പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള നിലവിളിക്കു നേരെ പോലീസ് വാതിലുകള്‍ കൊട്ടിയടച്ചത്. പോലീസിന്റെ ഈ അപചയത്തിന് പോലീസ് വകുപ്പ് ഭരിക്കുന്നയാളെന്ന നിലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയേണ്ടതായുണ്ട്. പക്ഷെ, മുഖ്യമന്ത്രി ഒരേയൊരാള്‍ മാത്രമാണ് സകല പ്രശ്നങ്ങള്‍ക്കും ഉത്തരവാദിയെന്ന കാഴ്ചപ്പാട് നമ്മളെ ഒരിടത്തുമെത്തിക്കില്ല.
പ്രശ്നം ആത്മപ്രകാശത്തിന്റേതാണ്. QUO VADIS? എന്ന ലാറ്റിന്‍ വാക്യത്തിന്റെ അര്‍ത്ഥം നിങ്ങള്‍ എങ്ങോട്ടു പോകുന്നു? എന്നാണ്. പീഡനം സഹിക്കവയ്യാതെ റോമില്‍നിന്ന് ഒളിച്ചോടിയ പത്രോസ് മാര്‍ഗ്ഗമദ്ധ്യേ ക്രിസ്തുവിനെ കണ്ടുമുട്ടിയെന്നും ക്രിസ്തുവിനോട് 'ക്വോ വാദിസ്?' എന്നു ചോദിച്ചെന്നുമാണ് കഥ. വീണ്ടും ക്രൂശിക്കപ്പെടാന്‍ ഞാന്‍ റോമിലേക്ക് പോവുകയാണെന്നായിരുന്നു ക്രിസ്തുവിന്റെ ഉത്തരം. ഈ മറുപടി പത്രോസിന്റെ കണ്ണു തുറപ്പിച്ചെന്നും ഒളിച്ചോട്ടം അവസാനിപ്പിച്ച് പത്രോസ് റോമിലേക്ക് മടങ്ങിയെന്നും അവിടെവെച്ച് ക്രൂശിക്കപ്പെട്ടെന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്നു. ആത്മപരിശോധനയുടെ സുവര്‍ണ്ണ നിമിഷത്തിലായിരിക്കണം പത്രോസ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. ഇത്തരമൊരു ചോദ്യം തന്നെയാണ് നമ്മുടെ കവി കടമ്മനിട്ടയും ചോദിച്ചത്. ''നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന് ?'' നിത്യേന എത്രയോ വട്ടം കണ്ണാടിക്കു മുന്നില്‍ നില്‍ക്കുന്നവരാണ് നമ്മള്‍. ഒരു തവണയെങ്കിലും ഈ ചോദ്യം സ്വയമൊന്നു ചോദിക്കാനായാല്‍ കെവിനെന്ന ചെറുപ്പക്കാരനും ആതിരയെന്ന യുവതിയും ഈ കേരളമണ്ണില്‍ മരിച്ചുവീഴുമായിരുന്നില്ല.
ജാതിക്കെതിരേ കേരളം കണ്ട ഏറ്റവും ശക്തമായ പോരാട്ടമാണ് ശ്രീനാരായണഗുരു നടത്തിയത്. ആ പോരാട്ടത്തിന്റെ ഉച്ചിയിലാണ് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത്. കോവിലിനുള്ളില്‍ നമ്മള്‍ നമ്മളെ തന്നെയാണ് കാണേണ്ടതെന്നും നമ്മള്‍ നമ്മോടു തന്നെയാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും ഗുരു പറഞ്ഞുവെച്ചു. നവോത്ഥാനത്തിന്റെ പുതിയൊരു കപ്പല്‍ചാലാണ് അന്ന് ഗുരു തുറന്നിട്ടത്. പക്ഷേ, ആ ഗുരുവിനെ കണ്ണാടിക്കൂട്ടിലാക്കി നമ്മള്‍ നമ്മുടെ തനിനിറം പുറത്തെടുത്തു.
കെവിന്റെയും ആതിരയുടെയും കൊലകളില്‍ നമ്മുടെ മതസ്ഥാപനങ്ങളും മതമേധാവികളും പ്രതിക്കൂട്ടിലുണ്ട്. കെവിന്‍ ദാരുണമായി കൊല്ലപ്പെട്ട് ഇത്ര നേരമായിട്ടും കേരളത്തിലെ ക്രൈസ്തവ സഭാനേതൃത്വം ഇനിയും ഇക്കാര്യത്തില്‍ പരസ്യമായ നിലപാടെടുക്കാത്ത് എന്തുകൊണ്ടാണെന്നത് വലിയൊരു ചോദ്യമാണ്. കോട്ടയത്ത് കൊല്ലപ്പെട്ടത് കെവിന്‍ എന്ന ചെറുപ്പക്കാരന്‍ മാത്രമല്ലെന്നും സാക്ഷാല്‍ ക്രിസ്തു തന്നെയാണെന്നും സഭാനേതൃത്വം തിരിച്ചറിയേണ്ടതുണ്ട്.
മരപ്പണിക്കാരനായിരുന്ന ക്രിസ്തുവിന്റെ അനുയായികള്‍ നമ്പൂതിരിമാരുടെ പിന്മുറക്കാരാണെന്ന് അവകാശപ്പെടുന്ന വൃത്തികേടിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ വൃത്തികേടിന്റെ കരിനിഴലില്‍നിന്നു കേരളീയ ക്രിസ്ത്യന്‍ സമൂഹത്തെ മോചിപ്പിക്കുന്നതില്‍ പരാജയപ്പെട്ട മതനേതൃത്വമാണ് കെവിന്റെ കൊലയില്‍ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മള്‍ എളുപ്പത്തില്‍ മറക്കുന്നു. നമുക്ക് വേണ്ടത് ബലിയാടുകളാണ്. നമ്മുടെ കുറ്റങ്ങള്‍, നമ്മുടെ വീഴ്ചകള്‍ മറക്കാന്‍ നമ്മള്‍ ചെണ്ടകള്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. പ്രതിയെ കിട്ടിപ്പോയിയെന്ന് ആര്‍ത്തുവിളിച്ച് നമ്മള്‍ ഉന്മത്തരാവുന്നു. ഉന്മാദത്തിന്റെ ഈ കെട്ടുകാഴ്ചകള്‍ക്കിടയില്‍ കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്ക് നമ്മള്‍ വീണുപോവുന്നത് നമ്മള്‍ അറിയാതെ പോവുന്നു, അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്നു.